21 Thursday
November 2024
2024 November 21
1446 Joumada I 19

അകം തൊടുന്ന  ഖുര്‍ആന്‍ വായനകള്‍ – സദ്‌റുദ്ദീന്‍ വാഴക്കാട്

ഡാനിയല്‍ സ്‌ട്രെയ്ഷ്, സ്വിറ്റ്‌സര്‍ലാന്റുകാരനാണ്. പട്ടാളത്തിലെ പരിശീലകന്‍, സ്വിസ് പീപ്പ്ള്‍സ് പാര്‍ടിയുടെ കമ്മ്യൂണിറ്റി കൗണ്‍സില്‍ മെമ്പര്‍. പ്രൊട്ടസ്റ്റന്റുകാരനായി ജനിച്ച്, കത്തോലിക്കനായി മാറിയ ക്രൈസ്തവ വിശ്വാസി. ഇസ്‌ലാം വിരുദ്ധത തലക്കു പിടിച്ചപ്പോള്‍, പള്ളികളില്‍ മിനാരം നിര്‍മിക്കുന്നതിനെതിരെ ദേശ വ്യാപക പ്രചാരണവുമായി ഇറങ്ങി, മിനാരം നിരോധന നിയമം പാസാക്കിയെടുക്കാന്‍ പരിശ്രമിച്ചയാള്‍. പക്ഷേ, ഡാനിയല്‍ സ്‌ട്രെയ്ഷ് എത്തിയത് ഇസ്‌ലാമിലായിരുന്നു! പിന്നീടുള്ള ജീവിതത്തെ കുറിച്ച് പറയാന്‍ പലതുണ്ട്. ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ തേടി ഖുര്‍ആന്‍ വായിക്കാനാരംഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
വിശുദ്ധ ഖുര്‍ആന്‍ വെളിച്ചത്തിലേക്ക് നയിച്ച അനേകായിരങ്ങളില്‍ ഒരാളാണ് ഡാനിയല്‍ സ്‌ട്രെയ്ഷ്. എതിര്‍ക്കാന്‍ വേണ്ടി പഠിച്ച ഖുര്‍ആന്‍ അദ്ദേഹത്തെ മാറ്റിമറിച്ചു. ഖുര്‍ആനിന്റെ അക്ഷരങ്ങളിലൂടെ അദ്ദേഹം കടന്നു പോവുകയായിരുന്നില്ല, ഖുര്‍ആനിന്റെ ആശയങ്ങള്‍ അദ്ദേഹത്തിലൂടെ കടന്ന് പോവുകയായിരുന്നു, അവ അദ്ദേഹത്തെ കീഴടക്കുകയായിരുന്നു. ഇതൊരു  പുതിയ അനുഭവമല്ല, ചരിത്ര വഴികളില്‍ ഒരു പാട് തവണ ആവര്‍ത്തിക്കപ്പെട്ട അത്ഭുതമാണ്. ഉമര്‍ ബിന്‍ ഖതാബിലാകണം തുടക്കം. പിന്നെ എത്രയെത്ര പേര്‍ ആ വഴിയില്‍ നടന്നു, ഖുര്‍ആനിനെ നെഞ്ചേറ്റി ജീവിതം സാര്‍ഥകമാക്കി!
അതാണ് ഖുര്‍ആന്‍; മനുഷ്യനെ അടിമുടി മാറ്റി മറിക്കുന്ന വിശുദ്ധഗ്രന്ഥം, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കുന്ന സന്‍മാര്‍ഗ ദീപം, ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക് ഉയര്‍ത്തുന്ന വെളിപാട് പുസ്തകം, മനുഷ്യന്റെ അകത്തുള്ള മാലാഖയെ പുറത്തെടുക്കുന്ന അമാനുഷ ശക്തി, സാമൂഹിക മാറ്റത്തിന്റെ തുകിലുണര്‍ത്തുന്ന വിപ്ലവ ഗ്രന്ഥം. ചരിത്രത്തില്‍ ഇങ്ങനെയൊക്കെയായിരുന്നു ഖുര്‍ആന്‍, വര്‍ത്തമാനത്തിലും അതങ്ങനെത്തന്നെയാകണം. അതിനു പക്ഷേ, അക്ഷരങ്ങളില്‍ നിന്ന് ആശയങ്ങളിലേക്ക് നമ്മുടെ ഖുര്‍ആന്‍ വായനകളെ പരാവര്‍ത്തനം ചെയ്യണം. നാം ഖുര്‍ആനിലൂടെ ഓതിപ്പോയാല്‍ പോരാ, ഖുര്‍ആന്‍ നമ്മുടെ അകം തൊടണം. നമ്മുടെ മനസിനോടും മസ്തിഷ്‌കത്തോടും സംവദിക്കണം. ഖുര്‍ആനുമായി സത്യവിശ്വാസികള്‍ക്കുണ്ടാകേണ്ടത് അത്തരമൊരു ബന്ധമാണ്.
