2 Tuesday
June 2026
2026 June 2
1447 Dhoul-Hijja 16

സകാത്തിന്റെ അവകാശികള്‍: ഒരു കാലിക വായന

നദീര്‍ കടവത്തൂര്‍


വിശ്വാസി നിര്‍ബന്ധമായും പ്രാവര്‍ത്തികമാക്കേണ്ട അനുഷ്ഠാനങ്ങളാണ് നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ. ഈ നാലു കര്‍മങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ആരാധനാ കര്‍മമാണ് സകാത്ത്. മറ്റു മൂന്നു കര്‍മങ്ങളിലൂടെയും വിശ്വാസി അവന്റെ ശരീരം കൊണ്ട് നാഥനോടുള്ള ബാധ്യത നിറവേറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ സകാത്തെന്ന നിര്‍ബന്ധ ബാധ്യതയില്‍ തന്റെ സമ്പത്തിനാലാണ് വിശ്വാസി ആരാധന നിര്‍വഹിക്കേണ്ടത്. തന്റെ സമ്പത്ത് സമൂഹത്തിലെ സകാത്തിന് അര്‍ഹരായവര്‍ക്ക് നല്‍കുന്നതിലൂടെ നാഥനോടുള്ള ബാധ്യതാ നിര്‍വഹണം പൂര്‍ത്തീകരിക്കുന്നതോടൊപ്പം ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഒരുപാട് പേര്‍ക്ക് സഹായമെത്തിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു.
സകാത്തിനു പല ഘടകങ്ങളുണ്ട്. ഒന്ന്: സകാത്ത് നല്‍കുന്ന വ്യക്തിയുടെ സാമ്പത്തിക സ്രോതസ് (സകാത്തിന്റെ ഇനങ്ങള്‍). രണ്ട്: സകാത്തിന്റെ അവകാശികള്‍. മൂന്ന്: സകാത്ത് ശേഖരണ-വിതരണ സംവിധാനം. ഈ മൂന്ന് ഘടകങ്ങളെപ്പറ്റിയും വിശദമായ വിവരണം ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കാണാം.
സാമ്പത്തിക വരുമാന സ്രോതസുകളുടെ ഇനങ്ങള്‍, രൂപം എന്നിവ ഓരോ സമൂഹത്തിന്റെ ഘടനയും ഒാരോ കാലഘട്ടത്തിന്റെ സാമൂഹിക ക്രമവുമനുസരിച്ച് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുള്ളതാണ്. പ്രവാചകന്റെ കാലത്തില്ലാത്ത ധാരാളം സാമ്പത്തിക വരുമാന സ്രോതസുകള്‍ ഇന്ന് നിലവിലുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണിയിലെ ഷെയറുകള്‍, ക്രിപ്‌റ്റോ കറന്‍സികള്‍, ഓണ്‍ലൈന്‍ ആസ്തികള്‍ തുടങ്ങിയവ ഉദാഹരണം. സകാത്തിന്റെ അവകാശികളുടെ വിഷയത്തിലും ഈ കാലികമായ മാറ്റങ്ങളുടെ ചര്‍ച്ചകള്‍ പ്രസക്തമാണ്. അവകാശികളായി എട്ടു വിഭാഗങ്ങളെ ഖുര്‍ആന്‍ ഖണ്ഡിതമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഈ വിഭാഗം ആളുകളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കാലികമായി പുനരാവിഷ്‌കരിക്കല്‍ പലപ്പോഴും അത്യാവശ്യമായി വരും. ഇക്കാരണത്താല്‍ സകാത്തുമായി ബന്ധപ്പെട്ട് പുതിയ പഠനങ്ങളും പണ്ഡിതോചിതമായ ചര്‍ച്ചകളും അനിവാര്യമാണ്.
സകാത്തിന്റെ അവകാശികള്‍
സകാത്തിന്റെ അവകാശികള്‍ ആരൊക്കെ എന്നതില്‍ ഖുര്‍ആന്റെ ഖണ്ഡിതമായ പ്രതിപാദ്യമുണ്ട്: ”ദാനധര്‍മങ്ങള്‍ നല്‍കേണ്ടത് ദരിദ്രര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മനസുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ മോചനത്തിന്റെ കാര്യത്തിലും കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കനും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രേ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (വി.ഖു 9:60).
