കര്‍ഷക പ്രക്ഷോഭം ബി ജെ പിയുടെ അടിത്തറയിളക്കുന്നു
അളക എസ് യമുന
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെ തീര്‍ത്തും അപ്രതീക്ഷിതമായ തിരിച്ചടിയാണ് മുസഫര്‍ നഗറില്‍ ബി ജെ പിക്ക് കിട്ടിയിരിക്കുന്നത്. ഒരു പക്ഷേ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പോലും ബി ജെ പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന നീക്കം. ദല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഖാസിപൂരില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രവും പൊലീസിന്റെ അതിക്രമവും ഒറ്റക്കെട്ടായാണ് കര്‍ഷകര്‍ ചെറുത്തുനിന്നത്. ഒഴിഞ്ഞുപോകണമെന്ന പൊലീസിന്റെ ഭീഷണിക്ക് മുന്നില്‍ മരിച്ചാലും തിരിച്ചുപോകില്ലെന്ന് കര്‍ഷകര്‍ പതര്‍ച്ചയില്ലാതെ പറഞ്ഞു. അക്രമം അഴിച്ചുവിട്ടതിന് പുറമെ ഖാസിപൂരിലെ സമര സ്ഥലത്തേക്കുള്ള വൈദ്യുതിയും വെള്ളവും തടസ്സപ്പെടുത്തി പൊലീസും സര്‍ക്കാരും കര്‍ഷകരെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു.
ഇതോടെയാണ് ബി ജെ പിയുടെ തന്ത്രങ്ങള്‍ പിഴയ്ക്കുന്നത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും വേട്ടയാടലിനിടെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച മഹാ പഞ്ചായത്തിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് എത്തിച്ചേര്‍ന്നത്. ബി ജെ പി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് അവിടെ നടന്നു. ജാട്ട് സമുദായത്തിന് മേല്‍ക്കൈയുള്ള പശ്ചിമ യു പിയിലെ 10 ജില്ലകളില്‍ നിന്ന് മുസഫര്‍ നഗറിലേക്ക് കര്‍ഷകര്‍ക്ക് പിന്തുണയുമായി ആളുകള്‍ ഇരച്ചുവന്നു. കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കാത്തവരെ ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തില്‍ നിന്ന് ഇത്തരമൊരു തിരിച്ചടി ബി ജെ പിയുടെ ചിന്തയില്‍ പോലും ഇല്ലാത്ത കാര്യമായിരുന്നു.
യോഗിയുടെ യു പിയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു ബി ജെ പിക്ക് ഇത്. ഗ്രാമത്തില്‍ വെള്ളമെത്തിക്കാതെ ജലപാനം നടത്തില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കരഞ്ഞുകൊണ്ട് പറഞ്ഞ ഒറ്റ വാക്കിന് പുറത്താണ് സമര സ്ഥലത്തേക്ക് ആയിരങ്ങള്‍ ഇരച്ചുവന്നത്. ജാട്ടുകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള വ്യക്തികളാണ് രാകേഷ് ടികായതും സഹോദരന്‍ നരേഷ് ടികായതും. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ടികായതിന്റെ വോട്ട് ബി ജെ പിക്കായിരുന്നു.
2013 സപ്തംബറില്‍ നടന്ന മുസഫര്‍ നഗര്‍ കലാപം 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനമായിരുന്നു ഉണ്ടാക്കിയത്. ജാട്ട് വോട്ടുകള്‍ വലിയ രീതിയില്‍ ബി ജെ പിയിലേക്ക് എത്തിയതും കലാപത്തിന് പിന്നാലെയായിരുന്നു. അതേ മുസഫര്‍ നഗറില്‍ നടന്ന കര്‍ഷകരുടെ മഹാ പഞ്ചായത്തിലാണ് ആയിരക്കണക്കിന് ആളുകള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയത്.
