23 Monday
December 2024
2024 December 23
1446 Joumada II 21

സകാത്ത്: തത്ത്വവും പ്രയോഗവും

അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി


അടിയുറച്ച ഏകദൈവവിശ്വാസവും നിയതമായ കര്‍മാനുഷ്ഠാനങ്ങളും തദടിസ്ഥാനത്തിലുള്ള മഹോന്നതമായ സംസ്‌കാരവുമാണ് ഇസ്‌ലാം എന്ന് സാമാന്യമായി പറയാം. മനുഷ്യന്റെ ശക്തമായ കര്‍മചേതനയെ നിയന്ത്രിക്കേണ്ടത് കളങ്കമറ്റ വിശ്വാസമാണ്. ഇവ രണ്ടിന്റെയും അനിവാര്യഫലമത്രെ സദ്‌സ്വഭാവവും സംസ്‌കാരവും. സദ്കര്‍മങ്ങള്‍ ഏറെയുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടാനായി അല്ലാഹു നിര്‍ണയിച്ചു തന്ന ചില നിര്‍ബന്ധ അനുഷ്ഠാനങ്ങളുണ്ട്. ഈ അനുഷ്ഠാനങ്ങളുടെ ആത്യന്തികലക്ഷ്യം ജീവിതവിജയം അഥവാ പരലോകമോക്ഷമാണ്. അതോടൊപ്പം അനുഷ്ഠാനങ്ങളിലൂടെ വ്യക്തിവിശുദ്ധിയും തദ്വാരാ സമൂഹസംസ്‌കാരവും ഉണ്ടായിത്തീരുന്നു.
ഇസ്‌ലാം മനുഷ്യര്‍ക്ക് നിഷ്‌കര്‍ഷിച്ച നിര്‍ബന്ധ അനുഷ്ഠാനകര്‍മങ്ങള്‍ പ്രധാനമായി നാലെണ്ണമാണ്. ജീവിതത്തിന്റെ ഏതൊരു പശ്ചാത്തലത്തിലും മാറ്റിവെക്കപ്പെടാന്‍ പാടില്ലാത്ത ദിനചര്യ. അഞ്ചുനേരം നിര്‍വഹിക്കേണ്ട നമസ്‌കാരമെന്ന ആരാധനയാണ് ഒന്നാമത്തേത്. വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിച്ചുവരുന്ന റദമാന്‍ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വ്രതമാണ് മറ്റൊന്ന്. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളിലൊന്നായ സമ്പത്തിന്റെ നിശ്ചിതവിഹിതം പാവപ്പെട്ടവര്‍ക്ക് പങ്കുവെക്കാനുള്ള നിര്‍ബന്ധ ദാനമാണ് (സകാത്ത്) വേറൊന്ന്. സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്കര്‍മം നിര്‍വഹിക്കുക എന്നതാണ് നാലാമത്തേത്. ദൈവസ്മരണയും പ്രാര്‍ഥനയിലൂടെ മനസ്സ് വിനയാന്വിതമാക്കിത്തീര്‍ക്കലുമാണ് ഈ കര്‍മങ്ങളുടെ ലക്ഷ്യം.
സകാത്ത്
ധനം മനുഷ്യന്റെ നിലനില്പിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് (വി.ഖു 4:5). ഈ അനുഗ്രഹം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല നല്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ അനുഗ്രഹങ്ങളും അങ്ങനെ തന്നെയാണല്ലോ. സമ്പത്ത് തനിക്ക് ലഭിച്ച ദൈവിക അനുഗ്രഹമാണെന്നും അത് നാളെത്തന്നെ നീങ്ങിപ്പോയി എന്നുവരാം എന്നും വിശ്വസിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് ആവശ്യം നേരിടുമ്പോള്‍ തന്റെ പക്കലുള്ളത് പങ്കുവെക്കാന്‍ സന്മസ്സുള്ളവനാണ് സത്യവിശ്വാസി. നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്ന യഥാര്‍ഥ സത്യവിശ്വാസികളുടെ സ്വഭാവം ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്: ”അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും (സാമ്പത്തികാനുഗ്രഹം) ലഭിക്കാത്തവര്‍ക്കും നിശ്ചിതമായ അവകാശമുണ്ട്.” (70:24,25)
ദാനവും ധര്‍മവും പുണ്യമായി കണക്കാക്കാത്ത ഒരു മതവും നിലവിലില്ല. എന്നാല്‍ ആരാധനാലയങ്ങളിലെ പൂജാരി വര്‍ഗത്തിനും ഭിക്ഷ യാചിക്കുന്നവര്‍ക്കും തീര്‍ഥാടന കേന്ദ്രങ്ങളിലെ കാണിക്കകള്‍ക്കുമെല്ലാമായി വിഭജിക്കപ്പെടുന്ന ഇത്തരം ദാനധര്‍മങ്ങള്‍ മൊത്തം സമൂഹത്തിന്റെ ഉന്നമനത്തിന് പലപ്പോഴും ഉതകാറില്ല. എന്നാല്‍ ഇസ്‌ലാം നിര്‍ബന്ധകര്‍മമായി നിശ്ചയിച്ച സകാത്ത് വളരെ വ്യവസ്ഥാപിതമായ ഒരു സാമ്പത്തിക വിതരണക്രമവും കൂടിയാണ്. ഓരോ വ്യക്തിക്കും മഹത്തായ ആരാധനാകര്‍മവും തന്റെ പരലോക മോക്ഷത്തിന്നാധാരമായ കര്‍മവും ആയ സകാത്ത് സമൂഹത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം ചെയ്യാവുന്ന, യാചന പോലുള്ള ദുര്‍വൃത്തികള്‍ ഉച്ചാടനം ചെയ്യാവുന്ന സുഭദ്രമായ ഒരു സാമ്പത്തിക സംവിധാനമായിത്തീര്‍ന്നത് യാദൃച്ഛികമല്ല; പ്രപഞ്ചസ്രഷ്ടാവിന്റെ സംവിധാനമാണ്.
