സകാത്തുല്‍ ഫിത്വ്‌റും ചില ആലോചനകളും
അബ്ദുല്‍അലി മദനി
ദീനുല്‍ ഇസ്‌ലാം അനുയായികളോട് വിശ്വസിക്കാനും അനുഷ്ഠിക്കാനും ആഘോഷിക്കാനുമായി നിശ്ചയിച്ചിട്ടുള്ള ഏതെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം സ്രഷ്ടാവും നാഥനുമായ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് വിശ്വാസികള്‍ ദൃഢമായി അംഗീകരിക്കുന്നു. തന്മൂലം നാഥനായ റബ്ബിനോടുള്ള വിശ്വാസികളുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാഹു പ്രവാചകനിലൂടെ വ്യക്തമായി അറിയിച്ച ഏതൊരു കാര്യമെടുത്തു പരിശോധിച്ചാലും അതിലെല്ലാം ഒട്ടേറെ ഗുണപ്രദമായ നന്മകളും മാനുഷികതയും അന്തര്‍ലീനമായതായി കാണാനാകും. അതുകൊണ്ടുതന്നെ അവസാനത്തെ ദൈവദൂതനായ മുഹമ്മദ് നബി (സ)യുടെ ജീവിതമാതൃകകള്‍ അനുയായികളായ വിശ്വാസികളെ പുണ്യങ്ങള്‍ സ്വായത്തമാക്കാന്‍ പ്രചോദിതമാക്കിക്കൊണ്ടിരിക്കുന്നു.
മാനവരാശിക്കായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും വിശിഷ്ടമായത് സന്മാര്‍ഗദര്‍ശനം (ഹുദാ) ആയ ഖുര്‍ആനാണ്. അത് സത്യാസത്യ വിവേചനമാണ്, നേര്‍മാര്‍ഗമാണ്, സത്യസരണിയുടെ വിശദാംശമാണ്, സര്‍വോപരി ദൈവാനുഗ്രഹവും കാരുണ്യവും സുവ്യക്തമായ ദൃഷ്ടാന്തവുമാണ്. ഈ പ്രപഞ്ചത്തിലെ ഓരോന്നും ദൃഷ്ടാന്തമാണ് എന്നറിയിക്കുന്ന അതുല്യമായ ദൃഷ്ടാന്തമാണ് അഥവാ ‘ആയാത്തുന്‍ ബയ്യിനാത്ത്’ ആണ് ഖുര്‍ആനിലെ വചനങ്ങള്‍ ഓരോന്നും. ഈ ഖുര്‍ആന്‍ അവതരിച്ചില്ലായിരുന്നെങ്കില്‍ മനുഷ്യരാശിയുടെ അവസ്ഥ എന്താകുമായിരുന്നു എന്നോര്‍ക്കുമ്പോഴാണ് അത് വന്നുകിട്ടിയതിലുള്ള ആഹ്‌ളാദപ്രകടനത്തിന്റെ വിലയും നിലയും ഉള്‍ക്കൊള്ളാനാവുക.
റമദാനിലെ വ്രതാനുഷ്ഠാനത്തോടൊപ്പം ഒട്ടനേകം പുണ്യം ലഭിക്കത്തക്ക സത്കര്‍മങ്ങളില്‍ വ്യാപൃതരായിരുന്നു സത്യവിശ്വാസികള്‍. അവരുടെ മനസ്സും ശരീരവും ആത്മസംശുദ്ധിയുടെ പാതയിലായിരുന്നു. പ്രവാചകന്റെ(സ) നിയോഗം തന്നെ അതിനു വേണ്ടിയായിരുന്നല്ലോ. എല്ലാ നല്ല സ്വഭാവങ്ങളുടെയും പൂര്‍ത്തീകരണമാണ് തന്റെ പ്രവാചകത്വത്തിന്റെ ലക്ഷ്യമെന്ന് അവിടുന്ന് അഭിമാനപൂര്‍വം ഉദ്‌ഘോഷിച്ചിരുന്നു. ഇബ്‌റാഹീ(അ)മിന്റെ പ്രാര്‍ഥനയുടെ സാക്ഷാത്കാരമാണ് തന്റെ പ്രവാചകത്വമെന്നും അഭിമാനത്തോടെ റസൂല്‍(സ) എടുത്തുപറയാറുണ്ടായിരുന്നു. ഇബ്‌റാഹീം നബിയുടെ ദുആ ഇങ്ങനെയാണ്: ”ഞങ്ങളുടെ നാഥാ, നീ ഇവരില്‍ നിന്ന് ഒരു ദൂതനെ നിയോഗിേക്കണമേ. അദ്ദേഹം അവര്‍ക്ക് നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും വേദവും തത്വജ്ഞാനവും അഭ്യസിപ്പിക്കുകയും അവരെ സംസ്‌കരിച്ചെടുക്കുന്നവനാവുകയും ചെയ്യും വിധമുള്ള ഒരു പ്രവാചകനെ. നീ പ്രതാപവാനും യുക്തിജ്ഞനുമാണല്ലോ” (ഖുര്‍ആന്‍ 2:129).
