അനുധാവനം നബിസ്‌നേഹത്തിന്റെ തിരുവഴി – പി മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യനെ ഏറ്റവും സുന്ദരമായ രൂപത്തില്‍ സൃഷ്ടിക്കുകയും അവന്റെ സുഖജീവിതത്തിനാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിത്തരികയും ചെയ്ത അല്ലാഹുവിനെ എത്ര സ്‌നേഹിച്ചാലും അത് പൂര്‍ണമാകില്ല. ഞാന്‍ ദൈവത്തെ അഗാധമായി സ്‌നേഹിക്കുന്നു എന്ന് പറഞ്ഞു അവനെ വാഴ്ത്തുന്നത് കൊണ്ടുമാത്രം ദൈവ സ്‌നേഹമുണ്ടെന്ന് അവകാശപ്പെടാമോ? അവന്‍ പ്രവാചകനായ മുഹമ്മദ് നബി മുഖേന നല്‍കിയ സന്ദേശമായ ഖുര്‍ആന്‍ തത്വമനുസരിച്ച് അദ്ദേഹത്തെ മാതൃകയാക്കി ജീവിക്കണം. ”പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും” (വി.ഖു 3:31). അപ്പോള്‍ പ്രവാചകന്‍ കാണിച്ചു തന്ന ജീവിത മാതൃക പിന്‍പറ്റുകയും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടാന്‍ അര്‍ഹര്‍. ”സ്വന്തം മാതാപിതാക്കളേക്കാളും മക്കളേക്കാളും മുഴുവന്‍ മനുഷ്യരേക്കാളും ഏറ്റവും പ്രിയങ്കരന്‍ ഞാന്‍ ആകുന്നതുവരേ നിങ്ങളില്‍ ഒരാള്‍ക്ക് സത്യവിശ്വാസിയാകാന്‍ കഴിയില്ല” (ബുഖാരി). ഉഹ്ദ് യുദ്ധത്തില്‍ മുഹമ്മദ് നബി വധിക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത പരന്നു. കൂട്ട നിലവിളി ഉയര്‍ന്നു. ഒരു സ്ത്രീ ഓടിക്കിതച്ചു വരുന്നു. ”നിന്റെ മകനും പിതാവും ഭര്‍ത്താവും സഹോദരനും കൊല്ലപ്പെട്ടു”- ഈ വാര്‍ത്ത അവളില്‍ ഒരു പ്രതികരണവും സൃഷ്ടിച്ചില്ല. ”പ്രവാചകനെന്തുപറ്റി?” – അവള്‍ തിരക്കുന്നു. തിരുമേനിയുടെ മുമ്പിലേക്ക് അവളെ ആളുകള്‍ പിടിച്ചു തള്ളി. അദ്ദേഹത്തിന്റെ വസ്ത്രത്തലപ്പില്‍ പിടിച്ചുകൊണ്ട് സ്ത്രീ പറയുകയാണ്: അങ്ങ് ആപത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കില്‍ മറ്റെല്ലാം എനിക്ക് നിസ്സാരമാണ്.
പ്രവാചക സ്‌നേഹം മനസില്‍ നിറഞ്ഞു നില്‍ക്കുന്നവരായിരുന്നു പൂര്‍വിക പണ്ഡിതന്മാര്‍. നബിയുടെ പേര് പറയുമ്പോഴേക്കും ഇമാം മാലികിന്റെ മുഖം വിവര്‍ണമാകും; തല കുനിയും; രംഗം കണ്ട് സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് പ്രയാസം അനുഭവപ്പെടും. ആളുകള്‍ ഒരു പ്രവാചക വചനത്തെപ്പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുല്‍ മുന്‍കദിര്‍ കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാന്‍ ഇബ്‌നുല്‍ ഖാസിമിന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയുമുള്ള ആളായിരുന്നു ജഅ്ഫര്‍ ഇബ്‌നു മുഹമ്മദ്. പക്ഷേ നബിയുടെ പേര് കേള്‍ക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.
