സകാത്തുല്‍ ഫിത്വ്‌റിന്റെ മര്യാദകള്‍
പി കെ മൊയ്തീന്‍ സുല്ലമി
റമദാനിലെ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്ന സകാത്തിനാണ് ഫിത്വ്ര്‍ സകാത്ത് എന്നു പറയുന്നത്. ‘ഫിത്വ്ര്‍’ എന്നതിന്റെ അര്‍ഥം നോമ്പ് ഒഴിവാക്കുക എന്നാണ്. അത് നിര്‍ബന്ധമാക്കിയത് സാധുക്കള്‍ക്ക് ഭക്ഷണം എന്ന നിലയിലും നോമ്പില്‍ വന്ന അപാകതകള്‍ പരിഹരിക്കുക എന്ന ലക്ഷ്യവും കൂടി വെച്ചുകൊണ്ടാണ്. അഥവാ നോമ്പുകാരനില്‍ നിന്നു വന്നിട്ടുള്ള ചില്ലറ വൈകല്യങ്ങള്‍ ഫിത്വ്ര്‍ സകാത്തു കൊണ്ട് പൊറുക്കപ്പെടുന്നതാണ്.
ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ”നബി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത് നോമ്പുകാരന്റെ (ചില്ലറ) ആവശ്യമില്ലാത്ത സംസാരം, പ്രവര്‍ത്തനം എന്നിവയുടെ ശുദ്ധീകരണം എന്ന നിലയിലും സാധുക്കള്‍ക്ക് ഭക്ഷണം നല്‍കുക എന്ന നിലയിലുമാണ്. അതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പ് വല്ലവനും അത് നല്‍കുന്നപക്ഷം അത് സ്വീകരിക്കപ്പെടുന്ന സകാത്തായി പരിഗണിക്കപ്പെടും. വല്ലവനും പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം അത് നല്‍കുന്നപക്ഷം അത് ദാനധര്‍മത്തില്‍പെട്ട ഒരു ദാനം എന്ന നിലയില്‍ മാത്രമേ പരിഗണിക്കപ്പെടൂ” (അബൂദാവൂദ്, ഇബ്‌നുമാജ, ദാറഖുത്‌നി).
ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. അഥവാ പെരുന്നാള്‍ ദിവസത്തെ ഭക്ഷണം, വസ്ത്രം എന്നിവയുടെ ചെലവു കഴിച്ച് ബാക്കി സംഖ്യയുള്ളവരെല്ലാം ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരും നിര്‍ബന്ധിതരുമാണ്. ഒരാളുടെ കൈവശം പെരുന്നാള്‍ച്ചെലവ് കഴിച്ച് ഒരാളുടെ ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ മാത്രമേ പണമുള്ളൂവെങ്കില്‍ ഒരാളുടെ ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ അയാള്‍ക്ക് നിര്‍ബന്ധമാണ്. തന്റെ സംരക്ഷണത്തിനു കീഴില്‍ ജീവിക്കുന്ന എല്ലാവരുടെയും ഫിത്വ്ര്‍ സകാത്ത് നല്‍കല്‍ കുടുംബനാഥന്റെ ബാധ്യതയാണ്.
ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ”നബി(സ) റമദാനിലെ ഫിത്വ്ര്‍ സകാത്ത് ഒരു സ്വാഅ് കാരക്കയോ അല്ലെങ്കില്‍ ഒരു സ്വാഅ് ബാര്‍ലിയോ മുസ്‌ലിംകളില്‍ പെട്ട വലിയവരുടെയും ചെറിയവരുടെയും ആണിന്റെയും പെണ്ണിന്റെയും അടിമയുടെയും സ്വതന്ത്രന്റെയും മേല്‍ നിര്‍ബന്ധമാക്കുകയുണ്ടായി” (ബുഖാരി, മുസ്‌ലിം). അബൂസഈദുല്‍ ഖുദ്‌രി(റ) റിപോര്‍ട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: ”അല്ലാഹുവിന്റെ റസൂല്‍ ഞങ്ങള്‍ക്കിടയിലായിരുന്നപ്പോള്‍ ഭക്ഷ്യധാന്യത്തില്‍ ഒരു സാഅ്, അല്ലെങ്കില്‍ ബാര്‍ലിയില്‍ നിന്ന് ഒരു സാഅ് അല്ലെങ്കില്‍ ഉണങ്ങിയ മുന്തിരിയില്‍ നിന്ന് ഒരു സാഅ് അല്ലെങ്കില്‍ പാല്‍ക്കട്ടിയില്‍ നിന്ന് ഒരു സാഅ് എന്നിങ്ങനെയായിരുന്നു ഞങ്ങള്‍ ഫിത്വ്ര്‍ സകാത്ത് കൊടുത്തുകൊണ്ടിരുന്നത്” (അല്‍ജമാഅ).
ഒരു സാഅ് എന്നത് മധ്യനിലവാരത്തിലുള്ള ഒരു മനുഷ്യന്റെ ഇരുകൈകള്‍ കൊണ്ടുള്ള 4 വാരല്‍ ധാന്യമാണ്. അത് പലപ്പോഴും വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്. ചിലര്‍ അത് 2 കിലോ 240 ഗ്രാം എന്ന നിലയിലും വേറെ ചിലര്‍ 2 കിലോ 167 ഗ്രാം എന്ന നിലയിലെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഫിത്വ്ര്‍ സകാത്ത് ഏറ്റവും ചുരുങ്ങിയത് 2 കിലോഗ്രാമെങ്കിലും വേണം.
ദാനധര്‍മത്തില്‍ എത്രയും കൂട്ടാവുന്നതാണ്. അത് ഹൃദയത്തിന്റെ ഭക്തിയില്‍ പെട്ടതാണ്. രണ്ട് കിലോഗ്രാം എന്നു പറയുന്നത് കൃത്യമായ ഒരു അളവാണ്. ഫിത്വ്ര്‍ സകാത്ത് ഇസ്‌ലാമില്‍ നിര്‍ബന്ധമാക്കിയത് ഹിജ്‌റ 2-ാം വര്‍ഷം ശഅ്ബാനിലാണ്.
ഫിത്വ്ര്‍ സകാത്ത് എപ്പോഴാണ് കൊടുക്കേണ്ടത് എന്ന വിഷയത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഈ വിഷയത്തില്‍ സയ്യിദ് സാബിഖിന്റെ അഭിപ്രായം ഇപ്രകാരമാണ്: ”ബഹുഭൂരിപക്ഷം കര്‍മശാസ്ത്ര പണ്ഡിതന്‍മാരും ഫിത്വ്ര്‍ സകാത്ത് പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് കൊടുത്തു വീട്ടാം എന്ന് അഭിപ്രായപ്പെടുന്നവരാണ്. ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ജനങ്ങള്‍ നമസ്‌കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി ഫിത്വ്ര്‍ സകാത്ത് കൊടുത്തുതീര്‍ക്കാന്‍ നബി(സ) ഞങ്ങളോട് കല്‍പിക്കുകയുണ്ടായി. നാഫിഅ്(റ) പ്രസ്താവിച്ചു: പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പായി ഇബ്‌നു ഉമര്‍(റ) അത് കൊടുത്തുതീര്‍ക്കാറുണ്ടായിരുന്നു” (ഫിഖ്ഹുസ്സുന്ന 1414).
കേരളത്തെ സംബന്ധിച്ചിടത്തോളം 99 ശതമാനം മുസ്‌ലിംകളും ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫിത്വ്ര്‍ സകാത്ത് വാങ്ങാന്‍ കൂടുതല്‍ അര്‍ഹരായ മറ്റു സംസ്ഥാനത്തെ ദരിദ്രര്‍ക്ക് അത് നല്‍കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല.