ഈ എട്ടു വിഭാഗങ്ങള്‍ക്കുപരിയായി മറ്റാരും അവകാശികളാവില്ല എന്ന് നബി(സ) പഠിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ സകാത്ത് ചോദിച്ചു വന്ന ഒരു വ്യക്തിയോട് പ്രവാചകന്‍ പറഞ്ഞു: ”ഒരു പ്രവാചകന്റെയോ അല്ലെങ്കില്‍ മറ്റൊരാളുടെയോ സകാത്ത് സംബന്ധമായ വിധി അല്ലാഹു തൃപ്തിപ്പെടുകയില്ല. അല്ലാഹു തന്നെ അതില്‍ ഒരു വിധി പറഞ്ഞിട്ടുണ്ടായിരിക്കെ. അവന്‍ അതിന് അര്‍ഹതപ്പെട്ടവരെ എട്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നീ ആ വിഭാഗങ്ങളില്‍ പെടുന്നുവെങ്കില്‍ നിനക്ക് നിന്റെ അവകാശം ഞാന്‍ നല്‍കുന്നതാണ്” (അബൂദാവൂദ്).
ദരിദ്രരും അഗതികളും
ഫഖീര്‍ എന്ന ഖുര്‍ആന്റെ പ്രയോഗം ദരിദ്രന്‍ എന്നും മിസ്‌കീന്‍ എന്ന പ്രയോഗം അഗതി എന്നുമാണ് മൊഴിമാറ്റി ഉപയോഗിക്കാറുള്ളത്. തനിക്കും തന്റെ ആശ്രിതര്‍ക്കും അത്യാവശ്യ ചെലവിന് ആവശ്യമായ തുക വരുമാനമായോ മറ്റേതെങ്കിലും സാമ്പത്തിക സ്രോതസായോ തീരെ ഇല്ലാത്തതോ അല്ലെങ്കില്‍ വളരെ കുറച്ചു മാത്രമുള്ളതോ ആയ വ്യക്തിയെ ഫഖീര്‍ എന്നും, നിശ്ചിത വരുമാനം ഉണ്ടായിട്ടും തനിക്കും തന്റെ ആശ്രിതര്‍ക്കും അത്യാവശ്യ ചെലവിനുള്ളത് ആ വരുമാനം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വ്യക്തിയെ മിസ്‌കീന്‍ എന്നുമാണ് പണ്ഡിതന്മാര്‍ നിര്‍വചിച്ചിട്ടുള്ളത്. ജോലി ചെയ്യാന്‍ കഴിയാത്ത അവശന്‍ ഫഖീര്‍ എന്നും ജോലി ചെയ്യാന്‍ കഴിയുന്ന ദരിദ്രന്‍ മിസ്‌കീന്‍ എന്നും നിര്‍വചിച്ചവരുണ്ട്. കൂടാതെ, ദാരിദ്ര്യം പുറത്തു പറയാത്തവന്‍ മിസ്‌കീന്‍ എന്നും, ദാരിദ്ര്യവും ആവശ്യവും പറഞ്ഞ് സഹായം അന്വേഷിക്കുന്നവന്‍ ഫഖീര്‍ എന്നും വിശദീകരണം നല്‍കിയതായും കാണാം.
പൊതുവേ ദാരിദ്ര്യത്തിന്റെ മാനദണ്ഡമായി പരിഗണിക്കാറുള്ളത് ഏറ്റവും പ്രാഥമികമായ ആവശ്യങ്ങള്‍ക്കു കൂടി വകയില്ലാതിരിക്കുക എന്നതാണ്. എന്നാല്‍ ഭക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നതിലുപരിയായി ജീവിതത്തില്‍ ഒരാള്‍ക്ക് അത്യാവശ്യമായി വരുന്ന മറ്റു കാര്യങ്ങള്‍ക്കു കൂടി സകാത്തിന്റെ സമ്പത്തില്‍ നിന്ന് നല്‍കാമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം വിവാഹം കഴിക്കാന്‍ പ്രയാസപ്പെടുന്ന വ്യക്തിക്ക് സകാത്തില്‍ നിന്ന് അര്‍ഹതയുണ്ട്. വിദ്യാഭ്യാസം നേടുന്നതിന് ഒരു വിദ്യാര്‍ഥിക്ക് സാമ്പത്തികമായ സഹായം ആവശ്യമുണ്ടെങ്കില്‍ അതും സകാത്തില്‍ നിന്ന് കൊടുക്കേണ്ടതാണ്.