സമ്പത്ത് എല്ലാ കാലത്തും ഒരുപോലെയല്ല. പതിനാലു നൂറ്റാണ്ടു മുമ്പ് മുഹമ്മദ് നബി(സ) നടപ്പാക്കിയ സാമ്പത്തികരീതിയല്ല ഇന്ന്. സാമ്പത്തിക സ്രോതസ്സ്, വിനിമയ-വിതരണ രീതികള്‍, ക്രയവിക്രയങ്ങള്‍, ആദാനപ്രദാന മാര്‍ഗങ്ങള്‍, നിക്ഷേപ-സമാഹരണ സൗകര്യങ്ങള്‍ എല്ലാം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രവാചകന്‍(സ) നടപ്പിലാക്കിയ സകാത്ത് സമ്പ്രദായം ഏതു കാലത്തേക്കും പര്യാപ്തമായതാണ്. ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാലും സമ്പത്ത് അടിസ്ഥാനപരമായി നാലുതരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. കാര്‍ഷികവിളവുകള്‍, കാലിസമ്പത്ത്, വ്യാപാര-വിപണന രംഗമുള്‍പ്പെടെ വിനിമയം ചെയ്യപ്പെടുന്ന പണം, നിധിനിക്ഷേപങ്ങള്‍ എന്നിവയാണത്. ഇതില്‍ പണമൊഴിച്ച് ബാക്കി മൂന്നുവിഭാഗവും ഏതു കാലത്തും സ്ഥായീഭാവമുള്ള സമ്പത്തുകളാണ്. ആയതിനാല്‍ എന്നും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന പണത്തെ സംബന്ധിച്ചിടത്തോളം മാത്രമേ ഗവേഷണപഠനങ്ങള്‍ ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ടു തന്നെ ചില ഭിന്നവീക്ഷണങ്ങളും കണ്ടേക്കാമെന്നു മാത്രം.
ഒരാളുടെ കൈവശമുള്ള ധനത്തിന് സകാത്തിന്റെ മിനിമം തുക (നിസ്വാബ്) ഉണ്ടെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. ഓരോതരം സമ്പത്തിനും മിനിമമെത്രയെന്നും സകാത്ത് കൊടുക്കേണ്ട തോത് എത്രയാണെന്നും നബി(സ) വിശദമായി പഠിപ്പിച്ചുതന്നിട്ടുണ്ട്. കാലത്തിന്നനുസരിച്ച് അത്തരം അടിസ്ഥാന നിയമങ്ങള്‍ മാറ്റപ്പെടേണ്ടതില്ല. അവ മാനദണ്ഡമായി പരിഗണിച്ച് ഓരോ വസ്തുവിനും സകാത്ത് കണക്കാക്കുന്നേടത്ത് ഭിന്ന വീക്ഷണങ്ങള്‍ കണ്ടേക്കാം. അതു സ്വാഭാവികം മാത്രം.
