24 Tuesday
December 2024
2024 December 24
1446 Joumada II 22

അന്തര്‍ജനത്തിന്റെ അറബിയും റസിയയുടെ സംസ്‌കൃതവും -അബൂ നൂറ


ഭാഷയുടെ മതമെന്താണ്? അതിലെ ജാതിയേതാണ്? ആശയങ്ങളുടെ കൈമാറ്റത്തിനുള്ള മധ്യവര്‍ത്തി മാത്രമാണ് ഭാഷ. എന്നാല്‍ ആ ഭാഷയ്ക്ക് മതത്തിന്റെ നിറം നല്‍കാനുള്ള ശ്രമങ്ങള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അറബി മുസ്‌ലിംകളുടേതും സംസ്‌കൃതം ഹിന്ദുക്കളുടേതുമാണെന്ന തീര്‍പ്പിലാണ് പലരും. ഇതര മത ജാതി വിഭാഗക്കാര്‍ ആ ഭാഷയെ കൈകാര്യം ചെയ്യുന്നതിനെ അസഹിഷ്ണുതയോടെ കാണുന്നവരും കുറവല്ല.അറബി പഠിക്കുന്ന ഹൈന്ദവനും സംസ്‌കൃതം പഠിക്കുന്ന മുസ്‌ലിമും അങ്ങനെയാണ് കടുത്ത വര്‍ഗീയ വാദികള്‍ക്ക് നോട്ടപ്പുള്ളികളാകുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഫിറോസ് ഖാന്‍ എന്ന മുസ്‌ലിമിനെ സംസ്‌കൃതാധ്യാപകനായി നിയമിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിലാണത്രെ. മുപ്പതോളം വിദ്യാര്‍ഥികളാണ് ബി എച്ച് യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറിന്റെ ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്നത്. ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കണമെന്നും പുതിയ ആളെ നിയമിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സ്‌തോത്രങ്ങള്‍ ആലപിച്ചും യജ്ഞങ്ങള്‍ നടത്തിയുമാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഒരടി പിന്നോട്ടു പോകില്ലെന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നത്.ഭാഷയെ മതവുമായി കൂട്ടിക്കെട്ടുക വഴി നേട്ടമെന്താണ് എന്നതാണ് പ്രധാന ചോദ്യം. കേരളത്തിനു പക്ഷേ മറ്റു രണ്ടു കഥകള്‍ പറയാനുണ്ട്. അറബി അധ്യാപികയായി ചരിത്രം തിരുത്തിയ ആദ്യ ബ്രാഹ്മണ സ്ത്രീയായിരുന്ന ഗോപാലിക അന്തര്‍ജനത്തിന്റെയും നിരവധി പേര്‍ക്ക് സംസ്‌കൃതം പകര്‍ന്നു നല്കുന്ന റസിയയുടെയും കഥകളാണത്.കേച്ചേരിക്കടുത്ത് പഴഞ്ഞി ഗ്രാമത്തിലാണ് ഗോപാലിക ജനിച്ചത്. പത്താം ക്ലാസ് പാസായ ശേഷം കുന്നംകുളത്തെ ട്യൂട്ടോറിയല്‍  കോളജില്‍ അറബി പഠിച്ചു. പിന്നെ അറബി അധ്യാപികയായി. ചില  കേന്ദ്രങ്ങളുടെ സമ്മര്‍ദത്തില്‍ ജോലി നഷ്ടമായതും പിന്നീട് കോടതി വ്യവഹാരത്തിലൂടെ തിരിച്ചുപിടിച്ചതും ഒക്കെ പഴയ കഥ.  