27 Friday
June 2025
2025 June 27
1447 Mouharrem 1

ഒഴിവുനേരം പെണ്ണിന്റെ സമയം – നൂര്‍ജഹാന്‍ കെ

വല്ലപ്പോഴും ലഭിക്കുന്ന പ്രഭാത നടത്തത്തിനുള്ള അവസരം വേണ്ടെന്ന് വെക്കാറില്ല. ഇന്നും അത്തരത്തിലുള്ള പ്രഭാത നടത്തത്തിലാണ് ചിലത് ചിന്തിച്ചത്. പൂക്കളുണ്ടെന്നും കിളികള്‍ക്ക് ശബ്ദമുണ്ടെന്നും മഞ്ഞുള്ള പ്രഭാതമാണെന്നുമൊക്കെ ഒരിക്കല്‍ മനസുതുറന്നു കാണുന്നത്, എത്ര വിചിത്രമാണിത്. ജീവിക്കുന്ന ചുറ്റുപാടുകളിലെ മനോഹരമായ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും കണ്ണും മനസ്സും തുറന്ന് നമുക്ക് കാണാന്‍ കഴിയാതെ പോവുന്നു. ഇത്തരം കാഴ്ചകള്‍ അത്ഭുതകരമാംവിധം കാണുകയും സന്തോഷിക്കുകയും ചെയ്യാന്‍ കുട്ടികള്‍ക്ക് നന്നായി കഴിയുന്നതുകൊണ്ടാണല്ലോ ‘അയ്യേ, കുട്ടികളെപ്പോലെ’ എന്ന് നാം കളിയാക്കുന്നത്. അവര്‍ ആ നിമിഷങ്ങളില്‍ ജീവിക്കുന്നത്‌കൊണ്ടാവാം. ആയിരിക്കുന്ന നിമിഷങ്ങളില്‍ ജീവിക്കാന്‍ വലുതാവുംതോറും നാം മറന്നുപോവാറുണ്ട്. മനുഷ്യന്റെ നിമിഷങ്ങളെ മോഷ്ടിക്കുന്ന ഫോണിനെ പ്രഭാതനടത്തത്തില്‍ വേണ്ടെന്ന് വെക്കാറാണ് പതിവ്. അതൊരനുഗ്രഹമാണ്. എന്റെ കണ്ണും മനസ്സും എന്നിലും എന്റെ ചുറ്റുപാടിലുമിരിക്കുന്ന കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ കാണാന്‍ കഴിയും. പൂക്കളുടെ ഭംഗിയും കിളികളുടെ ശബ്ദവും മഞ്ഞിന്റെ ഭംഗിയും എല്ലാം മനസ്സ് നിറയെ കാണാം. ഇതെല്ലാം തരുന്ന കുളിര്‍മയെ ആവോളം ഉള്ളിലേക്കാവാഹിക്കാന്‍ കഴിയും. എന്നിട്ടതെല്ലാം നമ്മുടെ ചിന്തകളില്‍ പ്രതിഫലിക്കുന്നത് അനുഭവിക്കാം.
