2 Tuesday
December 2025
2025 December 2
1447 Joumada II 11

സൈനുല്‍ ആബിദീന്‍ സുല്ലമി: കര്‍മോത്സുകനായ ബഹുമുഖ പ്രതിഭ

ഹാറൂന്‍ കക്കാട്‌


ത്യാഗനിര്‍ഭരമായ ഓര്‍മകള്‍ സമ്മാനിച്ച് പണ്ഡിതനും പ്രഭാഷകനും അധ്യാപകനും സംഘാടകനുമായിരുന്ന പി സൈനുല്‍ ആബിദീന്‍ സുല്ലമി അന്ത്യയാത്രയായി. 2021 ഫെബ്രുവരി 21-ന്, അന്‍പത്തിയഞ്ചാം വയസ്സില്‍ ജോലിചെയ്യുന്ന സ്‌കൂളില്‍ നിന്ന് സ്വദേശമായ കൊടിയത്തൂരിലേക്ക് മടങ്ങുമ്പോള്‍ വാഹനാപകടത്തില്‍ പെട്ടാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണമുണ്ടായത്.
പകരം വെക്കാനില്ലാത്ത വിധം ജനോപകാരപ്രദമായ വിവിധ പദ്ധതികളുടെ ബുദ്ധികേന്ദ്രമായി സജീവതയോടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു ആബിദ് സുല്ലമി. സ്‌കൂള്‍ പഠനകാലം മുതല്‍ നവോത്ഥാന പ്രവര്‍ത്തനത്തില്‍ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മലയോര മേഖലയിലെ ആദ്യത്തെ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറും മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ കെ ടി കുഞ്ഞാലി ഓഫീസറുടെയും ആയിശാബിയുടെയും മകനാണ്.
പിതാവിന്റെ ജീവിത മാതൃകകളും കൊടിയത്തൂരിലെ നവോത്ഥാന പ്രസ്ഥാന ചലനങ്ങളും അദ്ദേഹത്തിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കുഞ്ഞാലി ഓഫീസര്‍ തുടര്‍ന്ന് പത്ത് വര്‍ഷത്തോളം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയോടൊന്നിച്ച് തിരൂരങ്ങാടി യതീംഖാനയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലായിരുന്നു സേവനമനുഷ്ഠിച്ചത്. പിതാവിന്റെ മഹിതമായ പ്രവര്‍ത്തന പാരമ്പര്യം എല്ലാ അര്‍ഥത്തിലും കുറഞ്ഞ ആയുസ്സിനുള്ളില്‍ തന്നെ ആബിദ് സുല്ലമിക്ക് മനോഹരമായി സാര്‍ഥകമാക്കാനായി എന്നത് സമാനതകളില്ലാത്ത സൗഭാഗ്യമാണ്.
തന്റെ മക്കളെയെല്ലാം അറബിക്കോളജില്‍ ചേര്‍ക്കാനാണ് കുഞ്ഞാലി ഓഫീസര്‍ തീരുമാനിച്ചത്. അങ്ങനെയാണ് അരീക്കോട് സുല്ലമുസ്സലാമില്‍ ആബിദ് വിദ്യാര്‍ഥിയായത്. ഹൈസ്‌കൂള്‍ ജീവിതകാലത്ത് തുടക്കമിട്ട ഇസ്ലാഹി പ്രവര്‍ത്തനങ്ങള്‍ നവോത്ഥാനത്തിന്റെ ഈറ്റില്ലമായ അരീക്കോട്ടെത്തിയതോടെ അദ്ദേഹത്തില്‍ കൂടുതല്‍ ഊര്‍ജ്വസ്വലമായി. ഖുര്‍ആന്‍ പഠനത്തിന് ജനകീയ രൂപം നല്‍കി ചരിത്രത്തില്‍ ഇടം നേടിയ എന്‍ വി അബ്ദുസ്സലാം മൗലവിയുടെ മഹിതമായ ഓര്‍മകള്‍ നിറഞ്ഞ അരീക്കോടിന്റെ മണ്ണില്‍, തനിക്ക് ഗുരുനാഥനായി ലഭിച്ച കേരളത്തിലെ വിഖ്യാത ഖുര്‍ആന്‍ ശാസ്ത്ര പണ്ഡിതന്‍ കെ കെ മുഹമ്മദ് സുല്ലമിയുടെ കൃത്യനിഷ്ഠതയോടെയുള്ള പഠനകളരി സൈനുല്‍ ആബിദീനെയും വിശുദ്ധ ഖുര്‍ആന്റെ വിസ്മയ ലോകത്ത് സജീവമാവാന്‍ പ്രാപ്തനാക്കി. സുല്ലമുസ്സലാം കോളജ് യൂനിയന്റെ ചെയര്‍മാനായി സംഘാടന മികവ് തെളിയിച്ച അദ്ദേഹം പിന്നീട് നവോത്ഥാന, ജീവകാരുണ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കര്‍മവീഥിയില്‍ വിശ്രമമില്ലാതെ മുന്‍നിര പോരാളിയായിത്തീര്‍ന്നു.
വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ നിരവധി ബാച്ചുകളുടെ ഇന്‍സ്ട്രക്ടറായി സേവനമനുഷ്ഠിക്കാന്‍ കാലം അദ്ദേഹത്തിന് സുവര്‍ണാവസരങ്ങള്‍ നല്‍കി. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും വ്യാപനത്തിനും ജീവിതത്തില്‍ മറ്റെന്തിനേക്കാളും കൂടുതല്‍ പ്രാധാന്യത്തോടെ സമയം വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നതാണ് ആബിദ് സുല്ലമിയുടെ ഏറ്റവും വലിയ സവിശേഷത. പഠിതാക്കളുടെ ഹൃദയങ്ങളെ നന്നായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍. തുടര്‍ച്ചയായി ക്ലാസിലെത്തുന്ന വിവിധ പ്രായത്തിലുള്ളവരുടെ ചിന്തയെ ജ്വലിപ്പിച്ച് വിചാര വികാരങ്ങളിലും വിശ്വാസ വീക്ഷണങ്ങളിലും കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ച പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.
പ്രവാസ ലോകത്തും ഏതാനും വര്‍ഷം ആബിദ് സുല്ലമി കര്‍മനിരതനായിരുന്നു. സഊദി അറേബ്യയിലെ ദമ്മാം ജാലിയാത്തിലും ഇസ്‌ലാഹി സെന്ററിലും അദ്ദേഹത്തിന്റെ സേവനമുദ്രകള്‍ പതിഞ്ഞു. വേനപ്പാറ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, പുല്ലൂരാമ്പാറ സെന്റ് ജോസഫ് യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഇഷ്ടപ്പെട്ട അറബി അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇസ്‌ലാഹി സംഘടനകളും പ്രബോധന പ്രവര്‍ത്തനങ്ങളും എന്നും ആബിദ് സുല്ലമിയുടെ ആവേശമായിരുന്നു. എം എസ് എം, ഐ എസ് എം ശാഖാ, മണ്ഡലം, ജില്ലാ, സംസ്ഥാന തല കമ്മിറ്റികളില്‍ ഊര്‍ജസ്വലനായ സാരഥിയായി അദ്ദേഹം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. കൊടുവള്ളിയിലെ പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ നഗരിയില്‍ നടന്ന ഐതിഹാസികമായ ജില്ലാ സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു. ഈ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയിലെ മുക്കുമൂലകളെയും വിശിഷ്യാ, മലയോര മേഖലകളേയും നവോത്ഥാന ചിന്തകളാല്‍ ഇളക്കിമറിക്കാന്‍ ആബിദ് സുല്ലമിക്കും സംഘത്തിനും സാധിച്ചു.
കൊടിയത്തൂര്‍ ഖാദിമുല്‍ ഇസ്‌ലാം സംഘം ജനറല്‍ സെക്രട്ടറി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ മുക്കം മണ്ഡലം പ്രസിഡന്റ്, കെ എ ടി എഫ് മുക്കം ഉപജില്ലാ പ്രസിഡന്റ്, മുക്കം കരുണ ചാരിറ്റബ്ള്‍ ട്രസ്റ്റ് കണ്‍വീനര്‍, കൊടിയത്തൂര്‍ സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ മെമ്പര്‍ തുടങ്ങിയ പദവികളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ അദ്ദേഹം പല കമ്മിറ്റികളുടെയും നെടുംതൂണായിരുന്നു.