എല്‍ പി സ്‌കൂളില്‍ അറബി പഠിപ്പിച്ച ഒരു അന്തര്‍ജനം ഇവിടെയുണ്ട്. മേലാറ്റൂരിലെ ചെമ്മാണിയോടിലെ പനയൂര്‍ മനയില്‍. യുപിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പി എച്ച് ഡിക്കാരന്‍ ഫിറോസ് ഖാന്‍ തങ്ങളെ സംസ്‌കൃതം പഠിപ്പിക്കേണ്ടതില്ലന്നു പറഞ്ഞ് ചില വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം ആ മനസ്സിനെയും വേദനിപ്പിക്കുന്നുണ്ട്. ”ഫിറോസിന്റെ ഉപ്പ സംസ്‌കൃത അധ്യാപകനായിരുന്നത്രെ. എന്താണ് ഈ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് മനസ്സിലാകുന്നില്ല. തമ്മില്‍ സഹകരിക്കാനല്ലേ മതങ്ങള്‍ പഠിപ്പിക്കുന്നത്. വിദ്യാഭ്യാസമുണ്ടായിട്ടും വിവേകമുണ്ടാകുന്നില്ല. അതാണ് വിഷമിപ്പിക്കുന്നത്” -മൂന്നു ദശാബ്ദത്തിലധികം അറബി പഠിപ്പിച്ച ആ അധ്യാപികയ്ക്ക്  ഇന്നും ഭാഷ സ്‌നേഹംതന്നെ.”കോടതി വ്യവഹാരംവരെ എത്തിയിട്ടും സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ ഭീഷണിയോ ദുരനുഭവമോ ഉണ്ടായിട്ടില്ല. സ്വസമുദായത്തിലുള്ളവരും  എതിര്‍ത്തിരുന്നില്ല. വിവാദമുണ്ടായപ്പോള്‍ മുസ്‌ലിം പണ്ഡിതരടക്കം തന്നെ പിന്തുണച്ചു. സഹ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും  വലിയ കാര്യമായിരുന്നു. ഇന്നാണെങ്കില്‍ എന്തു സംഭവിക്കും എന്ന് ഓര്‍ക്കുമ്പോള്‍ ഭയമുണ്ട്. സമൂഹം അത്രയ്ക്ക് മാറി. പൊതു സ്ഥലങ്ങളിലൊ ബസ് യാത്രയിലൊ ഒന്നും നാം പരസ്പരം സംസാരിക്കുന്നില്ല. എല്ലാവരും തല കുമ്പിട്ട് മൊബൈല്‍ ഫോണിലേക്ക് അവനവന്റെ സങ്കുചിത ഇടങ്ങളിലേക്ക് ചുരുങ്ങി. മതവും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതിനോടും യോജിപ്പില്ല. ഹിന്ദുമതം എല്ലാ ചിന്തകളെയും സ്വീകരിക്കുന്ന മതമാണ്. സ്വാതന്ത്ര്യമാണ് അതിന്റെ കരുത്ത്” -ടീച്ചര്‍ പറഞ്ഞു.അന്തര്‍ജനത്തിന്റെ അറബി1982-ല്‍ തുടങ്ങുന്നു ഗോപാലിക അന്തര്‍ജനത്തിന്റെ അറബിക്കഥ. