22 Sunday
December 2024
2024 December 22
1446 Joumada II 20

സയണിസവും ഒന്നാം ലോക യുദ്ധവും

എം എസ് ഷൈജു


ജറുസലേം, സീനായ് തുടങ്ങിയ പ്രദേശങ്ങളില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ ഉസ്മാനി ഖലീഫമാര്‍ ജൂതര്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ഫ്രാന്‍സ്, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ധാരാളം ജൂതന്മാര്‍ പലവിധ കാരണങ്ങളും കൊണ്ട് ഫലസ്തീന്‍ മേഖലയില്‍ കുടിയേറ്റക്കാരായി എത്തിച്ചേര്‍ന്നു. നെപ്പോളിയന്റെ അധിനിവേശ കാലത്ത് യൂറോപ്പിലെയും ഏഷ്യയിലെയും ജൂതര്‍ ഫലസ്തീനിലേക്ക് തീര്‍ഥാടനം പുനരാരംഭിച്ചിരുന്നു. ഇങ്ങനെ തീര്‍ഥാടകരായി വന്ന പല ജൂത കുടുംബങ്ങളും അവിടങ്ങളില്‍ തന്നെ തങ്ങി. നൂറ്റാണ്ടുകളും തലമുറകളുമായി അവരില്‍ അസ്തമിച്ച് കിടന്നിരുന്ന വാഗ്ദത്ത ഭൂമിയുടെ ഓര്‍മകള്‍ അവരില്‍ സജീവമാകുന്നത് നെപ്പോളിയന്റെ കാലത്തായിരുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും ജൂത സമൂഹത്തിന് ഫലസ്തീനിലേക്ക് കുടിയേറാനുള്ള ആഗ്രഹം ജനിക്കുന്നതും ഇക്കാലത്താണ്. പല രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി പരന്ന് കിടന്ന ആഗോള ജൂത സമൂഹത്തിന് ഭൂതകാല പ്രൗഢിയോടെ ഒറ്റ ജനതയും ഒറ്റ രാഷ്ട്രവുമായി പാര്‍ക്കണമെന്ന പൂതിയാരംഭിക്കുന്നതും ഏതാണ്ട് ഈയൊരു കാലഘട്ടത്തിന് ശേഷമാണ്.
ജൂത കുടിയേറ്റങ്ങള്‍ക്ക് ഒരു സൈദ്ധാന്തിക അടിത്തറയും ജൂതരാഷ്ട്രം എന്ന ആശയത്തിന് വ്യക്തതയും കൈവരുന്നത് സിയോണിസത്തിന്റെ ആവിര്‍ഭാത്തോടെയാണ്. ഒരു പോളിഷ് മാധ്യമപ്രവര്‍ത്തകനായിരുന്ന തിയഡോര്‍ ഹര്‍സല്‍ ‘ജൂത രാഷ്ട്രം’ എന്ന പേരില്‍ എഴുതിയ ഒരു പുസ്തകം ലോകത്തെല്ലായിടത്തുമുള്ള ജൂതന്മാരുടെ രാഷ്ട്ര ബോധത്തെ ഉത്തേജിപ്പിച്ചു. അന്നത്തെ ലോക രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് ജൂതര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും സാധ്യമാകാത്ത ഒന്നായിരുന്നു അവരുടേത് മാത്രമായ ഒരു രാഷ്ട്രം.
ലോകത്തെ, പ്രത്യേകിച്ച് യൂറോപ്പിലെ ധനാഢ്യരും എഴുത്തുകാരും സാമൂഹികമായി മുന്നില്‍ നില്‍ക്കുന്നവരുമായ ജൂതന്മാര്‍ ഹാര്‍സലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ആഗോള തലത്തില്‍ ജൂതരെ വംശീയമായി ബന്ധിപ്പിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രത്തിലേക്ക് അവരെ നയിക്കാന്‍ ശേഷിയുള്ളതുമായ ഒരു സംഘടന ആവശ്യമാണെന്ന് അവര്‍ ആലോചിക്കുകയും അതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് 1897ല്‍ ഒരു യോഗം വിളിച്ച് കൂട്ടുകയും ചെയ്തിരുന്നു. ആ യോഗത്തില്‍ വെച്ചാണ് ലോക സിയോണിസ്റ്റ് പ്രസ്ഥാനത്തിന് ജൂതര്‍ ആരംഭം കുറിച്ചത്.
