ഒറ്റ രാജ്യം ഒറ്റ ഭാഷ സാംസ്‌കാരിക വൈവിധ്യങ്ങളെ നിരപ്പാക്കുന്ന നീക്കം – ജെ രഘു
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ആരംഭിച്ച ഹിന്ദു കൊളോണിയലിസത്തിന്റെ സമീപകാല ഹിംസാത്മക പദ്ധതികളാണ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അസം ഉള്‍പ്പെടെ ഈ ഉപഭൂഖണ്ഡത്തില്‍ പലയിടത്തും തടങ്കല്‍ പാളയങ്ങളുടെ നിര്‍മാണം ആരംഭിച്ചതും. ഒരുപക്ഷേ, രണ്ടാം ബി ജെ പി ഗവണ്‍മെന്റ് മറകള്‍ ഒന്നുമില്ലാതെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ‘ഒറ്റ രാജ്യം ഒറ്റ ഭാഷ’ എന്ന ഭീകരപദ്ധതി, നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രമുള്ള ഇന്ത്യയുടെ ഭാഷാ സാംസ്‌കാരിക വൈവിധ്യത്തെ രക്തരൂഷിതമായി ആണെങ്കില്‍ പോലും തകര്‍ക്കുമെന്ന മുന്നറിയിപ്പു കൂടിയാണിത്.
ഏതൊരു ജനതയുടെയും ജീവിത സമ്പ്രദായത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രധാന പുരാവസ്തു ശേഖരം കൂടിയാണ് ആ ജനത സംസാരിക്കുകയും വായിക്കുകയും എഴുതുകയും സാഹിത്യസൃഷ്ടികള്‍ നടത്തുകയും ചെയ്യുന്ന മാതൃഭാഷ. ഒരു ജനതയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ സ്വത്വ മുദ്രയുടെ നിര്‍ണായക ഘടകം അവരുടെ മാതൃഭാഷയാണ്. ഒരു ഭാഷ, വരമൊഴി കൊണ്ടും സാഹിത്യസൃഷ്ടി കൊണ്ടും എത്രത്തോളം ഗാഢവും സമ്പന്നവും ആയിരിക്കുമോ അത്രത്തോളം തന്നെ ദുഷ്‌കരമായിരിക്കും അതിനെ മായ്ച്ചുകളയുക എന്നത്. ലോകത്ത് എവിടെയൊക്കെ ജീവത്തായ മാതൃഭാഷക്ക് മേല്‍ വൈദേശിക ഭാഷകളുടെ കൊളോണിയല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അവിടെയെല്ലാം വലിയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് വേദിയാവുകയും കൊളോണിയല്‍ ശക്തികള്‍ക്ക് പിന്‍വാങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍ എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. ബീഹാറികളില്‍ തന്നെ ഗണ്യമായ ഒരു വിഭാഗം ബ്രജ്, മെഥിലി ഭാഷകള്‍ ആണ് സംസാരിക്കുന്നത്. ഹരിയാനക്കാര്‍ക്ക് ‘ഹരിയാന്‍വി’യും പഞ്ചാബികള്‍ക്ക് ‘പഞ്ചാബി’യും ബംഗാളികള്‍ക്ക് ‘ബംഗാളി’യും ഗുജറാത്തികള്‍ക്ക് ‘ഗുജറാത്തി’യും മഹാരാഷ്ട്രക്കാര്‍ക്ക് ‘മറാത്തി’യും തെലുങ്കാനയ്ക്കും ആന്ധ്രയ്ക്കും ‘തെലുങ്കും’ കര്‍ണാടകത്തിന് ‘കന്നട’യും തമിഴ്‌നാടിന് ‘തമിഴും’ കേരളത്തിന് ‘മലയാള’വും ഒറീസയ്ക്ക് ‘ഒറിയ’യും അസമിന് ‘ആസാമിയ’യുമാണ് മാതൃഭാഷകള്‍. കൂടുതല്‍ ആളുകള്‍ ഹിന്ദി സംസാരിക്കുന്ന യുപിയില്‍ പോലും പശ്ചിമ യുപിയില്‍ സംസാരിക്കുന്നത് ‘ഖഡിബൊലി’ എന്ന ഭാഷയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി, സമീപകാലത്തായി ഇത്തരം ജൈവ ഭാഷകളെ ഹിന്ദിയുടെ പ്രാദേശിക ഡയലക്ടുകളായി പാര്‍ശ്വവല്‍ക്കരിക്കുന്ന പ്രവണത കൂടിവരികയും ചെയ്യുന്നുണ്ട്.