പ്രായോഗികത
സകാത്ത് കൊടുക്കേണ്ടത് ആര്‍, ആര്‍ക്ക്, എപ്പോള്‍, എത്ര, എങ്ങനെ എന്നിത്യാദി കാര്യങ്ങള്‍ വളരെ സുതാര്യവും സുഗ്രാഹ്യവുമായ രീതിയില്‍ ഖുര്‍ആനിലും നബിചര്യയിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. നിസ്വാബ് കൈവശമുള്ളവര്‍ സകാത്ത് നല്കണം. സകാത്ത് ആര്‍ക്കാണ് കൊടുക്കേണ്ടത് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല. വിശുദ്ധഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കുന്നു. ദരിദ്രര്‍, പാവങ്ങള്‍, സകാത്ത് ജോലിയില്‍ ഏര്‍പ്പെട്ടവര്‍, ഇസ്‌ലാമിനോട് മനസ്സു പൊരുത്തപ്പെട്ടുകഴിയുന്നവര്‍, അടിമമോചനത്തിനു വേണ്ടി, കടബാധ്യതയില്‍ കുടുങ്ങിയവര്‍, ദൈവമാര്‍ഗത്തില്‍, യാത്രക്കാര്‍ എന്നീ എട്ടു വിഭാഗങ്ങള്‍ക്കായിട്ടാണ് സകാത്ത് നല്‌കേണ്ടത്. (9:60)
സകാത്തിന്റെ സമയമെപ്പോഴാണ്? നമസ്‌കാരം, നോമ്പ്, ഹജ്ജ് എന്നീ കര്‍മങ്ങള്‍ നിര്‍ണിതമായ സമയങ്ങളിലേ നിര്‍വഹിച്ചുകൂടൂ. സമയനിഷ്ഠ അവയുടെ സാധുതയ്ക്കു പോലും അനിവാര്യമാണ്. അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി സകാത്ത് എന്ന കര്‍മത്തിന് പ്രത്യേക സമയമില്ല. നിസ്വാബ് പ്രകാരം സ്വത്ത് കൈവശംവന്ന് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ സകാത്ത് കൊടുക്കണം. ഏതെങ്കിലും തരത്തിലുള്ള ബിസിനസ് ആണെങ്കില്‍ അതാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സകാത്ത് നല്‌കേണ്ടത്. പൂര്‍ത്തിയാകുന്ന ഓരോ വര്‍ഷവും കണക്കുനോക്കി സകാത്ത് നീക്കിവെക്കണം. കാര്‍ഷിക വിളകളാണെങ്കില്‍ വിളവെടുപ്പ് വേളയില്‍ തന്നെ സകാത്ത് നല്കുകയാണ് വേണ്ടത് (6:141). സാധാരണവും സ്വാഭാവികവുമല്ലാത്ത നിധിനിക്ഷേപങ്ങള്‍ കിട്ടിയാല്‍ ഉടനെത്തന്നെ അതിന്റെ നിശ്ചിതവിഹിതം (ഇരുപത് ശതമാനം) സകാത്തായി നല്കണം. ചുരുക്കത്തില്‍ ഒരു പ്രത്യേക ദിവസമോ മാസമോ സകാത്തിന്റേതാണെന്നു പറയാനില്ല.
വിവിധയിനം സമ്പത്തില്‍ നിന്ന് സകാത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്ടില്‍ വര്‍ഷത്തില്‍ പന്ത്രണ്ടു മാസവും സകാത്ത് ശേഖരിക്കാനുണ്ടാവും. അതിനാല്‍ സകാത്തിന്നായി ഒരു സമിതിയുണ്ടാവേണ്ടതാണ്. നബി(സ)യുടെയും ഖുലഫാഉര്‍റാശിദൂനിന്റെയും കാലഘട്ടത്തില്‍ സകാത്ത് സംഭരിച്ചുവെച്ചിരിക്കുന്ന ശേഖരത്തിന് ബൈത്തുല്‍മാല്‍ എന്നാണ് പറഞ്ഞിരുന്നത്. ബൈത്തുല്‍മാലില്‍ സകാത്ത് ശേഖരിക്കാനും അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്യാനും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ നബി(സ)യും ഖലീഫമാരും ഏല്പിച്ചിരുന്നു. അത്തരം ജോലിയില്‍ പെട്ടവര്‍ക്ക് സകാത്ത് നല്കാവുന്നതാണ് എന്ന് ഖുര്‍ആന്‍ (9:60) പറയുന്നുണ്ട്. വല്‍ആമിലീന അലൈഹാ (ഈ വിഷയത്തില്‍ അധ്വാനിക്കുന്നവര്‍ക്ക്) എന്നാണ് ഖുര്‍ആനിന്റെ വാക്യം. സകാത്ത് ശേഖരിക്കുന്നതു പോലെ വിതരണത്തിനും പ്രത്യേക കാലമില്ല. സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് എപ്പോഴാണോ ആവശ്യമെങ്കില്‍ അപ്പോള്‍ നല്കണം.
