20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ആഇശ(റ)യുടെ ഗവേഷണ പാടവം

സയ്യിദ് സുല്ലമി


ബുദ്ധിക്ക് പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. ചിന്തിക്കുന്നില്ലേ, ഉറ്റാലോചിക്കുന്നില്ലേ, ബുദ്ധി പ്രയോഗിക്കുന്നില്ലേ എന്നുള്ള ശതകണക്കിന് ചോദ്യ ശരങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ഒന്നാമത്തെ മൗലിക പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആനിക ചിന്തകള്‍ക്ക് പ്രാമുഖ്യം നല്‍കി ഓരോ സംഭവങ്ങളും അപഗ്രഥനം ചെയ്യുന്ന രീതിയാണ് ആഇശ(റ) സ്വീകരിച്ചത്.
ഒരു ഹദീസ് ആരെങ്കിലും പറഞ്ഞാല്‍ അത് വിശുദ്ധ ഖുര്‍ആനിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അവര്‍ ഒട്ടും മടിക്കാതെ അത് പ്രമാണ വിരുദ്ധമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുക പതിവായിരുന്നു. നിങ്ങള്‍ക്ക് ഖുര്‍ആന്‍ മതി, എന്റെയും നിങ്ങളുടെയും ഇടയില്‍ അല്ലാഹുവിന്റെ ഗ്രന്ഥം ഉണ്ട് എന്നിങ്ങനെ അവര്‍ ജനങ്ങളെ ഉണര്‍ത്തും. ശരീഅത്തിന്റെ തത്വങ്ങളെ തള്ളിക്കളയുകല്ല അവര്‍ ചെയ്തത്, മറിച്ച് ഖുര്‍ആനിക തത്വങ്ങളും നബി(സ)യുടെതായി വന്ന അധ്യാപനങ്ങളും മുന്നില്‍ വെച്ച് തന്റെ മുമ്പില്‍ വന്ന പുതിയ സംഗതി മാറ്റുരച്ച് നോക്കി തന്റെ വീക്ഷണം രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് പറയുമായിരുന്നു. ഖുര്‍ആന്‍ സൂക്തം അതാണല്ലോ പഠിപ്പിക്കുന്നത്. ”പറയുക: എന്റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു”. (യൂനുസ് 15)
വീട്, സ്ത്രീ, കുതിര
എന്നിവയില്‍ ശകുനം

വിശുദ്ധ ഖുര്‍ആനിന്റെ വചനത്തിന് എതിരായതിനാല്‍ ഈ ഹദീസ് അവര്‍ സ്വീകരിക്കുന്നില്ല. അബീ ഹസ്സാന്‍(റ)യില്‍ നിന്നു നിവേദനം: ‘ആമിര്‍ സന്തതികളില്‍ നിന്ന് രണ്ട് വ്യക്തികള്‍ ആഇശ(റ)യുടെ അടുക്കല്‍ വന്ന് ഇങ്ങനെ അറിയിച്ചു, അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു : വീട്, സ്ത്രീ, കുതിര എന്നിവയില്‍ ശകുനമുണ്ട്. അപ്പോള്‍ അവര്‍ കോപിച്ചു, അങ്ങനെ അവരുടെ ഒരു ഭാഗം ആകാശത്തും ഒരു ഭാഗം ഭൂമിയിലും എന്നപോലെ ശക്തമായ പ്രതിഷേധമായി. ഫുര്‍ഖാന്‍ അബുല്‍ ഖാസിമിന് അവതരിപ്പിച്ചവന്‍ തന്നെയാണ് സത്യം, ഇത് പറഞ്ഞവര്‍ അവാസ്തവമാണ് പറഞ്ഞത്. റസൂല്‍ (സ) പറയുമായിരുന്നു: ജാഹിലിയ്യത്തുകാര്‍ സ്ത്രീയിലും വീട്ടിലും മൃഗത്തിലും ശകുനം ഉണ്ടെന്ന് വിശ്വസിക്കുമായിരുന്നു. പിന്നീട് അവര്‍ ഈ സൂക്തം പാരായണം ചെയ്തു. ”ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു.” (വി. ഖു 57:22)’ (മുസ്നദ് അഹമ്മദ്: 26034)
