ഇന്റര്‍ നെറ്റ് നിയന്ത്രണവും മൗലികാവകാശവും – അബൂ ഹാമിദ്
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ജനാധിപത്യ സംരക്ഷണത്തിന് സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും നിലകൊള്ളണമെന്നാണ് നിയമം. എന്നാല്‍ പ്രതിഷേധങ്ങളെയും മറു സ്വരങ്ങളെയും നിശ്ശബ്ദമാക്കാനാണ് പലപ്പോഴും സര്‍ക്കാറുകള്‍ താല്‍പര്യപ്പെടുന്നത്. പ്രത്യേക നിയമം ഒഴിവാക്കിയതോടെ കശ്മീരിലും പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ചില സംസ്ഥാനങ്ങളിലും പല ജില്ലകളിലും മൊബൈല്‍, ഇന്റര്‍നെറ്റ് നിരോധിച്ചതിലൂടെ ജനാധിപത്യത്തിന്റെ വാതിലുകള്‍ കൊട്ടിയടക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധിച്ച് 365 തവണയാണ്. ഇതില്‍ പകുതിയിലേറെയും കശ്മീരിലായിരുന്നു.
ഈ സാഹചര്യത്തില്‍, ഇന്റര്‍നെറ്റ് ഉപയോഗം പൗരന്റെ മൗലികാവകാശത്തില്‍ പെടുന്നതാണെന്ന സുപ്രീംകോടതി വിധി ജനാധിപത്യ സംരക്ഷണത്തിനുവേണ്ടിയുള്ള ശക്തമായ കൈത്താങ്ങായിരുന്നു. അസാധാരണമായ സാഹചര്യത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് പൂര്‍ണമായി നിരോധിക്കാവൂ എന്നും സര്‍ക്കാറിന്റെ തീരുമാനത്തോട് വിയോജിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നത് ഇന്റര്‍നെറ്റ് നിരോധിക്കാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
ജനാധിപത്യപരമായ അഭിപ്രായങ്ങളും പരാതികളും പ്രകടിപ്പിക്കാനുള്ള നിയമാനുസൃതമായ അവകാശങ്ങളെ അമര്‍ച്ച ചെയ്യാനുള്ള ഉപകരണമായി 144-ാം വകുപ്പിനെ മാറ്ററുതെന്നും സുപ്രീംകോടതി ഭരണകൂടത്തെ ഓര്‍മിപ്പിച്ചു.