22 Sunday
December 2024
2024 December 22
1446 Joumada II 20

ഒടുവില്‍ ആ കൈകളില്‍ വിലങ്ങു വീഴുമ്പോള്‍- സന്തോഷ് എം ബി

അങ്ങനെ, ഫ്രാങ്കോ മുളയ്ക്കലും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു ബിഷപ്പ് ലൈംഗികാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായി എന്ന ‘ബഹുമതി’ ഫ്രാങ്കോ മുളയ്ക്കലിന് സ്വന്തം. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് എന്നത് മറ്റൊരു അപൂര്‍വത.
പൊലീസില്‍ പരാതി കൊടുത്ത് 87 ദിവസത്തിനു ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. അതുതന്നെ, കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടത്തിയ സമരം കേരളമാകെ കത്തിപ്പടരുന്നു എന്ന ഘട്ടത്തിലെത്തിയപ്പോള്‍. അഴിമതി, ബലാത്സംഗം പോലെയുള്ള ‘വന്‍കിട’ കേസില്‍ പ്രതിയാവുന്ന ബിഷപ്പുമാര്‍, ഉന്നത രാഷ്ട്രീയനേതാക്കള്‍, വന്‍കിട പണക്കാര്‍ എന്നിവര്‍ക്കൊക്കെ അറസ്റ്റിലാവുമ്പോള്‍ സംഭവിക്കുന്ന അതേ അസുഖം ഫ്രാങ്കോ മുളയ്ക്കലിനുമുണ്ടായി. ദേഹാസ്വാസ്ഥ്യം! രണ്ടുമൂന്നു ദിവസം സ്വസ്ഥമായി ഏതെങ്കിലും ആശുപത്രിയുടെ ഐ സി യുവില്‍ ആപ്പിള്‍ തിന്നും ആട്ടിന്‍പാല്‍ കുടിച്ചും എസിയില്‍ സ്വസ്ഥമായി കഴിയാനുള്ള ഉപാധി. സബ്ജയിലില്‍ റിമാന്റ് പ്രതികളോടൊപ്പമൊന്നും കിടക്കേണ്ടിവരില്ലെങ്കിലും അവിടത്തെ വി ഐ പി മുറിക്ക് എ സി കാണില്ല, ഒറ്റയ്ക്ക് കിടക്കേണ്ടി വരും. സാധാരണഗതിയില്‍ ജയിലില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കണം. പിന്നെ, പണവും സ്വാധീനവുമുള്ളവര്‍ക്ക് പുറത്തെക്കാള്‍ സൗകര്യമായി ജയിലില്‍ കിടക്കാമെന്നത് വേറെ കാര്യം.
ഒരു സാധാരണക്കാരനെതിരെ ഒരു പീഡന പരാതി സമാന സാഹചര്യത്തില്‍ 87 ദിവസം മുമ്പ് പൊലീസില്‍ വന്നാല്‍ പ്രതി ജയില്‍ അന്തരീക്ഷവുമായി താദാത്മ്യം പ്രാപിച്ചിട്ട് 85 ദിവസം കഴിഞ്ഞിരിക്കും! കേരളത്തില്‍ , ഇങ്ങനെയൊക്കെയാണ് നിയമം നിയമത്തിന്റെ വഴിക്കുപോവുന്നത്! സി പി എം വീണ്ടും ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഒരിക്കല്‍കൂടി കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ കാട്ടിത്തരികയാണ്. പലപ്പോഴും സമാന സാഹചര്യങ്ങളില്‍ അസാധാരണ മെയ് വഴക്കം പ്രകടിപ്പിക്കുന്നതില്‍ വിദഗ്ദനാണ് സി പി എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ സംസ്ഥാന സെക്രട്ടറി, ആഭ്യന്തരവകുപ്പിന്റെ മുന്‍ മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളോടും ഫ്രാങ്കോ മുളയ്ക്കലിനുമൊപ്പം സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കം ഇത്തവണ അത്ര വിജയിച്ചില്ല. കോണ്‍ഗ്രസ് എക്കാലത്തും ഇത്തരം പൗരോഹിത്യ വിഭാഗം എന്തു വൃത്തികേടു കാണിച്ചാലും അതിനോട് സമരസപ്പെട്ടുപോവുന്ന രീതിയാണ് തുടര്‍ന്നു പോന്നിട്ടുള്ളത്. അതിനാല്‍, അവരുടെ നിശ്ശബ്ദതയില്‍ ‘കുറ്റ’മില്ല! വോട്ടുബാങ്കില്‍ ശേഷിക്കുന്നത് ഇതു മാത്രമാവുമ്പോള്‍ അവര്‍ക്കെതിരെ സംസാരിക്കാനേ പാടില്ല!
അധികാരവും മതവും ഒത്തുചേര്‍ന്നപ്പോള്‍ നിസ്സഹായയായ അഭയ നീതി കിട്ടാതെ കേരളീയ സമൂഹത്തിനു മുന്നില്‍ എന്നെന്നും ചോദ്യചിഹ്നമായി നില്‍ക്കും. അത്തരം അഭയമാരെ ഇനിയും സൃഷ്ടിക്കാനാവില്ലെന്ന ഉറച്ച ബോധ്യമാണ് ബിഷപ്പിന് തടവറ ഒരുക്കാന്‍ നിമിത്തമായത്. കൊട്ടിയൂര്‍, കോട്ടപ്പുറം, നിരണം, കൊച്ചി, കൊരട്ടി…സഭകള്‍ക്ക് ആന്തരിക പരിശോധനയ്ക്കും ആത്മവിമലീകരണത്തിനും നേരമായിരിക്കുന്നു. പൊതുജനങ്ങള്‍ക്കു മുന്നില്‍ ചോദ്യചിഹ്നമായി സമരം ചെയ്ത കന്യാസ്ത്രീകളില്‍ നിന്നാവട്ടെ അതിന്റെ തുടക്കം.
Back to Top