സംസവും ഇസ്ലാമിക നാഗരികതയും
എന്‍ജി. പി മമ്മദ് കോയ
”ഞങ്ങളുടെ രക്ഷിതാവേ, ഞാനിതാ കല്പന പ്രകാരം എന്റെ സന്തതികളില്‍ ചിലരെ ഇവിടെ ഈ ജനവാസമില്ലാത്ത, കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ പവിത്രമായ ഭവനത്തിനടുത്ത് താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ! അവര്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കാന്‍ വേണ്ടിയാണ്. മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുളളവരാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് ഉപജീവനം നല്കുകയും ചെയ്യേണമേ!” – ജനവാസമോ ജീവജാലങ്ങളോ ഇല്ലാത്ത മക്കയിലെ മരുഭൂമിയില്‍ ഒരു ഇളം പൈതലിനെയും അതിന്റെ മാതാവിനെയും വിട്ടേച്ചു നാഥന്റെ കല്പന നിറവേറ്റിയ ഇബ്‌റാഹിം നബി എന്ന പിതാവ് ഉളളം നൊന്ത് പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.
വിജനമായ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ ഹാജറ തന്റെ കുഞ്ഞിന് ഒരു തുള്ളി ദാഹജലം അന്വേഷിക്കുന്നു. വിശുദ്ധ ഗേഹത്തിനടുത്ത് കുഞ്ഞിനെ കിടത്തി അടുത്തുള്ള സ്വഫ എന്ന കുന്നില്‍ കയറി ദൂരേക്ക് കണ്ണോടിക്കുന്നു. എവിടെയെങ്കിലും പക്ഷികള്‍ വട്ടമിട്ടു പറക്കുന്നുണ്ടോ? അവിടെ നിന്നിറങ്ങി നടന്ന് അടുത്തുള്ള മര്‍വ കുന്നിന് മുകളില്‍ കയറി നിരീക്ഷിക്കുന്നു. വെള്ളമുള്ളതിന്റെ എന്തെങ്കിലും അടയാളങ്ങള്‍ കാണുന്നുണ്ടോ? പരിഭ്രാന്തയായി, ആശ കൈവിടാതെ വീണ്ടും വീണ്ടും കുന്നുകളില്‍ കയറിയിറങ്ങുന്നു. അവസാനം നിരാശയോടെ തന്റെ കുഞ്ഞിന്റയടുത്തേക്ക് വരുമ്പോള്‍ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. കുഞ്ഞിന്റെ പാദഭാഗത്ത് കൂടി ശുദ്ധജലം ഒഴുകി വരുന്നു. അത് ഉറവയാകുന്നു. ഉറവ് ശക്തമായ ഒഴുക്കായി മാറുന്നു. സന്തോഷാധിക്യത്താല്‍ ആ മാതാവിന്റെ നാവില്‍ നിന്ന് നന്ദി സൂചകമായ വാക്കുകള്‍ ഉതിര്‍ന്നു വീഴുന്നു. സംസം.
ഒരു നാഗരികതക്ക് തുടക്കം കുറിച്ച നാമം. താന്‍ ആഗ്രഹിച്ചതും അന്വേഷിച്ചു നടന്നതും തന്റെ കുഞ്ഞിന്റെ കാല്‍ കീഴിലിതാ പ്രപഞ്ചനാഥന്‍ എത്തിച്ചിരിക്കുന്നു!
വിശുദ്ധ ഗേഹത്തിന്റെ മതിലില്‍ ചാരിയിരുന്നു പ്രാര്‍ഥിക്കുക മാത്രമായിരുന്നില്ല ഹാജറ ചെയ്തത്. നിതാന്തമായ അന്വേഷണമായിരുന്നു. ദാഹജലമന്വേഷിച്ചുള്ള അവരുടെ അധ്വാനത്തിന്റെ പ്രതീകങ്ങളാണ് സ്വഫായും മര്‍വയും. പ്രാര്‍ഥനയോടൊപ്പം പ്രവര്‍ത്തനവും ഉണ്ടെങ്കിലേ ലക്ഷ്യപ്രാപ്തിയിലേക്കെത്തുകയുള്ളൂ എന്ന് ചരിത്രം നമ്മെ തെര്യപ്പെടുത്തുകയാണ്.