കാലികമായ മാറ്റങ്ങള്‍ക്കനുസരിച്ച് ഇത്തരം അര്‍ഹരുടെ ആവശ്യങ്ങളും മാറും. ഇന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്ന ഒരു വിദ്യാര്‍ഥിക്ക് പുസ്തകങ്ങള്‍ ആവശ്യമുള്ളതുപോലെ തന്നെ പ്രാധാന്യമുള്ളതാവാം ഡിജിറ്റല്‍ ഡിവൈസുകള്‍. അത് വിദ്യാര്‍ഥിയുടെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടണം. താമസിക്കാന്‍ വീടില്ലാത്ത ഒരാള്‍ക്ക് സകാത്ത് ചെലവഴിച്ച് ഭവനം നിര്‍മിക്കുമ്പോള്‍, ആ നാടിന്റെ വളര്‍ച്ചയും പുരോഗതിയും ജീവിതനിലവാരവും പരിഗണിച്ച ശേഷം അതിനനുസൃതമായ വീടായിരിക്കണം നിര്‍മിച്ചു നല്‍കേണ്ടത്. ഇത്തരം മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും സകാത്ത് അതിനുകൂടി നല്‍കാനും സകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കണം.
ഇതര മതസ്ഥരില്‍ നിന്നുള്ള ദരിദ്രര്‍ക്കും അഗതികള്‍ക്കും സകാത്ത് നല്‍കാമോ എന്ന ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ‘മുസ്‌ലിംകളിലെ ധനികരില്‍ നിന്ന് സ്വീകരിച്ച് അവരിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യപ്പെടുന്നതാണ് സകാത്ത്’ എന്ന പ്രവാചകന്റെ വിശദീകരണവും സകാത്ത് ആരാധനാകര്‍മമാണെന്ന കാര്യവും പരിഗണിച്ച്, ഇതര മതസ്ഥരിലെ ദരിദ്രരെയും അഗതികളെയും സകാത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉമര്‍(റ), ഉമറുബ്‌നു അബ്ദില്‍അസീസ്(റ) എന്നിവര്‍ ഇതര മതസ്ഥരിലെ അഗതികളെയും ദരിദ്രരെയും കൂടി പരിഗണിച്ച ചരിത്ര സംഭവങ്ങള്‍ കാണാം. ഇതര മതസ്ഥരുമായി മുസ്‌ലിംകള്‍ ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്ന കേരളം പോലുള്ള സ്ഥലങ്ങളില്‍ അമുസ്‌ലിംകളിലെ ദരിദ്രരെയും അഗതികളെയും സകാത്തിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ ആലോചിക്കേണ്ടതുണ്ട്.
സകാത്തിന്റെ ജോലിക്കാര്‍
സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എണ്ണിയ മൂന്നാമത്തെ വിഭാഗം സകാത്ത് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്പളത്തിന്റെ വിഹിതമാണ്. അത് സകാത്തില്‍ നിന്നുതന്നെ എടുക്കാവുന്നതാണ്. ഈ ഉദ്യോഗസ്ഥര്‍ സാമ്പത്തികമായ ഭദ്രത ഉള്ളവരാണെങ്കില്‍ പോലും അവര്‍ ജോലിയെടുക്കുന്നു എന്നതിനാല്‍ സകാത്ത് സമ്പത്തില്‍ നിന്നുള്ള ശമ്പളം കൈപ്പറ്റാന്‍ അവര്‍ക്ക് അര്‍ഹതയുണ്ട്.