സയ്യിദ് സാബിഖി(റ)ന്റെ പ്രസ്താവന ശ്രദ്ധിക്കുക: ”ഒരു നാട്ടുകാര്‍ സാമ്പത്തിക കാര്യത്തില്‍ ഐശ്വര്യവാന്‍മാരാണെങ്കില്‍ സകാത്തിന്റെ സമ്പത്ത് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യുന്നതില്‍ വിരോധമില്ലെന്നതില്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു” (ഫിഖ്ഹുസ്സുന്ന 1:408). സാധാരണ സകാത്തിന്റെ അവകാശികള്‍ 8 വിഭാഗം ആളുകളാണ്. എന്നാല്‍ അവരില്‍ ബഹുഭൂരിപക്ഷവും ഫിത്വ്ര്‍ സകാത്ത് കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കും. ഫിത്വ്ര്‍ സകാത്ത് പരമ ദരിദ്രര്‍ക്കുള്ളതാണ്. അവരെ പെരുന്നാള്‍ ദിവസം ഒരു നിലയ്ക്കും യാചിക്കാന്‍ അനുവദിക്കരുത്.
ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ”നബി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: ഈ ദിവസം ഊരുചുറ്റുന്നതില്‍ (തെണ്ടുന്നതില്‍) നിന്നു നിങ്ങള്‍ ജനങ്ങളെ ഐശ്വര്യവാന്‍മാരാക്കണം” (ബൈഹഖി, ദാറഖുത്‌നി). തെണ്ടല്‍ അവസാനിക്കണമെങ്കില്‍ സകാത്ത് കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കണം. ശാഫിഈ മദ്ഹബ് പ്രകാരം രേഖപ്പെടുത്തപ്പെട്ടതും സമസ്തക്കാര്‍ മദ്റസയില്‍ പഠിപ്പിച്ചിരുന്നതുമായ ഗ്രന്ഥമാണ് ‘ഉംദതുസ്സാലിക്.’ അതില്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഫിത്വ്ര്‍ സകാത്ത് (വിതരണം) സാധാരണ ധനത്തിന്റെ സകാത്ത് പോലെ തന്നെയാണ്. ഒരു സംഘം ആളുകള്‍ അവരുടെ ഫിത്വ്ര്‍ സകാത്ത് ശേഖരിക്കുകയും അത് കൂട്ടിക്കലര്‍ത്തുകയും അവരൊന്നായി അത് വിതരണം നടത്തുകയും അല്ലെങ്കില്‍ മറ്റുള്ളവരുടെ അനുവാദപ്രകാരം ഒരാള്‍ മാത്രം അത് വിതരണം നടത്തുകയും ചെയ്യുന്നപക്ഷം അത് അനുവദനീയമാണ്” (ഉംദതുസ്സാലിക്, പേജ് 58).
കേരളത്തില്‍ സമസ്ത നേതൃത്വവും വൈകിയാണെങ്കിലും ഈ രംഗത്തേക്ക് വനിട്ടുണ്ട്. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”വ്യക്തിയോ വക്കീലായി നിശ്ചയിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കു മഹല്ലിലെ അര്‍ഹരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവിധം തന്റെ കൈയില്‍ ഏല്‍പിക്കപ്പെട്ട സകാത്ത് വിതരണം നടത്തുകയും ചെയ്യാവുന്നതാണ്” (ചന്ദ്രിക, 2007 സപ്തംബര്‍ 23).
എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസ്താവന ശ്രദ്ധിക്കുക: ”മതസംഘടനകളും സാമൂഹിക സേവകരും ഇസ്‌ലാം സമര്‍പ്പിക്കുന്ന സാമ്പത്തിക ഉദാരനയം ഏറ്റെടുത്ത് നടപ്പാക്കാനുള്ള വഴികള്‍ ആരായണം. പഞ്ചായത്ത്-മഹല്ല് തലത്തില്‍ ദരിദ്ര വിഭാഗങ്ങളുടെ കണക്കെടുപ്പ് നടത്തി സകാത്ത് നല്‍കാന്‍ തയ്യാറാവണം” (തേജസ് പത്രം 5-8-2013).