ഈ മഹാന്മാരുടെയെല്ലാം പ്രവാചക സ്‌നേഹം വാക്കില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ”പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്” എന്ന ദൈവിക വചനം അന്വര്‍ത്ഥമാക്കും വിധം അദ്ദേഹത്തെ ജീവിതത്തിന്റെ എല്ലാ രംഗത്തും അവര്‍ പകര്‍ത്തുകയായിരുന്നു. തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത സ്വഭാവ മഹിമയായിരുന്നു. ഭാര്യയോടും മക്കളോടും ജോലിക്കാരോടും കുട്ടികളോടും ഇതര മനുഷ്യരോടുമുള്ള പെരുമാറ്റത്തില്‍ അത് വ്യക്തമായും പ്രകാശിതമായി. സ്വന്തം കുടുംബത്തോട് ഏറ്റവും നല്ല നിലക്ക് പെരുമാറുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്മാര്‍ – നബി പ്രഖ്യാപിച്ചു. വീട്ടില്‍ അദ്ദേഹം ആഹ്ലാദം നിറച്ചു. സ്ത്രീ ഒരു വളഞ്ഞ വാരിയെല്ല് കൊണ്ട് സൃഷ്ടിക്കപ്പെട്ടവളാണെന്ന് അവളുടെ പ്രകൃതിയിലെ വ്യത്യസ്തതയെ ആലങ്കാരികമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പത്‌നി ആയിശ ദേഷ്യത്തില്‍ ”നിങ്ങളല്ലേ ഒരു പ്രവാചകനാണെന്നും പറഞ്ഞ് നടക്കുന്നത്” എന്ന് പറയുമ്പോള്‍ പ്രവാചകന്‍ പുഞ്ചിരികൊണ്ട് അതിനെ നേരിടുന്നു.
തിരുമേനിയുടെ നര്‍മ്മ സല്ലാപം ഇങ്ങനെ: ”എനിക്ക് ഭയങ്കര തലവേദന” – ഒരിക്കല്‍ പത്‌നി പരാതി പറയുന്നു. ”നീ ഇപ്പോഴങ്ങു മരണപ്പെടുകയും ഞാന്‍ നിന്റെ പേരില്‍ മയ്യത്ത് നമസ്‌കരിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുകയാണെങ്കിലോ”. ഈ നര്‍മ്മത്തിന് ബീവിയുടെ തിരിച്ചടി: ”എങ്കില്‍ എന്റെ കിടക്കയിലേക്ക് നിങ്ങള്‍ മറ്റൊരുത്തിയെ കൊണ്ടുവന്ന് മധുവിധു ആഘോഷിക്കും”.
കുട്ടികളോട് നബിക്ക് എന്തൊരു സ്‌നേഹമായിരുന്നു. മകള്‍ ഫാത്തിമ കടന്നു വരുമ്പോള്‍ അദ്ദേഹം എഴുന്നേറ്റുചെന്ന് മുത്തം കൊടുത്ത് അവരെ സ്വീകരിച്ച് തന്റെ കൂടെയിരുത്തും. പേരക്കുട്ടികള്‍ നബി സാഷ്ടാംഗം ചെയ്ത് പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പുറത്ത് കയറിയിരുന്ന് ഉല്ലസിക്കുന്നു. അവര്‍ സ്വയം ഇറങ്ങിപ്പോയാലല്ലാതെ അദ്ദേഹം തല ഉയര്‍ത്തുകയില്ല. ”എനിക്ക് പത്ത് മക്കളുണ്ട്. ഞാന്‍ ഇതുവരെ അവരില്‍ ആരെയും ചുംബിച്ചിട്ടില്ല.” ഇത് പറഞ്ഞ മനുഷ്യനോട് നബി: ദയ കാണിക്കാത്തവന് ദയ ലഭിക്കുകയുമില്ല. കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ അതിന്റെ ഉമ്മക്ക് പ്രയാസമുണ്ടാകുമെന്ന് കരുതി നബി നമസ്‌കാരം വേഗം അവസാനിപ്പിക്കും. മക്കള്‍ എല്ലാവരോടും തുല്യമായി പെരുമാറുമെന്നും ഏതെങ്കിലും ഒരാള്‍ക്ക് കൂടുതല്‍ നല്‍കി വിവേചനം കാണിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ”നിങ്ങളുടെ ജോലിക്കാര്‍ നിങ്ങളുടെ സുഹൃത്തുക്കള്‍” – തിരുമേനി പറഞ്ഞു. ”അവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരം ചുമത്തരുത്. വിയര്‍പ്പ് വറ്റും മുമ്പ് കൂലി കൊടുക്കണം”.
