2 Monday
December 2024
2024 December 2
1446 Joumada II 0

ഇനിയെന്ന് പാഠം പഠിക്കും?

ഇല്‍യാസ് കോഴിക്കോട്‌

ഹരിയാന, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം വന്നു. കശിമീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യത്തിലൂടെ വിജയം നേടാനായെങ്കിലും ഹരിയാനയില്‍ കോണ്‍ഗ്രസിന് അടിപതറി. ഹൈക്കമാന്‍ഡ് ആകട്ടെ ഭൂപീന്ദര്‍ ഹുഡയ്ക്ക് പൂര്‍ണമായും കാര്യങ്ങള്‍ വിട്ടു നല്‍കി. ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത് ഹൂഡയാണ്. രണ്‍ദീപ് സുര്‍ജേവാല, കുമാരി ഷെല്‍ജ തുടങ്ങിയ വലിയ നേതാക്കള്‍ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. കുറച്ച് കാലമായി ആഭ്യന്തര പ്രശ്‌നങ്ങള്‍ ഹരിയാനയില്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നുണ്ടായിരുന്നു. കുമാരി ഷെല്‍ജ കോണ്‍ഗ്രസ് വിടുമെന്ന് ഊഹാപോഹമുണ്ടായി. മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മകന്റെ ഭാര്യയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന കിരണ്‍ ചൗധരിയും മകള്‍ ശ്രുതി ചൗധരിയും 2024-ലാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോയത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രുതി ചൗധരി വിജയിക്കുകയും ചെയ്തു. ഫലം പ്രഖ്യാപിക്കുന്നതിന് മുന്നേ ഹരിയാനയിലെ കോണ്‍ഗ്രസിലെ ഏറ്റവും വലിയ ചര്‍ച്ച മുഖ്യമന്ത്രി ആരാകുമെന്നായിരുന്നു. ഭൂപീന്ദര്‍ ഹുഡയ്‌ക്കൊപ്പം കുമാരി ഷെല്‍ജയുടെ പേരും വ്യാപകമായി ചര്‍ച്ച ചെയ്തു. എക്‌സിറ്റ് പോള്‍ ഫലം കൂടി വന്നതോടെ ആ ചര്‍ച്ചകള്‍ക്ക് ആക്കം കൂടി. അതോടൊപ്പം സ്ഥാനാര്‍ത്ഥി നിര്‍ണയവും വലിയ പരാജയമായി. ഹൂഡയുടെ താല്‍പര്യക്കാര്‍ക്ക് സീറ്റുകള്‍ അധികം ലഭിച്ചത് വലിയ കുഴപ്പങ്ങള്‍ക്ക് വഴിവെച്ചു. കോണ്‍ഗ്രസ് ഇനിയും പാഠം പഠിച്ചില്ലെന്നതാണ് സങ്കടകരം.

Back to Top