14 Wednesday
January 2026
2026 January 14
1447 Rajab 25

ഓതുക മാത്രമല്ല,  വായനയും നടക്കട്ടെ – റമീസ് കോഴിക്കോട്

ഖുര്‍ആന്‍ എന്ന് കേട്ടാല്‍ നമുക്ക് മനസ്സില്‍ വരിക പാരായണം മാത്രമാണ്. ഒരു റമദാനില്‍ മാത്രം കോടിക്കണക്കിന് പേര് ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ‘ഓതി’ പൂര്‍ത്തിയാക്കുന്നു. അപ്പോഴും യഥാര്‍ത്ഥ ഉദ്ദേശത്തിനു വേണ്ടി ഖുര്‍ആനെ ഉപയോഗപ്പെടുത്തുന്നവര്‍ തീരെ കുറവാണ്. റമദാന്‍ മാസം ശ്രേഷ്ഠകരമാകാന്‍ ആ മാസം മനുഷ്യ കുലത്തിനു സന്മാര്‍ഗമായി ഖുര്‍ആന്‍ അവതീര്‍ണമായി എന്നതാണ്. അപ്പോള്‍ ആര്‍ക്കാണ് ഖുര്‍ആന്‍ സന്മാര്‍ഗമായി അനുഭവപ്പെടുന്നത് അവരാണ് ഖുര്‍ആനിന്റെ യഥാര്‍ഥ ഫലം ലഭിച്ചവര്‍ എന്ന് വേണം മനസ്സിലാക്കാന്‍.
വേണമെങ്കില്‍ ഒറ്റത്തവണ തന്നെ ഖുര്‍ആന്‍ ഇറക്കാമായിരുന്നു. പക്ഷെ സമൂഹത്തില്‍ ഉണ്ടായി വന്നിരുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാണ് ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായത്. അതായത് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ വായിക്കാനാണ് കല്‍പ്പിക്കുന്നത്. വായന മനസ്സും ശരീരവും ചേര്‍ന്നുള്ള സംഭവമാണ്. ‘ഓതുക’ എന്നത് ശരീരത്തിന്റെ മാത്രം വിഷയമാണ്. അതിനേ മനസ്സിന്റെ സാന്നിധ്യം ആവശ്യമില്ലാതെ വരുന്നു. ഒരാവര്‍ത്തി ഒരാള്‍ ഒരു പുസ്തകം വായിച്ചാല്‍ അയാളുടെ ജീവിതത്തില്‍ അതിന്റെ ചെറിയ മാറ്റം നാം കാണും. ഖുര്‍ആന്‍ നിരന്തരം ‘ഓതിയിട്ടും’ എന്ത് കൊണ്ട് അതിന്റെ ഒരു ഫലവും അധികം പേരിലും കാണാതെ പോകുന്നു എന്ന് ചോദിച്ചാല്‍ ഓത്തില്‍ നിന്നും വായനയിലേക്ക് നാം മാറണം എന്നതാണ് ഉത്തരം.
Back to Top