ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് നേരെ വീണ്ടും സര്‍ക്കാര്‍ അതിക്രമം
ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തെ ഷിന്‍ജിയാംഗ് പ്രവിശ്യയിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ നേരത്തെയും ആഗോളശ്രദ്ധ നേടിയിട്ടുണ്ട്. ഉയിഗൂര്‍ മുസ്‌ലിംകളോട് പ്രവിശ്യാ സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന വിവേചനങ്ങളും അവകാശ നിഷേധങ്ങളും പല തവണ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രവിശ്യയിലെ എല്ലാ മുസ്‌ലിം വീടുകളിലും ക്യൂ ആര്‍ കോഡ് ചിപ്പ് ഘടിപ്പിക്കാനും അവരെ സ്ഥിരമായി നിരീക്ഷിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തവണ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. ഉയിഗുര്‍ മുസ്‌ലിംകളെ ചൈനീസ് സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അവരുടെ മനുഷ്യാവകാശങ്ങള്‍ ഭീതികരമായ നിലയില്‍ ലംഘിക്കപ്പെടുകയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെടുകയും ചെയ്തു. ഉയിഗുറുകള്‍ക്കെതിരേ ഭരണ കൂടം നടത്തുന്നത് രൂക്ഷവും ഏകപക്ഷീയവുമായ അതിക്രമങ്ങളാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്. പത്ത് ലക്ഷത്തോളം മുസ്‌ലിംകള്‍ ഇപ്പോള്‍ തന്നെ പ്രവിശ്യാ സര്‍ക്കാറിന്റെ കരുതല്‍ തടങ്കലിലാണുള്ളത്. ഭീകരവാദം തടയാന്‍ എന്ന പേരിലാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. മുസ്‌ലിം വീടുകളിലെ ഓരോ അംഗത്തിന്റേയും ചലനങ്ങള്‍ നിരീക്ഷിക്കുവാന്‍ ഉന്നമിട്ടുള്ളതാണ് പുതിയ പദ്ധതി. 2014 മുതല്‍ സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരേ ആരംഭിച്ച നടപടികളുടെ ഏറ്റവും പുതിയ പതിപ്പാണ് ഇപ്പോള്‍ കാണുന്നതെന്നും ക്രമേണ മുസ്‌ലിംകളെ പ്രദേശത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ക്കാണ് ഭരണകൂടം നേതൃത്വം നല്‍കുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തങ്ങളുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.