23 Wednesday
September 2026
2026 September 23
1448 Rabie Al-Âkher 10

ആരാധനാലയങ്ങളെ സംഘര്‍ഷ വേദിയാക്കരുത് ‘ ഐ എസ് എം ഇന്റര്‍നാഷണല്‍ കൊളോക്കിയം പ്രഖ്യാപന സമ്മേളനം സമാപിച്ചു

ഐ എസ് എം ഇന്റര്‍നാഷണല്‍ കൊളോക്യം പ്രഖ്യാപന സമ്മേളനം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി സമാധാന ഗേഹങ്ങളായ ആരാധനാലയങ്ങളെ സംഘര്‍ഷ വേദിയാക്കി മാറ്റാനുള്ള പ്രവണതകളെ വിശ്വാസി സമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കൊളോക്യം പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു.
മതാചാരങ്ങളും വിശ്വാസ ദര്‍ശനങ്ങളും കലാപത്തിനല്ല, സമാധാനത്തിനാണ് ശക്തി പകരേണ്ടത്. മതദര്‍ശനങ്ങള്‍ എല്ലാവിധ ചൂഷണങ്ങളെയും നിരാകരിക്കുന്നുവെന്നിരിക്കെ വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ പ്രവണതകള്‍ക്കെതിരെ ശബ്ദമുയരേണ്ടതുണ്ട്. നവോത്ഥാനത്തിന്റെ ചാലകശക്തിയാവാന്‍ യുവാക്കള്‍ക്ക് കഴിയുമാറ് കാലത്തിന്റെ മുന്നില്‍ നടക്കാന്‍ യുവസമൂഹത്തെ സജ്ജരാക്കണം. സമകാല ലോകത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുംവിധം പുതിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്നും കൊളോക്യം പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണ് രക്തപങ്കിലമായ രംഗവേദിയായി ആരാധനാലയങ്ങളെ ചൂഷണം ചെയ്തിട്ടുള്ളത്. വിശ്വാസി സമൂഹത്തിന്റെ ആത്മാവും ജീവനും ആരാധനയാണെന്നിരിക്കെ ആത്മീയതയെ ഫാസിസ്റ്റുവല്‍ക്കരിക്കാനുള്ള കുടില തന്ത്രങ്ങളെ ചെറുക്കാന്‍ ബഹുജനങ്ങള്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് ഇന്റര്‍നാഷണല്‍ കൊളോക്യം നടക്കുന്നത്.
പ്രഖ്യാപന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. ഡോ. ഫുക്കാര്‍ അലി തീം പ്രസന്റേഷന്‍ നടത്തി.  ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, റിഹാസ് പുലാന്തോള്‍, പ്രൊഫ. കെ പി സകരിയ്യ, നൗഷാദ് കുറ്റിയാടി സംസാരിച്ചു.’കേരള മുസ്‌ലിം നവോത്ഥാനം: പുനര്‍വായന പുതുവഴികള്‍’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ വിഷയം അവതരിപ്പിച്ചു. ഇസ്മാഈല്‍ കരിയാട് മോഡറേറ്ററായിരുന്നു. മുജീബുര്‍റഹ്‌മാൻ കിനാലൂര്‍, സദറുദ്ദീന്‍ വാഴക്കാട്, ഡോ. സാബിര്‍ നവാസ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഫോക്കസ് ഇന്ത്യ ജനറല്‍ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ജലീല്‍ മദനി വയനാട്, ഷാനിഫ് വാഴക്കാട്, ശാക്കിര്‍ ബാബു കുനിയില്‍, ഡോ. ലബീദ് അരീക്കോട്, അബ്ദുല്‍കരീം താനാളൂര്‍ സംസാരിച്ചു.
Back to Top