സകാത്ത് എങ്ങനെയാണ് കൊടുക്കേണ്ടത് എന്നതിന് മേല്‍പറഞ്ഞതില്‍ തന്നെ വിശദീകരണമുണ്ട്. അവരിലെ ധനികരില്‍ നിന്ന് സ്വീകരിക്കുകയും ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും വേണമെന്നാണ് റസൂല്‍ (സ) സ്വഹാബികളോട് നിഷ്‌കര്‍ഷിച്ചത്. വിശുദ്ധ ഖുര്‍ആന്‍ നബി(സ)യോട് പറയുന്നു: ”അവരുടെ ധനത്തില്‍ നിന്ന് നീ സകാത്ത് സ്വീകരിക്കുക” (9:103). മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും സകാത്തിന്റെ ഒരംശവും ഉപയോഗിക്കാന്‍ പാടില്ല. പിന്നെ അദ്ദേഹം സകാത്ത് വാങ്ങുന്നതെന്തിന്? സമൂഹത്തിനു വേണ്ടി തന്നെ. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഖലീഫമാരും ആ ചര്യ തുടര്‍ന്നു. വ്യവസ്ഥാപിതമായ ഒരു ഇസ്‌ലാമിക ഭരണകൂടം നിലവിലില്ലാത്ത നാടുകളില്‍ മറ്റു സാമൂഹിക കര്‍മങ്ങള്‍ ഏതു തരത്തിലാണോ നിര്‍വഹിക്കപ്പെടുന്നത് അതേപോലെ സകാത്തും നിര്‍വഹിക്കപ്പെടണം. ആകയാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ എന്താണ് ചെയ്യുകയെന്നത് ചിന്തിക്കേണ്ട കാര്യമാണ്. ഒരു പള്ളിയും അത് കേന്ദ്രീകരിച്ച് മഹല്ലുമാണ് ഇന്ന് നിലനില്‍ക്കുന്ന മുസ്‌ലിം സാമൂഹിക സംവിധാനം. ഇതേ സംവിധാനം ഉപയോഗിച്ച് തദ്ദേശീയമായി സകാത്ത് ശേഖരിച്ച് വിതരണം ചെയ്യാന്‍ ഖാദിയോ ഒരു സമിതിയോ ഉത്തരവാദിത്തം ഏറ്റെടുക്കണം.
സകാത്ത് കൊടുക്കാന്‍ നിസ്വാബ് തികയുന്നവര്‍ എത്രയാണ് സകാത്ത് കൊടുക്കേണ്ടത്? പണവുമായി ബന്ധപ്പെട്ടവയ്‌ക്കെല്ലാം രണ്ടര ശതമാനമാണ് സകാത്തിന്റെ തോത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആ ഉല്പന്നങ്ങള്‍ തന്നെയാണ് നല്‌കേണ്ടത്. നനക്കാനും മറ്റും ചെലവ് കൂടിയവയ്ക്ക് അഞ്ചു ശതമാനവും മഴയെയും പ്രകൃതിയെയും മാത്രം ആശ്രയിച്ച് ലഭിക്കുന്ന വിളവുകള്‍ക്ക് പത്ത് ശതമാനവും സകാത്ത് നല്കണം. പണത്തിന്റെ നിസ്വാബ് ആയി നബി(സ) നിര്‍ദേശിച്ചത് അന്നത്തെ അഞ്ച് ഊഖിയ ആണ്. 590 ഗ്രാം വെള്ളിക്ക് സമാനമാണ് അത് ഇക്കാലത്ത്. കാര്‍ഷിക വിളകള്‍ക്ക് നിശ്ചയിച്ച നിസ്വാബ് അഞ്ച് വസ്ഖ് അഥവാ 600 കി. ഗ്രാം ആണ്. വളരെ വലിയ അന്തരം മൂല്യത്തിലുണ്ടായിത്തീരുന്ന ചേമ്പ്, ചേന, ഏലം, ഗ്രാമ്പൂ തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് ആറ് ക്വിന്റല്‍ മുഖ്യാഹാരത്തിന്റ വിലയ്ക്കനുസരിച്ച് കണക്കാക്കിയാല്‍ മതി എന്നാണ് പണ്ഡിത മതം.
ലക്ഷ്യവും ഫലവും
സകാത്തിന്റെ ലക്ഷ്യമെന്താണ്? പട്ടിണി ഇല്ലായ്മ ചെയ്യാനുള്ള ഇസ്‌ലാമിന്റെ പ്രായോഗിക മാര്‍ഗമാണ് സകാത്ത് എന്ന് പറയപ്പെടാറുണ്ട്. എന്നാല്‍ അത് സകാത്തിന്റെ ലക്ഷ്യമല്ല. സകാത്ത് നല്കുന്നത് ഓരോ വ്യക്തിയാണ്. അയാള്‍ക്കത് വ്യക്തിനിഷ്ഠമായ നിര്‍ബന്ധമാണ് (ഫര്‍ദ് ഐന്‍). സകാത്തിന്റെ ലക്ഷ്യം ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: ”(നബിയേ), താങ്കള്‍ അവരില്‍ നിന്ന് സ്വദഖ (സകാത്ത്) സ്വീകരിക്കുക. അത് മുഖേന നീ അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുക.” (9:103) വ്യക്തിവിശുദ്ധിയും സംസ്‌കരണവുമാണ് സകാത്തിന്റെ ലക്ഷ്യമെന്നര്‍ഥം. അതുകൊണ്ടായിരിക്കാം സമ്പത്ത് കൊടുക്കുക എന്ന ഈ പ്രവര്‍ത്തനത്തിന് വിശുദ്ധി, വികാസം എന്നെല്ലാം ആശയം വരുന്ന സകാത്ത് എന്ന് അല്ലാഹു പേര് നല്കിയത്.