ഇതിനെല്ലാം ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന വേദവാക്യങ്ങളായിട്ടും മനുഷ്യമനസ്സുകള്‍ക്കുള്ള ശമനമായും സന്മാര്‍ഗമായും അല്ലാഹുവിന്റെ ഔദാര്യമായും കാരുണ്യമായുമാണ് ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് (ഖുര്‍ആന്‍ 10: 57, 58 വചനങ്ങളുടെ ആശയം). ഇങ്ങനെയൊരു ഗ്രന്ഥം ലഭിച്ചതിലുള്ള ആഹ്ലാദപ്രകടനമാണ് റമദാനില്‍ വിശ്വാസികള്‍ പ്രകടിപ്പിച്ചത്. അതിന്റെ തന്നെ ഭാഗമായാണ് അവര്‍ അവരുടെ ധര്‍മബോധം ഉജ്വലമാക്കിത്തീര്‍ക്കുന്നതുമെല്ലാം. ദൈവത്തെ വാഴ്ത്തിയും പ്രകീര്‍ത്തിച്ചുമാണ് ദൈവത്തോടുള്ള നന്ദി വെളിപ്പെടുത്തേണ്ടതെന്ന അമൂല്യമായ പാഠമാണ് ഇതിലൂടെ വിശ്വാസികള്‍ക്ക് വായിച്ചെടുക്കാനുള്ളത്.
‘സ്വദഖത്തുല്‍ ഫിത്വ്ര്‍’ എന്നും ‘സകാത്തുല്‍ ഫിത്വ്ര്‍’ എന്നുമെല്ലാം അറിയപ്പെടുന്ന ദാനത്തിന്റെ പൊരുളെന്താണ്? അത് നല്‍കിക്കഴിയുമ്പോഴുള്ള വിശ്വാസിയുടെ ആത്മസായൂജ്യം എത്രയാണ്? പറഞ്ഞറിയിക്കാനാവില്ല. അതുസംബന്ധമായിട്ടുള്ള ഒരു ചെറുസംക്ഷേപവും കൂടിയാണീ കുറിപ്പിന്നാധാരം. നിര്‍ബന്ധ ദാനമായ സകാത്തിന്റെയും ഐച്ഛികമായ മറ്റു സ്വദഖകളുടെയും പുറമെയുള്ള ഒന്നാണ് സ്വദഖത്തുല്‍ ഫിത്വ്ര്‍. ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ പാവങ്ങള്‍ പട്ടിണിയാവാതിരിക്കാനും മനുഷ്യരെന്ന നിലക്ക് നോമ്പില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ പരിഹരിക്കുന്നതിനും വേണ്ടിയാണ് ഫിത്വ്ര്‍ സകാത്ത് നിയമമാക്കിയിട്ടുള്ളത്. ഇത് സമ്പന്നന്‍ അയാളുടെ സമ്പത്ത് കണക്കെടുത്ത് കൊടുക്കേണ്ട സകാത്തില്‍ പെട്ടതല്ല. മറിച്ച്, ചെറിയ പെരുന്നാള്‍ ദിവസത്തിലെ ഭക്ഷണച്ചെലവ് കഴിച്ച് മിച്ചം വരാവുന്ന ഏതൊരാളും നല്‍കേണ്ടതാണിത്. പ്രവാചകന്‍(സ) ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നറിയിച്ചപ്പോള്‍ തന്നെ ഇങ്ങനെയാണ് അരുളിയത്: ”സ്വദഖത്തുല്‍ ഫിത്വ്ര്‍ നോമ്പുകാരന് വിശുദ്ധിയും പാവപ്പെട്ടവന് ആഹാരവുമായിട്ടാണ്.” തന്നെയുമല്ല, ”അത് ഈദ് നമസ്‌കാരത്തിനു മുമ്പായി നല്‍കിയാല്‍ സ്വീകാര്യമായ സകാത്തുല്‍ ഫിത്വ്ര്‍ ആയി. നമസ്‌കാര ശേഷമാണ് അത് നല്‍കിയതെങ്കില്‍ മറ്റു ധര്‍മങ്ങളെപ്പോലെത്തന്നെയുള്ള ധര്‍മവുമാകും” (അബൂദാവൂദ്, ഇബ്‌നുമാജ).