ഈ വിഭാഗം അവകാശികളുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കേണ്ടത് സകാത്ത് സംഭരണവും വിതരണവും സംഘമായി തന്നെ നടത്തേണ്ടതാണ് എന്നതിലാണ്. വ്യക്തികള്‍ സകാത്ത് സ്വയം നല്‍കുന്ന സമ്പ്രദായം ഇസ്‌ലാം മുന്നോട്ടുവെക്കുന്നില്ല എന്നതിന് മതിയായ തെളിവാണ് സകാത്തിന്റെ ജോലിക്കാരെ അവകാശികളായി എണ്ണിയത്. അതിനാല്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സകാത്തിനായി പ്രവര്‍ത്തിക്കുന്ന സമിതികള്‍ രൂപീകരിക്കല്‍ നിര്‍ബന്ധമാണ്. നമ്മുടെ പള്ളികള്‍ നമസ്‌കാര നിര്‍വഹണം എന്ന ഒരു ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിപ്പോവാന്‍ പാടില്ല.
മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍
മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ എന്നതിന് പണ്ഡിതന്മാര്‍ വിവിധ രൂപത്തില്‍ നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിലേക്ക് പുതുതായി കടന്നുവന്ന വിശ്വാസികള്‍, മുസ്‌ലിംകളുമായി അനുഭാവം പുലര്‍ത്തുകയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംരക്ഷിക്കുകയും ചെയ്യുന്ന ഇതര മതസ്ഥര്‍ എന്നിവരാണ് മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ എന്നതിന്റെ പൊതുവായുള്ള ഒരു നിര്‍വചനം. ബഹുസ്വര സമൂഹത്തില്‍ വിശ്വാസികള്‍ക്കുള്ള ബാധ്യതാ നിര്‍വഹണവും മുസ്‌ലിം സമുദായത്തിന്റെ പൊതുവിലുള്ള നന്മയുമാണ് ഈ വിഭാഗത്തെ കൂടി സകാത്തിന്റെ അവകാശികളായി പരിഗണിക്കാന്‍ കാരണം. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഈ വിഭാഗം അവകാശികളെ കൂടി പരിഗണിക്കുന്നതിലൂടെ സാമൂഹികമായ ഇടപെടലുകളിലും ബന്ധങ്ങളിലും കൂടുതല്‍ അടുക്കാനും സൗഹാര്‍ദത്തിലൂന്നിയ ഒരു ജീവിതം സൃഷ്ടിക്കാനും കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല.
അടിമകളുടെ മോചനം
അടിമത്ത സമ്പ്രദായം വളരെ വ്യാപകമായി ഉണ്ടായിരുന്ന അറബികള്‍ക്കിടയില്‍ സകാത്ത് അടിമത്ത മോചനത്തിന് ഉപയോഗിക്കുക എന്നതിലൂടെ അടിമത്ത സമ്പ്രദായം ഇല്ലാതാക്കുക എന്ന മഹത്തായ ഒരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. ഇസ്‌ലാം ക്രമാനുഗതമായി അടിമത്ത സമ്പ്രദായം ഇല്ലായ്മ ചെയ്തിട്ടുണ്ട്. ലോകത്ത് ഇന്നു പ്രത്യക്ഷമായ രീതിയില്‍ മനുഷ്യനെ അടിമയാക്കുന്ന സമ്പ്രദായം നിലവിലില്ല. അതിനാല്‍ തന്നെ സകാത്തില്‍ നിന്ന് അടിമത്ത മോചനത്തിന് പണം നീക്കിവെക്കേണ്ട സാഹചര്യം നിലവിലില്ല താനും.
എന്നാല്‍ ഖുര്‍ആന്‍ പ്രതിപാദിച്ച രിഖാബ് എന്ന പദത്തിന്റെ വിശാലമായ അര്‍ഥതലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍, ഒരു അടിമ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകള്‍ ഇന്നുമുണ്ട് എന്ന് കണ്ടെത്താനാവും. മതത്തിന്റെയും സമുദായത്തിന്റെയും സാമൂഹികമായ മറ്റു കാര്യങ്ങളുടെയും പേരില്‍ സ്വാതന്ത്ര്യവും വ്യക്തിത്വവും നിഷേധിക്കപ്പെടുന്നവര്‍, ബന്ദികളാക്കപ്പെടുന്നവര്‍, അന്യായമായി തടവിലാക്കപ്പെടുന്നവര്‍ എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. അത്തരം ആളുകളുടെ മോചനത്തിനും ഉന്നമനത്തിനും അവര്‍ക്ക് സാമൂഹികമായ ഔന്നത്യം നേടിക്കൊടുക്കുന്നതിനും സാമ്പത്തികമായ സഹായം അത്യാവശ്യമാണ്. അടിമത്ത മോചനത്തിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അത്തരം ആളുകളെ സകാത്തിന്റെ അവകാശികളായി പരിഗണിക്കാവുന്നതാണ്.