യു പിയും മധ്യപ്രദേശും ഒഴികെയുള്ള 27 സംസ്ഥാനങ്ങളെ അവരുടെ സഹജമായ ഭാഷാ സംസ്‌കാരത്തില്‍നിന്ന് അടര്‍ത്തിമാറ്റാനും സ്വാതന്ത്ര്യസമരകാലത്ത് കൃത്രിമമായി നിര്‍മ്മിച്ച സാഹിത്യശുഷ്‌കമായ ഒരു ഭാഷയുടെ വാഹകരാക്കാനും നിര്‍ബന്ധിക്കുന്നത് എന്തിനു വേണ്ടിയാണ്? സംസ്‌കൃത ആധിപത്യം എന്നത് ആര്‍ എസ് എസിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിന്റെ അവിഭാജ്യാംശമാണ്. We or Our Nationhood Defined എന്ന കൃതിയില്‍ ആര്‍ എസ് എസ് ആചാര്യനായ ഗോല്‍വാല്‍ക്കര്‍ മുമ്പുതന്നെ ഈ ഭാഷാനയം വ്യക്തമാക്കിയിട്ടുണ്ട്. ”ഇന്ത്യയിലെ വിവിധ ‘പ്രാദേശിക’ ഭാഷകളെല്ലാം സംസ്‌കൃതം എന്ന ‘മാതൃഭാഷ’യില്‍ നിന്ന് വ്യുല്‍പ്പന്നമായ താവഴികള്‍ മാത്രമാണ്. സംസ്‌കൃതം ദേവഭാഷയായതിനാല്‍ അത് എല്ലാവരുടെയും പൊതുഭാഷയായേ മതിയാവൂ.” (പേജ് 98).
സംസ്‌കൃതം ഒഴിച്ചുള്ള ഭാഷകളെല്ലാം ഗോല്‍വാല്‍ക്കര്‍ക്ക് വെറും പ്രാദേശിക ഭാഷകള്‍ മാത്രമാണ്. ആര്യ നാടോടികള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്ക് കുടിയേറുന്നതിന് എത്രയോ ആയിരം വര്‍ഷങ്ങള്‍ മുമ്പ് നിലനിന്ന ഹാരപ്പന്‍ നാഗരികതയിലെ ജനങ്ങള്‍ സംസാരിച്ചിരുന്നത് ദ്രവീഡിയന്‍ ഭാഷകള്‍ ആയിരിക്കാം എന്ന് ജനിതകശാസ്ത്രം തെളിവുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുമ്പോഴാണ് തമിഴിനെ പോലും ‘പ്രാദേശിക’ ഇട്ടാവട്ടത്തില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഭൂരിപക്ഷ ജനത പരമ്പരാഗതമായി സംസാരിച്ചിരുന്ന ഉറുദു ഭാഷയെ തകര്‍ക്കാനുള്ള സവര്‍ണഹിന്ദു ഗൂഢാലോചനയുടെ ഉല്‍പ്പന്നമാണ് ഹിന്ദി.
രാഷ്ട്രഭാഷ എന്ന ഒരു സംജ്ഞയുടെ മറവിലാണ് ഈ ഹിന്ദി കൊളോണിയലിസം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയില്‍ എവിടെയും ഏതെങ്കിലും ഒരു ഭാഷയെ രാഷ്ട്ര ഭാഷ എന്ന് വിശേഷിപ്പിച്ചിട്ടില്ല. ഭാഷകളെ പറ്റി പ്രതിപാദിക്കുന്ന എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകള്‍ക്കും തുല്യപദവിയാണ് ഭരണഘടന നല്‍കുന്നത്. ഔദ്യോഗിക ഭാഷയായി ഇംഗ്ലീഷിനെ അംഗീകരിച്ചപ്പോള്‍ ഒരു ബന്ധ ഭാഷയായി (link language) ഹിന്ദിയെ കണക്കാക്കാം എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ദേശീയ ഭാഷ എന്ന ഇംഗ്ലീഷിന്റെ പദവി 15 വര്‍ഷത്തിനുശേഷം പുനപ്പരിശോധിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ആ പദവിയിലേക്ക് മറ്റൊരു ഇന്ത്യന്‍ ഭാഷയും ഇനിയും വളര്‍ന്നിട്ടില്ല.