ഒട്ടേറെ പണ്ഡിതര്‍ ഈ സംഭവം അനാവരണം ചെയ്തുകൊണ്ട് ആഇശ(റ) പറഞ്ഞത് ഏറ്റവും ശരിയായതാണെന്ന് അഭിപ്രായപെട്ടിട്ടുണ്ട്. മാത്രമല്ല നബി(സ) തന്നെ ശകുനത്തെ വിരോധിക്കുകയും അത് ശിര്‍ക്കാണെന്ന് പ്രസ്താവിക്കുകയും ചെയ്തത് നിരവധി ഹദീസുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ”ഇബ്‌നു അബ്ബാസ്(റ) നിവേദനം: നിശ്ചയം റസൂല്‍(സ) പറഞ്ഞു: ”എന്റെ സമുദായത്തില്‍ നിന്ന് എഴുപതിനായിരം ആളുകള്‍ വിചാരണയോ ശിക്ഷയോ ഇല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും, അവര്‍ മന്ത്രിക്കാന്‍ ആവശ്യപ്പെടാത്തവരും ശകുനം നോക്കാത്തവരും തങ്ങളുടെ രക്ഷിതാവിങ്കല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നവരാകുന്നു”(സ്വഹീഹുല്‍ ബുഖാരി 6472). ഈ നബിവചനവും പഠിപ്പിക്കുന്നത് ശകുനം നോക്കുന്നത് സ്വര്‍ഗ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതല്ലെന്നാണ്, അപ്പോള്‍ ശകുനം നോക്കല്‍ ബഹുദൈവ വിശ്വാസമാണെന്ന് പറഞ്ഞ, അത് വിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്ത നബി അതിനു വിരുദ്ധമായ മേല്‍വചനം പറയില്ലല്ലോ. അപ്പോള്‍ ആഇശ(റ) പറഞ്ഞത് വളരെ പണ്ഡിതോചിതമാണന്ന് വ്യക്തം.
മുത്അ വിവാഹം
മുത്അ വിവാഹം നിരോധിച്ചതല്ലെന്നും അനുവദിക്കപ്പെട്ടതാണെന്നും ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇബ്‌നു അബ്ബാസ്(റ)വിന് (മുസ്ലിം 1407). എന്നാല്‍ അത് നിരോധിച്ച വിവരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ലാത്തതിനാലാവാം അതില്‍ ഒരു മൃദു സമീപനം സ്വീകരിച്ചത്. ആ ചിന്തകളെ ആഇശ (റ) ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് എതിര്‍ക്കുന്നു.
അബീമുലൈക(റ)വില്‍ നിന്ന് നിവേദനം: നിശ്ചയം ആഇശ(റ)യോട് മുത്അ വിവാഹത്തെ കുറിച്ച് അഥവാ നിര്‍ണിതമായ സമയം നിശ്ചയിച്ച് കൊണ്ട് വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: എന്റെയും നിങ്ങളുടെയും ഇടയില്‍ അല്ലാഹുവിന്റെ ഗ്രന്ഥം ഉണ്ട്. എന്നിട്ട് ഈ വിശുദ്ധ ഖുര്‍ആന്‍ സൂക്തം പാരായണം ചെയ്തു, ”തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള ഇണയായ അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല” (വി. ഖു 23:5,6) (ഹാക്കിം : 3484). ഇണയായി സ്വീകരിച്ച അടിമസ്ത്രീയുമായുള്ള ബന്ധമാണ് ഈ സൂക്തങ്ങളില്‍ പരാമര്‍ശിച്ചത്. മുത്അ വിവാഹം ഖുര്‍ആന്‍ വിരുദ്ധവും പാപവുമാണ് എന്ന് അവര്‍ പഠിപ്പിക്കുന്നു.
മുത്അ വിവാഹം ഖൈബര്‍ ദിവസം നബി(സ) നിരോധിച്ചതായി ബുഖാരി 4216 ല്‍ വന്നതും അന്ത്യനാള്‍ വരെയും അത് അല്ലാഹു നിഷിദ്ധമാണെന്ന് പ്രഖ്യാപിച്ചുവെന്ന സ്വഹീഹ് മുസ്ലിമിലെ പ്രതിപാദനവും ശ്രദ്ധേയമാണ്. വ്യഭിചാര പുത്രന്‍ പാപിയാണെന്നും അവന്റെ തലമുറകള്‍ സ്വര്‍ഗത്തില്‍ പോകില്ലെന്നുമുള്ള പ്രചാരണത്തെ സംബന്ധിച്ചും അവര്‍ ഖുര്‍ആന്‍ സൂക്തം ഓതി ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റി. ആഇശ(റ)യില്‍ നിന്ന് നിവേദനം. ”റസൂല്‍(സ) പറഞ്ഞു: വ്യഭിചാര പുത്രന്റെ മേല്‍ അവന്റെ മാതാപിതാക്കളുടെ യാതൊരു പാപവും ഉണ്ടായിരിക്കുന്നതല്ല, ‘പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുന്നതല്ല.’ (വി. ഖു 6:164)” (ഹാകിം : 7053).