ഈ ചിന്തകളെല്ലാം എന്നെപ്പോലെയുള്ള സ്ത്രീകള്‍ക്ക് അന്യമോ, അല്ലെങ്കില്‍ വിരളമോ ആയിരിക്കുകയാണ് പതിവ്. ജീവിതത്തിന്റെ നൂറുകൂട്ടം തിരക്കിനിടയില്‍ ലഘു ചിന്തകളോ, വികാരങ്ങളോ, മുങ്ങിപ്പോവുകയോ നമ്മള്‍ തിരിച്ചറിയാതായിപ്പോവുകയോ ചെയ്യാറുണ്ട്. തുമ്പപ്പൂവിനെന്തു ഭംഗിയാണെന്നും അപ്പുറത്തെ ചെടിയിലിരിക്കുന്ന കാക്കപ്പൂവും തുമ്പപ്പൂവും ഒരുമിച്ചിരുന്നാല്‍ ഭംഗി ഇരട്ടിയാവുമെന്നും കണ്ടിട്ട് പിന്നെയും പിന്നെയും സന്തോഷം തോന്നുകയാണ്. അത് കാണുമ്പോഴാണ് ഞാനെത്ര സുന്ദരിയാണെന്നാലോചിക്കുന്നത്. കണ്ണാടിയില്‍ നോക്കിയിട്ടുപോലും കുറച്ചു ദിവസങ്ങളായി എന്നാലോചിക്കുന്നത്. പൗഡറോ കണ്മഷിയോ ഇട്ടിട്ടും ദിവസങ്ങളായി എന്നാലോചിക്കുന്നത്. ദൈനംദിന തിരക്കില്‍ പെട്ട് മാറ്റിവെച്ച ലഘുചിന്തകള്‍! ഇന്ന് നന്നായി ഒന്ന് കുളിക്കണം. പൗഡറും കണ്മഷിയുമിട്ട് സുന്ദരിയാവണം. ‘ആരെ കാണിക്കാനാണ്?’ എന്ന മറുഭാഗത്തെ ഞാനടക്കമുള്ളവര്‍ ചോദിക്കുമല്ലോ. ‘എന്നെ തന്നെ കാണിക്കാന്‍’, അത്രയേ ഉള്ളൂ.
ഉള്ളി അരിയാനോ അരിയിടാനോ എഴുതാനോ വായിക്കാനോ കുട്ടിയെ പഠിപ്പിക്കാനോ നിലം തുടക്കാനോ ഒന്നും ഈ നടത്തത്തില്‍ അവസരം ഇല്ലാത്തത് കൊണ്ടാണ് ഇത്രയുമൊക്കെ ചിന്തിച്ചത്. ദൈനംദിന പ്രോഗ്രാമിങിന്റെ ഭാഗമാവാത്തത് കൊണ്ട് എന്തും ആലോചിച്ചു കൂട്ടാമല്ലോ. പക്ഷെ അപ്പോഴുമുണ്ടാവും, ‘എങ്ങോട്ടാ?’ എന്ന ചോദ്യങ്ങള്‍. ‘വെറുതെ നടക്കാന്‍ ഇറങ്ങിയതാ’ എന്ന് പറയുമ്പോള്‍, ‘ഇവള്‍ക്കിതെന്തുപറ്റി, വേറെ പണിയൊന്നുമില്ലേ’ എന്ന് അവര്‍ ചിന്തിക്കുമെന്ന് ആലോചിച്ചുകൊണ്ട് കുനിഞ്ഞു നിന്ന് തുമ്പപ്പൂ നോക്കുമ്പോള്‍, ‘ഇവള്‍ക്ക് വട്ടാണോ?’ എന്ന് റോഡിന്റെ ആ വശത്തുകൂടെ നടന്നുപോകുന്നയാള്‍ ആലോചിക്കുന്നുണ്ടാവുമെന്ന സന്ദേഹവും ഉണ്ടാവുന്നുണ്ട്. ‘അത്യധികം ആനന്ദകരമായ നിമിഷങ്ങളാണ് ഇതെന്ന് അയാള്‍ക്കറിയില്ലല്ലോ’ എന്നെന്നെ ബോധ്യപ്പെടുത്തും.