വ്യക്തിനിഷ്ഠമായ നമസ്‌കാരം സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. വ്യക്തിനിഷ്ഠമായ ഹജ്ജ് സമൂഹത്തിനൊപ്പമേ നിര്‍വഹിക്കാനാവൂ. സകാത്ത് എന്ന വ്യക്തിനിഷ്ഠ അനുഷ്ഠാനത്തിന്റെയും നിര്‍വഹണത്തിന് സാമൂഹികമായ ഒരു മാനമുണ്ട്. സമൂഹത്തിലെ ഉള്ളവനില്‍ നിന്ന് സ്വീകരിച്ച് ഇല്ലാത്തവര്‍ക്ക് എത്തിക്കുന്ന വ്യവസ്ഥാപിതവും സുസംഘടിതവുമായ ഒരു സംരംഭമെന്ന നിലയില്‍ സമൂഹ നിലനില്പിന്റെ ഒരു ഘടകമായി സകാത്ത് വിലയിരുത്തപ്പെടുന്നു. അഥവാ സമൂഹത്തില്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്‍ ക്രമേണ ഇല്ലാതായിത്തീരുന്നു. ഇത് സകാത്ത് എന്ന ആരാധന യഥാവിധി നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന ഭൗതികമായ സുസ്ഥിതിയാണ്. സകാത്ത് നല്കുന്ന വ്യക്തിക്ക് ലഭിക്കുന്നതോ പരലോകനേട്ടവും. വിശുദ്ധഖുര്‍ആന്‍ നമസ്‌കാരത്തോടൊപ്പം ചേര്‍ത്തിപ്പറഞ്ഞത് സകാത്തിനെയാണ് എന്നതുകൂടി ഓര്‍ക്കുക.
സകാത്തും സ്വദഖയും
ഒരു വ്യക്തി തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് എന്തെങ്കിലും നല്കി സഹായിക്കുന്നതിനാണ് സ്വദഖ എന്നുപറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍ സകാത്ത്, സ്വദഖ എന്നീ പദങ്ങള്‍ പരസ്പരം പ്രയോഗിച്ചതായും കാണാം. നിര്‍ബന്ധദാനമായ സകാത്തും ഐച്ഛിക കര്‍മമായ സ്വദഖയും തമ്മില്‍ വലിയ അന്തരമുണ്ട്. സകാത്ത് നിര്‍ബന്ധമാകണമെങ്കില്‍ നിസ്വാബ് വേണം. സ്വദഖയാവട്ടെ, ഉള്ളതുകൊണ്ട് ധര്‍മം ചെയ്യാം. നബി(സ) സമ്പന്നനായിരുന്നില്ല. ധര്‍മിഷ്ഠനായിരുന്നുവല്ലോ. സകാത്ത് നിശ്ചിത തോത് കൊടുത്താല്‍ മതി. എന്നാല്‍ സ്വദഖ സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് വേണ്ടിവരും. വിഷമസന്ധിയില്‍ തബൂക്ക് യുദ്ധത്തിലേക്ക് നബി(സ) സംഭാവന ആവശ്യപ്പെട്ടപ്പോള്‍ ഉള്ളത് മുഴുവന്‍ നല്കിയ അബൂബക്കറിന്റെയും(റ) തന്റെ സമ്പത്ത് പകുത്ത് ഒരു പകുതി ഫണ്ടിലേക്ക് നല്കിയ ഉമറിന്റെയും(റ) നടപടികള്‍ നാം കേട്ടറിഞ്ഞതാണ്. അതാണ് സ്വദഖയുടെ പ്രാധാന്യം. സകാത്തിന് നിശ്ചിത സന്ദര്‍ഭമുണ്ട്. എന്നാല്‍ സ്വദഖയ്ക്ക് സമയമില്ല. സകാത്ത് നല്‌കേണ്ടത് വര്‍ഷം തികയുമ്പോഴാണെങ്കില്‍ സ്വദഖ നല്‌കേണ്ടത് ആവശ്യം വരുമ്പോഴാണ്. സകാത്ത് കൃത്യമായി നല്കിയവരും സകാത്ത് നല്കാന്‍ മാത്രം സമ്പത്ത് ഇല്ലാത്തവരും സ്വദഖ നല്‌കേണ്ടിവരും. സകാത്ത് പണമോ വിഭവമോ ആണെങ്കില്‍ സ്വദഖ ശ്രമദാനവും ശാരീരികസഹായവും ആകാം. എന്തിനധികം, തന്റെ സഹോദരനെ ഒരു പുഞ്ചിരിയോടെ സമീപിക്കുക എന്നതു പോലും സ്വദഖയാണെന്ന് പ്രവാചകന്‍(സ) പറഞ്ഞിരിക്കുന്നു.