റസൂല്‍(സ) സ്വദഖത്തുല്‍ ഫിത്വ്ര്‍ നിര്‍ബന്ധമാക്കിയത് കാരക്കയില്‍ നിന്ന് ഒരു സ്വാഅ്, അതല്ലെങ്കില്‍ ബാര്‍ലി, പാല്‍ക്കട്ടി, ഉണക്കമുന്തിരി, ഗോതമ്പ് എന്നിവയില്‍ നിന്ന് ഏതെങ്കിലുമൊന്നില്‍ നിന്ന് ഒരു സ്വാഅ് എന്ന നിലയ്ക്കുമാണ്. രണ്ടു കിലോഗ്രാമില്‍ അല്‍പം വര്‍ധനവുള്ള തൂക്കമാണ് ഒരു സ്വാഅ്.
പ്രവാചകന്റെ(സ) കാലഘട്ടത്തില്‍ അവിടത്തെ ആളുകളുടെ മുഖ്യമായ ഭക്ഷണപദാര്‍ഥങ്ങളില്‍ പെട്ടതായിരുന്നു ഇതെല്ലാം. അതിനാലാണ് പില്‍ക്കാലത്ത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നാട്ടിലെ മുഖ്യാഹാരമാകണം നല്‍കേണ്ടതെന്നു പറഞ്ഞിട്ടുള്ളത്. ഒരു ഗൃഹനാഥന്‍ അയാളുടെ അധീനതയിലുള്ള ഭാര്യ, മക്കള്‍, വേലക്കാര്‍ എന്നിവര്‍ക്കെല്ലാം ആളെണ്ണം നോക്കി സ്വദഖത്തുല്‍ ഫിത്വ്ര്‍ നല്‍കണം. അടിമയായാലും സ്വതന്ത്രനായാലും ആണായാലും പെണ്ണായാലും വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വേണ്ടി ഇത് കൊടുക്കേണ്ടതുണ്ട്. ധനത്തിനുള്ള സകാത്തല്ല ഇതെന്നതിനാല്‍ കഴിവില്ലാത്ത നോമ്പനുഷ്ഠിച്ച പാവപ്പെട്ടവനും ഉള്ളതില്‍ നിന്ന് ഈ സകാത്ത് കൊടുക്കാവുന്നതാണ്, അയാള്‍ ഫിത്വ്ര്‍ സകാത്ത് വാങ്ങാന്‍ അര്‍ഹതയുള്ളവനാണെങ്കില്‍ പോലും. നോമ്പിലുണ്ടായ അപാകതകള്‍ അയാള്‍ക്കും ഉണ്ടാകുമല്ലോ.
എന്നാല്‍ ആധുനിക കാലഘട്ടങ്ങളില്‍ വിശ്വാസികളുടെ ചിന്തകളില്‍ തന്നെ പുതിയ തരം ഗവേഷണപരമായ പല ആലോചനകളും നടക്കുന്നുണ്ട്. ഫിത്വ്ര്‍ സകാത്തായി കൊടുക്കാനുള്ള അരിയുടെ പണം സ്വരൂപിച്ച് അത് പെരുന്നാള്‍ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ നല്‍കിക്കൂടേ എന്നതാണ് ഒരു ചിന്ത. മറ്റൊന്ന്, ഉയര്‍ന്ന വിലനിലവാരമുള്ള ബിരിയാണിയരി പോലെയുള്ളത് സാധാരണ അരിക്കു പകരം നല്‍കിക്കൂടേ എന്നുള്ളതാണ്. നേരത്തേ കര്‍മശാസ്ത്ര ഗവേഷകര്‍ പറഞ്ഞുവെച്ചതല്ലാത്ത മറ്റൊരു ചിന്തക്കും ഇതിലൊന്നും സ്ഥാനമില്ലെന്ന് ശാഠ്യം പിടിക്കുന്നവരും കൂട്ടത്തിലുണ്ട്.