കടബാധ്യതയുള്ളവര്‍
ജീവിതത്തിന്റെ പ്രതിസന്ധി സന്ദര്‍ഭങ്ങളില്‍ ഇസ്‌ലാം അനുവദിച്ചതും അത്യാവശ്യവുമായ കാര്യങ്ങള്‍ക്കു വേണ്ടി കടമെടുത്ത് പിന്നീട് അത് കൊടുത്തുവീട്ടാന്‍ പ്രയാസപ്പെടുന്ന വിഭാഗം ആളുകളാണ് സകാത്തിന് അര്‍ഹതയുള്ളവരായി ഖുര്‍ആന്‍ പഠിപ്പിക്കുന്ന ആറാമത്തെ വിഭാഗം. വ്യക്തിഗത കടമോ അല്ലെങ്കില്‍ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി വ്യക്തികളോ സംഘങ്ങളോ വാങ്ങിയ കടവുമെല്ലാം ഇതില്‍ ഉള്‍പ്പെടും. പ്രാഥമിക ജീവിതത്തിന് ആവശ്യമായ സ്വത്തുക്കള്‍ വില്‍ക്കാതെ തന്നെ കടം വീട്ടാന്‍ ആവശ്യമായ സമ്പത്ത് ഉള്ളവനു സകാത്തിന് അര്‍ഹതയുണ്ടാവില്ല. പലപ്പോഴും കടം വീട്ടാന്‍ കഴിയാതെ വരുമ്പോള്‍ തങ്ങളുടെ പേരിലുള്ള വീടും വാഹനവുമെല്ലാം വിറ്റ് കടം വീട്ടാനുള്ള മാര്‍ഗം തേടുന്നവരാണ് എല്ലാവരും. സകാത്തിന് അര്‍ഹനാവാന്‍ കടം വീട്ടാന്‍ ആവശ്യമായ സ്വത്തില്ലാത്തവനാവണം എന്ന നിബന്ധനയുണ്ടെങ്കിലും, തന്റെയും കുടുംബത്തിന്റെയും പ്രാഥമിക ജീവിതാവശ്യങ്ങളായ വീട്, വാഹനം എന്നിവ കടം വീട്ടാന്‍ വിനിയോഗിക്കരുത് എന്നാണ് പണ്ഡിതന്മാര്‍ നല്‍കുന്ന നിര്‍ദേശം.
പലിശയ്‌ക്കെടുത്ത വായ്പകള്‍ തിരിച്ചടക്കുന്നതിന് സകാത്തിന്റെ ധനം ഉപയോഗിക്കരുത് എന്നതില്‍ പണ്ഡിതന്മാര്‍ ഏക സ്വരമുള്ളവരാണ്. ബാങ്ക് പലിശയായോ മറ്റു മാര്‍ഗങ്ങളിലൂടെയോ ലഭിക്കുന്ന പലിശയിനങ്ങള്‍ വിശ്വാസികള്‍ ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കുന്നതിലേക്ക് നല്‍കണമെന്നാണ് ആധുനിക പണ്ഡിതന്മാര്‍ നല്‍കുന്ന ഫത്‌വകള്‍. എന്നാല്‍ ഇതോടൊപ്പം തന്നെ സമൂഹത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്നവര്‍ക്ക് പലിശരഹിത വായ്പകള്‍ ലഭിക്കാനുള്ള സംവിധാനങ്ങള്‍ പള്ളികളോടനുബന്ധിച്ചോ മഹല്ല് തലങ്ങളിലോ സംഘടനാതലങ്ങളിലോ നടപ്പാക്കേണ്ടതുണ്ട്.