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ മേല്‍ശാന്തിമാരായ ചെമ്മാണിയോട് പനയൂര്‍ മനയില്‍ പിറന്ന് വേദമന്ത്രങ്ങളും പൂജാദി കര്‍മങ്ങളും കണ്ടുവളര്‍ന്ന ബാല്യകാലം. പത്താം തരത്തിനു ശേഷം മറ്റൊരു ഭാഷ പഠിക്കാനുള്ള മോഹവും എളുപ്പം ജോലി കിട്ടാനുള്ള സാധ്യതയുമാണ് ഇവരെ അറബി ഭാഷയുടെ കൈവഴിയിലേക്ക് ആകര്‍ഷിച്ചത്. സര്‍വമതങ്ങളും ഇടകലര്‍ന്ന് ജീവിക്കുന്ന നാട്ടില്‍ സഹപാഠികള്‍ അറബി പഠിക്കുന്നതു കണ്ടുള്ള കൗതുകവും ഇതിന് പ്രേരകമായി. പെണ്‍കുട്ടിയുടെ ആഗ്രഹം കേട്ടപ്പോള്‍ മന്ത്രധ്വനികള്‍ മാത്രമുരുവിട്ടു ശീലിച്ചിരുന്നവരായിട്ടും വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായില്ല. കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ അറബിക്കിന്റെ ആദ്യാക്ഷരങ്ങളായ അലിഫ്, ബാഅ്, താഅ് എന്നിവയിലൂടെ പിച്ചവെച്ച് അന്തര്‍ജനം കടന്നുപോയി. പിന്നെ അധ്യയനത്തിനുള്ള യോഗ്യതയായ അഫ്ദലുല്‍ ഉലമ കരസ്ഥമാക്കി. 1982-ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എല്‍ പി സ്‌കൂളില്‍ അധ്യാപികയായി ജോലി കിട്ടിയതോടെ ഗോപാലികയുടെ ജീവിതം അവരുടെ സ്വപ്‌നം പോലെ ഹരിതാഭമായി. പക്ഷേ, ജോലിക്കാരിയെന്ന വിശ്വാസം മനസ്സിലുറയ്ക്കും മുമ്പ് ഈ ജീവിതത്തിലേക്ക് സങ്കടത്തിന്റെയും വേദനയുടെയും പേമാരിയെത്തി. ടീച്ചര്‍ അറബി പഠിപ്പിക്കുന്നത് ശരിയായ രീതിയിലല്ലെന്ന്  പറഞ്ഞ് ചിലര്‍ രംഗത്തെത്തിയതോടെ അധ്യാപനത്തിന്റെ ആറാം നാള്‍ അറബി ഗുരുത്വത്തിന് തിരശ്ശീല വീണു.  വിദ്യാഭ്യാസ വകുപ്പധികൃതരെത്തി ഉച്ചാരണ ശുദ്ധി പരിശോധിച്ച് നല്‍കിയ അനുകൂല റിപ്പോര്‍ട്ട് പോലും ഫലം കണ്ടില്ല. അന്ന് വിദ്യാലയത്തിന്റെ പടിയിറങ്ങുമ്പോള്‍ കാലും മനസ്സുമിടറിയെങ്കിലും പത്രവാര്‍ത്തകളും നിയമസഭയിലെ ചര്‍ച്ചകളുമൊക്കെയായി അപ്പോഴേക്കും വിഷയം കേരളമാകെ ചര്‍ച്ചയായിരുന്നു.തലശ്ശേരി കോടതിയിലെ ശശിധരന്‍ എന്ന അഭിഭാഷകനാണ് വിവരമറിഞ്ഞ് ടീച്ചര്‍ക്കു സാന്ത്വനവുമായെത്തിയത്. കോടതിയില്‍ ഇദ്ദേഹം നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലൂടെ ടീച്ചര്‍ക്ക് അടിയന്തരമായി പി എസ് സി വഴി നിയമനം നല്‍കണമെന്ന വിധി എത്തി. നീതിപീഠത്തിന്റെ ഉത്തരവുണ്ടായിട്ടും ടീച്ചര്‍ക്ക് പിന്നെയും നാലു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ ശേഷം ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് ഗോപാലിക ടീച്ചര്‍ വീണ്ടും അറബി പുസ്തകം കൈയിലെടുത്തത്. ഇതിനിടയില്‍ നാരായം എന്ന സിനിമയിലൂടെ ടീച്ചറുടെ കഥയും പോരാട്ടവും കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞാടി. ഉര്‍വ്വശിയായിരുന്നു ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ത്ത് ടീച്ചര്‍ വിജയം നേടുന്നത് യഥാര്‍ഥ കഥാനായിക കുടുംബസമേതം തിയേറ്ററിലിരുന്നു കണ്ടു. മേല്‍ശാന്തിയായിരുന്ന ഭര്‍ത്താവ് കുന്നംകുളം കരിക്കാട് ഭട്ടി തെക്കേടത്ത് മനയില്‍ നാരായണന്‍ നമ്പൂതിരിയാണ് അക്കാലത്തെല്ലാം ധൈര്യവും കരുത്തുമായി തനിക്ക് തുണയായതെന്ന് ടീച്ചര്‍ പറയുന്നു.  വീണ്ടും നിയമനം കിട്ടിയ ശേഷം വിവിധ വിദ്യാലയങ്ങളിലൂടെ അറബി ഭാഷാ പഠനവുമായി സഞ്ചരിച്ച ടീച്ചര്‍ക്ക് പിന്നീട് ഒരിടത്തു നിന്നും ഒരു ദുരനുഭവവുമുണ്ടായില്ല. ഇപ്പോള്‍ പെരിന്തല്‍മണ്ണക്കടുത്ത മേലാറ്റൂരിലെ ചെമ്മാണിയോട് ജി എല്‍ പി സ്‌കൂളില്‍ നിന്ന് വിരമിക്കാനൊരുങ്ങുമ്പോഴും അന്നുണ്ടായ ദുരനുഭവത്തിന്റെ ബാക്കിപത്രം പോലെ സമ്പൂര്‍ണ പെന്‍ഷനില്ലാത്ത അവസ്ഥ ഇവരെ പിന്തുടരുന്നു. നിയമനം കിട്ടിയ നാള്‍ മുതല്‍ ജോലി ചെയ്യാനായിരുന്നുവെങ്കില്‍ 33 വര്‍ഷത്തെ സേവനമുണ്ടാകുമായിരുന്നു ടീച്ചര്‍ക്ക്. എന്നാലിപ്പോഴുള്ളത് 29 വര്‍ഷത്തിന് ആറു ദിവസം കുറവ്. സമ്പൂര്‍ണ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ 29 വര്‍ഷവും ഒരു ദിവസവും പൂര്‍ത്തിയാകേണ്ടതുണ്ട്. തന്റെ തെറ്റു കൊണ്ടു സംഭവിച്ചതല്ലാതിരുന്നിട്ടും അതിലൊന്നും പരിഭവമേതുമില്ലാതെ സ്വന്തം കര്‍മ മണ്ഡലത്തില്‍ ആത്മാര്‍ഥമായി ജോലി ചെയ്യാനായതിന്റെ പുണ്യവുമായി നിറഞ്ഞ മനസ്സുമായാണ് ടീച്ചര്‍ പടിയിറങ്ങിയത്. ഭാഷയ്ക്കും ജാതിക്കുമപ്പുറം മാനവഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ സൂര്യതേജസ്സ് പടരണമെന്നു മാത്രമാണ് ഈ അന്തര്‍ജനത്തിന് പിറന്ന നാടിനോടുള്ള പ്രാര്‍ഥന.