ജൂതരുടെ പൗരാണിക ദേവാലയത്തെ ഹീബ്രു ഭാഷയില്‍ വിളിക്കുന്ന പേരാണ് സിയോണ്‍. അതിലേക്കുള്ള മടക്കത്തെ സൂചിപ്പിച്ച് കൊണ്ട് രൂപപ്പെട്ട ആശയമാണ് സിയോണിസം. ജൂത സമൂഹത്തിന്റെ സാമ്പത്തിക ശേഷിയെ കേന്ദ്രീകരണ സ്വഭാവത്തോടെ ശക്തിപ്പെടുത്തുന്നതിനും ആഗോള സമൂഹത്തിലെ ഒരു സാമ്പത്തിക ശക്തിയായി അവര്‍ക്ക് ഉയരുന്നതിനുമായി ജൂത ബാങ്ക് സ്ഥാപിക്കുക, ലോകത്തെല്ലായിടത്തുമുള്ള ജൂതര്‍ അവരുടെ തലമുറയെ ഹീബ്രു ഭാഷ അഭ്യസിപ്പിക്കുക, ഹീബ്രുവിനെ സംസാര ഭാഷയാക്കാന്‍ ശീലിക്കുക, മറ്റ് സംസ്‌കാരങ്ങളുമായുള്ള സങ്കലനങ്ങള്‍ ഇല്ലാതാക്കുക, യഹൂദ പൈതൃകത്തില്‍ ആത്മാഭിമാനമുള്ളവരായി പുതിയ തലമുറയെ വളര്‍ത്തുക, ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ പ്രായോഗികവും വ്യത്യസ്തവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, അവ വിവിധ യൂറോപ്യന്‍ ഭരണാധികാരികള്‍ക്ക് നല്‍കി പിന്തുണ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ പ്രമേയങ്ങളാക്കി ആഗോള സിയോണിസ്റ്റ് സമ്മേളനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലും വ്യത്യസ്ത ഭാഷാ സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും ജീവിച്ച് പോന്ന വൈജാത്യങ്ങള്‍ നിറഞ്ഞ ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ പ്രഖ്യാപിക്കപ്പെട്ട രാഷ്ട്രത്തിന് കീഴില്‍ ഒറ്റ ഭാഷയും സംസ്‌കാരവുമുള്ള ജനതയാക്കി പരിവര്‍ത്തനം നടത്തുവാന്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് സാധിച്ചത് നൂറ്റാണ്ട് മുമ്പ് തന്നെ ആവിഷ്‌കരിക്കപ്പെട്ട ഇത്തരം ആസൂത്രണങ്ങള്‍ വഴിയാണെന്ന് ഓര്‍ക്കണം.
