അല്‍മീസാന്‍: ഭൂമിക്കു വേണ്ടിയുള്ള ഒരു ഇസ്‌ലാമിക ഉടമ്പടി
ഉമര്‍ എഫ് ഗുലൈസിന്‍
ഇസ്‌ലാമും ക്രിസ്തുമതവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ഇസ്‌ലാമിന്റെ വികേന്ദ്രീകൃത ഘടനയും റോമന്‍ കത്തോലിക്കാ ചര്‍ച്ചിനാല്‍ നിയന്ത്രിക്കപ്പെടുന്ന ക്രിസ്ത്യാനിറ്റിയുടെ കേന്ദ്രീകൃത ഘടനയുമാണ്. ലൗഡാറ്റോ സി (Laudato Si), ലൗഡാറ്റേ ഡ്യൂം (Laudate Deum) പോലുള്ള ഡോക്യുമെന്ററികള്‍ വഴി ക്രിസ്ത്യാനിറ്റിയുടെ പരിസ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പോപ്പിന്റെ അധികാരത്തിലൂടെത്തന്നെ രൂപപ്പെടുത്തപ്പെടുന്നുണ്ട്. പോപ്പില്‍ നിന്നുള്ള ഈ കത്തുകള്‍ പരിസ്ഥിതിയും വിശ്വാസവും തമ്മിലുള്ള ബന്ധത്തെ പരിപോഷിപ്പിക്കും വിധം ക്രിസ്ത്യാനിറ്റിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
മറിച്ച്, ഇസ്‌ലാമിന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു ഏകീകൃത രേഖ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇരുവിശ്വാസങ്ങളിലുമുള്ള സഹപ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് അവിടെയും ഇവിടെയുമായി കിടക്കുന്ന രചനകള്‍ പരിശോധിക്കലായിരുന്നു എന്റെ രീതി. ഇസ്‌ലാമികമായ പാരിസ്ഥിതിക മൂല്യങ്ങളെ സംക്ഷേപിക്കുന്ന ‘അല്‍മീസാന്‍: ഭൂമിക്കു വേണ്ടിയുള്ള ഒരു കരാര്‍’ എന്ന കൃതിയുടെ വരവോടെ ഈ അവസ്ഥ മാറി. ഇസ്‌ലാമിക വീക്ഷണകോണില്‍ നിന്നുകൊണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങളെ വിലയിരുത്തുന്നു അല്‍മീസാന്‍. ഒരു സംഘം അക്കാദമീഷ്യന്‍മാരുടെ ശുഷ്‌കാന്തിയോടെയുള്ള പരിശ്രമങ്ങളുടെ ഫലമായ ഈ കൃതി വരുംകാലത്ത് ഈ വിഷയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഐക്യത്തോടെയുള്ള ഇസ്‌ലാമിക ശബ്ദവും മുസ്‌ലിം പണ്ഡിതന്മാര്‍ക്കും സമുദായത്തിന് മൊത്തത്തിലും ഈ വിഷയത്തിലുള്ള അടിസ്ഥാന രേഖയും ആവാനുള്ള കരുത്ത് അല്‍മീസാനിനുണ്ട് എന്ന് ഞാന്‍ കരുതുന്നു.
അല്‍മീസാനിന്റെ
രൂപീകരണം
ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ അല്‍മീസാന്‍ എന്നാല്‍ ആലങ്കാരികമായി ത്രാസിനെ സൂചിപ്പിക്കുന്നു. സൂറഃ അര്‍റഹ്‌മാനില്‍ പ്രതിപാദിക്കുന്ന സൃഷ്ടിപ്പിലെ സന്തുലിതത്വവും സ്വരച്ചേര്‍ച്ചയും ഈ ആശയത്തില്‍ വേരൂന്നിയതാണ്.
”പരമകാരുണികന്‍, ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. അവനെ സംസാരം അഭ്യസിപ്പിച്ചു. സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്. ചെടികളും വൃക്ഷങ്ങളും അവന് പ്രണാമമര്‍പ്പിക്കുന്നു. അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിക്കുകയും ചെയ്തു, നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. നിങ്ങള്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുവിന്‍. തൂക്കത്തില്‍ കുറവ് വരുത്തരുത്” (ഖുര്‍ആന്‍ 55:1-9).
