അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ ഐഎസ്എം ആവശ്യത്തിന് പിന്തുണയേറുന്നു
കോഴിക്കോട്: അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ നടപ്പിലാക്കുകയെന്ന ഐ എസ് എം ആവശ്യത്തിന് പിന്തുണയേറുകയാണെന്ന് കോഴിക്കോട് ചേര്‍ന്ന ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അമ്മയും മകളും മന്ത്രവാദത്തിന്റെ ഇരകളായിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രബുദ്ധ കേരളത്തിന് മാനക്കേടായി ഇത്തരത്തിലുള്ള ചൂഷണ വിശ്വാസങ്ങള്‍ വേരുറപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായി കാണണം. ആഭിചാര ക്രിയകളിലൂടെയും മന്ത്രവാദങ്ങളിലൂടെയും ആത്മീയ ചികിത്സകളിലൂടെയും കൊല്ലപ്പെടുന്നവരുടെ കണക്ക് വലുതാണ്. ഇതിലൂടെ നടക്കുന്ന സാമ്പത്തിക, ലൈംഗിക ചൂഷണങ്ങളും അഭ്യസ്ഥ സമൂഹമെന്നവകാശപ്പെടുന്ന കേരളത്തിന് മാനഹാനിയാണ്.
മഹാരാഷ്ട്ര, കര്‍ണ്ണാടക സര്‍ക്കാറുകള്‍ നടപ്പിലാക്കിയതു പോലെ ശക്തമായ നിയമ നിര്‍മാണത്തിലൂടെ ഇതിനെ പ്രതിരോധിക്കണമെന്ന് കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഐ എസ് എം ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്ധവിശ്വാസ നിര്‍മാര്‍ജന ബില്ല് നടപ്പിലാക്കാന്‍ ഐ എസ് എം കരട് നല്കിയിട്ടുണ്ടായിരുന്നു. അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബില്ല് കൊണ്ടുവരുമെന്ന് ഐ എസ് എമ്മിന് ഉറപ്പുനല്‍കിയതായിരുന്നു. കേരളത്തിലെ ഭൂരിഭാഗം എം എല്‍ എമാര്‍ക്കും ഈ ബില്ലിന്റെ കോപ്പി ഐ എസ് എം നല്‍കിയിട്ടുണ്ട്. ബഹുജനങ്ങളില്‍ നിന്ന് ഒപ്പുശേഖരിച്ച് മുന്‍ സര്‍ക്കാറിന് ഈ ആവശ്യമുന്നയിച്ച് ഐ എസ് എം നിവേദനം നല്‍കിയിട്ടുമുണ്ട്.
മഞ്ചേരി ചെരണിയിലെ ആത്മീയ ചികില്‍സാ കേന്ദ്രത്തിലെ ചികില്‍സയില്‍ കരുളായി സ്വദേശിയായ യുവാവ് മരണപ്പെട്ടപ്പോഴും കേരളത്തിലുടനീളം ഐഎസ്എം പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ചികില്‍സാകേന്ദ്രത്തിലെ തട്ടിപ്പുകള്‍ക്കെതിരെ മരണപ്പെട്ട യുവാവിന്റേതായി പുറത്തുവന്ന ശബ്ദം ശാസ്ത്രീയമായി പരിശോധിക്കണമെന്ന ഐ എസ് എമ്മിന്റെ ആവശ്യവും പൊതുസമൂഹം വേണ്ട രീതിയില്‍ ഗൗരവത്തിലെടുത്തിട്ടുണ്ടായിരുന് നില്ല. ഇത്തരം മരണങ്ങള് നടക്കുമ്പോഴാണ് നാം ഉണരുന്നത്. ചൂഷകരെ നിലക്കുനിര്‍ത്താന്‍ ജീവഹാനിക്കായി ഇനിയും നാം കാത്തിരുന്നു കൂടാ. മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് സര്‍ക്കാറിനോട് നിയമ നിര്‍മാണ സാധുത തേടിയത് ശുഭോദര്‍ക്കമാണ്. സാംസ്കാരിക പ്രവര്ത്തകന് ബി ഇഖ്ബാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും പ്രശംസനീയമാണ്. മുഖ്യധാര പത്രങ്ങളായ മനോരമയും മാതൃഭൂമിയും എഡിറ്റോറിയല്‍ എഴുതി വിഷയത്തിന്റെ ഗൗരവം എടുത്തുകാണിച്ചിരിക്കുന്നതും വലിയ കാര്യമാണ്. ഇതെല്ലാം ഐഎസ്എമ്മിന്റെ പോരാട്ടങ്ങള്‍ക്കുള്ള പിന്തുണയായി ഞങ്ങള്‍ കാണുന്നു. കേരളീയ നവോത്ഥാനത്തിന് കരുത്ത് പകര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ ഈ ബില്ല് കൊണ്ടുവരാന്‍ ധൈര്യം കാണിക്കണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. കൂടുതല്‍ സമര പരിപാടികളുമായി അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ കേരളത്തില്‍ നടപ്പിലാകുന്നത് വരെ ഐഎസ്എമ്മിന്റെ ഒറ്റയാള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും. വിജയം വരെ ഈ രണഭൂമിയില്‍ അടരാടാന്‍ തീരുമാനിച്ച ഐഎസ്എം എന്ന യുവജന പ്രസ്ഥാനത്തിന് സാംസ്കാരിക, പ്രബുദ്ധ കേരളത്തിന്റെ കൂടുതല്‍ പിന്തുണ കൂടി അഭ്യര്‍ത്ഥിക്കുന്നു.
ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, ഷാനിഫ് വാഴക്കാട്, അബ്ദുസ്സലാം കെ, ഫൈസല്‍ പി കെ, യൂനുസ് നരിക്കുനി, അബ്ദില്‍ ജലീല്‍ വൈരങ്കോട്, നൗഷാദ് കാക്കവയല്‍, അബ്ദുല്‍ ജലീല്‍ വയനാട്, ഷബീബ് പി കെ, മുസ്ഹിന് സി എ, ഷമീര്‍ ഫലാഹി, അഫ്താഷ് ചാലിയം, മുഹമ്മദ് ഷാനവാസ്, റഷീദ് എ, ഷഫീഖ് പി പി, അബ്ദുല്‍ ജലീല്‍ ഐ വി, ഫിറോസ് കൊച്ചി, നൂറുദ്ദീന്‍ കൊയിലാണ്ടി സംസാരിച്ചു.