സ്ത്രീകള്‍,
കഴുതകള്‍,
നായകള്‍

ഓരോ വിഷയങ്ങള്‍ ഉണ്ടാകുമ്പോഴും യഥാര്‍ഥ നിലപാടുകള്‍ വ്യക്തമാക്കാന്‍ വേണ്ടി വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവശ്യാനുസരണം ഉദ്ദരിക്കുക മാത്രമല്ല നബി(സ)യുടെ പത്‌നിയായ ആഇശ(റ) ചെയ്തത്. അദ്ദേഹം വീട്ടില്‍ ചെയ്യുന്ന ഓരോ സംഗതികളെയും നിരീക്ഷിച്ചതിന്റെ വെളിച്ചത്തില്‍ നിലപാടുകള്‍ രൂപീകരിച്ച് വ്യക്തമാക്കി കൊടുത്തു. ഒരു സംഭവം ശ്രദ്ധിക്കാം.
ഒരിക്കല്‍ ആഇശ(റ)യുടെ അടുക്കല്‍ സ്ത്രീ, കഴുത, നായ തുടങ്ങിയവ നമസ്‌കാരം മുറിക്കും എന്ന് പറയപ്പെട്ടു. അപ്പോള്‍ അവര്‍ ചോദിച്ചു: ‘നിങ്ങള്‍ ഞങ്ങള്‍ സ്ത്രീകളെ നായകളോടും കഴുതകളോടും തുലനപ്പെടുത്തിയല്ലേ?’. ബുഖാരിയുടെ ഒരു റിപ്പോര്‍ട്ടില്‍ ‘ലകദ് ജഅല്‍തുമൂനാ കിലാബാ’ അഥവാ ‘നിങ്ങള്‍ ഞങ്ങളെ തീര്‍ച്ചയായും പട്ടികളാക്കി ചിത്രീകരിച്ചു’ എന്നാണ് അവര്‍ രോഷം കൊണ്ടത്. എന്നിട്ട് സ്ത്രീ നമസ്‌കാരം മുറിക്കുകയില്ലന്ന് തന്റെയും നബിയുടെയും അനുഭവം ഉദ്ധരിച്ചു കൊണ്ട് അവര്‍ സ്പഷ്ടമാക്കി.
”അല്ലാഹു തന്നെയാണ് സത്യം. തീര്‍ച്ചയായും നബി(സ) നമസ്‌കരിക്കുന്നത് ഞാന്‍ കണ്ടു. അതേ സമയം, നിശ്ചയം ഞാന്‍ കട്ടിലില്‍ അദ്ദേഹത്തിന്റെയും ഖിബ്‌ലയുടെയും ഇടയില്‍ കിടക്കുന്നവളായി കൊണ്ട്. അങ്ങനെ എനിക്ക് ഒരാവശ്യം ഉണ്ടായി, പ്രവാചകന് ബുദ്ധിമുട്ട് ആയെങ്കിലോ എന്നോര്‍ത്ത് ഞാന്‍ അവിടെ ഇരിക്കുന്നത് വെറുത്തു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍ ഭാഗത്തുകൂടെ ഞാന്‍ മാറിപ്പോയി” (സ്വഹീഹുല്‍ ബുഖാരി 514).