ഒരു ആഹ്വാനവും നടത്താതെ തന്നെ രാകേഷ് ടികായതിന് ജാട്ട് സമുദായത്തില്‍ നിന്ന് ലഭിച്ച ഈ പിന്തുണ ബി ജെ പിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കര്‍ഷക പ്രതിഷേധത്തില്‍ ജാട്ട് സമുദായം എടുത്ത നിലപാട് തുടര്‍ന്നുപോയാല്‍ 2024-ലെ തെരഞ്ഞെടുപ്പിനെ അതെങ്ങനെ ബാധിക്കുമെന്ന പേടി ബി ജെ പിക്ക് നല്ല രീതിയില്‍ തന്നെ ഉണ്ട്. കര്‍ഷക സമരം പൊളിക്കാനുള്ള അതിബുദ്ധി തത്വത്തില്‍ ബി ജെ പിക്ക് തന്നെ തിരിച്ചടിയായ അവസ്ഥയാണ് നിലവില്‍.
മുസഫര്‍ നഗറില്‍ മാത്രമല്ല ബി ജെ പിക്ക് കളി കൈവിട്ടുപോയത്, സിംഗുവിലും കര്‍ഷക സമരം ഇല്ലാതാക്കാനുള്ള ബി ജെ പിയുടെ തന്ത്രം വിലപോയില്ല. പ്രതിഷേധ സ്ഥലത്തുനിന്ന് കര്‍ഷകരെ ഒഴിപ്പിക്കാന്‍ പൊലീസ് ബലപ്രയോഗം നടത്തിയെങ്കിലും കര്‍ഷകര്‍ പതറിയില്ല. ശ്രമം നടക്കാതെ പൊലീസ് പിന്തിരിഞ്ഞതിന് പിന്നാലെയാണ് ‘നാട്ടുകാര്‍’ എന്ന വ്യാജപ്രചരണവുമായി ഹിന്ദുത്വ സംഘങ്ങളുടെ ആക്രമണം ഉണ്ടാകുന്നത്. സര്‍ക്കാര്‍ അനുകൂല ഹിന്ദുത്വ സംഘങ്ങള്‍ കര്‍ഷകരെ അക്രമിക്കുകയും ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധസ്ഥലം ഒഴിഞ്ഞുപോകാന്‍ പൊലീസ് അന്ത്യശാസനം നല്‍കിയെങ്കിലും കര്‍ഷകര്‍ പോകാതെ ഉറച്ചുനില്‍ക്കുകയായിരുന്നു. പൊലീസിന്റെ ശ്രമങ്ങള്‍ ഫലിക്കാതെ വന്നപ്പോഴാണ് സിംഗുവിലെ കര്‍ഷകര്‍ക്ക് നേരെ ഹിന്ദുത്വ സംഘടനകളുടെ അതിക്രൂരമായ ആക്രമണം നടക്കുന്നത്. കര്‍ഷക സമരം തകര്‍ക്കാന്‍ റിപബ്ലിക്ക് ദിനം തൊട്ട് ബി ജെ പി നടത്തിയ ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു സിംഗുവില്‍ നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ വളരെ സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തില്‍ ജനുവരി 26 റിപബ്ലിക്ക് ദിനത്തിലാണ് ഗതിമാറ്റമുണ്ടാകുന്നത്.
ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഒരു സംഘം ആളുകള്‍ ചെങ്കോട്ടയിലേക്ക് ഇടിച്ചുകയറുകയും സിഖ് മത പതാക ഉയര്‍ത്തുകയും ചെയ്തു. ഈ സംഭവമാണ് പിന്നീട് വലിയ രീതിയിലുള്ള സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. ചെങ്കോട്ടയിലെ സംഭവത്തിന് പിന്നാലെയാണ് ഖാസിപൂരിലെ സമരഭൂമിയില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് യു പി പൊലീസ് കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നതും ബലപ്രയോഗം നടത്തുന്നതും. പിന്നാലെ സമരം അടിച്ചമര്‍ത്താന്‍ കേന്ദ്രസേന ഇറങ്ങുന്നു. മരിച്ചാലും പിന്മാറില്ലെന്ന കര്‍ഷകരുടെ ഉറച്ചനിലപാടിന് മുന്നില്‍ പൊലീസും കേന്ദ്രസേനയും മുട്ടുകുത്തുന്നു.