ഈ ഖുര്‍ആന്‍ വചനമൊന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ; ”അവര്‍ ഖുര്‍ആനെക്കുറിച്ച് ചിന്തിക്കുന്നില്ലേ ! അതോ, അവരുടെ ഹൃദയങ്ങള്‍ക്ക് താഴിട്ട് പൂട്ടിയിരിക്കുകയാണോ?” ( മുഹമ്മദ് 24). ”അവര്‍ ഖുര്‍ ആന്‍ പാരായണം ചെയ്യുന്നില്ലേ, അവരുടെ നാവിനും ചുണ്ടിനും താഴിട്ടിരിക്കുകയാണോ?” എന്നല്ല ചോദ്യം. സൂക്തത്തില്‍  ഉപയോഗിച്ച പദം തദബ്ബുര്‍ ആണ്. പുറകെ പോവുക, ചിന്തിക്കുക എന്നൊക്കെയാണ് ഇതിനര്‍ഥം. ആശയങ്ങള്‍ മനസിലാകും വിധം ഖുര്‍ആനിനെ സമീപിക്കണം എന്നാണ് ഹൃദയത്തോട് ബന്ധപ്പെടുത്തി പറഞ്ഞതിന്റെ താല്‍പര്യം.
മനുഷ്യന് നാലു കണ്ണുകളാണ്, രണ്ടെണ്ണം മുഖത്ത്, ഭൗതിക ലോകത്തെ കാണാന്‍. രണ്ടെണ്ണം ഹൃദയത്തില്‍, അല്ലാഹുവിന്റെ വെളിച്ചവും പരലോകവും കാണാന്‍. ഹൃദയത്തിന്റെ കണ്ണുകള്‍ അടച്ചുവെച്ച ശേഷം, മുഖത്തെ കണ്ണുകള്‍ ഖുര്‍ആനിന്റെ അക്ഷരങ്ങളെ പരതിയതുകൊണ്ട് മാത്രം, അത് ആത്മാവിനോട് സംവദിക്കില്ല, ജീവിതത്തിന്റെ വെളിച്ചമാകില്ല. അത്തരം പാരായണക്കാരെ നബി തുറന്നു കാട്ടിയിട്ടുണ്ട്. സഹ്‌ലുബ്‌നു സഅദുസ്സാഇദി ഉദ്ധരിച്ച ഒരു സംഭവമുണ്ട്; ”ഞങ്ങള്‍ ഖുര്‍ആന്‍ ഓതുന്നിടത്തേക്ക് കടന്നുവന്ന റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ ഗ്രന്ഥം ഒന്നേയുള്ളൂ. നിങ്ങളിലുണ്ട് ഉത്തമന്മാരും വിശിഷ്ട വ്യക്തിത്വങ്ങളും. ചുവപ്പ് നിറമുള്ളവരുമുണ്ട്, കറുപ്പ് നിറമുള്ളവരുമുണ്ട് നിങ്ങളുടെ കൂട്ടത്തില്‍. നിങ്ങള്‍ ഖുര്‍ആന്‍ ഓതിക്കൊള്ളുക, പാരായണം ചെയ്തു കൊള്ളുക. ഇനിയൊരു കൂട്ടര്‍ വരാനുണ്ട്. അവര്‍ അത് പാരായണം ചെയ്തുകൊണ്ടിരിക്കും. അതിലെ അക്ഷരങ്ങള്‍ വടിവൊത്ത് മൊഴിയുന്നതിലാവും അവരുടെ ശ്രദ്ധ. അമ്പുകളുടെ അഗ്രം നേരെയാക്കുന്ന പോലെ അക്ഷരങ്ങള്‍ നേരെയാക്കുന്ന ആ വിഭാഗത്തിന്റെ തൊണ്ട കുഴിക്കപ്പുറത്തേക്ക് ഖുര്‍ആന്‍ പ്രവേശിക്കില്ല. അവര്‍ക്ക് അതിന്റെ പ്രതിഫലം വേഗം വേണം, പിന്നെയായാല്‍ പറ്റില്ല” (ഇബ്‌നു ഹിബ്ബാന്‍)
മറ്റൊരു നബിവചനം ഇങ്ങനെ: ”കാലം അവസാനിക്കാറാകുമ്പോള്‍ ഒരു വിഭാഗം രംഗത്ത് വരും. അവരുടെ ഖുര്‍ആന്‍ പാരായണം തൊണ്ടക്കുഴിക്കപ്പുറം കടക്കുകയില്ല, അമ്പ് വില്ലില്‍ നിന്നെന്ന പോലെ അവര്‍ ദീനില്‍ നിന്ന് തെറിച്ചു പോകും.”