സകാത്ത് സമൂഹികമായി സംഘടിച്ച് നിര്‍വഹിക്കേണ്ട ഒരു സംരംഭമാണ്. സ്വദഖ സ്വന്തമായി നല്കാം. ഏതെങ്കിലും സദ്‌സംരംഭങ്ങളിലേക്ക് കൂട്ടായി സ്വദഖകള്‍ ശേഖരിച്ചുനല്കുകയും ചെയ്യാം. ഇങ്ങനെ കര്‍മരംഗത്ത് രണ്ടും തമ്മില്‍ അന്തരമുണ്ടെങ്കിലും അല്ലാഹു വളരെയേറെ പുണ്യകരമായി നിശ്ചയിച്ച ഒരു കര്‍മമാണ് ദാനം. ”തങ്ങളുടെ ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണി പോലെയാണ്. അത് ഏഴ് കതിരുകളായി മുളപൊട്ടിവരുന്നു. ഓരോ കതിരിലും നൂറ് ധാന്യമണികള്‍ കാണും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് അതിലിരട്ടിയായി നല്‍കും.” (2:261)

സകാത്തും റമദാനും
സകാത്ത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ റമദാന്‍ മാസം ഓര്‍മവരാറില്ലേ? എന്താണ് കാരണം? മുസ്‌ലിം സമൂഹത്തിന് പില്‍ക്കാലത്ത് സംഭവിച്ച അപചയങ്ങളില്‍ ഒന്നാണ് ഇതും. റമദാന്‍ സകാത്തിന്റെ മാസമല്ല. നോമ്പിന്റെ മാസമാണ്. സജീവമായ ഒരു സമൂഹത്തില്‍ വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന പ്രക്രിയയാണ് സകാത്ത് ശേഖരണ വിതരണം. പ്രവാചകന്‍(സ) കാണിച്ചുതന്ന ഈ മാതൃകയില്‍ നിന്നകന്ന് സകാത്ത് റമദാനിലേക്ക് ചുരുക്കുകയും അതുതന്നെ ഇരുപത്തി ആറിലേക്ക് ഒതുക്കുകയും ചെയ്ത ഒരു ദുഷ്പ്രവണത നമ്മുടെ നാട്ടില്‍ പണ്ടുമുതലേ നടന്നുവരുന്നു. റമദാന്‍ ഇരുപത്തി ആറിന് ‘മുതലാളി’മാര്‍ ചില്ലറ മാറ്റി വച്ച് കാത്തിരിക്കുകയും പാവങ്ങള്‍ ആബാലവൃദ്ധം അവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയും അവര്‍ എറിഞ്ഞുകൊടുക്കുന്ന ചില്ലറ തുട്ടുകള്‍ക്ക് തിക്കിത്തിരക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണ്. ഇത്തരം ‘ദാനവേളയില്‍’ തിക്കിലും തിരക്കിലും പെട്ട് ചിലര്‍ മരണപ്പെട്ട വിവരം അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സകാത്ത് എന്ന അനുഷ്ഠാനത്തെ വൃഥാവിലാക്കുകയും മുസ്‌ലിം സമുദായത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ താറടിക്കുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് സമൂഹം മാറ്റേണ്ടിയിരിക്കുന്നു. കാലം മാറിയപ്പോള്‍ ചില്ലറ വിതരണത്തിന്റെ രൂപം മാറിയെങ്കിലും ഇരുപത്തിആറിന്റെ ‘കൊടുതി'(കെടുതി)ക്ക് മാറ്റം വന്നിട്ടില്ല. സകാത്ത് എന്ന മഹത്തരമായ കര്‍മത്തെ ‘നിന്റെ ചക്കാത്ത് എനിക്ക് വേണ്ട’ എന്ന ശൈലിയിലേക്ക് അധപ്പതിപ്പിച്ചത് മുസ്‌ലിംകള്‍ തന്നെയാണ്.
റമദാനും സകാത്തുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ല. എന്നാല്‍ സ്വദഖയും റമദാനും തമ്മില്‍ ബന്ധമുണ്ട്. ദാനധര്‍മത്തിന് പ്രത്യേക കാലമില്ല. ഏത് സല്‍കര്‍മത്തിനും നിരവധി ഇരട്ടി പ്രതിഫലം ലഭിക്കുന്ന റമദാനില്‍ സ്വദഖ എന്ന പുണ്യകര്‍മത്തിന് ഏറെ പ്രാധാന്യമുണ്ട്. നബി(സ) ജനങ്ങളില്‍ ഏറ്റവുമധികം ധര്‍മിഷ്ഠനായിരുന്നു. എന്നാല്‍ ഖുര്‍ആനുമായി ജിബ്‌രീല്‍(അ) തന്നെ കണ്ടുമുട്ടുന്ന റമദാനില്‍ അടിച്ചുവീശുന്ന കാറ്റ് കണക്കെ നബി(സ) ഉദാരനായിത്തീരുമെന്ന് ഹദീസുകളില്‍കാണാം. ഇപ്പറഞ്ഞത് സകാത്തല്ല. സകാത്തിന് പുറമെ നമുക്ക് കഴിവിന്നനുസരിച്ച് ചെയ്യാവുന്ന ദാനധര്‍മങ്ങളാണ്. സകാത്ത് നല്‍കാന്‍ കെല്‍പില്ലാത്തവര്‍ക്കും ഈ പുണ്യം വാരിക്കൂട്ടാന്‍ സാധിക്കും. അജ്ഞരായ സമൂഹം ഇത് രണ്ടുംകൂടി കൂട്ടിക്കെട്ടി റമദാന്‍ ഇരുപത്തി ആറിന് ‘ചില്ലറ കൊടുത്ത്’ മതിയാക്കുന്ന സമ്പ്രദായത്തിലേക്ക് തരംതാണു. കൊടുത്തുതീര്‍ക്കാനുള്ള കടം റമദാനിലേക്ക് നീട്ടിവച്ചതുകൊണ്ട് പ്രത്യേക പുണ്യം ലഭിക്കുമെന്ന ധാരണ വര്‍ജിക്കേണ്ടതാണ്. വിവരമുള്ളവരാകട്ടെ അബദ്ധധാരണകള്‍ അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്.