എന്നാല്‍ ഖാസിപൂരില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ പെട്ടെന്നൊരു നിമിഷത്തില്‍ സംഭവിച്ചതായിരുന്നില്ല. ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ബി ജെ പി തയ്യാറാക്കിയ തിരക്കഥയുടെ തുടര്‍ക്കഥമാത്രമായിരുന്നു ഖാസിപൂരിലേത്. സംഘര്‍ഷത്തിന് ഇടയാക്കിയ ചെങ്കോട്ടയില്‍ സിഖ് മത പതാക ഉയര്‍ത്തിയ സംഭവത്തിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കി കര്‍ഷകരുടെ സംഘടന രംഗത്തെത്തുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. പതാക ഉയര്‍ത്തിയതിനും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനും പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇയാള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ചെങ്കോട്ടയിലെ സംഭവത്തില്‍ പൊലീസ് കേസെടുത്തതും ജയിലിലാക്കിയതും കര്‍ഷക നേതാക്കളെയായിരുന്നു. ഏറ്റവും ഒടുവിലാണ് സിദ്ദുവിനെതിരെ എഫ് ഐ ആറില്‍ പരാമര്‍ശമെങ്കിലും പൊലീസ് നടത്തുന്നത്. റിപബ്ലിക്ക് ദിനത്തില്‍ സിദ്ദുവിന്റെ നേതൃത്വത്തില്‍ നടന്ന പതാക ഉയര്‍ത്തലിന് പിന്നാലെയാണ് ദല്‍ഹി പൊലീസും യു പി പൊലീസും അതിക്രമം അഴിച്ചുവിടുന്നത്. കര്‍ഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിടാന്‍ പൊലീസ് കാത്തിരുന്ന അവസരമായിരുന്നു അത്. കേന്ദ്രവും പൊലീസും ആ അവസരം വലിയ രീതിയില്‍ തന്നെ മുതലെടുക്കുകയും ചെയ്തു. എന്നാല്‍ ഫലം കണ്ടില്ല.
റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തിന് മതത്തിന്റെ നിറം നല്‍കി ഭിന്നിപ്പുണ്ടാക്കമെന്ന ശ്രമമായിരുന്നു ബി ജെ പി ആദ്യം പയറ്റിയതെങ്കിലും കര്‍ഷകരുടെ കൃത്യമായ ഇടപെടല്‍ ആ ശ്രമത്തെ ഇല്ലാതാക്കുകയായിരുന്നു. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് മതപരമായ നിറം നല്‍കുന്നത് അപലപനീയമാണെന്നും പ്രതിഷേധം കര്‍ഷകരുടെ മാത്രം ഒരു ബഹുജന പ്രസ്ഥാനമാണെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.
സംഘര്‍ഷത്തിന്റെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരെയും സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം അടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടും കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാരിനും പൊലീസിനും കഴിഞ്ഞില്ല. ഇതോടെ പൊലീസും ബി ജെ പിയും കര്‍ഷകര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ കടുപ്പിച്ചുതുടങ്ങി. പ്രതിഷേധ സ്ഥലത്തേക്കുള്ള വൈദ്യുതിയും ജലവിതരണവും പൂര്‍ണമായും നിര്‍ത്തിവെച്ചു.
ഖാസിപൂരിലെ പ്രതിഷേധ ഭൂമിയിലെത്തി കര്‍ഷകരെ പൊലീസും ബി ജെ പിയും ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്ക് കൃത്യമായി ആധിപത്യമുള്ള ‘കാവി മണ്ണില്‍’ വെച്ച് കര്‍ഷകരെ സമരത്തെ പൂര്‍ണമായും അടിച്ചമര്‍ത്താമെന്ന വിശ്വാസമായിരുന്നു ബി ജെ പിക്ക്. എന്നാല്‍ ആ പ്രതീക്ഷയാണ് മുസഫര്‍ നഗറില്‍ ബി ജെ പിക്ക് നഷ്ടമായിരിക്കുന്നത്. എല്ലാക്കാലത്തും ബി ജെ പിയുടെ ഒപ്പം നിന്ന ജാട്ട് സമുദായം കര്‍ഷകരെ ചേര്‍ത്തുപിടിച്ചപ്പോള്‍ മുസഫര്‍ നഗറില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിതന്നെയാണ് ബി ജെ പിക്ക് ഏറ്റത്. ഇനി മുസഫറില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ബി ജെ പി കണ്ടുതന്നെ അറിയണം.