3 Tuesday
December 2024
2024 December 3
1446 Joumada II 1

അഗാഡകള്‍ ആള്‍ക്കൂട്ട ഹിംസയുടെ പരിശീലന കേന്ദ്രങ്ങള്‍ – സദ്‌റുദ്ദീന്‍ വാഴക്കാട്

ഇന്ത്യയിലെ ഓരോ മുസ്‌ലിമിനെയും പാകിസ്താന്‍ അനുകൂലിയും രാജ്യദ്രോഹിയുമായാണ് ആര്‍ എസ് എസ് അനുയായികളുടെ മനസ്സിലുറപ്പിക്കുന്നത്. ഈ മുസ്‌ലിമിനെ മുന്നില്‍ കാണുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ശത്രുക്കളായി സങ്കല്‍പ്പിക്കുന്നവരെ ഭയപ്പെടുത്തുകയും അരിഞ്ഞുവീഴ്ത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിയാണ് സംഘപരിവാറിന്റെ മാര്‍ഗമെന്ന് ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിക്കുകയും ആര്‍ എസ് എസും പോഷക സംഘടനകളും കാലാകാലങ്ങളില്‍ അത് നടപ്പിലാക്കി വരികയും ചെയ്തിട്ടുണ്ട്.
ഹിംസാത്മകതയാണ് സംഘപരിവാറിന്റെ മുഖമുദ്രയെന്നത് പ്രത്യേകിച്ച് പറയേണ്ടതേയില്ലല്ലോ. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പരസ്യമായി ആയുധ പരിശീലനം നടത്തുന്ന ഒരു സംഘത്തിന്റെ അബോധത്തിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്നതാണ് അക്രമവും കൊലയും. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, ഒരിക്കല്‍ തങ്ങള്‍ തന്നെ വെടിവെച്ച് കൊന്നവരെ, പിന്നീട് ഫോട്ടോ സ്ഥാപിച്ച് വീണ്ടും വെടിവെച്ച് ആനന്ദിക്കാന്‍ മാത്രം വിഷലിപ്തമായ മനസ്സാണ് ശാഖകളില്‍ വളര്‍ത്തപ്പെടുന്നത്. ഗാന്ധിജിയുടെ ഫോട്ടോയിലേക്ക് വീണ്ടും വെടിയുതിര്‍ത്ത കാഷായ വസ്ത്രത്തിന്, അതൊരു രസമായിരുന്നില്ല. ഭ്രാന്തമായ വംശീയ ഉന്മാദമായിരുന്നു. ഗോള്‍വാള്‍ക്കറുടെ ഈ വരികള്‍ ചൊല്ലിപ്പഠിച്ച് വളരുന്നവര്‍ പിന്നെ എന്താകുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്; ‘വംശബോധം ഉണര്‍ന്നെണീറ്റിരിക്കുന്നു. സിംഹം മരിച്ചതല്ല, ഉറങ്ങുക മാത്രമായിരുന്നു. വീണ്ടും സടകുടഞ്ഞെഴുന്നേല്‍ക്കുക മാത്രമാണവന്‍. പുനരാര്‍ജവം നേടിയ ഹിന്ദു രാഷ്ട്രം അതിന്റെ അത്യന്തം പ്രബലമായ കരങ്ങളാല്‍ ശത്രുവിന്റെ ആതിഥേയരെ അടിച്ചുവീഴ്ത്തുന്നത് ലോകം കാണാനിരിക്കുന്നതേയുള്ളൂ. അനതിവിദൂര ഭാവിയില്‍ ലോകമത് കാണുകയും ഭയത്താല്‍ വിറകൊള്ളുകയോ ആനന്ദത്താല്‍ നൃത്തം വെക്കുകയോ ചെയ്യും.” (നാം നമ്മുടെ ദേശീയ നിര്‍വചിക്കപ്പെടുന്നു, പേജ് 12 )
അതെ, ഗോള്‍വാള്‍ക്കര്‍ ഭീഷണിപ്പെടുത്തിയതുപോലെ, ‘സിംഹങ്ങള്‍’ തെരുവില്‍ പച്ച മനുഷ്യരെ അടിച്ചുവീഴ്ത്തുകയും കടിച്ചുകീറുകയും ചെയ്തതാണ്, നെല്ലി മുതല്‍ ദല്‍ഹി വരെയുള്ള കൂട്ടക്കുരുതികളില്‍ നാം കണ്ടത്.