(അബ്ദുല്ലാഹിബ്‌നു മസ്ഊദ് നിവേദനം ചെയ്ത ഹദീസ്, ഇമാം മുസ്‌ലിം ഉദ്ധരിച്ചത്). വിശുദ്ധ റമദാനില്‍ ഖുര്‍ആനിലൂടെ ഒരാവര്‍ത്തി കടന്നു പോകുന്നവര്‍, അതെന്താണ് തങ്ങളില്‍ ബാക്കിയാക്കിയതെന്ന്, എന്തുമാറ്റമാണ് തങ്ങളില്‍ സൃഷ്ടിച്ചതെന്ന്, പുതിയ എന്ത് ഇസ്‌ലാമിക ബോധ്യമാണ് അതുണ്ടാക്കിയതെന്ന് ചിന്തിച്ചാല്‍, തങ്ങളുടെ  ഖുര്‍ആന്‍ വായനയുടെ സ്വഭാവം സ്വയം തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും സാധ്യമാകും.
വിശുദ്ധ ഖുര്‍ആന്‍ ഹൃ ദയത്തില്‍ സ്വീകരിച്ച്, ജീവിതത്തില്‍ കൊണ്ടുവന്ന വ്യക്തികളും തലമുറകളും വിജയിച്ചതാണ് ചരിത്രം. മുഹമ്മദ് നബി വിജയിച്ചത് ഖുര്‍ആന്റ ആയിരക്കണക്കിന് കോപ്പികള്‍ എടുക്കുന്നതിലായിരുന്നു, ഭൂമിയില്‍ സഞ്ചരിക്കുന്ന ഖുര്‍ആന്റെ ജീവല്‍ പതിപ്പുകള്‍. അന്ന് ഖുര്‍ആന്റെ അച്ചടിച്ച ഒരു കോപ്പി പോലും ഉണ്ടായിരുന്നില്ല എന്നുമോര്‍ക്കണം! അന്ന് അവരുടെ കൈയിലായിരുന്നില്ല, മനസ്സിലായിരുന്നു ഖുര്‍ആന്‍. ഇന്നോ? മുസ്‌ലിം സമൂഹത്തിന്റെ കൈയില്‍ കോടാനുകോടി ഖുര്‍ആന്‍ കോപ്പികളുണ്ട്. എന്നാല്‍ മനസ്സിലും ജീവിതത്തിലും ഖുര്‍ആനിന്റെ പ്രതിഫലനമെന്ത്?
മുഹമ്മദുല്‍ ഗസ്സാലിയുടെ നിരീക്ഷണം മനോഹരമത്രെ: ”ആദ്യ നൂറ്റാണ്ടുകള്‍ക്ക് ശേഷം മുസ്‌ലിംകളുടെ ദൈവിക ഗ്രന്ഥത്തിലുള്ള ശ്രദ്ധയും ഖുര്‍ആനോടുള്ള പരിഗണനയും കേവല പാരായണത്തിന്റെ വശത്തേക്ക് മാത്രം തിരിഞ്ഞു. അക്ഷരങ്ങളുടെ വാമൊഴി നേരെയാക്കിയും നീട്ടിയും കുറുക്കിയും മണിച്ചും ഈണത്തില്‍ പാരായണം ചെയ്യുന്നതിലായി മുഖ്യ ശ്രദ്ധ. ഖുര്‍ആനോടുള്ള സമീപനത്തില്‍ ഒരു സമുദായവും അനുവര്‍ത്തിച്ചിട്ടില്ലാത്ത പുതിയ നയമാണ് അവര്‍ കൈക്കൊണ്ടത്. ഖുര്‍ആന്‍ എന്ന പദത്തിന്റെ ക്രിയാ രൂപമായ ഖറഅ്തു എന്ന വാക്കിന് ‘ഞാന്‍ വായിച്ചു’ എന്നാണര്‍ഥം. ഈ പദത്തിന്റെ ശ്രവണ മാത്രയില്‍ ഒരു സാധാരണ മനുഷ്യന്‍ അര്‍ഥമാക്കുന്നത് അയാള്‍ക്ക് വന്നിട്ടുള്ള ഒരു എഴുത്തോ സന്ദേശമോ വായിച്ചു ഉള്ളടക്കം ഗ്രഹിച്ചു എന്നാണ്.