സകാത്തിന്റെ പ്രാധാന്യം
ബഹുദൈവാരാധകര്‍ക്ക് നാശം എന്ന് പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ വിശദീകരിച്ച രണ്ട് കാര്യങ്ങള്‍ അവര്‍ സകാത്ത് കൊടുക്കുന്നില്ല, പരലോകത്തെ നിഷേധിക്കുന്നു എന്നിവയാണ് (41:67). നമസ്‌കാരത്തോട് ചേര്‍ത്തുകൊണ്ടാണ് സകാത്ത് കൊടുക്കുക എന്ന കല്പന ഖുര്‍ആന്‍ അടിക്കടി ഉണര്‍ത്തുന്നത്. താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ അന്യര്‍ക്ക് അവകാശമുണ്ട് എന്നംഗീകരിക്കാന്‍ അല്പം പ്രയാസം കാണും. അല്ലാഹുവിന്റെ അനുഗ്രഹത്തെപ്പറ്റി ആഴത്തില്‍ അറിവും വിശാലമായ കാഴ്ചപ്പാടുമുണ്ടെങ്കിലേ അതിന്ന് കഴിയൂ. ഖുര്‍ആന്‍ വിശ്വാസികളെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. സാമ്പത്തിക ജീര്‍ണതയും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന കാട്ടുനീതിയും നിലനില്‍ക്കുന്ന സമൂഹത്തില്‍ നിന്നാണ്, മരണവേളയില്‍ കിടന്നുപിടയുമ്പോഴും ചുണ്ടോടടുപ്പിച്ച ദാഹജലം സഹോദരന് കൊടുക്കൂ എന്ന് പറയാന്‍ മാത്രം ആര്‍ദ്രതയുള്ള ഒരു സമൂഹത്തെ നബി(സ) വളര്‍ത്തിയെടുത്തത്. എന്നാല്‍ പ്രവാചകന്റെ മരണത്തിന്റെ തൊട്ടുപിന്നാലെ മുസ്‌ലിം സമൂഹത്തിന്നകത്തുനിന്നു വന്ന നിഷേധാത്മക നിലപാട് സകാത്തിന്റെ കാര്യത്തിലായിരുന്നു എന്നത് ഓര്‍ക്കാതിരുന്നുകൂടാ. ഇസ്‌ലാമില്‍ വന്നിട്ട് ഏറെക്കാലമായിട്ടില്ലാത്ത ചില ഗ്രൂപ്പുകള്‍ പ്രവാചകനുശേഷം സകാത്ത് നല്‍കേണ്ടതില്ലെന്ന് ശഠിച്ചു. സൗമ്യനായ അബൂബക്കറിന്റെ(റ) ധീരമായ നിലപാടായിരുന്നു മുസ്‌ലിം സമൂഹത്തെ ഛിദ്രതയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. വല്ലാഹി ല ഉഖാതിലന്ന മന്‍ ഫര്‍റഖ ബയ്‌ന സ്സ്വലാതി വസ്സകാതി (പടച്ചവന്‍ സാക്ഷി, നമസ്‌കാരത്തിന്റെയും സകാത്തിന്റെയും ഇടയില്‍ വിവേചനം നടത്തിയവര്‍ക്കെതിരില്‍ ഞാന്‍ പോരാടും) എന്ന പ്രഖ്യാപനം ഇസ്‌ലാമിന്റെ നിലപാടായിരുന്നു.