ഈ സംഭവത്തില്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുന്ന നബിയുടെ മുന്നില്‍ ആഇശ(റ) കിടക്കുന്നു. നമസ്‌കാരം സ്ത്രീ മുറിക്കുമെങ്കില്‍ നബി(സ) അവര്‍ തന്റെയും ഖിബ്‌ലയുടെയും ഇടയില്‍ കിടക്കവെ നമസ്‌കരിക്കുമായിരുന്നില്ലല്ലോ. ആഇശ(റ) യില്‍ നിന്ന് നിവേദനം. ”ഞാന്‍ റസൂല്‍(സ) നമസ്‌കരിച്ചു കൊണ്ടിരിക്കെ അവിടുത്തെ മുന്നില്‍ ഉറങ്ങുമായിരുന്നു. എന്റെ ഇരു കാലുകളും അദ്ദേഹത്തിന്റെ ഖിബ്‌ലയുടെ ഭാഗത്തും, അങ്ങനെ അദ്ദേഹം സുജൂദ് ചെയ്താല്‍ എന്നെ കൈ കൊണ്ട് അമര്‍ത്തും. അപ്പോള്‍ ഞാന്‍ എന്റെ കാലുകള്‍ ഒന്ന് മാറ്റും. അദ്ദേഹം എഴുന്നേറ്റാല്‍ വീണ്ടും കാല്‍ പരത്തിവെക്കും.” (സ്വഹീഹ് മുസ്ലിം : 512)
ഹദീസിനെതിരെ
മറ്റൊന്ന് വന്നാല്‍

താന്‍ പഠിച്ച ഒരു നബിവചനത്തിനെതിരെ മറ്റൊന്ന് പ്രചരിക്കപ്പെട്ടാല്‍ അതിന്റെ പ്രാമാണികതയും ബുദ്ധിപരതയും ഉള്‍പ്പടെ നാനാവശങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് അത് ചോദ്യംചെയ്യുകയും ആ വിഷയത്തില്‍ കൃത്യത വരുത്തി കൊടുക്കുകയും ചെയ്യുക എന്നത് അവരുടെ രീതിയിയായിരുന്നു. ഒരിക്കല്‍ വിത്ര്‍ നമസ്‌കരിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ല എന്ന് അവര്‍ കേള്‍ക്കാനിടയായി. അവര്‍ ചോദിച്ചു: അബുല്‍ ഖാസിമില്‍ നിന്ന് ഇത് ആരാണ് കേട്ടത്? അല്ലാഹുവാണേ സത്യം, അധികം കാലമായില്ല, ഞാന്‍ മറന്നിട്ടുമില്ല, ‘ശരിക്ക് വുദൂ എടുത്ത്, നമസ്‌കാരത്തിന്റെ സമയം, റുകൂഉകള്‍, സുജൂദുകള്‍ എന്നിവയിലൊന്നും വീഴ്ച്ച വരുത്താതെ അഞ്ച് നേരത്തെ നമസ്‌കാരവുമായി അന്ത്യനാളില്‍ വരുന്നവനെ ശിക്ഷിക്കുകയില്ലെന്ന് അല്ലാഹുവിന്റെ അടുക്കല്‍ കരാറുണ്ട്, തീര്‍ച്ച. എന്നാല്‍ ആരെങ്കിലും അതില്‍ പോരായ്മകള്‍ വരുത്തി അവിടെ വന്നാല്‍ അവനു അല്ലാഹുവിന്റെയടുക്കല്‍ ഒരു കരാറും ഉണ്ടായിരിക്കുന്നതല്ല, അവന്‍ ഉദ്ദേശിച്ചാല്‍ കരുണ ചെയ്യും, അല്ലെങ്കില്‍ ശിക്ഷിക്കും’ എന്ന് മാത്രമാണ് അബുല്‍ ഖാസിം(സ) പറഞ്ഞിട്ടുള്ളത്.(മുഅജമുല്‍ ഔസത് 4012).
വിത്ര്‍ നമസ്‌കാരം ഏറെ പുണ്യകരമാണ്, എന്നാല്‍, വളരെ ശക്തമായ സുന്നത്താണ്, എന്നാല്‍ അത് നിര്‍ബന്ധമല്ല. ഒരു ദിവസം നിര്‍ബന്ധമായത് അഞ്ച് നേരത്തെ നമസ്‌കാരങ്ങളാണ്. ഹദീസ് ആയി പ്രചരിക്കപ്പെടുന്നവയെ നിരൂപണം നടത്തുകയും നെല്ലും പതിരും വേര്‍തിരിവ് നടത്തുകയും ചെയ്ത മഹതിയാണ് ആഇശ(റ). അവര്‍ അക്കാര്യത്തില്‍ ഏറെ സവിശേഷതയും പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്കിടയില്‍ എന്ന് മാത്രമല്ല മുഴുവന്‍ സഹാബികളില്‍ വെച്ച് തന്നെ ഏറെ ബുദ്ധിപരതയും മനഃപാഠ ശക്തിയും അവര്‍ക്ക് ഉണ്ടായിരുന്നു. അങ്ങനെ അവര്‍ നബിയുടെ ശിഷ്യഗണങ്ങളില്‍പ്പെട്ട മുതിര്‍ന്നവരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഉള്‍പ്പെട്ടു. അവര്‍ വിജ്ഞാനത്തിന്റെ കലവറയായി മാറി. ഇമാം ബദറുദ്ധീന്‍ സര്‍ക്കശി(റ) അല്‍ ഇസാബ എന്ന ഗ്രന്ഥം രചിച്ചത് സഹാബികളില്‍ നിന്ന് ആഇശ(റ) കേട്ടതും അവര്‍ ഗ്രഹിച്ചതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എന്നത് വളരെ ശ്രദ്ധേയമാണ്.

Back to Top