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഏറ്റവും വലിയ മാതൃകയായിരുന്നു പ്രവാചകന്‍. ”പരസ്പരം സ്‌നേഹിക്കാതെ നിങ്ങള്‍ക്ക് വിശ്വാസികളാകാന്‍ കഴിയില്ല; വിശ്വാസികളാകാതെ സ്വര്‍ഗം നേടുകയില്ല” – നബി പറഞ്ഞു. ആരുടെയും ക്ഷണം സ്വീകരിക്കും. മക്കയില്‍ നിന്ന് അഭയാര്‍ത്ഥികളായി വന്ന മുഹാജിറുകളും മദീനയില്‍ അവരെ സ്വീകരിച്ച അന്‍സാരികളും തമ്മില്‍ നബി ഊട്ടിയുറപ്പിച്ച സൗഹൃദ ബന്ധം ലോകത്തിന് തന്നെ മാതൃകയാണ്. തനിക്കെന്തോ ഇഷ്ടം അത് സഹോദരനും വേണമെന്നാഗ്രഹിക്കണം. പിണങ്ങി നില്‍ക്കുന്നവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കണം. വിശ്വാസികളെല്ലാം ഒറ്റ ശരീരം പോലെയാകണം. പരസ്പരം അസൂയയും വിരോധവും പാടില്ല. ആരും ആരെയും പരിഹസിക്കരുത്. ആരുടെയും രഹസ്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കരുത്.
വൃത്തി വിശ്വാസത്തിന്റെ പകുതി. അധികം തിന്നും കുടിച്ചും ഹൃദയത്തെ വധിക്കരുത്. വയറ് നിറക്കുന്നത് സൂക്ഷിക്കണം. അത് ആലസ്യം വരുത്തും. ശരീരം നശിപ്പിക്കും. രോഗം വരുത്തും – പ്രവാചകന്‍ ഉപദേശിക്കുന്നു.
സ്വന്തം ആവശ്യങ്ങള്‍ മറ്റൊരാളെകൊണ്ട് ചെയ്യിക്കുന്നത് നബി ഇഷ്ടപ്പെട്ടില്ല. നജ്ജാശി ചക്രവര്‍ത്തിയുടെ പ്രതിനിധികള്‍ നബിയെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ട സേവനങ്ങള്‍ അദ്ദേഹം സ്വന്തമായി നിര്‍വഹിച്ചു. മറ്റാരെയും അത് നിര്‍വഹിക്കാന്‍ അനുവദിച്ചില്ല.
അയല്‍വാസികളോടുള്ള പെരുമാറ്റം, അമുസ്‌ലിംകളോടുള്ള സമീപനം, തന്നോട് ഇങ്ങോട്ട് ശത്രുതകാണിക്കുന്നവരോട് സ്വീകരിക്കേണ്ട നിലപാട്, മൃഗങ്ങളോടും പക്ഷികളോടും സ്വീകരിക്കേണ്ട കാരുണ്യം – എല്ലാറ്റിനും നബി മാതൃക കാണിച്ചു. വിനയം, ക്ഷമ, വിട്ടുവീഴ്ച, ഭയം, സമത്വം, സത്യസന്ധത, ആത്മാര്‍ത്ഥത, വിശ്വസ്തത, ലജ്ജ, ധീരത തുടങ്ങിയ സല്‍ഗുണങ്ങളെല്ലാം അദ്ദേഹം ജീവിതത്തില്‍ പാലിച്ചു. അഹങ്കാരത്തെ കഠിനമായി വെറുത്തു. തന്റെ കൈ ആരെങ്കിലും മുത്തുന്നത് പോലും ഇഷ്ടപ്പെട്ടില്ല. നാവ് കൊണ്ട് മനുഷ്യന്‍ ചെയ്യുന്ന തിന്മകള്‍ ഓരോന്നും എടുത്ത് പറഞ്ഞ് അവയെ സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. ശുദ്ധമായ സംസാരത്തിന് മാതൃക കാണിച്ചു.
