ഐസിജെയില്‍ നെതന്യാഹുവിന്റെ അറസ്റ്റ് വാറന്റിനെ ചോദ്യം ചെയ്തുള്ള ഹരജി യുകെ പിന്‍വലിക്കും
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിനെ ചോദ്യം ചെയ്തുള്ള ഹരജി യുകെയിലെ പുതിയ സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. യുദ്ധക്കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മെയ് മാസത്തിലാണ് ഐസിജെയുടെ ചീഫ് പ്രോസിക്യൂട്ടര്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ‘ഓസ്ലോ ഉടമ്പടി പ്രകാരം ഇസ്രായേല്‍ പൗരന്മാരുടെ മേല്‍ ഫലസ്തീന് ക്രിമിനല്‍ അധികാരപരിധി പ്രയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍’ ഐസിസിക്ക് ഇസ്രായേലികളുടെ മേല്‍ അധികാരപരിധി പ്രയോഗിക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള നിയമപരമായ വശങ്ങള് ഫയല്‍ ചെയ്യാന്‍ തങ്ങളെ അനുവദിക്കണമെന്ന് ഋഷി സുനകിന്റെ സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലികളുടെ മേല്‍ ഐസിജെക്ക് അധികാരപരിധി പ്രയോഗിക്കാനാകുമോ എന്നതിനെക്കുറിച്ച് നിയമപരമായ നിരീക്ഷണങ്ങള്‍ ഫയല്‍ ചെയ്യാന്‍ ഹേഗിലെ കോടതിയില്‍ ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ യുകെക്ക് ജൂലൈ 26 വരെയാണ് സമയമുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട യുകെയിലെ ലേബര്‍ സര്‍ക്കാര്‍ സുനകിന്റെ നയം പിന്തുടരില്ലെന്നാണ് ചോദ്യം ചെയ്യാത്തതിലൂടെ സ്ഥിരീകരിച്ചത്. ‘ഞങ്ങളുടെ ദീര്‍ഘകാല നിലപാടിന് അനുസൃതമായി ഇത് കോടതി തീരുമാനിക്കേണ്ട വിഷയമാണെന്നും പുതിയ സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് ഉപേക്ഷിക്കും’ എന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്താരാഷ്ട്രമായും ആഭ്യന്തരമായും നിയമവാഴ്ചയിലും അധികാര വിഭജനത്തിലും സര്‍ക്കാര്‍ ശക്തമായി വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.