ദൈവമാര്‍ഗത്തില്‍
ഫീ സബീലില്ലാഹ് എന്ന സകാത്തിന്റെ അവകാശികളെ പലപ്പോഴും ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധസമരം നടത്തുന്നതിന്’ എന്നതിലേക്ക് ചുരുക്കിയതായി കാണാറുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി ലഭിക്കാനായി ചെയ്യുന്ന എന്ത് പ്രവര്‍ത്തനങ്ങളും ഈ വിഭാഗത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പള്ളികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പ്രവര്‍ത്തനവും, പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ചെലവുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അതോടൊപ്പം ഇസ്‌ലാമിന്റെ സംരക്ഷണത്തിനു വേണ്ടി സായുധസമരം ആവശ്യമാണെന്ന് ഒരു നാട്ടിലെ പണ്ഡിതന്മാര്‍ ഇജ്മാഇല്‍ എത്തിയാല്‍ അതിനു വേണ്ടി തയ്യാറാകുന്നവര്‍ക്കും സകാത്തില്‍ നിന്ന് അര്‍ഹതയുണ്ടാകും.
വഴിയാത്രക്കാര്‍
അനുവദനീയമായ കാര്യങ്ങള്‍ക്കു വേണ്ടി യാത്ര നടത്തുന്നതിനിടെ കൈവശമുള്ള പണം തീര്‍ന്നുപോവുകയോ നഷ്ടപ്പെടുകയോ ചെയ്തവരെയാണ് ഇബ്‌നുസ്സബീല്‍ എന്ന ഗണത്തില്‍ സകാത്തിന്റെ അവകാശികളായി മുന്‍കഴിഞ്ഞ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിപുലമായ ഇന്ന് നിമിഷനേരം കൊണ്ട് പണം അയക്കാനും സ്വീകരിക്കാനും പറ്റുമെന്നതിനാല്‍ യാത്രാമധ്യേ പണം നഷ്ടപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്താലും മേല്‍ സൂചിപ്പിച്ച മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തം പണം ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. അതിനും സാധിക്കാത്ത ഒരവസ്ഥയില്‍ മാത്രമേ അയാള്‍ സകാത്തിന് അര്‍ഹനാവുകയുള്ളൂ. ചുരുക്കത്തില്‍, ഇബ്‌നുസ്സബീല്‍ എന്നതിന് നല്‍കിവരുന്ന അര്‍ഥത്തില്‍ സകാത്തിന് അര്‍ഹരാകുന്നവര്‍ വളരെ വിരളമായിരിക്കും എന്നര്‍ഥം.
എന്നാല്‍ ഖുര്‍ആന്‍ തെരുവിന്റെ സന്തതിയെന്ന് വിശേഷിപ്പിച്ച സകാത്തിന്റെ എട്ടാമത്തെ ഈ വിഭാഗത്തിലേക്ക് സ്വന്തം നാട്ടില്‍ നിന്ന് വിശ്വാസത്തിന്റെ പേരില്‍ അടിച്ചോടിക്കപ്പെടുന്നവര്‍, വീടും നാടും ഉപേക്ഷിച്ചു പോവേണ്ടിവന്നവര്‍, കലാപങ്ങളില്‍ സമ്പത്ത് കൊള്ളയടിക്കപ്പെട്ടവര്‍, യുദ്ധങ്ങളിലൂടെ വഴിയാധാരമാക്കപ്പെട്ടവര്‍, അഭയാര്‍ഥികള്‍, കുടിയേറ്റക്കാര്‍ തുടങ്ങിയവരെയും ചേര്‍ത്തുവെക്കുന്നതാണ് ആധുനിക പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍.
സകാത്തിന്റെ വ്യവസ്ഥാപിതമായ നടത്തിപ്പിലൂടെ ഇസ്‌ലാം വ്യക്തിഗതവും സാമൂഹികവുമായ ഒരുപാട് ലക്ഷ്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവണം സകാത്ത് ശേഖരണവും വിതരണവും നടത്തേണ്ടത്. അപ്പോഴേ യഥാര്‍ഥ ഫലപ്രാപ്തിയിലേക്ക് സകാത്ത് സംവിധാനം എത്തുകയുള്ളൂ. ഇതിനായി കേവലം അക്ഷരവായനകള്‍ക്കുപരിയായി ആശയവായനകളും കാലികമായ പുതിയ വിശദീകരണങ്ങളും നല്‍കാന്‍ പണ്ഡിതന്മാര്‍ക്ക് കഴിയണം.

Back to Top