റസിയയുടെ സംസ്‌കൃതം’സംസ്‌കൃതേന ഭാഷണം കുരു, ജീവനസ്യ പരിവര്‍ത്തനം കുരു’ (സംസ്‌കൃതത്തിലൂടെ സംസാരിക്കൂ ജീവിതം മാറ്റിമറിക്കൂ) -ഈ സംസ്‌കൃത സൂക്തം പറയുന്നത് റസിയ മുഹമ്മദ് കുട്ടിയാണ്. സ്വന്തമായൊരു സ്ഥാപനം നടത്തി ഒട്ടേറെ പേര്‍ക്ക് സംസ്‌കൃതത്തിന്റെ സുകൃതം പകര്‍ന്നുകൊടുക്കുന്ന ഒരധ്യാപികയുടെ ആ ഭാഷയോടുള്ള ആദരം തന്നെയാണ് ഈ വാചകം. ജോലി കിട്ടാനുള്ള എളുപ്പത്തിനായി ഇത്തരം അപൂര്‍വതകളുടെ ചവിട്ടുപടികള്‍ കയറുന്നവരെ വേറെയും കണ്ടേക്കാം. എന്നാല്‍ റസിയയുടെ കഥ അതല്ല. ഭര്‍ത്താവുമൊത്ത് സ്വന്തമായൊരു സ്ഥാപനം നല്ല നിലയില്‍ നടത്തി ജീവിത വഴിയില്‍ വിജയകരമായി മുന്നേറുന്നതിനിടയിലാണ് സംസ്‌കൃതത്തോട് അവര്‍ക്ക് താത്പര്യമുണ്ടാകുന്നത്. പിന്നെ അത് പഠിച്ച് വരുതിയിലാക്കിയ ഈ നാല്പത്തിമൂന്നുകാരി ഇന്ന് പലരുടെയും സംസ്‌കൃതഗുരുവാണ്.  മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് ക്ഷേത്രഗ്രാമമായ ശുകപുരത്തേക്കുള്ള പ്രവേശന പാതയ്ക്കരികില്‍ മദേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം കാണാം. അതാണ് റസിയയുടെ കര്‍മരംഗം. തന്റെ ശിഷ്യരുടെ ജീവിതത്തില്‍ സംസ്‌കൃതം എന്ന ഭാഷയുടെ വെളിച്ചമെത്തിക്കാനുള്ള  ശ്രമമാണ് കാടഞ്ചേരി മാന്‍കുളങ്ങര മുഹമ്മദ് കുട്ടിയുടെ ഭാര്യയായ റസിയ ഏറ്റെടുത്തിട്ടുള്ളത്. മുന്നില്‍ നിരന്നിരിക്കുന്ന 12 മുതല്‍ 38 വയസ്സു വരെ പ്രായമുള്ള പഠിതാക്കളെ റസിയ സംസ്‌കൃതം പഠിപ്പിക്കുന്നു. സ്വന്തം ആചാരവും വിശ്വാസവും മുറുകെ പിടിക്കുമ്പോഴും മതസൗഹാര്‍ദവും എല്ലാത്തിനോടുമുള്ള സഹിഷ്ണുതാ മനോഭാവവും കോട്ടയത്തു നിന്ന് മലബാറിലേക്ക് മരുമകളായെത്തിയ ഈ യുവതിയെ വ്യത്യസ്തയാക്കുന്നു.ബാല്യം മുതല്‍ പഠിച്ചെടുത്ത് ബിരുദം നേടിയുണ്ടാക്കിയ അറിവല്ല റസിയയെ സംസ്‌കൃതാധ്യാപികയാക്കിയത്. 41-ാം വയസ്സില്‍ വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സൗജന്യ സംസ്‌കൃത പഠന കോഴ്‌സിലൂടെയാണ് ഇവര്‍ സംസ്‌കൃതത്തെ തൊട്ടറിയുന്നത്. കഠിനശ്രമത്തിലൂടെ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ റസിയ ആ ഭാഷ സ്വായത്തമാക്കി. പിന്നെ താന്‍ പഠിച്ചെടുത്ത ദേവനാഗരിയുടെ ലോകത്തേക്ക് പിടിച്ചുകയറാന്‍ താത്പര്യമുള്ള മറ്റുള്ളവര്‍ക്കും ഒരു കൈ സഹായം കൊടുക്കാന്‍ തുടങ്ങി. ബിരുദവും ടി ടി സിയും അയാട്ടയും മോണ്ടിസ്സോറി കോഴ്‌സുമെല്ലാം