എന്തിനാണ് ബോധ്യപ്പെടുത്തുന്നത്? അവരെ ചിന്തിക്കാന്‍ വിടുകയേ വേണ്ടൂ. അവര്‍ക്കിഷ്ടമുള്ളത് അവര്‍ ചിന്തിക്കട്ടെ. അതിനെ ഭയന്ന് ഇത്തരം നിമിഷങ്ങളെ നഷ്ടപ്പെടുത്താനാവില്ലല്ലോ. അത്രയും മനോഹരമാണിത്. എനിക്ക് വേണ്ടി മാത്രം ഞാന്‍ കണ്ടെത്തുന്ന നിമിഷങ്ങള്‍. സ്ത്രീയായതുകൊണ്ട് തന്നെ ഞാന്‍ എനിക്കായി കണ്ടെത്തുന്ന നിമിഷങ്ങളെക്കുറിച്ചാണ് ചിന്ത. അതുപോലെ, എനിക്ക് ചുറ്റുമുള്ള പെണ്ണുങ്ങള്‍ അവര്‍ക്ക് വേണ്ടി കണ്ടെത്തുന്ന സമയങ്ങളെക്കുറിച്ചും. അത് ചിലപ്പോള്‍ വിശ്രമവേളകളാവാം, ആനന്ദം തരുന്ന ചെറിയ ചെറിയ വിനോദങ്ങളാവാം, പ്രവൃത്തികളാവാം, ഓരോ വ്യക്തിക്കും ചെയ്യാന്‍ ഇഷ്ടപ്പെട്ട ചെറിയ ചെറിയ കാര്യങ്ങളാവാം. കളികള്‍ എനിക്കിഷ്ടമാണ്. ഫുട്‌ബോളിന്റെ നാടാണ് എന്റെയും നാടെന്നതുകൊണ്ട് രാത്രികാലങ്ങളില്‍ ഫുട്‌ബോള്‍ കളിക്കുന്ന സ്റ്റേഡിയത്തില്‍ പോയി കളി കാണണമെന്നത് വലിയ ആഗ്രഹമാണ്! ആളുകള്‍ പ്രാന്തെന്ന് വിളിക്കുന്ന എന്റെ കുഞ്ഞു കുഞ്ഞു വലിയ ആഗ്രഹങ്ങള്‍! ഒരിക്കലും നടന്നില്ല. കഴിഞ്ഞ വര്‍ഷം നാട്ടില്‍ സെവന്‍സ് വന്നപ്പോള്‍ ഒരു കളി കാണാന്‍ കൊണ്ടുപോകുമോ എന്ന് നല്ലപാതിയോട് ചോദിച്ചു. അദ്ദേഹം ആവേശത്തോടെ കളി കാണാനായി പോവാന്‍ നില്‍ക്കുമ്പോഴാണ് എന്റെ ചോദ്യം. നല്ലപാതി ആശങ്കയിലായി, ‘നിന്നെ കൊണ്ടുപോകുന്നതിനല്ല, ആളുകള്‍ എന്ത് പറയും?, സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ നോക്കാതെ ആളുകള്‍ നിന്നെയായിരിക്കും നോക്കുക’. ഇതായിരുന്നു മൂപ്പരുടെ ആശങ്ക. അതിനു മറുപടിയായി ഒരവബോധനക്ലാസ് തന്നെ ഞാന്‍ കൊടുത്തെങ്കിലും എന്റെ ആഗ്രഹം ഇപ്പോഴും ആഗ്രഹമായി തന്നെ നില്‍ക്കുന്നു. ഫുട്‌ബോള്‍ കളിയിലെ പുരുഷാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ല. അത് ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. മറിച്ച്, പെണ്ണുങ്ങളുടെ ഒഴിവുസമയത്തേയും വിനോദങ്ങളെയും പറ്റി തീര്‍ച്ചയായും

ചിത്രീകരണം ; ഷബ്‌ന സുമയ്യ