ഒരു പ്രധാന ചിന്തയായി സൂചിപ്പിക്കാനുള്ളത്, മതം അനുശാസിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കാതെയും, ലക്ഷ്യം പൂര്‍ത്തിയാക്കാനുതകുംവിധവും ദായകര്‍ക്ക് ഭാരമാകാതെയും, ലഭ്യമാകുന്നവരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ടും ഇതൊക്കെ മഹത്തരമായ ഒന്നാക്കിത്തീര്‍ത്തുകൂടേ എന്നതാണ്. അന്യനാട്ടില്‍ പോയി അവിടെ ജോലിയും റസിഡന്‍സ് രേഖകളുമൊന്നുമില്ലാതെ റൂമുകളില്‍ കഴിച്ചുകൂട്ടുന്ന കഷ്ടപ്പെട്ട നിരാലംബനായ ഒരു മനുഷ്യന് സ്വദഖത്തുല്‍ ഫിത്വ്ര്‍ ഇനത്തില്‍ അരി മാത്രം ധാരാളം ലഭ്യമാകുന്നത് എത്രമാത്രം മാനസിക പിരിമുറുക്കമാണ് ഉണ്ടാക്കുകയെന്നത് പറയാനുണ്ടോ? അയാള്‍ക്ക് സന്തോഷപ്രദമാകുംവിധം ഈ വിഹിതം സ്വരൂപിച്ചു നല്‍കുന്നത് സ്വദഖയായി പരിഗണിക്കുന്നത് നന്നാവില്ലേ? നാട്ടിലെ മുഖ്യാഹാരം തന്നെ നല്‍കണമെന്നത് മുഖ്യമായ അവശ്യപൂര്‍ത്തീകരണത്തിനുള്ളത് നല്‍കിയാല്‍ എന്താണ് മതവിരുദ്ധമായിട്ടുള്ളതെന്ന് ആലോചിക്കുന്നതില്‍ തകരാറുണ്ടോ? ഇതെല്ലാം ആലോചനകള്‍ക്കായി നല്‍കിയതാണ്. മതവിധിയായി പ്രഖ്യാപിക്കുന്നതല്ല. എന്തുതന്നെയായാലും സ്വദഖത്തുല്‍ ഫിത്വ്ര്‍ എന്നത് കൊടുത്തുവീട്ടേണ്ടതു തന്നെയാണ്.
കാര്യം ഇങ്ങനെയാണെങ്കിലും ഇത്തരം നല്ല കര്‍മങ്ങള്‍ മനഃസംതൃപ്തിയോടെയാകാനും മതത്തിനും സംസ്‌കാരത്തിനും അന്തസ്സായ വിധമാക്കാനും ഒട്ടേറെ പ്രതികൂലാവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയാതെ വയ്യ. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണപരമായ കാര്യങ്ങള്‍ വളരെ മന്ദഗതിയിലാണ് വിശ്വാസികള്‍ തന്നെ ആലോചിക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബിദ്അത്തുകളും പ്രചരിപ്പിക്കുന്നതിനാണ് പലരും ഊന്നല്‍ കൊടുക്കുന്നത്. മതപരമായി പാടില്ലാത്ത കാര്യങ്ങളില്‍ പോലും ഗവേഷണം നടക്കുന്നുമുണ്ട്.
