23 Monday
December 2024
2024 December 23
1446 Joumada II 21

അമേരിക്കക്കെന്താണ് പശ്ചിമേഷ്യയിലിത്ര താല്പര്യം? – അബ്ദുല്ല തൃശൂര്‍

അമേരിക്കയെ ശത്രുവായി ഇറാനും ഇറാനെ ശത്രുവായി അമേരിക്കയും കണ്ടുവരുന്നതാണ് ആധുനിക ചരിത്രം. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഷാ പഹ്‌ലവി അധികാരത്തില്‍നിന്നും ഒഴിയുന്നതുവരെ ആ ബന്ധം തുടര്‍ന്ന് പോന്നു. പിന്നീടുണ്ടായ മാറ്റങ്ങള്‍ കാര്യങ്ങള്‍ അടിമേല്‍ മറിച്ചു. 1979 മുതല്‍ തന്നെ അമേരിക്ക ഇറാനുമേല്‍ കുരുക്കുകള്‍ മുറുക്കിയിരുന്നു. ഒബാമ ഭരണകൂടത്തിന്റെ അവസാനത്തില്‍ ഉപരോധത്തിന് അയവുവന്നു. അത് ഇറാന് വലിയ ആശ്വാസം നല്‍കി. എണ്ണ കയറ്റുമതിയില്‍ നിന്നും വരുമാനം ലഭിക്കാന്‍ അത് കാരണമായി.
അവിടേക്കാണ് ട്രംപ് കടന്നു വരുന്നത്. ഇറാനും ആറ് വന്‍ ശക്തികളും തമ്മില്‍ 2015ലുണ്ടാക്കിയ ആണവക്കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറി എന്നിടത്തു നിന്നാണ് പുതിയ വിഷയങ്ങള്‍ ആരംഭിക്കുന്നത്. പശ്ചിമേഷ്യയില്‍ ആരാണ് കൂടുതല്‍ കരുത്തര്‍ എന്ന കാര്യത്തില്‍ ഇറാനും സഊദിയും തമ്മില്‍ ശീത സമരം തുടങ്ങിയിട്ട് കാലമേറെയായി. തൊട്ടടുത്തുള്ള ഇറാഖ്, സിറിയ, യമനിലെ ഹൂത്തികള്‍ എന്നിവരുടെ നിയന്ത്രണം ഇറാന് തന്നെയാണ്. ലബനാനിലും അവരുടെ സ്വാധീനം കാണാം. ഇറാനെതിരെ അമേരിക്കയെ പുറത്തിറക്കുന്നത് സുഊദിയാണ് എന്ന ആരോപണം ഇറാനുണ്ട്.
ഇറാനെക്കാള്‍ കൂടുതല്‍ തങ്ങളുടെ ഹിതം നടക്കാന്‍ നല്ലത് സുഊദിയാണ് എന്ന തിരിച്ചറിവ് അമേരിക്കക്കുമുണ്ട്. ചുരുക്കത്തില്‍ പശ്ചിമേഷ്യ വല്ലാത്ത അവസ്ഥയിലാണ്. അമേരിക്ക ഇറാനെ ആക്രമിക്കും എന്നാരും കരുതുന്നില്ല. അതേസമയം നിലവിലുള്ള സാഹചര്യം കൂടുതല്‍ മോശമാക്കാന്‍ അവര്‍ക്ക് കഴിയും. സുഊദിയിലെ അരാംകോക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ല എന്ന് ഇറാന്‍ പറയുമ്പോഴും അത് ഇറാനാണ് എന്ന് ആദ്യം പറഞ്ഞത് അമേരിക്കയാണ്. ശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് സുഊദിയും അതേറ്റു പറഞ്ഞത്. ഇറാനുമായുള്ള കരാറില്‍ നിന്നുമുള്ള ഏകപക്ഷീയമായ പിന്മാറ്റത്തെ അമേരിക്കക്ക് ന്യായീകരിക്കേണ്ടി വരും. അതിനു ഇറാനില്‍ പരമാവധി കുറ്റം കാണാന്‍ അവര്‍ ശ്രമിക്കും. യെമനും സിറിയയും നിലനില്‍ക്കുന്ന കാലത്തോളം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം സാധ്യമല്ല എന്നുറപ്പാണ്. അതില്‍ കൂടുതല്‍ എണ്ണ ഒഴിക്കുക എന്നതാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. വിഷയങ്ങളെ പരിഹരിക്കുക എന്നതിനേക്കാള്‍ കൂടുതല്‍ മോശമാക്കാം എന്നതാണ് ട്രംപ് മോഡല്‍.

Back to Top