22 Sunday
December 2024
2024 December 22
1446 Joumada II 20

അല്‍അഹ്മര്‍ തകര്‍ക്കാനായി ഇസ്‌റായേല്‍

ഫലസ്തീനിലെ കുടിയേറ്റ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാനുള്ള ഇസ്രായേലിന്റെ തീരുമാനമാണ് മറ്റൊരു പശ്ചിമേഷ്യന്‍ വാര്‍ത്ത. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമാണ് ഖാന്‍ അല്‍ അഹ്മര്‍. ഇതിനു മുമ്പ് ഈ ഗ്രാമം തകര്‍ക്കാന്‍ ഇസ്രായേല്‍ ഭരണകുടം പലതവണ ശ്രമിച്ചിരുന്നെങ്കിലും കോടതി ഇടപെട്ട് തടയുകയായിരുന്നു. ഇനി ഒരു ശ്രമമുണ്ടായാല്‍ അത് നിയമപരമായി തടയപ്പെടാത്ത നിലയില്‍ ആസൂത്രണത്തോടെയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അത് ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് തങ്ങള്‍ തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്തോ എന്തൊക്കെയാണ് പദ്ധതികളെന്നോ നെതന്യാഹു പറഞ്ഞില്ല. തീരുമാനം ഉണ്ടായിക്കഴിഞ്ഞുവെന്നും എന്നാല്‍ അത് എപ്പോള്‍ എങ്ങനെ നടപ്പിലാക്കുമെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നുമാണ് നെതന്യാഹു പറഞ്ഞത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് ഖാന്‍ അല്‍ അഹ്മറിന്റെ വിഷയം നെതന്യാഹു സൂചിപ്പിച്ചത്. 1950കളുടെ തുടക്കത്തില്‍ വെസ്റ്റ് ബാങ്കില്‍ നിന്നും നിര്‍ബന്ധിത കുടിയേറ്റത്തിനിരയായവരാണ് ഈ ഗ്രാമവാസികള്‍. ഇവരെ ഈ സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനാണ് ഇപ്പോള്‍ ഇസ്രായേല്‍ ശ്രമിക്കുന്നത്. 50കളില്‍ വെസ്റ്റ് ബാങ്ക് ജോര്‍ദാനിന്റെ നിയന്ത്രണത്തിലായിരുന്നു. ഇവിടെയുള്ള താമസക്കാരെ മുഴുവന്‍ കുടിയൊഴിപ്പിച്ച് പ്രദേശത്തെ സമ്പൂര്‍ണമായി ഏറ്റെടുക്കുവാനാണ് ഇസ്രായേല്‍ ശ്രമം.
Back to Top