6 Friday
March 2026
2026 March 6
1447 Ramadân 17

ഐക്യത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ പുണരാന്‍ മുജാഹിദുകള്‍ക്കാവില്ല – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ഐക്യത്തിന്റെ പേരു പറഞ്ഞ് അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി. സംഘടനാ ഐക്യത്തിന്റെ പേരില്‍ ആദര്‍ശം അടിയറ വെക്കാന്‍ കേരളത്തിലെ മുജാഹിദുകള്‍ സന്നദ്ധമല്ല. കേസും കോടതിയും പറഞ്ഞ് ഭീഷണിപ്പെടുത്തി അന്ധവിശ്വാസങ്ങള്‍ക്കും അനീതികള്‍ക്കുമെതിരിലുള്ള പോരാട്ടത്തില്‍ നിന്നും മുജാഹിദുകളെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹമാണെന്നും കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) വ്യക്തമാക്കി.
മുജാഹിദ് ഐക്യത്തിന്റെ പേരില്‍ തങ്ങളാരെയും വഞ്ചിച്ചിട്ടില്ലെന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണ്. ഐക്യാനന്തരമുള്ള സംഘടനാ പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞ് മൂന്ന് പേജുകളുള്ള കത്ത് കെ എന്‍ എം (സി ഡി ടവര്‍) പ്രസിഡന്റിന് ഒപ്പിട്ടു നല്‍കിയവര്‍ ഐക്യം സമ്പൂര്‍ണമായെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. പ്രസ്തുത കത്തിലെ ഏതെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കിയെന്നത് തങ്ങളാരെയും വഞ്ചിച്ചിട്ടില്ലെന്നും ഐക്യം പൂര്‍ണമായെന്നും പറയുന്നവര്‍ വ്യക്തമാക്കണം. ഐക്യ മുജാഹിദില്‍ ആദര്‍ശ വ്യത്യയാനമൊന്നും ഇല്ലെന്നു പറയുന്നവര്‍ ജിന്ന് ബാധ, സിഹ്‌റ്, കണ്ണേറ് വിവാദത്തില്‍ തങ്ങളുടെ നിലപാട് പരസ്യമായിപ്പറയാന്‍ തയ്യാറാവണം. ആഭിചാരത്തിനു മാരണത്തിനും ഫലമുണ്ടെന്ന സര്‍ക്കുലറും ലേഖനവും പന്‍വലിക്കാന്‍ ഇതുവരെ തയ്യാറാവാത്തവര്‍ ആദര്‍ശത്തില്‍ വ്യതിയാനമൊന്നുമില്ലെന്ന് പറയുന്നത് കാപട്യമാണ്. മുജാഹിദ് ഐക്യ കരാര്‍ ലംഘിച്ചത് ആരാണെന്നും വഞ്ചന കാണിച്ചത് ആരാണെന്നും തെളിയിക്കാന്‍ പരസ്യ സംവാദത്തിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ തയ്യാറാണെന്നും കെ എന്‍ എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കെ അബൂബക്കര്‍ മൗലവി, എം അഹ്മദ്കുട്ടി മദനി, അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ എല്‍ പി ഹാരിസ്, അഡ്വ. മുഹമ്മദ് ഹനീഫ്, സി അബ്ദുല്ലത്തീഫ്, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍ എം അബ്ദുല്‍ജലീല്‍, പി പി ഖാലിദ്, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹിമാന്‍, ബി പി എ ഗഫൂര്‍, ഡോ. ജാബിര്‍ അമാനി, സലാം മാസ്റ്റര്‍ തൃശൂര്‍, കെ പി മുഹമ്മദ് കല്‍പ്പറ്റ, സുഹൈല്‍ സാബിര്‍, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുസ്സലാം പുത്തൂര്‍, കെ സുബൈര്‍ ആലപ്പുഴ, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു.

Back to Top