സ്‌നേഹത്തിന്റെ തുരുത്തായിരുന്നു ആബിദ് സുല്ലമി. അധ്യാപകനായി, സുഹൃത്തായി, സഹോദരനായി, ഓരോരുത്തരുടേയും ആത്മമിത്രമായി, എല്ലാവര്‍ക്കും വഴികാട്ടിയായി സദാ പുഞ്ചിരി പൊഴിക്കുന്ന സാന്നിധ്യം. വാക്കും സാമീപ്യവും അറിവും കൊണ്ട് അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന അസാധാരണമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
നമ്മുടെ സമൂഹത്തിലെ ഒരു പൊതുപ്രവര്‍ത്തകന്റെ വാര്‍പ്പുമാതൃകയിലൊന്നും ഒതുങ്ങാതെ, പൊള്ളിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നും എല്ലാവരുടെയും ഊര്‍ജമായിരുന്ന അദ്ദേഹം തന്റെ സ്‌കൂളിലെ പിഞ്ചുകുട്ടി മുതല്‍ ഇന്നലെ പരിചയപ്പെട്ട ആളുടെ പോലും തോളില്‍ കൈയിട്ട് അത്രമേല്‍ ഇഷ്ടത്തോടെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു.
വലിയ നെറ്റിത്തടത്തിന് താഴെ വിടര്‍ന്ന കണ്ണുകളും നിലക്കാത്ത പുഞ്ചിരിയുമായി സൗമ്യഭാവത്തോടെ ആബിദ് സുല്ലമി ഓരോരുത്തരിലേക്കും കടന്നുവന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുക്കത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ നിന്ന് വലിയ പരീക്ഷണത്തെ അതിജീവിച്ചാണ് ആബിദ് സുല്ലമി ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റത്. ശരീരത്തെയും ബുദ്ധിയെയും എല്ലാ അര്‍ഥത്തിലും തീവ്രമായ കഷ്ടപ്പാടിലേക്ക് വഴിമാറ്റിയ ആ അപകടത്തില്‍ നിന്ന് അത്ഭുതകരമാം വിധം അദ്ദേഹം തിരിച്ചെത്തി. അനല്‍പമായ ആത്മവിശ്വാസത്തിന്റെയും ആദര്‍ശ പ്രതിബദ്ധതയുടെയും ആള്‍രൂപമായി പിന്നീട് അദ്ദേഹം നഷ്ടപ്പെട്ട നാളുകളിലെ ദൗത്യങ്ങള്‍ കൂടി ഊര്‍ജസ്വലതയോടെ ചെയ്തു കൊണ്ടേയിരുന്നു.
അറിയുന്നവര്‍ക്കെല്ലാം ആബിദ് സുല്ലമി വ്യത്യസ്ത മേഖലകളില്‍ വഴികാട്ടിയായി. നാട്ടില്‍ എല്ലാവരുടെയും ‘കുഞ്ഞന്‍’ ആയിരുന്നു അദ്ദേഹം. വല്ലാത്തൊരു വാത്സല്യമായിരുന്നു എല്ലാവരോടും പ്രകടിപ്പിച്ചത്. ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് ഒരു പരാതി പോലുമുണ്ടായില്ല. ആരും അദ്ദേഹത്തെ വെറുത്തില്ല. സ്ഫടിക സമാനമായ വ്യക്തിത്വമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചത്. മനുഷ്യന്റെ അതിജീവനപ്പോരാട്ടത്തിന്റെ ശക്തമായ അടയാളപ്പെടുത്തലായിരുന്നു നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ആബിദ് സുല്ലമി എന്ന നന്മമരം. എല്ലാം ഇനി ദീപ്തമായ ഓര്‍മകളില്‍!
ഭാര്യ: ഇരിവേറ്റി എ എം എല്‍ പി സ്‌കൂള്‍ അധ്യാപിക സാജിദ. മക്കള്‍: ജവാദ്, എം എസ് എം സംസ്ഥാന സെക്രട്ടറി അഡ്വ. നജാദ് കൊടിയത്തൂര്‍, ജല്‍വ. കൊടിയത്തൂര്‍ പി ടി എം ഹൈസ്‌കൂള്‍ അധ്യാപകന്‍ പി ഹബീബ് റഹ്മാന്‍ സഹോദരനാണ്. ഭൗതികശരീരം സൗത്ത് കൊടിയത്തൂര്‍ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. അല്ലാഹു പരേതന് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ നല്‍കി അനുഗ്രഹിക്കട്ടെ; ആമീന്‍.

Back to Top