ആലോചിക്കേണ്ടതുണ്ട്. കഴിഞ്ഞ മഴക്കാലം വന്നപ്പോള്‍ നാട്ടിലെ നിറഞ്ഞുനില്‍ക്കുന്ന പഞ്ചായത്ത് കുളത്തില്‍ ഒരു കുളി പാസാക്കാന്‍ പൂതി വന്നു. ചെറുപ്പത്തിലെ രസങ്ങളായിരുന്നു. അതിനുമപ്പുറം ശീലങ്ങളായിരുന്നു. ആ പഞ്ചായത്ത് കുളം എന്റെ ആഗ്രഹങ്ങളെ അടക്കി വെക്കാന്‍ ഒട്ടും സമ്മതിച്ചില്ല. നീല പളുങ്കുപോലെയുള്ള വെള്ളം കാണിച്ചത് കൊതിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒരിക്കല്‍ വീണ്ടും നല്ലപാതി എന്നെയും കുട്ടികളെയും കൊണ്ട് പോയി. മനസ്സ് നിറയുവോളം നീന്തിത്തുടിച്ചു തിരിച്ചുവന്നു. അന്ന് കെട്ടിപ്പെറുക്കി കുളത്തിലേക്ക് കുളിക്കാന്‍ പോവുന്നതിനെ ആര്‍ക്കും മനസ്സിലായില്ല. പണ്ട്, കുളിമുറിയും വാഷിങ്മെഷീനും ഇല്ലാതിരുന്ന കാലത്തെ അത്യാവശ്യമായിരുന്ന കുളത്തില്‍ പോക്ക്, ഇന്നിപ്പോള്‍ അതേയാളുകള്‍ക്ക് മനസ്സിലാവാതായിരിക്കുന്നു. കുളത്തില്‍ കുളിക്കാനുള്ള പൂതികൊണ്ടാണ് വന്നതെന്ന മറുപടിയില്‍ പലരുടെയും നെറ്റി ചുളിയുന്നുണ്ടായിരുന്നു. ഈ ‘പൂതി’ മനസ്സില്‍ വച്ചുകൊണ്ട് നടക്കുന്ന ഞങ്ങളുടെ വീട്ടിലെ മറ്റു കുറേ സ്ത്രീകളില്‍ പ്രധാനിയാണ് ഉമ്മ. ‘പൂതി’കള്‍ പറയാന്‍ അങ്ങേയറ്റം പേടിയുള്ള ഉമ്മ, കുളത്തില്‍ മുങ്ങിയും നീന്തിയും കുളിക്കാനുള്ള ‘പൂതി’യെയും അടക്കി വച്ചു. ‘എനിക്ക് കുറേ പണിയുണ്ടെ’ന്ന് പറയുന്ന ഉമ്മയെ, പണികള്‍ തീര്‍ന്നിട്ട് നമ്മുടെ പൂതി നടക്കില്ലെന്ന് ബോധ്യപ്പെടുത്താനാവില്ലല്ലോ. ‘ആളുകള്‍ എന്ത് കരുതും?’ എന്നാണ് ‘ആശങ്ക’. ആളുകള്‍ എന്തോ കരുതിക്കോട്ടെ എന്ന് വെക്കാനും അവര്‍ക്കാവില്ല. രണ്ടാം തവണയും ഇതേ പൂതിയില്‍ ഭര്‍ത്താവിനെ കച്ചകെട്ടിച്ച് കുട്ടികളെയും തെളിച്ചു പോകാനൊരുങ്ങുമ്പോള്‍ ഉമ്മയെയും നിര്‍ബന്ധിച്ചു കൂടെ കൂട്ടി. കുളത്തില്‍ ഉമ്മ അര്‍മാദിക്കുന്നത് കാണാനെന്തു കുളിരായിരുന്നു. ചെറുപ്പകാലത്തു ധാരാളം നീന്തിക്കുളിച്ച ഉമ്മയുടെ ഉള്ളിലെ കുട്ടി ഉണരുന്നതും ആനന്ദകരമായി നീന്തുന്നതും കാണണമായിരുന്നു. പൂതികള്‍ പോലും മറന്നുപോയ, അല്ലെങ്കില്‍ പൂതികളെപ്പോലും പേടിച്ചടക്കിവെക്കുന്ന പെണ്ണുങ്ങള്‍.

