28 Wednesday
January 2026
2026 January 28
1447 Chabân 9

കന്‍വാറിന്റെ സൂചനകള്‍ കാണാതെ പോകരുത്

ഉള്ളിക്കറി വിളമ്പിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രികര്‍ നടത്തിയ ആക്രമണങ്ങളെ നിസ്സാരമായി കാണരുത്. ബിജെപിക്ക് മേല്‍ക്കൈയുണ്ടായാല്‍ കേരളത്തിലും ഇതൊക്കെത്തന്നെയാകും അവര്‍ കാണിക്കാന്‍ പോകുന്നത്. പല തരത്തിലും ശബരിമലയുമായി സാമ്യമുണ്ട് കന്‍വാര്‍ തീര്‍ത്ഥാടനത്തിന്. സ്ത്രീകളില്ലാത്ത പുരുഷന്മാരുടെ സംഘം ചേര്‍ന്നുള്ള യാത്ര, നോമ്പുകള്‍, പീഡകള്‍, യാത്ര ചെയ്ത് എത്തിച്ചേരേണ്ടത് മലയോരങ്ങളില്‍. തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും പിന്നാക്ക ഹിന്ദുക്കള്‍. ഇവര്‍ക്ക് ബ്രാഹ്മണ്യവുമായുള്ള ബന്ധം ആരംഭിക്കുന്നത് 1980കളിലെ ബാബരി പള്ളി വിരുദ്ധ/ രാമജന്മഭൂമി പ്രക്ഷോഭകാലത്ത്.
ശബരിമല തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷത്തിനും ഹിന്ദുത്വയുമായി ബന്ധമില്ലാത്തതുപോലെ കന്‍വാര്‍ തീര്‍ത്ഥാടകരില്‍ ഭൂരിപക്ഷവും സാധാരണ ശിവഭക്തരാണ്. പക്ഷേ, എണ്‍പതുകളുടെ അവസാനകാലത്ത് ആരംഭിച്ച് രണ്ടായിരാമാണ്ടു കാലത്ത് ശക്തിയാര്‍ജിച്ച, പിന്നീട് 2014നു ശേഷം വന്യാകാരം പൂണ്ട ഒരു ചെറുവിഭാഗമാണ് കന്‍വാര്‍ യാത്രികരെ ഒരു മിലിറ്റന്റ് ഹിന്ദു സ്വഭാവത്തില്‍ നിലനിര്‍ത്തുന്നത്. അതിന്റെ നടത്തിപ്പുകാരായി ഹിന്ദുത്വ നിശ്ചയിച്ചത് സ്വാഭാവികമായും ബ്രാഹ്മണ്യേതര-ചാതുര്‍വര്‍ണ്യേതര പുറംജാതിക്കാരെയാണ്.
ഉത്തരേന്ത്യന്‍ മനുഷ്യരുടെ അടിസ്ഥാന ഭക്ഷണമാണ് ഉള്ളി. പ്യാജ് ഔര്‍ നമക്, ഒരു കഷണം ഉള്ളിയും ലേശം ഉപ്പുമുണ്ടെങ്കില്‍ അതൊരു ഗോതമ്പ് റൊട്ടിയുമായി ചേര്‍ത്തു കഴിച്ച് ആഴ്ചകളും മാസങ്ങളും അവര്‍ അതിജീവിക്കും. അടിസ്ഥാന വര്‍ഗത്തിന്റെ ഭക്ഷണം. ഉത്തരേന്ത്യയില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ സവര്‍ണ ബ്രാഹ്മണരിലെ ഒരു ചെറുവിഭാഗത്തിനാണ് ഉള്ളിയോട് അയിത്തമുള്ളത്. 90 ശതമാനത്തിലധികം ദലിത്-പിന്നാക്ക ഹിന്ദുക്കളുടെ പ്രയാണമായ കന്‍വാര്‍ യാത്രയില്‍ ആരാണ് ഉള്ളിയുടെ പേരില്‍ ആക്രമണം നടത്തുന്നത്?
കേരളത്തിലും പുതു ഹിന്ദുത്വരായി അഭിനയിക്കുന്ന എത്രയോ മലയാളികള്‍ ബീഫിനെയും മീറ്റ് ബേസ്ഡ് ഭക്ഷണത്തെയും തള്ളിപ്പറയുന്നു. 90+ ശതമാനം മലയാളികളും മത്സ്യമാംസാഹാരികള്‍ ആണെന്നിരിക്കെയും പൊതുചടങ്ങുകളില്‍ സസ്യാഹാരികളായി നമ്മള്‍ നടിക്കുന്നില്ലേ? പച്ചക്കറി ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. അതൊരു രാഷ്ട്രീയ പ്രഖ്യാപനവും, അതല്ലാത്ത ഭക്ഷണം കഴിക്കുന്നവര്‍ ആക്രമിക്കപ്പെടേണ്ട നീചവര്‍ഗവുമാണെന്ന് ധരിക്കുന്നവര്‍ ചുറ്റുമുണ്ടെങ്കില്‍ സൂക്ഷിക്കുക. വൈകാതെ അത് ഭീമാകാരം പൂണ്ട് രാഷ്ട്രീയ ഹിന്ദുത്വയായി നമ്മളെ ചവിട്ടിയരയ്ക്കും.

Back to Top