18 Saturday
October 2025
2025 October 18
1447 Rabie Al-Âkher 25

അനുസ്മരണം ഫഹീം  – കൊച്ചി

കോഴിക്കോട്: പന്ത്രണ്ടു വര്‍ഷം മുന്‍പ് കൊച്ചിയില്‍ നടന്ന എം എസ് എം യോഗത്തില്‍ വച്ചാണ് ഫഹീമിനെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നെ അജ്മാനില്‍ വച്ച് സൗഹൃദമായും പിന്നെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവുമായി മാറി. സാന്നിധ്യം കൊണ്ട് തന്നെ തന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഊര്‍ജം നല്‍കിയിരുന്ന ഫഹിം ഒരിക്കലും വെറുതെ ഇരിക്കാന്‍ ഇഷ്ടപ്പെടാത്തവനായിരുന്നു. അജ്മാനില്‍ വന്ന ഉടന്‍ തന്നെ ഈദ് സപ്ലിമെന്റ്, മീഡിയ സെമിനാര്‍ തുടങ്ങി പ്രതിവാര ക്ലാസുകള്‍ മുതല്‍ എല്ലാത്തിനും ഫഹീം മുന്നിലായിരുന്നു. ഉള്ളു തുറന്ന സ്‌നേഹം, കൂട്ടുകാര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടി എത്ര സമയും ചിലവഴിക്കാനും മടിയില്ലാത്ത പ്രകൃതം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആര്‍ക്കും എന്തു സഹായവും നല്‍കാന്‍ ഒരു മടിയും കാണിക്കാത്തവന്‍. ചിലപ്പോഴെങ്കിലും ഇത്രയും കരുതലും സ്‌നേഹവും സ്വാര്‍ഥത നിറഞ്ഞു നില്‍ക്കുന്ന ഇന്നിന്റെ ലോകത്ത് വേണമോ എന്ന് തോന്നിക്കും വിധം അപൂര്‍വമായേ നാം ഇത്തരം വ്യക്തികളെ ജീവിതത്തില്‍ കണ്ടുമുട്ടൂ.
ഫഹീമിനൊപ്പം എണ്ണമറ്റ യാത്രകള്‍ ഒരുമിച്ചു നടത്തിയിട്ടുണ്ട്. മണിക്കൂറുകള്‍ നിര്‍ത്താതെ സംസാരിച്ചിരിക്കും. വലിയ വലിയ സ്വപ്‌നങ്ങള്‍ കണ്ടു. മര്‍ഹൂം അബൂബക്കര്‍ കാരക്കുന്നുമായി അടുപ്പം പുലര്‍ത്തിയിരുന്ന ഫഹീമില്‍ കാരക്കുന്നിന്റെ പല ചിന്തകളും ഏറെ സ്വാധീനം ചെലുത്തിയിരുന്നു. ഈ പ്രചോദനത്തില്‍ നിന്ന് ഒരു മീഡിയ എന്ന നിലയിലേക്ക് റേഡിയോ ഇസ്‌ലാമിനെ എത്തിക്കാന്‍ തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ അടുത്തകാലം വരെ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ സ്മരണീയമാണ്. സംഘടനാ പ്രവര്‍ത്തന രംഗത്തും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ഐ എസ് എം സംസ്ഥാന ഭരണസമിതിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്ലാഹുവേ, ഞങ്ങളുടെ പ്രിയ സുഹൃത്തിന്റെ പിഴവുകള്‍ പൊറുത്തുകൊടുക്കണമേ. മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ.
ജിസാര്‍ ഇട്ടോളി
Back to Top