മുസ്‌ലിം സമൂഹം പാരായണത്തിനും പരിചിന്തനത്തിനുമിടയില്‍ വേര്‍തിരിവുണ്ടാക്കിയത് ഏതടിസ്ഥാനത്തിലാണെന്ന് എനിക്കറിഞ്ഞുകൂടാ. ഇന്നൊരു മുസ്‌ലിം ഖുര്‍ആന്‍ ഓതുന്നത് കേവല ബര്‍കത്ത് നേടാന്‍ വേണ്ടിയാണ്. ആശയം ഗ്രഹിക്കാതെ പദങ്ങള്‍ ഉരുവിടുന്നത് കൊണ്ടു മാത്രം ഉദ്ദേശ്യം നിറവേറുമെന്നോ അത്ര മതിയെന്നോ ഉള്ള ധാരണയാണ് സമൂഹത്തില്‍ പരക്കെയുള്ളത്. ഖുര്‍ആന്‍ പഠന വേദഗ്രന്ഥം എന്ന നിലക്ക് ഈ സമീപനം ഒട്ടും അഭികാമ്യമല്ല. ‘പ്രവാചകരേ! നാം ഇത് താങ്കള്‍ക്ക് ഇറക്കിത്തന്നു. ഇത് അനുഗൃഹീതമായ മഹദ് വേദമാകുന്നു. ഈ ജനം ഇതിലെ സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതിനും ബുദ്ധിയും തന്റേടവുമുള്ളവര്‍ അതുവഴി പാഠമുള്‍ക്കൊള്ളേണ്ടതിന്നും’ (സ്വാദ്: 29).
ശ്രദ്ധിച്ചും ഉള്‍ക്കൊണ്ടും മനനം ചെയ്തും അപഗ്രഥിച്ചും മനസ്സിലാക്കേണ്ടതാണ് ഖുര്‍ആന്‍ എന്ന് സാരം….. ആശയം ഗ്രഹിക്കാതെ, ഉദ്ദേശ്യം മനസ്സിലാക്കാതെ, ബാഹ്യാര്‍ഥത്തിന് അപ്പുറത്തുള്ള ആന്തര സത്യങ്ങളെക്കുറിച്ചാലോചിക്കാതെ, സമൂഹത്തിന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ വിജയത്തിന് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന അധ്യാപനങ്ങളെയും അനുശാസനകളെയും പറ്റി ചിന്തിക്കാതെ, മനുഷ്യ വര്‍ഗത്തിന്റെ മുമ്പില്‍ സത്യസാക്ഷ്യ കര്‍ത്തവ്യം നിറവേറ്റി വിനഷ്ടമായ യശസ്സ് വീണ്ടെടുക്കാന്‍ വേദഗ്രന്ഥം അവതരിപ്പിക്കുന്ന അടിസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാതെ നടത്തുന്ന ഉപരിപ്ലവമായ കേവല പാരായണം കൊണ്ടെന്ത് നേട്ടമുണ്ടാവാനാണ്?” (കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍, പേജ് 27,28).
