23 Monday
December 2024
2024 December 23
1446 Joumada II 21

ആറരലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി പൗരത്വം

തങ്ങളുടെ രാജ്യം ഇതുവരെ ആറര ലക്ഷത്തോളം അഭയാ ര്‍ഥികള്‍ക്ക് പൗരത്വം നല്‍കിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം. അഭ്യസ്ഥവിദ്യരായ ആളുകളാണ് തുര്‍ക്കിയിലേക്ക് ജീവരക്ഷാര്‍ഥം പാലായനം ചെയ്തവരില്‍ കൂടുതലും. സിറിയയില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ ജീവിച്ചുപോന്ന ഇവര്‍ക്ക് യോഗ്യതകള്‍ക്കനുസരിച്ച് തൊഴിലും മറ്റ് സൗകര്യങ്ങളും കണ്ടെത്താനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടായിരുന്നു. അഞ്ചര ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ക്ക് ഇതിനു മുമ്പ് തന്നെ തുര്‍ക്കി പൗരത്വം നല്‍കിയിരുന്നു. അഭയാര്‍ഥികളുടെ തൊഴില്‍ യോഗ്യതകള്‍ അഭയാര്‍ഥികളായി കഴിഞ്ഞ കാലദൈര്‍ഘ്യം, രാജ്യത്തുതന്നെ തുടര്‍ന്ന് താമസിക്കാനുള്ള സന്നദ്ധത തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് പൗരത്വം നല്‍കുന്നത്. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അധ്യാപകര്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. കുട്ടികള്‍ തുടങ്ങിയ കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഒരു ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞയാഴ്ച പൗരത്വം നല്‍കിയിരുന്നു. ഇതോടെയാണ് അഭയാര്‍ഥികളുടെ പൗരത്വം ആറര ലക്ഷമായി വര്‍ദ്ധിച്ചത്. സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍  ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴാണ് അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് ആരംഭിച്ചത്. രാജ്യത്തെ പല രാഷ്ട്രീയ സംഘടനകള്‍ക്കും അഭയാര്‍ഥി സ്വീകരണ വിഷയത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും ഭരണകൂടം അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരു നയമാണ് കൈക്കൊണ്ടത്. സിറിയന്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അമേരിക്കയും തുര്‍ക്കിയും തമ്മില്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് ഈയാഴ്ച ഒരു ചര്‍ച്ച നടക്കുന്നുണ്ട്.
Back to Top