ചിത്രീകരണം ; ഷബ്‌ന സുമയ്യ

രാത്രിയില്‍ വെറുതെയൊന്നിറങ്ങി നടക്കാന്‍, സുഹൃത്തുക്കളെ കാണാന്‍, വെറുതെയൊരു യാത്ര ചെയ്യാന്‍, ഒരു പാട്ട് കേള്‍ക്കാന്‍, ചിലയിടങ്ങളില്‍ പോകാന്‍, വെറുതെയിരിക്കാന്‍, മൈലാഞ്ചിയിടാന്‍, ഐസ് തിന്നാന്‍, പുറത്തുപോയി വെറുതെയൊരു ചായ കുടിക്കാന്‍ തുടങ്ങി കാരണങ്ങള്‍ അറിയാത്ത എന്നാല്‍ സന്തോഷം തരുന്ന കുഞ്ഞു വലിയ പൂതികള്‍ പല പെണ്ണുങ്ങളില്‍ നിന്നും കേട്ടിട്ടുണ്ട്. ‘ഓരോരോ പൂതികളാണ്’ എന്നൊരു നെടുവീര്‍പ്പും! അതായത് ഇതൊന്നും നടക്കില്ല എന്ന്. എന്താണ് നടക്കാതിരിക്കാനുള്ള കാരണം? ‘ഒന്നൂല്ല്യ, ആള്‍ക്കാരോട് പറയാന്‍ പറ്റ്വോ?’ നമ്മുടെ ആഗ്രഹങ്ങള്‍ ആള്‍ക്കാരോടെന്തിനാ പറയുന്നത്? നമ്മളറിഞ്ഞു നമ്മള്‍ ചെയ്താല്‍ പോരെ?
പെണ്ണ് മുതിര്‍ന്ന് കല്യാണം കഴിച്ചാല്‍ പിന്നെ ഇത്തരം പൂതികള്‍ പാടില്ലേ? ലേശം വട്ടില്ലാതെ, ഒരു ശതമാനമെങ്കിലും ഒരു ചെറിയ കുട്ടി നമ്മുടെ ഉള്ളില്‍ ഇല്ലാതായാല്‍, നമ്മുടെയൊക്കെ ജീവിതം നമുക്ക് തന്നെ അപരിചിതമായിപ്പോകും. വല്ലാത്ത ഒരു ഭാരം മാത്രമായിപ്പോകും. നമ്മുടെകൂടെ ആഗ്രഹങ്ങളെ കാണാനും തിരിച്ചറിയാനും പരിഗണിക്കാനും അതിനുവേണ്ടി സമയം കൊടുക്കാനും ഈ ചെറിയ ചെറിയ പ്രവൃത്തികള്‍ ചെയ്യാനുള്ള ധൈര്യം സംഭരിക്കാനും കഴിഞ്ഞില്ലെങ്കില്‍ നമുക്ക് നമ്മുടെ ജീവിതം പോലും കഠിനമാകും. ജീവിതത്തില്‍ കൗതുകത്തെ കാണാന്‍ സ്ത്രീകളും പഠിച്ചേ മതിയാകൂ. വീടിനും വീട്ടുകാര്‍ക്കും കുട്ടികള്‍ക്കും ജോലിക്കും വേണ്ടി മുഴുവന്‍ സമയവും അധ്വാനവും ഊര്‍ജവും നല്‍കുമ്പോഴും, നമുക്ക് വേണ്ടി ഇത്തിരി നേരം ചിന്തിക്കാന്‍, നമ്മെ സന്തോഷിപ്പിക്കാന്‍, നമ്മുടെ കൗതുകങ്ങളെ നിലനിര്‍ത്താന്‍, നമ്മള്‍ നമ്മളായി തന്നെയിരിക്കാന്‍, നമുക്കല്ലാതെ വേറെ ആര്‍ക്കാണ് കഴിയുക? നെറ്റി ചുളിക്കുന്നവര്‍ക്കോ, ‘വട്ടാണോ?’ എന്ന് ചോദിക്കുന്നവര്‍ക്കോ, എല്ലാത്തിനും കാരണങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കോ അതിന് സമയമുണ്ടാവില്ലല്ലോ. അതുകൊണ്ട്, നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സമയമുണ്ടാക്കുക. മറ്റൊന്നും ഗൗനിക്കാതെ കുറച്ചുസമയം നമുക്ക് വേണ്ടി ജീവിക്കാന്‍ പഠിക്കൂ. കുറച്ചു നിമിഷങ്ങളെ നിങ്ങളുടെതാക്കൂ. ജീവിതം കൗതുകകരമാവും, .

Back to Top