ആഭ്യന്തര ശത്രുക്കളെ സായുധമായി നേരിടാന്‍ വേണ്ടിയാണ് അഗാഡകളില്‍ കായിക, ആയുധ പരിശീലനം നല്‍കാന്‍ വലിയ പദ്ധതികള്‍ക്ക് ആര്‍ എസ് എസ് രൂപം നല്‍കിയത്. മതം, വിശ്വാസം, ആരാധന, ക്ഷേത്രം എന്നിവയിലേക്ക് ആയുധ പരിശീലനത്തെ ചേര്‍ത്തുവെച്ച സംവിധാനത്തിന്റെ പേരാണ് അഗാഡകള്‍. മേല്‍ജാതിക്കാരുടെ സാംസ്‌കാരിക ചിഹ്നമായിരുന്ന, വ്യായാമ കേന്ദ്രങ്ങളായിരുന്ന അഗാഡകള്‍ ഉത്തരേന്ത്യയിലാണ് പൊതുവില്‍ നിലവിലുണ്ടായിരുന്നത്. പുരാണേതിഹാസങ്ങളും ഹനുമാന്‍ ഭക്തിയുമായി ചുറ്റിപ്പിണഞ്ഞതാണ് അഗാഡകളുടെ മതപരിസരം. ജാതി രാഷ്ട്ര ലക്ഷ്യത്തോടെ രൂപംകൊണ്ട ഹിന്ദുമഹാസഭ 1920-കളില്‍ അഗാഡകള്‍ക്ക് രാഷ്ട്രീയമുഖം നല്‍കാന്‍ തുടങ്ങി. വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങളുടെ ഭാഗമായി, മുസ്‌ലിംകളില്‍ നിന്ന് ഹിന്ദു സമുദായത്തെ രക്ഷിക്കണമെന്ന ലക്ഷ്യപ്രഖ്യാപനത്തോടെ, നിലവിലുള്ള അഗാഡകള്‍ സജീവമാക്കാനും പുതിയവ ധാരാളമായി ആരംഭിക്കാനുമുള്ള ഒരു കാമ്പയിന്‍ ഹിന്ദുമഹാസഭ നടത്തുകയുണ്ടായി. ഹനുമാന്‍ ക്ഷേത്രവും അഗാഡയും പണിയാന്‍ സംഘടന പദ്ധതികള്‍ ആവിഷ്‌കരിച്ചു. സാമുദായിക ഛിദ്രതയുടെയും മുസ്‌ലിംകള്‍ക്കെതിരായ ആയുധ പരിശീലനത്തിന്റെയും ഇടങ്ങളായി ഇവ നിലകൊണ്ടു. ഈ അഗാഡകളുടെ തുടര്‍ച്ചയാണ് ആര്‍ എസ് എസിന്റെ ശാഖകള്‍.
ഇറ്റലിയില്‍ നിന്ന് പകര്‍ത്തിയ മുസ്സോളിനിയുടെ സൈനിക പരിശീലന പദ്ധതിയും അഗാഡയുടെ പാരമ്പര്യവും മതകീയ പരസരവും സമന്വയിപ്പിച്ചാണ് ശാഖകള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. ഈ ശാഖകളിലെയും മറ്റും ആയുധ പരിശീലനം 1920-കള്‍ക്ക് ശേഷമുള്ള വര്‍ഗീയ കലാപങ്ങളില്‍ എത്ര മാത്രം പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യം പരസ്യമായ രഹസ്യമാണ്. തോക്കും വാളും മറ്റുമുപയോഗിച്ച് പരസ്യമായും വ്യവസ്ഥാപിതമായും ആയുധപരിശീലനം നല്‍കുന്ന ഒരേയൊരു സംഘമേ ഇന്ത്യയിലുള്ളൂ. ആര്‍ എസ് എസ് ആണത്. ഈ ആയുധ പരിശീലനത്തിന്റ ഫോട്ടോകള്‍ ധാരാളമായി പ്രചരിപ്പിക്കുകയും ആയുധങ്ങളുമേന്തി തെരുവില്‍ പ്രകടനം നടത്തി ഭയപ്പെടുത്തുകയും ചെയ്യുന്നു അവര്‍. ഇപ്പോള്‍ ദല്‍ഹിയിലെ ഭീകരമായ കൂട്ടക്കൊലയില്‍, തോക്കുകള്‍ ധാരാളമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും അധികവും വെടിയേറ്റവരാണെന്ന് ദല്‍ഹിയിലെ ജി ടി ബി ഹോസ്പിറ്റലില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എണ്‍പത്തി രണ്ടു പേര്‍ക്ക് പരിക്കേറ്റത് വെടിയേറ്റാണെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. പരസ്യമായി തോക്കെടുത്ത് പരിശീലിക്കുന്ന ഫാസിസ്റ്റുകളല്ലാതെ, ആരാണിതിന് ഉത്തരവാദികള്‍!