ലോക യുദ്ധങ്ങളാണ് ഫലസ്തീന്റെ ഗതി മാറ്റി മറിച്ച ഏറ്റവും മുഖ്യമായ ഒരു ഘടകം. ഒന്നാം ലോക യുദ്ധത്തിന്റെ കാലമെത്തുമ്പോഴേക്കും ഉസ്മാനി ഖിലാഫത്തിന്റെ ശക്തിക്ഷയം ഏതാണ്ട് പാരമ്യതയിലെത്തിയിരുന്നു. ഫലസ്തീന്‍ അടങ്ങുന്ന അറബ് മേഖലയെയും തുര്‍ക്കിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹിജാസ് റെയില്‍ എന്ന വന്‍ പദ്ധതി ആരംഭിക്കാന്‍ ഖലീഫയായിരുന്ന സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ശ്രമമാരംഭിച്ചു. ഓട്ടോമന്‍ മേഖലകളെ സാമ്പത്തികവും വ്യാപാരപരവുമായി ശക്തിപ്പെടുത്താനും ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴില്‍ അവയെ കൂട്ടി യോജിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഒരു വന്‍ പദ്ധതിയായിരുന്നു ഹിജാസ് റെയില്‍വേ. ആഗോള ജൂത സംഘടന ഈ പദ്ധതിക്കെതിരായിരുന്നു. മദീന മുതല്‍ ഇസ്താംബൂള്‍ വരെ നീളുന്ന ഈ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ബ്രിട്ടനും ഉസ്മാനി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റങ്ങളും കൈകോര്‍ത്തു. എന്നിട്ടും 1908ല്‍ ഈ പദ്ധതി കമ്മീഷന്‍ ചെയ്യപ്പെട്ടു. അറേബ്യന്‍ മേഖലകളിലെ പോരാട്ട വീര്യമുള്ള വിവിധ പ്രാദേശിക ഗോത്ര രാജാക്കന്മാരെ ശക്തരാക്കി തുര്‍ക്കിക്കെതിരെ ആഭ്യന്തര യുദ്ധങ്ങള്‍ ആരംഭിക്കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കപ്പെടുന്നത് ഇക്കാലത്തായിരുന്നു. അനേകം ചെറു രാജാക്കന്മാര്‍ക്ക് ബ്രിട്ടന്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കി പോരാട്ട ഭൂമികയില്‍ ഇറക്കി. അറബ് മേഖലക്ക് ഒരു സ്വതന്ത്ര രാജ്യം എന്ന ആശ നല്‍കിയാണ് ബ്രിട്ടന്‍ വിവിധ പ്രാദേശിക ഭരണാധികാരികളെ കൂടെ നിര്‍ത്തിയത്. ഇവരില്‍ പലരെയും ബ്രിട്ടന്‍ പിന്നീട് കൈവിട്ടുവെന്നത് മറ്റൊരു ചരിത്രമാണ്. അങ്ങനെ ബ്രിട്ടന്‍ കൂടെക്കൂട്ടിയ ഒരു ഗോത്ര രാജവംശമായിരുന്നു അറേബ്യയിലെ ആലു സൗദ്. കൂടുതല്‍ പോരാട്ട വീര്യം പ്രകടിപ്പിച്ച ആലു സൗദ് ഗോത്ര നേതാവിന് ബ്രിട്ടന്‍ നല്‍കിയ പിന്തുണയുടെ ഫലമാണ് ഇന്നത്തെ സൗദി അറേബ്യയെന്ന രാഷ്ട്രം.
ബ്രിട്ടന്റെയും ജൂത സംഘടനയുടെയും പിന്തുണയില്‍ തുര്‍ക്കിക്കെതിരെ ബാഹ്യവും ആന്തരികവുമായ അനേകം വിഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതോടൊപ്പം ഭരണ ദൗര്‍ബല്യങ്ങള്‍ കൂടിയായപ്പോള്‍ നിലവിലെ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന് സ്ഥാനമൊഴിയേണ്ടി വന്നു. മുസ്തഫാ കമാല്‍ പാഷയെന്ന സൈനിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് വിഘടിത നീക്കങ്ങള്‍ സജീവമായത്. തുര്‍ക്കി ആഭ്യന്തര കലാപങ്ങളാല്‍ മുഖരിതമായി. വിഘടിതര്‍ രൂപീകരിച്ച ബദല്‍ ഗവണ്മെന്റിനെതിരില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. പുതിയ അധികാര കേന്ദ്രം ജൂത താത്പര്യം മുന്‍ നിര്‍ത്തുന്നവരാണെന്ന ആക്ഷേപങ്ങളായിരുന്നു ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ആധാരമായ കാരണകളില്‍ മുഖ്യമായവ. പഴയ സുല്‍ത്താനൊപ്പം നില്‍ക്കുന്നവരും പുതിയ ഭരണകൂടത്തിനൊപ്പം നില്‍ക്കുന്നവരുമെന്ന രണ്ട് ചേരിയിലായാണ് ആഭ്യന്തര പോരാട്ടങ്ങള്‍ കനത്തത്. സുല്‍ത്താന്‍ മുഹമ്മദ് വഹീദുദ്ധീനെയാണ് പുതിയ ഭരണകൂടം ഖലീഫയായി പ്രഖ്യാപിച്ചത്. ഖലീഫ എന്ന പദവി പേരില്‍ മാത്രമായിരുന്നു. ജൂതര്‍ക്ക് ഫലസ്തീനിലേക്ക് സ്വാഭാവിക കുടിയേറ്റങ്ങള്‍ നടത്താനും അവിടങ്ങളില്‍ വസ്തു വകകള്‍ വാങ്ങാനും അവര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഒരു നിയമം പുതിയ ഭരണകൂടം കൊണ്ട് വന്നു. ആധുനിക ഇസ്രായേലിന്റെ ചരിത്രം ആരംഭിക്കുന്നതിന് അസ്ഥിവാരമിട്ട ഒരു നിയമമായിരുന്നു ഇത്.
ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കി ബ്രിട്ടീഷ് വിരുദ്ധ പക്ഷത്താണ് നിലകൊണ്ടത്. യഥാര്‍ഥത്തില്‍ യുദ്ധത്തില്‍ കക്ഷി ചേരേണ്ട ഒരനിവാര്യതയും തുര്‍ക്കിക്ക് മുന്നില്‍ ഇല്ലായിരുന്നു. എന്നാല്‍ അറബികളെ തുര്‍ക്കിക്കൊപ്പം നിര്‍ത്താതിരിക്കാന്‍ ബ്രിട്ടന്‍ പരമാവധി പരിശ്രമിച്ചു. മക്കയും മദീനയുമുള്‍പ്പെട്ട ഹിജാസ് മേഖലയില്‍ ഉസ്മാനി ഖിലാഫത്തിന്റെ ഗവര്‍ണറായി ഭരണം നടത്തിയിരുന്നത് ശരീഫ് ഹുസൈന്‍ എന്ന ഭരണാധികാരിയായിരുന്നു. യുദ്ധാനന്തരം ശരീഫിന്റെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഒഴിവാക്കി ഒരു പരമാധികാര സ്വതന്ത്ര അറബ് രാജ്യം രൂപീകരിച്ച് നല്‍കാം എന്ന ബ്രിട്ടീഷ് വാഗ്ദാനത്തെ വിശ്വസിച്ച് അറബികളെ മുഴുവന്‍ തുര്‍ക്കി വിരുദ്ധരാക്കാനും ഉസ്മാനി ഖിലാഫത്തിന് എതിര് നില്‍ക്കാനുമുള്ള ആസൂത്രണങ്ങള്‍ ശരീഫ് നടത്തി.
ഇസ്ലാമിക ഖിലാഫത്ത് തുര്‍ക്കി വംശജരില്‍ നിന്ന് അറബികള്‍ വീണ്ടെടുക്കുക എന്ന പദ്ധതിക്ക് അറബ് ഗോത്രങ്ങളില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചു. ബ്രിട്ടന്റെ പിന്തുണയോടെ, തുര്‍ക്കിക്കെതിരെ അറബികള്‍ നേതൃത്വം നല്‍കുന്ന ആഗോള മുസ്ലിം ജനകീയ വിപ്ലവം എന്നൊരു ആശയമാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും ബ്രിട്ടന്റെ നീക്കങ്ങളില്‍ പൂര്‍ണ വിശ്വാസം വരാത്ത ശരീഫ് ഹുസൈന്‍ വിപ്ലവം പ്രഖ്യാപിക്കുന്നതിന് മുമ്പ് നിര്‍ദ്ദിഷ്ട അറബ് രാഷ്ട്രത്തിന്റെ ഘടന പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്റെ മുന്നില്‍ ആവശ്യമുയര്‍ത്തി. ഇന്ന് നാം കാണുന്ന അറബ് രാജ്യങ്ങളൊക്കെ ഉള്‍പ്പെട്ട ഒരു വിശാല അറബ് രാജ്യം ശരീഫ് ഹുസൈനും മകന്‍ ഫൈസലിനുമായി രൂപീകരിച്ച് നല്‍കാമെന്ന ഉറപ്പാണ് ബ്രിട്ടന്‍ നല്‍കിയത്. പകരം അവര്‍ ഫലസ്തീനില്‍ നിന്ന് പിന്മാറണം. ആഗോള ജൂത സംഘടനയും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണകള്‍ പ്രകാരമാണ് ഇങ്ങനെയുള്ള നിര്‍ദേശങ്ങള്‍ ബ്രിട്ടന്‍ അറബികള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചത്. തുര്‍ക്കികള്‍ക്ക് അറബ് മേഖലയില്‍ സ്വാധീനമുണ്ടാക്കാനും സൈനിക നീക്കം നടത്താനുമായി ഉപയോഗിക്കപ്പെട്ട ഹിജാസ് റെയില്‍വേ അറബ് വിപ്ലവകാരികള്‍ തകര്‍ത്തു. എന്നാല്‍ ശരീഫ് ഹുസൈനോ ഫൈസലിനോ അറബ് രാജ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നതും നജദിലെ ആലു സഊദ് ഗോത്രത്തിലെ അബ്ദുല്‍ അസീസ് രാജാവിന് അറേബ്യന്‍ മണ്ണിന്റെ ഗണ്യമായ ഒരുഭാഗം ഉള്‍പ്പെടുത്തി ഒരു രാജഭരണകൂടം രൂപീകരിക്കുന്നതിനാണ് ബ്രിട്ടന്‍ പിന്നീട് പിന്തുണനല്കിയെന്നതും മറ്റൊരു വൈപരീത്യമാണ്.
ഒന്നാം ലോക യുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെട്ടു. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തന്നെ അറബ് മേഖലയുടെ ഭരണത്തെ സംബന്ധിച്ചുള്ള ഒരു രഹസ്യ ധാരണ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ രൂപപ്പെടുത്തിയിരുന്നു. സൈക്സ് – പീകോ ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്. ജോര്‍ദാന്‍, ഇറാഖ്, ഫലസ്തീന്‍ ഭാഗങ്ങള്‍ തുടങ്ങിയവ ബ്രിട്ടനും, ഇന്നത്തെ ലബനാന്‍ സിറിയ എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിനും പങ്കിട്ടെടുക്കാനുള്ള ഒരു ധാരണയായിരുന്നു അത്. ഈജിപ്ത് ഇതിനകം തന്നെ ബ്രിട്ടന്റെ കീഴിലായിക്കഴിഞ്ഞിരുന്നു. ഇത്തരം സംഘര്‍ഷഭരിതമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാം മുമ്പ് പറഞ്ഞ ബാല്‍ഫര്‍ പ്രഖ്യാപനം നടക്കുന്നത്. തുടര്‍ന്ന് ഫലസ്തീനില്‍ ജൂത സെറ്റില്‍മെന്റുകള്‍ വ്യാപകമായ തോതില്‍ ശക്തിയാര്‍ജിച്ചു. കൂടുതല്‍ ജൂതന്മാര്‍ അവിടേക്ക് വന്ന് കൊണ്ടിരുന്നു. അതിനുള്ള പൂര്‍ണമായ പിന്തുണ ബ്രിട്ടന്‍ ജൂതര്‍ക്ക് നല്‍കുകയും ചെയ്തു. ബ്രിട്ടന്റെ പിന്തുണയില്‍ ആരംഭിച്ച കുടിയേറ്റങ്ങള്‍ മുമ്പത്തേതില്‍ നിന്ന് കൂടുതല്‍ ശക്തമായിരുന്നു. സ്വന്തം സെറ്റില്‍മെന്റുകള്‍ക്ക് പുറത്തേക്ക് കൂടി ജൂതന്മാര്‍ ശക്തി പ്രകടിപ്പിക്കാന്‍ ആരംഭിച്ചത് ഈ ഘട്ടത്തിലായിരുന്നു. തങ്ങള്‍ക്ക് പറ്റിയ കെണി മനസിലാക്കിയ അറബികള്‍ വസ്തുക്കള്‍ ജൂതര്‍ക്ക് വില്‍ക്കുന്നത് അവസാനിപ്പിച്ചു.