2019ല്‍ പരിസ്ഥിതി മന്ത്രിമാരുടെ എട്ടാമത് ഇസ്‌ലാമിക സമ്മേളനത്തിലാണ് അല്‍മീസാനിന് പ്രാരംഭം കുറിച്ചത്. വികസനവും പരിസ്ഥിതി സംരക്ഷണവും പരിപോഷിപ്പിക്കുന്നതില്‍ സാംസ്‌കാരികവും മതപരവുമായ കാഴ്ചപ്പാടുകളുടെ അനിവാര്യമായ പങ്ക് ഈ സമ്മേളനം ഊന്നിപ്പറയുകയുണ്ടായി.
ഈ സുപ്രധാന സമ്മേളനം ഇസ്‌ലാമിക പാരിസ്ഥിതിക മൂല്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു നിര്‍ണായക ലിഖിതം തയ്യാറാക്കുന്നതിന് പ്രേരകമായി. ഇത് ഐക്യരാഷ്ട്ര സഭയുടെ ‘ഫെയ്ത്ത് ഫോര്‍ എര്‍ത്ത് ഇനീഷ്യേറ്റീവ്’ എന്ന പരിസ്ഥിതി പ്രോഗ്രാമിനു കീഴില്‍ ഇസ്‌ലാമിക പണ്ഡിതന്മാരുടെയും വിവിധ സംഘടനകളുടെയും കൂട്ടായ ശ്രമം രൂപപ്പെടുന്നതിലേക്ക് നയിച്ചു. പരസ്പര സഹകരണത്തോടെയുള്ള ഈ ഉദ്യമം മൊറോക്കോയിലെ റബാത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുള്ള ദ ഇസ്‌ലാമിക് വേള്‍ഡ് എജ്യൂക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (ICESCO), യുകെയിലെ ദ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഫോര്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, തുര്‍ക്കിയിലെ ഉസ്‌കുദാര്‍ യൂനിവേഴ്‌സിറ്റി, ഖത്തറിലെ ദ ഖുര്‍ആനിക് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഖത്തറിലെ കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് അറ്റ് ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി എന്നീ സംഘടനകളെയും സംരംഭങ്ങളെയും ഒരുമിപ്പിച്ചു.
ഒരു പൊതുലക്ഷ്യത്തോടെ ഈ സംഘടനകള്‍ വര്‍ത്തമാനകാല പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന് ഐക്യത്തോടെയുള്ള സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് വഴി കാട്ടുന്ന ഒരു രേഖ ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുകയുണ്ടായി.
അല്‍മീസാനിലെ
പ്രധാന വിഷയങ്ങള്‍
പ്രധാനമായും അഞ്ച് അധ്യായങ്ങളാണ് അല്‍മീസാനില്‍. ഓരോന്നും വ്യതിരിക്തമായ ഓരോ ഇസ്‌ലാമിക പാരിസ്ഥിതിക മൂല്യങ്ങളെ അഭിസംബോധന ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യങ്ങളുടെ ശോഷണം, പരിസ്ഥിതി നാശം എന്നീ നിര്‍ണായക പാരിസ്ഥിതിക വെല്ലുവിളികളെ സംബന്ധിക്കുന്ന ‘ആന്‍ അപ്രൈസല്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് ദ എര്‍ത്ത്’ എന്ന അധ്യായത്തോടെയാണ് തുടക്കം. പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുമായുള്ള ബന്ധം, ധാര്‍മിക മൂല്യങ്ങളില്‍ നിന്നുകൊണ്ട് അവയ്ക്കുള്ള പരിഹാരം എന്നിവ ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു.
‘ആകാശങ്ങളിലും ഭൂമിയിലും ദൈവത്തിന്റെ അടയാളങ്ങള്‍’ എന്ന രണ്ടാം അധ്യായം ‘ദൈവികമായ തുല്യതയുടെയും ഐക്യത്തിന്റെയും ആവിഷ്‌കാരമാണ് പ്രകൃതി’ എന്ന ഇസ്‌ലാമിക വീക്ഷണത്തെ വിശകലനം ചെയ്യുന്നു. ദൈവത്തിന്റെ ഏകത്വത്തിന്റെയും ദൈവത്തിന്റെയും ദൈവത്തിന്റെ നിര്‍മാണാത്മക ശക്തിയുടെയും യുക്തിയുടെയും അടയാളമായി പ്രകൃതിയെയും ഈ അധ്യായം പരിചയപ്പെടുത്തുന്നു. ‘മാന്യമായ പരിചരണവും ശ്രദ്ധയും അര്‍ഹിക്കുന്ന ദൈവിക തുല്യതയുടെ അനിവാര്യ ഭാഗമാണ് ഓരോ സൃഷ്ടിപ്പും’ എന്നും അധ്യായം പഠിപ്പിക്കുന്നു.