മനസ്സിലാക്കുന്നവര്‍ക്ക് വേണ്ടി വിശദീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ (അല്‍ബഖറ 185) എന്ന് എത്ര വ്യക്തമായാണ് അത് സ്വയം പരിചയപ്പെടുത്തിയത്. എന്നിട്ടും മനസ്സിലാക്കപ്പെടാതെ വായിക്കുന്ന വേദഗ്രന്ഥമായി പലര്‍ക്കും ഖുര്‍ആന്‍ ചുരുങ്ങി. അര്‍ഥമറിയാതെ പരായണം ചെയ്താലും മതിയാകുമെന്ന സിദ്ധാന്തം വാശിയോടെ സ്ഥാപിക്കാന്‍ പോലും ആളുണ്ടായിരിക്കെ മുസ്‌ലിം ലോകത്തിന്റെ ഭൂരിപക്ഷം ഖുര്‍ആനിക ആശയങ്ങള്‍ അറിയാത്തവരായാലും അത്ഭുതപ്പെടാനില്ല. ഖുര്‍ആന്‍ സ്വീകരിച്ച് തിരസ്‌കരിച്ചവരെക്കുറിച്ച ഒരു സൂക്തത്തെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. പരലോക വിചാരണയാണ് വേദി; ”റസൂല്‍ പറയും, എന്റെ രക്ഷിതാവേ തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനിനെ കൈവെടിഞ്ഞിരിക്കുന്നു.” (ഖുര്‍ആന്‍ 25:30). ‘കൈവെടിഞ്ഞിരിക്കുന്നു’ ( ഇത്തഖദൂ മഹ്ജൂറാ) എന്നാല്‍  എന്തായിരിക്കും ഉദ്ദേശ്യം?
യഥാര്‍ഥത്തില്‍, അകക്കണ്ണാണ് ഖുര്‍ആനിന്റെ കാര്യത്തില്‍ പ്രധാനം. അല്ലാഹുവിന്റെ കഴിവ്, സൂക്ഷ്മമായ അറിവ്, മനുഷ്യ കര്‍മങ്ങളുടെ രേഖീകരണം, മരണം, വിചാരണ, സ്വര്‍ഗം, നരകം… തുടങ്ങിയ പ്രതിപാദ്യങ്ങളെല്ലാം ഖുര്‍ആന്‍ വായനക്കിടയില്‍ നമ്മുടെ അകം നിറയ്ക്കണം, മനസ്സുലയ്ക്കണം, പിടിച്ചുകുലുക്കണം, ആഹ്ലാദഭരിതമാക്കണം. അതിന് നാം ഓതുന്നതിന്റെ അര്‍ഥമറിയണം, ആലോചനയോടെ അതിന്റെ പുറകെ കൂടണം. ഇതിനെയാണ് തിലാവത്ത് എന്നു ഖുര്‍ആന്‍ പറഞ്ഞത്. ‘നാം ഈ വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ അതിനെ വായിക്കേണ്ട വിധം വായിക്കുന്നു, അവരാണതില്‍ വിശ്വസിക്കുന്നവര്‍. ആര്‍ അതിനെ നിഷേധിക്കുന്നുവോ അവരാണ് പരാജിതര്‍.’ ആയത്തിലെ, യത് ലൂനഹു ഹഖ്ഖ തിലാവതിഹി എന്നതിനെയാണ് ‘വായിക്കേണ്ട വിധം വായിക്കുന്നവര്‍’ എന്ന് വിവര്‍ത്തനം ചെയ്തത്. തിലാവത്തിന്റെ അടിസ്ഥാന അര്‍ഥം പിന്തുടരുക എന്നാണ്. അതു തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും.
സത്യവിശ്വാസിയുടെ മനസും ശരീരവും ചിന്തയും പ്രവര്‍ത്തനവും ഖുര്‍ആനെ പിന്തുടരണം. കണ്ണുകള്‍ അക്ഷരങ്ങളെ പിന്തുടരണം, ആ കണ്ണുകളെ ചുണ്ടും നാവും പിന്തുടരണം. ഇത് തിലാവത്തിന്റെ ഏറ്റവും പ്രാഥമിക വശം. അപ്പോഴാണ്, വായ കൊണ്ടുള്ള കേവല പാരായണം നടക്കുക. ബുദ്ധിയും ചിന്തയും വായയെയും നാവിനെയും പിന്തുടരണം. അപ്പോഴാണ് ഖുര്‍ആനിനെക്കുറിച്ച ആലോചനകള്‍ നടക്കുന്നതും അത് നമ്മുടെ അറിവിനെയും ബോധത്തെയും സ്വാധീനിക്കുന്നതും.  ഇത് തിലാവത്തിന്റെ മുഖ്യ ഘട്ടമാണ് (സ്വാദ് 29 ).