എത്ര ഉദാരമനസ്‌ക്കനായിരുന്നു നബി. ‘ഉദാരമതി അല്ലാഹുവിനോടും ജനങ്ങളോടും അടുത്തവനാകും”- നബി വ്യക്തമാക്കി. ജനങ്ങളില്‍ ഉദാരശീലം വളര്‍ത്താന്‍ പല മാതൃകകളും നബി കാണിച്ചു കൊടുത്തു. ധനമിടപാടുകളിലെ തെറ്റും ശരിയും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക വിഷയത്തില്‍ പാപ രഹിതമായ സംശുദ്ധ ജീവിതം നയിക്കുന്നതിനുള്ള എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും തിരുമേനി നല്‍കി. തൊഴില്‍ ചെയ്യാതെ യാചന തൊഴിലായി സ്വീകരിക്കുന്നതിനെ ശക്തമായി അപലപിച്ചു. സകാത്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കുണ്ടാകാന്‍ പോകുന്ന കഠിനമായ ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
സര്‍വ്വോപരി ആരാധനകളുടെ എല്ലാ രൂപങ്ങളും നബി മാതൃകാ ജീവിതത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്തു. ഭക്തി നിറഞ്ഞ ജീവിതത്തിന്റെ എല്ലാ വശങ്ങളും അദ്ദേഹം വ്യക്തമാക്കി. അഞ്ച് നേരം പള്ളിയില്‍ സംഘടിത പ്രാര്‍ത്ഥനക്ക് പങ്കെടുക്കുകയും അതിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും വിവരിക്കുകയും ചെയ്തു. പ്രകടന ഭക്തി മനുഷ്യന് നാശമേ വരുത്തുകയുള്ളൂ.
മുഹമ്മദ് നബിയെ സ്‌നേഹിക്കുന്നവരാകണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിത മാതൃക ഉള്‍ക്കൊള്ളണം. അതിന് സന്നദ്ധമാകാതെ പ്രവാചക സ്‌നേഹമാണെന്നവകാശപ്പെട്ട് ചെയ്യുന്നതെല്ലാം ആന്തരിക സൗന്ദര്യമില്ലാത്ത ബാഹ്യ വേലകള്‍ മാത്രം. റസൂലിന്റെ പേര് പറഞ്ഞ് മനുഷ്യന്‍ എന്തെല്ലാം ചെയ്തു കൂട്ടുന്നു. സാമ്പത്തിക ചൂഷണം പോലും നടത്തുന്നു. മത പ്രബോധകന്മാരും പ്രഭാഷകന്മാരും സംഘടനകളുമെല്ലാം നബിയുടെ മാതൃക പിന്‍പറ്റാനുള്ള ബോധം വളര്‍ത്തുകയാണ് വേണ്ടത്. വിശ്വാസികള്‍ തമ്മില്‍ സ്‌നേഹവും സൗഹൃദവും പരസ്പര സഹകരണവും ബഹുമാനവും വളര്‍ത്തുന്നതിന് പകരം പ്രവാചക സ്‌നേഹം പ്രസംഗിക്കുന്ന സദസ്സുകളില്‍ നിന്നുപോലും വിദ്വേഷത്തിന്റെ തീജ്വാലകളുയരുന്നു.
റസൂലിന്റെ സുന്നത്തിന്റെ പേരില്‍ തര്‍ക്കങ്ങളും സംഘട്ടനങ്ങളും പള്ളിവിരോധവും പിണക്കവും ബഹിഷ്‌ക്കരണവുമെല്ലാം നടക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവയെല്ലാം സുന്നത്തിന് വിരുദ്ധമായ നടപടികളാണ്. സുന്നത്ത് റസൂലിന്റെ മുഴുവന്‍ ജീവിത രീതിയും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളുമാണ്. സുന്നത്ത് ആരാധനകളുടെ ചില ബാഹ്യരൂപങ്ങളില്‍ മാത്രം പരിമിതപ്പെടുത്തുന്ന പ്രവണതയാണ് ഇന്നുള്ളത്. യഥാര്‍ത്ഥ പ്രവാചക സ്‌നേഹം അവകാശപ്പെടാനും സുന്നത്ത് മുറുകെ പിടിച്ച് ജീവിക്കാനും ഓരോ വിശ്വാസിക്കും കഴിയുമാറാകട്ടെ.