12 Monday
January 2026
2026 January 12
1447 Rajab 23

ഐ എസും അല്‍ഖാഇദയും  ലാറ്റിനമേരിക്കയില്‍

ലോക സമാധാനത്തിന് ഭീഷണി തീര്‍ത്ത് കൊണ്ടിരിക്കുന്ന തീവ്രവാദ സംഘടനകള്‍ ലാറ്റിനമേരിക്കയില്‍ കേന്ദ്രീകരിക്കുന്നുവെന്നും അവിടെ നിന്ന് കൂടുതല്‍ ശക്തരാകാന്‍ അവര്‍ ശ്രമിക്കുന്നെന്നുമുള്ള റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സിന്റെ പ്രസ്താവനയെ സ്‌തോഭജനകമായ ഒരു വാര്‍ത്തയെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും വിശദീകരിച്ചത്. റഷ്യയുടെ ടാസ്‌ന്യൂസ് ഏജന്‍സിയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ മിലിറ്ററി ഇന്റലിജന്‍സ് തലവന്‍ ഇഗോര്‍ കോത്‌സ്യുക്കോവാണ് ഇങ്ങനെയൊരു അഭിപ്രായം ഔദ്യോഗികമായി പറഞ്ഞിരിക്കുന്നത്. അന്തര്‍ദേശീയ സുരക്ഷയെ പ്രമേയമാക്കിയുള്ള എട്ടാമത് മോസ്‌കോ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കോത്‌സ്യുക്കോവ് ഇങ്ങനെയൊരു അഭിപ്രായം നടത്തിയത്. ഐ എസ്, അല്‍ഖാഇദ പോലെയുള്ള തീവ്രവാദ സംഘടനകള്‍ പശ്ചിമേഷ്യന്‍ നാടുകളില്‍ തീവ്രവാദവും ഭീകരവാദവും നടത്തുന്നതിനുള്ള ഉര്‍ജവും വിഭവങ്ങളും സ്വരൂപിക്കുന്നത് ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് മില്യണ്‍ മുസ്‌ലിംകളാണ് ലാറ്റിനമേരിക്കന്‍ നാടുകളിലുള്ളത്. അവരിലേക്ക് നുഴഞ്ഞ് കയറാനുള്ള വിവിധ പദ്ധതികളാണ് ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ മുഖ്യമായും ആവിഷ്‌കരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പൊതുവേ ഇല്ലാത്ത നാടുകളാണ് ലാറ്റിനമേരിക്കയിലുള്ളത്. എന്നാല്‍ ഈയടുത്ത് ഐ എസ് എന്നറിയപ്പെടുന്ന ദാഇശിന്റെ ആശയങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ബ്രസീലില്‍ നിന്ന് 11 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര, സുരക്ഷാ മന്ത്രാലയ പ്രതിനിധികള്‍ക്ക് മുമ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
Back to Top