24 Friday
October 2025
2025 October 24
1447 Joumada I 2

ഇന്ധനവിലയില്‍ ചോദ്യങ്ങളുണ്ട് – നസീല്‍ വോയിസി

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അര്‍ഹതയാണുള്ളത്?, പെട്രോള്‍ഡീസല്‍ വിലയിലെ നിയന്ത്രണം എടുത്തുകളഞ്ഞത് അവര്‍ നയിച്ച യുപിഎ സര്‍ക്കാരല്ലേ? -പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉയരുന്ന ചോദ്യമാണിത്. 2011- ലാണ് പെട്രോള്‍ വിലനിയന്ത്രണം അന്നത്തെ യുപിഎ സര്‍ക്കാര്‍ എടുത്തു കളഞ്ഞത്. എഴുപത് ശതമാനത്തിലേറെ ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ പേരില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്ന സബ്‌സിഡി ബാധ്യത കുറക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ അതിനോടൊപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു, രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലയ്ക്കനുസരിച്ച് ലോക്കല്‍ മാര്‍ക്കറ്റിലും വില മാറും.
എണ്ണ കമ്പനികളുടെ കയ്യിലേക്ക് വിലനിര്‍ണയാധികാരം എത്തിയ ആ സമയത്ത് ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് അടുത്തായിരുന്നു. പെട്രോള്‍ വില ലിറ്ററിന് 66 രൂപയും (ഡല്‍ഹി). ‘ലിറ്ററിന് 66 രൂപ എന്നത് ക്രൂഡോയില്‍ ബാരലിന് 102 ഡോളര്‍ വിലയാവുമ്പോഴുള്ളതിന് തുല്യമാണ്, കമ്പനികള്‍ക്ക് ലിറ്ററില്‍ മൂന്ന് രൂപയോളം നഷ്ടമാണ്’ എന്നാണ് അന്ന് എച് പി സി എല്‍ ഡയറക്ടര്‍ ബി മുഖര്‍ജി പറഞ്ഞത്. അതായത് കമ്പനി ലോജിക്കില്‍ പോലും ബാരല്‍ ക്രൂഡോയില്‍ 110 എത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 70 രൂപയേ ആവൂ. യുപിഎയുടെ അവസാനഘട്ടത്തിലും മോദി അധികാരത്തിലെത്തുന്ന സമയത്തും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 105 110 ഡോളര്‍ നിലയിലാണ്. പിന്നീട് 2015 16ല്‍  ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറിനും താഴേക്കെത്തി. വിലനിയന്ത്രണം എടുത്തു കളയുമ്പോഴുള്ള കണക്കും പ്രഖ്യാപനവും പ്രകാരം ഒരു ലിറ്റര്‍ പെട്രോളിന് 40 രൂപയിലും താഴെ വിലയെത്തണമായിരുന്നു. രൂപയുടെ മൂല്യമിടിഞ്ഞതും ബാക്കി വിലവര്‍ധനവുകളുമെല്ലാം നോക്കിയാലും 40/50 ഇടയില്‍ വില ഒതുങ്ങേണ്ട അവസ്ഥ. പക്ഷേ അതുണ്ടായില്ല. ബാരലിന് 2014നേക്കാളും കുറഞ്ഞ, 70 ഡോളറില്‍ നില്‍ക്കുമ്പോഴും അതിന്റെ ഒരു പ്രയോജനവും കിട്ടുന്നില്ല. മാത്രമല്ല, കൂടുതല്‍ തുക നല്‍കേണ്ടി വരികയും ചെയ്യുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നറിയണമെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം വര്‍ധിപ്പിച്ച നികുതി നിരക്ക് നോക്കിയാല്‍ മതി. നാലു വര്‍ഷത്തിനിടെ എക്‌സൈസ് തീരുവ പെട്രോളിന്റെത് 125 ശതമാനത്തിലേറെയും ഡീസലിന്റെ മേലുള്ളത് 330 ശതമാനത്തിലേറെയുമാണ് കൂട്ടിയത്. (ഡാറ്റ, ഇന്ത്യാ ടുഡേ).വില നിര്‍ണയാധികാരം കമ്പനികളെ ഏല്‍പ്പിച്ചത് കൊണ്ടുള്ള കൊള്ളയല്ല, പകരം നികുതി വര്‍ധിപ്പിച്ച് രാജ്യാന്തരവിപണിയിലെ അനുകൂല സാഹചര്യം സാധാരണക്കാര്‍ക്ക് തടയുന്ന സര്‍ക്കാര്‍ കൊള്ളയാണ് നടക്കുന്നത് എന്നു പറയാം.2019-ലേക്ക് മുണ്ടുമുറുക്കുമ്പോള്‍ മൂന്ന് ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുക തന്നെ വേണം.
1) കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ഇന്ധനവില നിലപാട് എന്താണ്? ബിജെപി സര്‍ക്കാരിന്റെ കൊള്ളക്കെതിരെ പ്രതിഷേധിക്കുമ്പോഴും ഇതിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ പറയാത്തത് സംശയം സൃഷ്ടിക്കുന്നുണ്ട്. 2). സംഘഭക്തമാരുടെ കള്ളക്കണക്കോളം വരില്ലെങ്കിലും വില ഉയര്‍ത്തുന്നതില്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും പങ്കുണ്ട്. എക്‌സൈസ് തീരുവയില്‍ വിട്ടുവീഴ്ചക്ക് ഇടതുപാര്‍ട്ടികളും മറ്റുള്ളവരുമെല്ലാം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തയാറാവുമോ? 3). ജിഎസ്ടിക്കു പുറത്താണ് ഇന്ധനവില. ഇതിന്റെ ഭാഗമാക്കിയാല്‍ വില പകുതിയോളമോ അതിലേറെയോ കുറുയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇതിലുള്ള നിലപാട് എന്താണ്? അങ്ങനെയൊരു പ്രഖ്യാപിത നിലപാടിലേക്ക് എത്താന്‍ സാധിക്കുമോ?
ഇന്ദിരാഗാന്ധിയുടെ കാലത്തെ പ്രശ്‌നങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് മോദിഭരണകാലത്ത് എല്ലാം വര്‍ഗീയമായി മാറിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അന്നത്തേതിനേക്കാള്‍ കൂടുതല്‍ അപകടകരമാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് അതിന്റെ ബഹുസ്വരതയാണ്. നമ്മുടെ ഭരണഘടന തന്നെ ഉറപ്പുനല്‍കുന്നതാണ് മതേതരത്വം. നരേന്ദ്രമോദി സ്വയം വര്‍ഗീയത പ്രചരിപ്പിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ പിന്തുണക്കുന്നവരും ഒപ്പം നില്‍ക്കുന്നവരും വര്‍ഗീയത ആയുധണാക്കിയവരാണ്. അത് രാജ്യത്തിന് ഗുണംചെയ്യില്ല.
(ജനാധിപത്യത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങുന്നതാണ് എന്റെ സ്വപ്‌നം, കുല്‍ദീപ് നയാര്‍, മാധ്യമം ആഴ്ചപ്പതിപ്പ്, 2018 സപ്തംബര്‍ 10)
Back to Top