സംഘടിത സകാത്തിനെ എങ്ങനെയാണ് എതിര്‍ക്കുക? കാരണം, സകാത്ത് വാങ്ങാന്‍ അവകാശികളായ എട്ട് വിഭാഗത്തില്‍ ഒരു വിഭാഗം സകാത്ത് ശേഖരിക്കുകയും മറ്റും ചെയ്യുന്ന അതിന്റെ തൊഴിലാളികളാണ്. അഥവാ ‘അന്‍ ആമിലീന അലൈഹാ’ എന്ന വിഭാഗമാണ്. അവരെക്കുറിച്ച് ഇമാം റാസി രേഖപ്പെടുത്തി: ”സകാത്തിന്റെ തൊഴിലാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സകാത്ത് ശേഖരിക്കുകയും ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നവരാണ്. അവരുടെ തൊഴില്‍ അനുസരിച്ച് അതിന്റെ പ്രതിഫലം എന്ന നിലയില്‍ അല്ലാഹു അവര്‍ക്ക് ഒരു ഓഹരി നിര്‍ബന്ധമായും നിശ്ചയിച്ചിട്ടുണ്ട്. അപ്രകാരം ചെയ്യല്‍ നമുക്കും നിര്‍ബന്ധമാണ്” (തഫ്‌സീറുല്‍ കബീര്‍ 16:144).
”അവരുടെ സമ്പത്തുകളില്‍ നിന്നു ദാനം താങ്കള്‍ സ്വീകരിക്കണം” (തൗബ 103). ഈ വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അതു കാരണത്താല്‍ (നബിയോട് സകാത്ത് സ്വീകരിക്കാന്‍ കല്‍പിച്ചതിനാല്‍) സംഘടിതമായി സകാത്ത് കൊടുക്കാന്‍ വിസമ്മതിക്കുന്ന ചിലര്‍ വിശ്വസിക്കുന്നത് ഇമാമിന് (വക്കീലിന്) സകാത്ത് കൊടുത്താല്‍ അത് വീടില്ല എന്നാണ്. അത് നബി(സ)യോടുള്ള പ്രത്യേക കല്‍പനയാണ് എന്നുമാണ്. ഈ വാദത്തെ അബൂബക്കര്‍(റ) എതിര്‍ക്കുകയും നബി(സ)ക്ക് നല്‍കിയിരുന്ന വസ്തുക്കള്‍ അവര്‍ സകാത്തായി നല്‍കുന്നതുവരെ അവരോട് യുദ്ധം ചെയ്യുകയും ചെയ്തിട്ടുണ്ട്” (മുഖ്തസ്വറു ഇബ്‌നു കസീര്‍ 2:167).
ഫിത്വ്ര്‍ സകാത്ത് ആര്‍ക്കെല്ലാം നല്‍കാം എന്ന വിഷയത്തിലും പണ്ഡിതര്‍ക്കിടയില്‍ വീക്ഷണ വ്യത്യാസമുണ്ട്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ പറ്റുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. അതില്‍ നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, വളരെ അര്‍ഹരായ അമുസ്ലിംകളെയും സകാത്തിന്ന് പരിഗണിക്കാമെന്നാണ് മിക്ക പണ്ഡിതന്മാരും പറയുന്നത്. എന്നാല്‍ മുഅല്ലഫതുല്‍ ഖുലൂബുകളായ പുതുമുസ്‌ലിംകള്‍, വല്ലതും കൊടുത്താല്‍ ഇസ്‌ലാമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവര്‍, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ഗുണകാംക്ഷയുള്ളവര്‍ എന്നിവര്‍ക്കെല്ലാം താഴെ വരുന്ന ഖുര്‍ആന്‍ വചനത്തിന്റെ അടിസ്ഥാനത്തില്‍ കൊടുക്കാവുന്നതാണെന്നാണ് പണ്ഡിതാഭിപ്രായം.
”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല” (മുംതഹന 8).