തുടര്‍ന്നുള്ള ‘ദ ഇക്കോളജിക്കല്‍ എത്തോസ് ആന്റ് എത്തിക്‌സ് ഓഫ് ഇസ്‌ലാം’ എന്ന അധ്യായം പരിസ്ഥിതിയുടെ ഖിലാഫത്തിനെക്കുറിച്ചുള്ള ഇസ്‌ലാമിക അധ്യാപനങ്ങളുടെ ധാര്‍മിക വശം വിശകലനം ചെയ്യുന്നു. ഭൂമിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഭൂമിയുടെ ഖലീഫമാരാണ് മനുഷ്യര്‍ എന്ന ആശയത്തെ ഈ അധ്യായം ഊന്നിപ്പറയുന്നു. എല്ലാ സൃഷ്ടികളോടും കാരുണ്യം കാട്ടാനും പരിസ്ഥിതിയോട് പൊരുത്തപ്പെട്ട് നിലനില്‍ക്കാന്‍ വേണ്ട ധാര്‍മിക അധ്യാപനങ്ങള്‍ പിന്തുടരാനും ഈ അധ്യായം ഓര്‍മപ്പെടുത്തുന്നു.
തുടര്‍ന്നുള്ള ‘ഇക്വിറ്റി ഫെയര്‍നസ് ആന്റ് ജസ്റ്റിസ് ഇന്‍ ഷെയറിങ് ദ സോഴ്‌സ് ഓഫ് ലൈഫ്’ എന്ന അധ്യായം ജീവിതത്തിന് അത്യാവശ്യമായ വിഭവങ്ങളുടെ തുല്യ വിതരണത്തെക്കുറിച്ച് ഇസ്‌ലാമിക അധ്യാപനങ്ങളാല്‍ ബോധവത്കരിക്കുന്നു. സമൂഹത്തില്‍ എല്ലാവര്‍ക്കും ഗുണപ്രദമാകുംവിധം പ്രകൃതിവിഭവങ്ങള്‍ തുല്യമായി പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും ഈ അധ്യായം വിവരിക്കുന്നു. ചൂഷണവും അസമത്വവും ഇല്ലാതാക്കി പ്രകൃതിവിഭവങ്ങള്‍ എല്ലാവര്‍ക്കും ഗുണപ്രദമാകുംവിധം തുല്യമായി പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യവും ഈ അധ്യായം വിവരിക്കുന്നു. ചൂഷണവും അസമത്വവും ഇല്ലാതാക്കി പ്രകൃതിവിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ആശയം ഈ അധ്യായം ഊന്നിപ്പറയുന്നു.
‘പ്രിന്‍സിപ്പിള്‍സ് ആന്റ് പ്രാക്ടീസസ് ഫോര്‍ ടെന്റിങ് ദ എര്‍ത്ത്’ എന്ന അധ്യായം ഇസ്‌ലാമിക വീക്ഷണത്തില്‍ നിന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നു. ജലസംരക്ഷണം, ഹലാലും ത്വയ്യിബുമായ കാര്‍ഷിക ശീലങ്ങള്‍, ശരീരം അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതി നയങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന പ്രായോഗിക നടപടികളെ ദൈവശാസ്ത്ര-സദാചാര തത്വങ്ങളുമായി ഈ അധ്യായം ബന്ധിപ്പിക്കുന്നു. ഭൂമിയുടെ പാരിസ്ഥിതിക സന്തുലിതത്വം നിലനിര്‍ത്താന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതിനു വേണ്ട വിശദമായ ഒരു ബ്ലൂപ്രിന്റ്് ഈ അധ്യായംനല്‍കുന്നു.
വിവ. സിദ്ദീഖ് സി സൈനുദ്ദീന്‍