ഇംഗ്ലീഷിന്റെ ഈ ദേശീയ ഭാഷാപദവി ഹിന്ദു ഫാസ്റ്റിസ്റ്റുകള്‍ക്കു മുമ്പ് തന്നെ പോസ്റ്റ് കൊളോണിയല്‍ കീഴാള ചരിത്ര ബുദ്ധിജീവികളെ വളരെയേറെ പ്രകോപിപ്പിച്ചിരുന്നു. ‘ഡീ കോളണൈസേഷ’ന്റെ പരിമിതികളാണ് ഇതിന് കാരണമെന്നും അവര്‍ വാദിച്ചിരുന്നു. ഇംഗ്ലീഷ് വിദേശ ഭാഷയാണെങ്കില്‍, സംസ്‌കൃതം അതിനെക്കാള്‍ മുന്‍പ് വന്ന വിദേശഭാഷയല്ലേ? ഡീ കോളണൈസേഷന്റെ ലക്ഷ്യം ഇന്ത്യയുടെ തനതായ ഭാഷാ സംസ്‌കാര പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പാണെങ്കില്‍, നാം യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങേണ്ടത് അപ സംസ്‌കൃത വല്‍ക്കരണമാണ് (de sanskritization).. തമിഴിനെയൊഴിച്ച് ഇന്ത്യയിലെ മിക്ക ദേശഭാഷകളെയും സംസ്‌കൃതം എന്ന മൃത (ദേശ)ഭാഷ വക്രീകരിക്കുകയും തകര്‍ക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യന്‍ ഭാഷകളില്‍ സംസ്‌കൃതവത്കരണത്തിന്റെ ഏറ്റവും ദയനീയമായ ‘ഇര’ മലയാള ഭാഷയാണ്. കേരളത്തിലേക്കുവന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണരും അവരുടെ ശിങ്കിടികളായി ഒപ്പം കൂടിയ ശൂദ്രന്മാരും കൂടി ചേര്‍ന്ന് മലയാളത്തിനു തമിഴ് ദ്രാവിഡ സ്രോതസുകളുമായുണ്ടായിരുന്ന ജൈവ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചു മാറ്റുകയും സംസ്‌കൃതം എന്ന കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന വെറുമൊരു ‘ഉപഗ്രഹ ഭാഷ’യാക്കുകയും ചെയ്തു. കേരളത്തിലെ നമ്പൂതിരി- നായര്‍ ബാന്ധവത്തിനും ഇതര മനുഷ്യര്‍ക്ക് മേലുള്ള ജാതി വംശീയാധിപത്യത്തിനും ഒരു ഉപഗ്രഹ ഭാഷ മതിയായിരിക്കുമെന്ന ചിന്തയായിരിക്കാം മലയാളത്തെ സംസ്‌കൃതത്തിന്റെ തൊഴുത്തില്‍ കെട്ടിയിടാന്‍ ഇവരെ പ്രേരിപ്പിച്ചത്.
ഇപ്പോഴത്തെ ഹിന്ദി ഭാഷാവാദത്തെ മലയാളികള്‍ ക്രാന്തദര്‍ശിതയോടെ വേണം നേരിടാന്‍. ഹിന്ദി ആധിപത്യത്തെ പ്രതിരോധിക്കുന്നതിനുള്ള ആദ്യപടി മലയാളത്തെ സംസ്‌കൃതത്തിന്റെ ഉപഗ്രഹ പദവിയില്‍ നിന്ന് മോചിപ്പിക്കുകയെന്നതാണ്. പുതിയ മലയാളം ആവശ്യപ്പെടുന്നത് ‘അപസംസ്‌കൃതവല്‍കരിക്കപ്പെടുന്ന’ മലയാളമാണ്.