അമേരിക്കന്‍ പള്ളി അക്രമിക്ക് ശിക്ഷ
അമേരിക്കയിലെ ടെക്‌സസില്‍ മുസ്‌ലിം പള്ളിക്ക് നേരെ അക്രമം നടത്തിയ മാര്‍ക് പെരസ് എന്ന യുവാവിന് ടെക്‌സസ് പ്രവിശ്യാ ജഡ്ജി 24 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായിരുന്നു കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളിലൊന്ന്. 2017 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ ടെക്‌സസിലെ ഇസ്‌ലാമിക് സെന്ററിന് ആരോ തീ കൊളുത്തിയ നിലയില്‍ കാണപ്പെടുകയായിരുന്നു. പിന്നീട് അന്വേഷണത്തില്‍, പെരസാണ് തീവെപ്പിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. പള്ളി തകര്‍ക്കുന്നതിനായി പെരസ് ഗൂഢാലോചന നടത്തുകയും മുസ്‌ലിംകള്‍ക്ക് നേരെ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി. അമേരിക്കന്‍ നിയമ പ്രകാരം വിദ്വേഷ പ്രചാരണവും വംശീയാക്രമണങ്ങളും ഗുരുതരമായ കുറ്റമാണ്. ആധുനിക സമൂഹത്തില്‍ ബാധിച്ചിരിക്കുന്ന ക്യാന്‍സറാണ് മാര്‍ക്ക് പെരസിനെപ്പോലുള്ളവരെന്നും ഇത്തരം സംഭവങ്ങളെ ഒരു പരിഷ്‌ക്യത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നും ശിക്ഷ വിധിച്ച് കൊണ്ടുള്ള വിധിന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടി. ടെക്‌സസിലെ ഫെഡറല്‍ കോടതിയായിരുന്നു കേസ് കേട്ടത്. ഒരാഴ്ചത്തെ വിചാരണക്കു ശേഷമാണ് ശിക്ഷ വിധിച്ചത്. ഇത്തരം കേസുകള്‍ക്ക് യോജ്യമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ ഇതു പോലെയുള്ള അക്രമികള്‍ ഇനിയും ഉണ്ടാകുമെന്നും ഈ വിധി ഒരു സന്ദേശം നല്‍കുന്നതാകേണ്ടതുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു. പള്ളിക്ക് തീവെച്ചതിന് ശേഷം പെരസ് ആഹ്ലാദിക്കുകയും തന്റെ സന്തോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കോടതി വിധിയില്‍ ടെക്‌സസിലെ മുസ്‌ലിം നേതാക്കള്‍ സന്തുഷ്ടി രേഖപ്പെടുത്തി. കോടതികള്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോഴാണ് പൊതുജനങ്ങള്‍ക്ക് അക്രമികളില്‍ നിന്ന് സുരക്ഷ ലഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.