സകാത്ത് ഫലപ്രദമായി നടപ്പാക്കിയ ഇസ്‌ലാമിക സമൂഹത്തില്‍ സകാത്ത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ സംജാതമായത് ചരിത്രസത്യം. എല്ലാവരും കോടീശ്വരന്മാരായിത്തീര്‍ന്നു എന്ന് അതിന്നര്‍ഥമില്ല. അതേസമയം, സാമ്പത്തികശേഷിയുള്ളവരൊക്കെ കൃത്യമായി സകാത്ത് ബൈതുല്‍മാലില്‍ ഏല്പിച്ചു. സകാത്ത് സമ്പ്രദായത്തിലൂടെ തന്നെ പാവപ്പെട്ടവര്‍ സ്വന്തം കാലില്‍ നില്‍ക്കത്തക്ക നിലയില്‍ ധന്യരായിത്തീരുകയും ചെയ്തു. അനര്‍ഹമായ രീതിയില്‍ പണം ചോര്‍ന്നുപോകാത്തതിനാല്‍ ബൈതുല്‍മാലില്‍ സമ്പത്ത് അവശേഷിച്ചു. ഇതായിരുന്നു അവസ്ഥ.
കാലക്രമത്തില്‍ ഇസ്‌ലാമിക ചൈതന്യം വിനഷ്ടമായ മുസ്‌ലിം സമൂഹത്തില്‍ കുറ്റമറ്റരീതിയില്‍ സകാത്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാത്ത പരിതസ്ഥിതിയില്‍ വ്യക്തിപരമായി സകാത്ത് കൊടുത്താല്‍ മതിയെന്ന് ചിലര്‍ കണ്ടെത്തുകയും തികച്ചും അപര്യാപ്തവും അപ്രസക്തവുമായ ഒരു നിലയിലേക്ക് ‘സകാത്ത് സംവിധാനം’ താഴ്ത്തപ്പെടുകയുമായിരുന്നു. കേരളത്തിലെ സ്ഥിതിയും ഭിന്നമായിരുന്നില്ല. പിന്നാക്കത്തിന്റെ പിന്നിലായിപ്പോയ മുസ്‌ലിം സമൂഹത്തിന് കറകളഞ്ഞ വിശ്വാസവും ആത്മീയ നിര്‍ഭയത്വവും എന്നതുപോലെ തന്നെ സമൂഹത്തിന്റെ നിലനില്പിനു കൂടി ഉതകുന്ന സകാത്ത് സംവിധാനവും കൈമോശം വന്നുപോയി. പ്രായോഗികരംഗത്ത് ഇല്ലാതായി എന്ന് മാത്രമല്ല, സൈദ്ധാന്തികമായി ഇസ്‌ലാമിലെ സകാത്ത് എന്താണെന്ന് പോലും മുസ്‌ലിംകള്‍ക്ക് അജ്ഞാതമായി.
കേരളത്തില്‍ നടന്ന ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി തൗഹീദിന്റെ കൂടെ സമൂഹത്തെ തെര്യപ്പെടുത്തിയ ഒരു പ്രധാനവിഷയം സകാത്തായിരുന്നു. നമ്മുടെ നാട്ടിലെ ഉല്‍പന്നങ്ങളായ നെല്ല്, നാളികേരം, അടക്ക, കുരുമുളക്, ഏലം, റബ്ബര്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് സകാത്ത് നല്‍കേണ്ടതുണ്ടെന്ന കാര്യം അംഗീകരിക്കപ്പെട്ടത് പതിറ്റാണ്ടുകളുടെ പടയോട്ടത്തിനു ശേഷമായിരുന്നു. പ്രായോഗിക രംഗം ഇനിയും ശക്തമാക്കേണ്ടതുണ്ട്. നമസ്‌കാരവും നോമ്പും ഹജ്ജും ഒക്കെ കൃത്യമായി മനസ്സിലാക്കുന്നവര്‍ക്കും സകാത്തിനെപ്പറ്റി സംശയം തീരാറില്ല. ഇത് മനുഷ്യസഹജമായ ഒരു വൈകല്യത്തിന്റെ ബാക്കിപത്രം മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: ”മനുഷ്യന് ധനത്തിനോടുള്ള ആര്‍ത്തി അതികഠിനമാണ്.” (100:8)
മഹല്ല് തോറും സകാത്ത് സെല്ലുകള്‍ രൂപീകരിക്കുകയും ഉള്ളവരില്‍ നിന്ന് സകാത്ത് ശേഖരിക്കുകയും പാവങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാന്‍ സംവിധാനം ഉണ്ടാക്കണം. സാംസ്‌കാരിക കേന്ദ്രമായ പള്ളിയോടനുബന്ധിച്ച് ഇതിന്നാവശ്യമായ സ്ഥിരം സംവിധാനങ്ങള്‍ ഒരുക്കണം. സമൂഹത്തിലെ സമ്പന്നരാണ് ഇതിന് മുന്നില്‍ നില്‍ക്കേണ്ടത്. സകാത്ത് നിശ്ചയിക്കാനോ കൊടുത്തില്ലെങ്കില്‍ നിര്‍ബന്ധിക്കാനോ ആരുമില്ലാത്ത നമ്മുടെ നാട്ടില്‍ സ്വയം മുന്നോട്ടുവന്ന് സകാത്ത് നടപ്പിലാക്കാന്‍ തയ്യാറായെങ്കിലേ ഈ മഹത്തായ കര്‍മം സാര്‍ഥകമാവൂ.

Back to Top