സകാത്ത് സംഘടിതമായി നല്‍കാന്‍ പാടില്ലെന്ന് പറയാന്‍ വാചാലരാകുന്ന അത്രതന്നെ, നേര്‍ച്ചകളും മാലകളും മൗലിദുകളും എല്ലാവരും കൂടി ഒന്നിച്ചു പണം സ്വരൂപിച്ച് നടത്തേണ്ട ഒന്നാണോ എന്നതില്‍ ശബ്ദമുയരുന്നില്ല. സകാത്ത്, ഫിത്വ്ര്‍സകാത്ത് എന്നിവ നേരത്തേ സ്വരൂപിച്ച് ആവശ്യക്കാര്‍ക്ക് ആവശ്യപൂര്‍ത്തീകരണത്തിനു മുമ്പായിത്തന്നെ നല്‍കിയാല്‍ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാതിരിക്കുമോ? സംഘടിതമായി ഇതെല്ലാം നിര്‍വഹിച്ചാല്‍ ധാരാളം നന്മകള്‍ കണ്ടെത്താനാകും. ഒന്നാമതായി, അര്‍ഹരല്ലാത്തവര്‍ ഇതെല്ലാം വാങ്ങി ശേഖരിക്കാന്‍ മുതിരുകയില്ല. അര്‍ഹരായ പാവങ്ങള്‍ തന്നെ ധാരാളം വാങ്ങില്ല. അര്‍ഹരായ പലര്‍ക്കും ലഭിക്കാതിരിക്കുകയുമില്ല. കൊടുക്കേണ്ടവര്‍ കൊടുക്കാതിരിക്കുകയോ എന്തെങ്കിലും അല്‍പം മാത്രം നല്‍കി രക്ഷപ്പെടുകയോ ഇല്ല. ലഭ്യമാകുന്നവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെയാവുകയുമില്ല.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണ ദിവസമാണ് ലൈലത്തുല്‍ ഖദ്ര്‍. റമദാന്‍ 27-ാം രാവിനാണ് അത് ഇറങ്ങിയതെന്ന ധാരണയില്‍ പ്രസ്തുത രാവിനെ പ്രതീക്ഷിച്ച് അന്ന് പകല്‍ നാടുനീളെ യാചകരായി നടക്കുന്നത് എന്തുമാത്രം ലജ്ജാകരമാണ്! അതൊന്നും ആര്‍ക്കും പ്രശ്‌നമല്ല. കേവലം നാണയത്തുട്ടുകള്‍ എറിഞ്ഞുകൊടുക്കലാണ് സകാത്ത് എന്നും അത് വാങ്ങിവെച്ചാല്‍ ബര്‍കത്ത് ലഭിക്കുമെന്നു കരുതുന്ന സാധാരണക്കാരനും ഇസ്‌ലാം ദീനിനെ കളിയാക്കുകയാണ്. നല്‍കുന്നവന്‍ മേലധികാരിയും വാങ്ങുന്നവന്‍ അധമനുമെന്ന ഈ ജീര്‍ണത ആരാധനകള്‍ നിര്‍വഹിക്കുന്നതിലൂടെ കൂട്ടിക്കലര്‍ത്തുന്നവര്‍ ഭയാനകമായ ശിക്ഷയെയാണ് ഭയപ്പെടേണ്ടത്. ഇസ്‌ലാമിക ഖിലാഫത്തോ ഭരണസംവിധാനമോ ഇല്ലെന്നതിനാല്‍ സകാത്ത് ശേഖരണവും വിതരണവും വേണ്ടെന്നുവെക്കേണ്ടതുണ്ടോ? ഇതല്ലാത്ത മറ്റെല്ലാറ്റിനും മഹല്ലുകളില്‍ സംവിധാനമില്ലേ? സമുദായനേതൃത്വം ഉണരേണ്ടതുണ്ട്. നബി(സ)യും ഖലീഫമാരും സകാത്ത് സമ്പന്നരില്‍ നിന്ന് ശേഖരിച്ച് സാധുക്കള്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു. മുസ്‌ലിംകള്‍ സമൂഹമായി ജീവിക്കുന്ന മഹല്ലുകളില്‍ വിവാഹം, മയ്യിത്ത് പരിപാലനം തുടങ്ങിയ ബാധ്യതകള്‍ നിര്‍വഹിക്കുംപോലെത്തന്നെ സകാത്ത് ശേഖരണവും വിതരണവും നടക്കട്ടെയെന്നാണ് ഉണര്‍ത്താനുള്ളത്.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് ജീവിതമാര്‍ഗം നന്നാക്കിയെടുക്കാന്‍ ഉതകുംവിധമായിരിക്കണം സകാത്ത് വിതരണം. സകാത്ത് ലഭിച്ച വ്യക്തി അത് വളര്‍ത്തിയെടുത്ത് സകാത്ത് നല്‍കുന്ന അവസ്ഥയിലേക്ക് ഉയരുമ്പോള്‍ ദരിദ്രര്‍ കുറഞ്ഞ് ഇല്ലാതാവുന്നു. ഇതാണ് ഗുണകരമായ രീതി. അതല്ലെങ്കില്‍ സകാത്ത് പടക്കമായി പൊട്ടിത്തകരും.