ഒഴുകിക്കൊണ്ടിരിക്കുന്ന സംസം പറവകളെ ആകര്‍ഷിക്കുന്നു. അവ ഒഴുക്കിന് മുകളില്‍ വട്ടമിട്ടു പറക്കുന്നു. ദൂരെ നിന്ന് ഖാഫിലകള്‍ (കച്ചവട സംഘങ്ങള്‍) മക്ക ഇടത്താവളമാക്കുന്നു. ക്രമേണ മക്ക യാത്രക്കാരുടെ പറുദീസയാകുന്നു. കച്ചവട കേന്ദ്രമാകുന്നു. സംസം എന്ന അനുഗൃഹീത നീരുറവ കാരണം മക്ക ജനനിബിഡമായ പട്ടണമായി മാറുകയും പുതിയ ഒരു നാഗരികത ഉയര്‍ന്നു വരികയും ചെയ്യുന്നു.
ഇബ്‌റാഹിം നബിയുടെ മനം നൊന്തുള്ള പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്കി. ലോക ജനമനസ്സുകളെ ആ നഗരത്തോട് ചായ്‌വുള്ളവരാക്കിയിരുന്നു. വര്‍ഷാവര്‍ഷം തീര്‍ഥാടക ലക്ഷങ്ങള്‍ ഉമ്മുല്‍ ഖുറായിലെത്തുന്നു. പുഷ്‌കലമായ ഒരു നാഗരികതക്ക് ബീജാപാപം ചെയ്ത സംസം ഇന്നും അനസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നു.
ഇന്ന് സംസം കിണറിന് ഏതാണ്ട് നൂറടിയോളം ആഴമുണ്ട്. ദിവസവും ലക്ഷക്കണക്കിന് ഗാലന്‍ വെള്ളമാണ് ഇതില്‍ നിന്ന് മോട്ടോറുപയോഗിച്ച് എടുക്കുന്നത്. മിനുട്ടുകള്‍ക്കകം വെള്ളത്തിന്റെ വിതാനം നിലനിര്‍ത്തുന്ന രീതിയിലാണ് സംസത്തിന്റെ ഉറവുകള്‍. ഹറം ബേസ്‌മെന്റ് ഫ്‌ളോറിന്റെ ലവലില്‍ നിന്ന് ഏതാണ്ട് മൂന്നു മീറ്റര്‍ താഴെയാണ് ഈ കിണറിന്റെ സ്ഥിരം ജലവിതാനം.
സംസം വിതരണത്തിന് അതി വിപുലമായ സംവിധാനങ്ങളാണ് ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശീതീകരിക്കാനുളള പ്ലാന്റുകള്‍-ഗവേഷണ നിരീക്ഷണത്തിനുളള സംവിധാനങ്ങള്‍. മദീനയിലേക്കെത്തിക്കാനുള്ള ടാങ്കര്‍ ലോറികള്‍ അനേകം ടാപ്പുകള്‍… ലക്ഷക്കണക്കിനാളുകള്‍ ദിവസവും ദാഹശമനം വരുത്തുന്നു. തീര്‍ഥാടകര്‍ വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു. സംസം ഫാക്ടറികളില്‍ നിന്ന് കുപ്പികളിലാക്കി സീല്‍ ചെയ്തു വിതരണം ചെയ്യുന്നു. ഇരു ഹറമുകളിലും നിരനിരയായി ടാപ്പുകളും ജാറുകളും!
ഇതൊക്കെയുണ്ടെങ്കിലും ഹജ്ജ് സീസണില്‍ ജാറുകള്‍ക്കരികില്‍ പോലും നല്ല തിരക്കാണ്. അല്പം തിരക്കൊഴിഞ്ഞ ഭാഗത്ത് നിന്ന് ഞങ്ങള്‍ സംസം മതിവരുവോളം കുടിച്ചു. കഅ്ബയുടെ നേരെ തിരിഞ്ഞു നിന്നു പ്രാര്‍ഥിച്ചു: ”അല്ലാഹുവേ ഞാന്‍ നിന്നോട് പ്രയോജനകരമായ അറിവിനെയും സുഭിക്ഷമായ ആഹാരത്തെയും സര്‍വ രോഗങ്ങളില്‍ നിന്നുമുള്ള ശമനത്തേയും ചോദിക്കുന്നു.” സംസം വെള്ളത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനി ഉംറയുടെ അവസാന കര്‍മങ്ങളിലേക്കാണ് പോകേണ്ടത്.
സഅ്‌യ് ചെയ്യണം… സഫാ മര്‍വാ കുന്നുകള്‍ക്കിടയിലുള്ള നടത്തത്തിന്നാണ് സഅ്‌യ് എന്ന് പറയുന്നത്. സംസവും സഅ്‌യും ഇബ്‌റാഹീം പ്രവാചകന്റെ പ്രേയസിയായ ഹാജറയിലേക്കാണ് നമ്മെ എത്തിക്കുക. അവരുടെ ദീപ്തമായ സഹനത്തിന്റെ ചരിത്രത്തിലേക്ക്!