തുടര്‍ന്ന് അറബികളുടെ ഭൂപ്രദേശങ്ങളിലേക്ക് ജൂതര്‍ ബലമായി കയ്യേറ്റങ്ങള്‍ ആരംഭിച്ചു. അതിനെ പ്രതിരോധിക്കാന്‍ അറബികളും സംഘടിച്ചു. അതോടെ ജൂതരും അറബികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. അറബികളും ജൂതരുമെന്ന ദ്വന്ദം രൂപപ്പെടുന്നത് ഈയൊരു ഘട്ടത്തിലാണ്. അതിന് മുമ്പ് ഒരിക്കലും ജൂതര്‍ക്ക് അറബികള്‍ ഒരു പ്രശ്‌നമോ തങ്ങളുടെ മതകീയ ലക്ഷ്യങ്ങള്‍ക്ക് ഒരു തടസമോ ആയി തോന്നിയിരുന്നില്ല. ആഗോള ജൂതര്‍ പണം സമാഹരിച്ച് ഒരു ഭൂമേഖല വിലക്ക് വാങ്ങി അവിടെ ജൂതരാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു അവര്‍ വിഭാവനം ചെയ്ത പദ്ധതി. ഫലസ്തീനില്‍ ഇനി അത് സാധ്യമാകാതെ വന്നാല്‍ അര്‍ജന്റീനയില്‍ അത് സ്ഥാപിക്കാനുള്ള ഒരു രണ്ടാം പദ്ധതി പോലും അവര്‍ രൂപപ്പെടുത്തിയിരുന്നു. ഒന്നാം ലോക യുദ്ധം സൃഷ്ടിച്ച അവിശ്വസനീയമായ രാഷ്ട്രീയ മാറ്റങ്ങളും അതുണ്ടാക്കിയ പുതിയ ലോക സാഹചര്യങ്ങളുമാണ് ബലപ്രയോഗത്തിലൂടെയുള്ള കയ്യേറ്റങ്ങള്‍ എന്ന ആശയത്തിലേക്ക് അവരെ എത്തിക്കുന്നത്.
ഒന്നാം ലോക മഹായുദ്ധം അവസാനിക്കുമ്പോള്‍ ബ്രിട്ടന്‍ കൈക്കലാക്കിയ ഫലസ്തീന്‍ ഭൂപ്രദേശത്ത് നിന്ന് അവര്‍ പിന്‍വാങ്ങുന്നത് രണ്ടാം ലോക യുദ്ധം അവസാനിച്ചതിന് ശേഷമാണ്. അത് വരെ അവര്‍ അവിടെ തുടര്‍ന്നു. അപ്പോഴേക്കും ഒരു വന്‍ സമൂഹമായി ജൂതന്മാരുടെ എണ്ണം ഫലസ്തീനില്‍ പെരുകിക്കഴിഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയനിലെ ഗണ്യമായ ഒരു വിഭാഗം ജൂതന്മാര്‍ ഇവിടെയെത്തി പാര്‍പ്പ് തുടങ്ങിയിരുന്നു. ജൂതന്മാര്‍ ഫലസ്തീന്‍ മണ്ണില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ശക്തിയായി മാറി. തുടര്‍ന്ന് ഫലസ്തീനെ വിഭജിച്ച് ജൂതന്മാര്‍ക്കും അറബികള്‍ക്കുമായി രണ്ട് വ്യത്യസ്ത രാജ്യങ്ങളാക്കി നല്കാനുള്ള ഒരു പദ്ധതിയും മുന്നില്‍ വെച്ചാണ് ബ്രിട്ടന്‍ ഫലസ്തീനില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറായത്. രണ്ടാം ലോക യുദ്ധം അവസാനിക്കുമ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും മറ്റ് സഖ്യ കക്ഷികളും ചേര്‍ന്നെടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഫലസ്തീന്‍ ദേശത്ത് ഇസ്രായേല്‍ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രം ജൂതന്മാര്‍ക്കായി രൂപീകരിക്കണമെന്നത്. ഏറെ സമ്മര്‍ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കുമൊടുവില്‍ 1947 നവംബര്‍ 29 ന് ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്ക് ഫലസ്തീന്‍ ഭൂപ്രദേശത്തെ ജൂതര്‍ക്കും അറബികള്‍ക്കുമുള്ള രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കുന്ന തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നു.
(തുടരും)

Back to Top