വിജയിച്ച് അഞ്ചു വര്‍ഷത്തോളം വിദേശവാസവും കഴിഞ്ഞാണ് റസിയ ഇവിടെ സ്ഥാപനം തുടങ്ങുന്നത്. ഫ്രഞ്ച് ഭാഷ പഠിക്കാനായി രജിസ്റ്റര്‍ ചെയ്ത് അവരുടെ വിളി കാത്തിരിക്കുന്നതിനിടയിലാണ് വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ പുതിയ സംരംഭത്തെ കുറിച്ചറിഞ്ഞത്. അതോടെ ഫ്രഞ്ച് മോഹം ഉപേക്ഷിച്ച് തൃത്താലയിലെ മാലിനി ടീച്ചറില്‍ നിന്ന് പ്രവേശഃ, പരിചയഃ, ശിക്ഷാഃ, കോവിദഃ എന്നീ കോഴ്‌സുകള്‍ പഠിച്ചു. പാഠ പുസ്തകങ്ങള്‍ പഠിക്കുന്നതോടൊപ്പം സംസ്‌കൃതത്തിലെ മറ്റു പുസ്തകങ്ങളെയും റേഡിയോയിലെ സംസ്‌കൃത വാര്‍ത്തകളെയുമെല്ലാം പിന്തുടര്‍ന്നു. പഠനത്തെക്കാളുപരി അധ്യയനത്തോടുള്ള പ്രതിപത്തിയിലൂടെ കൂടുതല്‍ അറിവുകള്‍ സമ്പാദിച്ച് ക്ലാസെടുക്കാനും സംസാരിക്കാനുമെല്ലാമുള്ള കഴിവും സ്വന്തമാക്കി. തന്റെ സ്ഥാപനത്തില്‍ മോണ്ടിസ്സോറി കോഴ്‌സും ഇന്റീരിയര്‍ ഡിസൈനിങ്ങും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമടക്കമുള്ളവ പഠിപ്പിച്ചിരുന്ന റസിയ പിന്നീട് സംസ്‌കൃത ഭാഷയിലേക്കും കടക്കുകയായിരുന്നു. യോഗയ്‌ക്കൊപ്പം ക്ലാസ്സുകളില്‍ സംസ്‌കൃതവും റസിയ നിര്‍ബന്ധമാക്കി. ബ്രീതിങ് എക്‌സര്‍സൈസില്‍ ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ നല്ല ചിന്തകളെ സ്വീകരിക്കുകയും പുറത്തേക്ക് വിടുമ്പോള്‍ ചീത്ത ചിന്തകളെ തിരസ്‌കരിക്കുകയും ചെയ്യാന്‍ റസിയ പറയാറുണ്ട്. സംസ്‌കൃതമാണ് ഈ പാഠം തനിക്ക് തന്നതെന്ന് റസിയ പറയുന്നു.’ഉച്ചാരണശുദ്ധി ലഭിക്കാന്‍ സംസ്‌കൃതത്തോളം നല്ല ഭാഷ വേറെയില്ല. സംസ്‌കൃതം ‘മൃതഭാഷ’ ആണെന്നാണ് പലരും പറയുന്നത്. എന്നാല്‍ മൃതഭാഷ എന്ന വാക്കു തന്നെ സംസ്‌കൃതമാണെന്ന് ആ പറയുന്നവര്‍ അറിയുന്നില്ല. സംസ്‌കൃതം സംസാര ഭാഷയായ ഇടങ്ങളില്‍ കലഹമുണ്ടാകില്ല. കാരണം അസഭ്യം പറയാനുള്ള വാക്കുകള്‍ ഇല്ലാത്ത ഭാഷയാണ് സംസ്‌കൃതം – റസിയ പറയുന്നു. വിശ്വമാനവികതയിലൂന്നിയ കാഴ്ചപ്പാടുകളുള്ള റസിയയുടെ സ്ഥാപനത്തില്‍ വ്യാഴാഴ്ചകളില്‍ സംസ്‌കൃത പഠനവും വെള്ളിയാഴ്ചകളില്‍ ഖുര്‍ആന്‍ പഠനവും മുടങ്ങാതെ നടക്കുന്നു. രണ്ടും പഠിപ്പിക്കുന്നത് റസിയ തന്നെ. ഇവിടെ പ്രായമില്ല, മതമില്ല, ജാതിയില്ല.

Back to Top