കലാപം ആസൂത്രണം ചെയ്തവര്‍, വടക്കുകിഴക്കന്‍ ദല്‍ഹിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് നാടന്‍ തോക്കുകള്‍ എത്തിച്ചു കൊടുത്തിരുന്നുവെന്ന ഒരു വാര്‍ത്ത 28-02-20നു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുപ്രധാനമായൊരു വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ഗീയ കലാപങ്ങള്‍ക്ക് സഹായമാകുന്നു എന്നതാണത്. സാമ്പത്തിക പ്രതിസന്ധികള്‍ മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് വര്‍ഗീയ അജണ്ടകള്‍ കത്തിക്കുന്നത് എന്ന ധാരണ തീര്‍ത്തും ശരിയല്ല. സാമ്പത്തിക തകര്‍ച്ച വംശഹത്യാ അജണ്ടകള്‍ക്ക് അനുകൂലമായ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ദാരിദ്ര്യവും തൊഴില്‍രാഹിത്യവും പട്ടിണിയും അനുഭവിക്കുന്നവരെ, തങ്ങളുടെ കഷ്ടപ്പാടിന്റെ കാരണക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റുള്ളവര്‍ക്കെതിരെ തിരിച്ചുവിടുക എളുപ്പമാണ്. കൊള്ള ചെയ്യാനുള്ള ത്വരയും അത്തരക്കാര്‍ക്കാണുണ്ടാവുക. മുസ്‌ലിംകളുടെ സാമ്പത്തിക സുസ്ഥിതിയെക്കുറിച്ച് അസൂയാര്‍ഹവും അസ്വസ്ഥജനകവുമായ വര്‍ത്തമാനങ്ങള്‍, പിന്നാക്കക്കാരായ അണികളോട് സംഘപരിവാര്‍ നിരന്തരം പറയാറുണ്ട്. കലാപങ്ങള്‍ സംഘടിപ്പിക്കാനായി ജാതിമേധാവിത്വം, ‘കീഴാള വിഭാഗങ്ങളെ’ ഉപകരണങ്ങളാക്കുന്നതായി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക അന്തരങ്ങളെക്കുറിച്ച പകയാണ് ഇതിന്റെ ഇന്ധനം. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ജീവിതം വഴിമുട്ടുമ്പോള്‍, അപരവിഭാഗങ്ങളെ വംശഹത്യ ചെയ്യാന്‍ മണ്ണ് പാകപ്പെടുമെന്നും വര്‍ഗീയത കുത്തിവെക്കപ്പെട്ടവര്‍ അതിന് തയാറാകുമെന്നും കണക്ക് കൂട്ടലുകളുണ്ട്. വംശഹത്യക്കു വേണ്ടി സാമ്പത്തിക തകര്‍ച്ച സൃഷ്ടിക്കുകയാണ് എന്ന നിരീക്ഷണം, അതുകൊണ്ടുതന്നെ ഗൗരവത്തില്‍ എടുക്കണം.