നാലാമത്തെ ഘട്ടത്തില്‍, ബുദ്ധിയെയും ചിന്തയെയും മനസ്സ് പിന്തുടരണം. അപ്പോഴാണ്, അറിവും ആലോചനകളും വികാരമായി ജീവിതത്തില്‍ നിറയുന്നത്. (അല്‍ അന്‍ഫാല്‍ 2). കാരണം, മനസ്സാണ് വികാരങ്ങളുടെ കേന്ദ്രം. അങ്ങനെ, ബുദ്ധിയും മനസ്സും, വിവേകവും വികാരവും ഖുര്‍ആനികമായിത്തീരുമ്പോള്‍ ഒരു പുതിയ മനുഷ്യന്‍ ജനിക്കുന്നു. അഞ്ചാമത്തെ ഘട്ടത്തില്‍, ശരീരം മനസ്സിനെ തിലാവത്ത് ചെയ്യും, പിന്തുടരും. ചര്‍മ്മം, രോമകൂപങ്ങള്‍, കണ്ണുകള്‍… എല്ലാം മനസ്സിനെ പിന്തുടരും.  മനസ്സില്‍ നിറഞ്ഞ ഖുര്‍ആന്‍ ഈ ശരീരാവയവങ്ങളിലെല്ലാം അനുരണനങ്ങള്‍ സൃഷ്ടിക്കും.”സമുല്‍കൃഷ്ടമായ വചനങ്ങളത്രെ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. ഘടകങ്ങളൊക്കെയും പരസ്പരം ചേര്‍ന്നതും വിഷയങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടതുമായ ഒരു വേദം. അതു കേള്‍ക്കുമ്പോള്‍ റബ്ബിനെ ഭയപ്പെടുന്ന ജനത്തിന് രോമാഞ്ചമുണ്ടാകുന്നു. അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതമായി ദൈവസ്മരണയിലേക്കുന്മുഖമാകുന്നു. ഇതത്രെ അല്ലാഹുവിന്റെ സന്മാര്‍ഗം.” (അസ്സുമര്‍ 23)
ആദ്യം അക്ഷരങ്ങളെ പിന്തുടര്‍ന്ന കണ്ണുകള്‍ പിന്നീട് വീണ്ടും ഖുര്‍ആന്റെ ആശയങ്ങളെ പിന്തുടരുന്നു; ”ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നത് നിനക്കു കാണാം” (അല്‍മാഇദ  83).
ആറാമതായി, ശരീരമൊന്നാകെ ഖുര്‍ആനിനെ പിന്തുടരും, ഖുര്‍ആന്‍ പാരായണത്തിന്റെ സുജൂദ്! ഗര്‍ഭകാലത്ത് ഒരു കുഞ്ഞിനെ, പുതിയൊരു ജീവനെ ഉള്ളില്‍ വഹിക്കുന്ന സ്ത്രീയുടെ ശരീരം ഇളമിക്കുന്ന പോലെ, ഖുര്‍ആന്‍ ഉള്ളില്‍ വഹിക്കുന്ന ഒരാളുടെ ഹൃദയവും ഇളമിക്കും.”അനന്തരം അവരുടെ ശരീരങ്ങളും മനസ്സുകളും തരളിതമായി ദൈവസ്മരണയിലേക്കുന്മുഖമാകുന്നു.” ഖുര്‍ആനെ ഗര്‍ഭീകരിച്ചതിന്റെ ഫലം! അങ്ങനെ സംഭവിച്ചാല്‍ ഉള്ളില്‍ ഖുര്‍ആനാല്‍ ഊട്ടപ്പെട്ട പുതിയൊരു മനുഷ്യന്‍ രൂപമെടുക്കും. അത്തരം കുറേ ഖുര്‍ആനിക മനുഷ്യര്‍ ചേരുമ്പോള്‍, ഖുര്‍ആനിനു വേണ്ടി ഖുര്‍ആനാല്‍ ഊട്ടപ്പെട്ട പുതിയൊരു ഖുര്‍ആനിക സമൂഹം പിറക്കും. അത്തരമൊരു ജനത ജനിക്കുമ്പോഴാണ് ഖുര്‍ആനിന്റെ മാസം അര്‍ത്ഥവത്താകുന്നത്.
Back to Top