നാട്ടില്‍ നിലനില്‍ക്കുന്ന എല്ലാ സാമ്പത്തിക പ്രതിസന്ധികളും ചില മഹല്ലുകളില്‍ ഇതുവഴി പൂര്‍ത്തീകരിക്കപ്പെടണമെന്നില്ല. എന്നിരുന്നാലും പടിപടിയായി പരിഹാരം കാണാനാകും. സകാത്ത് വാങ്ങാന്‍ അര്‍ഹര്‍ വര്‍ധിക്കുകയും നല്‍കാനുള്ളവര്‍ കുറഞ്ഞുവരുകയും ചെയ്യാതിരിക്കാന്‍ സൂക്ഷ്മത കാണിക്കണം. സകാത്ത് വാങ്ങാനുള്ളത് അതിന്റെ അര്‍ഹതയുള്ള എട്ടു വിഭാഗം തന്നെയാണ്. ഇവരെപ്പറ്റി ഖുര്‍ആന്‍ 9:60-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലുള്ള എട്ടു വിഭാഗവും എല്ലായിടത്തും ഉണ്ടായെന്നുവരില്ല.
നോമ്പുകാരന്റെ എല്ലാ വീഴ്ചകളും കേവലം ഫിത്വ്ര്‍ സകാത്തിനാല്‍ പൊറുക്കപ്പെട്ടുകൊള്ളണമെന്നില്ല. എല്ലാ രംഗങ്ങളിലും പ്രതിഫലിക്കാന്‍ ആവശ്യമായ ‘തഖ്‌വ’ (ഭക്തി) നോമ്പിലൂടെയാണ് ആര്‍ജിക്കേണ്ടത്. അളവിലും തൂക്കത്തിലും വീഴ്ച വരുത്തിയ നോമ്പുകാരനായ കച്ചവടക്കാരന്‍, ഉടമസ്ഥനെ പറ്റിക്കുന്ന തൊഴിലാളിയായ നോമ്പുകാരന്‍, വിശ്വസിച്ചേല്‍പിക്കപ്പെട്ടതില്‍ വഞ്ചന കാട്ടിയ ഉദ്യോഗസ്ഥനായ നോമ്പുകാരന്‍ ഇത്തരക്കാരെല്ലാം ഫിത്വ്ര്‍ സകാത്ത് നല്‍കിയതു കൊണ്ടുമാത്രം രക്ഷപ്പെട്ടെന്നു വരില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നവനും, മാട്ടും മാരണവും ഉറുക്കും ഏലസ്സുമായി കഴിയുന്ന പുരോഹിതനും നോമ്പ് അനുഷ്ഠിച്ച് ഫിത്വ്ര്‍ സകാത്ത് നല്‍കിയാല്‍ രക്ഷപ്പെടുമോ എന്നാലോചിക്കണം.
മതചിഹ്‌നങ്ങളെയും പ്രവാചകന്മാരുടെ പാപവിശുദ്ധിയെയും അപകീര്‍ത്തിപ്പെടുത്തി പരിഹസിച്ചു നടക്കുന്ന മതാധ്യക്ഷന്മാരും തഖ്‌വയുള്ളവരായിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. തൗബയുടെ വചനങ്ങള്‍ ഓതിക്കൊടുത്ത് പാപികളായ മനുഷ്യരുടെ പോക്കറ്റടിക്കുന്ന പുരോഹിതന്മാര്‍ താന്‍ ദൈവസരണിയില്‍ തന്നെയാണോ എന്നാലോചിക്കേണ്ടതുണ്ട്.