വെടിമരുന്ന് സൂക്ഷിക്കുന്നിടത്ത് തീപ്പെട്ടി ഉരസുന്നതു പോലെയാണ്, സംഘപരിവാര്‍ ആള്‍ക്കൂട്ടത്തോട് അക്രമത്തിന് ആഹ്വാനം ചെയ്ത് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്. വെറുപ്പ്, പക, ഹിംസ തുടങ്ങിയ സ്‌ഫോടകങ്ങള്‍ അകംനിറച്ച് കൊണ്ടുനടക്കുന്ന സംഘപരിവാറുകാര്‍, ഇത്തരം പ്രസംഗങ്ങള്‍ കേള്‍ക്കുന്നതോടെ ബോംബുകള്‍ക്ക് സമാനമായി പൊട്ടിത്തെറിക്കുമ്പോഴാണ് വംശഹത്യാ സ്വഭാവമുള്ള കലാപങ്ങള്‍ നടക്കുന്നത്. ഇപ്പോള്‍ ദല്‍ഹിയില്‍ മാത്രമല്ല, മുമ്പ് പലയിടങ്ങളിലും നടന്ന കൂട്ടക്കൊലകള്‍ക്ക് മുമ്പ് ബി ജെ പി- ആര്‍ എസ്എസ് നേതാക്കളുടെ വിഷലിപ്തമായ പ്രസ്താവനകള്‍ പുറത്ത് വന്നിരുന്നു. അവയെത്തുടര്‍ന്നാണ് എല്ലാ കലാപങ്ങളിലും അവരുടെ തോക്കുകള്‍ തീതുപ്പിയത്.മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിലൂടെ മാത്രം നേതാക്കളായവരാണ്, അശോക് സിംഗാള്‍, ഉമാ ഭാരതി, സാക്ഷി മഹാരാജ്, പ്രഗ്യാ സിംഗ് ഠാക്കൂര്‍ തുടങ്ങിയവര്‍.
മുസാഫര്‍നഗര്‍ കലാപത്തിനു മുമ്പ് സഞ്ജീവ് ബാലിയന്‍, സുരേഷ് റാണ, സംഗീത് സോം എന്നിവരും സഹാരണ്‍പൂര്‍ കലാപത്തില്‍ രാഘവ് ലഖന്‍ പാലും നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഓര്‍ക്കുക. ആദിത്യ നാഥ്, ഗിരിരാജ് സിംഗ്, പ്രതാപ് ചന്ദ്ര സാരംഗി, തേജസ്വി സൂര്യ തുടങ്ങി എത്രയെത്ര പേര്‍ പച്ചയായ വര്‍ഗീയത പ്രസംഗിച്ച് നേതാക്കളായിട്ടുണ്ട്. സമീപകാലത്ത് മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ ഒരു ലിസ്റ്റ്, ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ ക്വിന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ‘ഭൂരിപക്ഷ സമുഹത്തിന്റെ ക്ഷമ കാരണം നിങ്ങള്‍ എല്ലായിടത്തും തീ പടര്‍ത്തുകയാണ്. ഞങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണൂ. ഗോധ്ര ട്രെയ്ന്‍ കത്തിയതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണല്ലോ’ -കര്‍ണാടക ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി സി ടി രവിയുടെ താക്കീത്, 2019 ഡിസംബര്‍ 20ന്. ‘നരേന്ദ്ര മോദിയെയും യോഗി ആദിത്യ നാഥിനെയും വിമര്‍ശിച്ചാല്‍ നിങ്ങളെ ജീവനോടെ കത്തിക്കും’ എന്നാണ് ബി ജെ പി നേതാവ് രഘുരാജ് സിംഗ് 2020 ജനുവരി 12-ന് ഭീഷണി മുഴക്കിയത്.
ബി ജെ പിയുടെ ഔദ്യോഗിക വക്താവ് അമിതാഭ് സിന്‍ഹ ഒരു ടി വി പരിപാടിയില്‍ പരസ്യമായാണ് കനയ്യകുമാറിനെ ഭീഷണിപ്പെടുത്തിയത്. കനയ്യക്ക് എതിരെ ബിഹാറില്‍ ഉണ്ടായ ആക്രമണങ്ങള്‍ ഇതോട് ചേര്‍ത്ത് വായിക്കുക. മഹാത്മാഗാന്ധി മുതല്‍ ഗൗരിലങ്കേഷ്, ഗോവിന്ദ് വന്‍സാര, കല്‍ബുര്‍ഗി ഉള്‍പ്പെടെയുള്ളവരുടെ അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ടല്ലോ. കര്‍ണാടകയിലെ ബി ജെ പിയുടെ എം എല്‍ എ ആയ ജി സോമശേഖര റെഢി ഭീഷണി മുഴക്കിയത്, ഗോള്‍വാള്‍ക്കറുടെ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയായാണ്; ”ഞങ്ങള്‍ എണ്‍പത് ശതമാനമുണ്ട്. നിങ്ങള്‍ പതിനേഴ് ശതമാനം മാത്രമേ ഉള്ളൂ. ഞങ്ങള്‍ നിങ്ങള്‍ക്ക് എതിരെ തിരിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ” -ബി ജെ പിയുടെ എം പിയും ബംഗാള്‍ സംസ്ഥാന പ്രസിഡന്റുമായ ദിലീപ് ഘോഷ്, ‘പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ച് കൊല്ലണം, ഉത്തര്‍പ്രദേശ് മോഡല്‍ നടപ്പിലാക്കണം’ എന്നൊക്കെയാണ് ആക്രോശിച്ചത്.
‘സി എ എയെക്കെതിരെ കള്ളം പറയുന്നവരെ കല്ലെറിയണം’ എന്നാണ് ബി ജെ പിയുടെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ആഹ്വാനം ചെയ്തത്. കഴിഞ്ഞ ഒന്നു രണ്ട് മാസങ്ങള്‍ക്കിടയില്‍, ഇത്തരം ഇരുപത്തിയഞ്ചോളം വിദ്വേഷ പ്രസ്താവനകള്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ആയുധ പരിശീലനം നേടിയവരെയും വെറുപ്പ് കുത്തിവെക്കപ്പെട്ടവരെയും പെട്ടെന്ന് അക്രമത്തിന് ഉത്സുകരാക്കാന്‍ പാകത്തിലുള്ളതാണ് ഈ പ്രസ്താവനകളും പ്രസംഗങ്ങളും. ഇവയൊന്നും നിഷേധിക്കുകയോ, തിരുത്തുകയോ ചെയ്യാനും ഇവര്‍ക്കെതിരെ കേസെടുക്കാനും സ്വാഭാവികമായും ആരുമുണ്ടാകില്ലല്ലോ!
ഇവയുടെയെല്ലാം തുടര്‍ച്ചയിലാണ്, ദല്‍ഹിയില്‍ കപില്‍ മിശ്ര കലാപത്തിന് ആഹ്വാനം ചെയ്യുന്നത്. ഒറ്റപ്പെട്ട ഒരു പ്രസ്താവനയല്ല മിശ്രയുടേത് എന്നര്‍ഥം. നേതാക്കള്‍ കൂടിയാലോചിച്ച് കലാപം ആസൂത്രണം ചെയ്ത ശേഷം, അത് പ്രഖ്യാപിക്കുക മാത്രമാകണം കപില്‍മിശ്ര ചെയ്തത്. നേരത്തെ ട്രക്കുകളില്‍ എറയാനുള്ള കല്ലുകള്‍ കൊണ്ടുവന്ന് ഇറക്കിയതും, ഇടകലര്‍ന്ന് നില്‍ക്കുന്നവയില്‍ തങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടാതെ തിരിച്ചറിയാന്‍ കാവിക്കൊടികള്‍ നാട്ടിയിരുന്നതും, തോക്കുകള്‍ വിതരണം ചെയ്തിരുന്നുവെന്ന പത്ര റിപ്പോര്‍ട്ടും ഇത്തരമൊരു ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിന്റെയെല്ലാം ബാക്കിപത്രമാണ് നാം വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കണ്ടത്. വിചാരധാര, നാം നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു, ദ ഹിന്ദുത്വ, ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണ ഘട്ടങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളും ആര്‍ എസ് എസും നിലനില്‍ക്കുന്ന കാലത്തോളം കപില്‍ മിശ്രമാരുടെ വിദ്വേഷ പ്രസംഗങ്ങളും, വംശഹത്യാ കലാപങ്ങളും അവസാനിക്കുന്നത് എങ്ങനെ!?

Back to Top