7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

യുവത പ്രതിഭാ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


കോഴിക്കോട്: യുവത ബുക്‌സിന്റെ പ്രഥമ പ്രതിഭാ പുരസ്‌കാരങ്ങള്‍ എ കെ കോടൂരിനും അബ്ദുറഹ്മാന്‍ മങ്ങാടിനും സമര്‍പ്പിച്ചു. 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. പി മുസ്തഫ ഫാറൂഖി എന്നിവര്‍ പുരസ്‌കാരദാനം നിര്‍വഹിച്ചു. എ കെ കോടൂരിന്റെ പുത്രന്‍ പി കെ കോമുക്കുട്ടി, അബ്ദുറഹ്മാന്‍ മങ്ങാട് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. യുവത ഡയറക്ടര്‍ കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. ‘എ കെ കോടൂര്‍ നമ്മെ അറിയിച്ചത്’ വിഷയത്തില്‍ കേരളീയം ഡിജിറ്റല്‍ മാഗസിന്‍ എഡിറ്റര്‍ വി മുസഫര്‍ അഹമ്മദ്, ‘അബ്ദുറഹമാന്‍ മങ്ങാട്: ജീവിതവും സന്ദേശവും’ വിഷയത്തില്‍ യുവത സിഇഒ ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു. എഞ്ചിനിയര്‍ പി മമ്മത് കോയ, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍, നദ നസ്‌റിന്‍ പ്രസംഗിച്ചു.
‘ആംഗ്ലോ- മാപ്പിള യുദ്ധം 1921’ ഗ്രന്ഥം രചിച്ച എ കെ കോടൂരിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. 1970 മുതല്‍ 29 വര്‍ഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നിരവധി പേരെ അഭിമുഖം നടത്തിയാണ് ഈ ഗ്രന്ഥം അദ്ദേഹം രചിച്ചത്. 1921-ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകൃതമായ രചനകളില്‍ വേറിട്ടുനില്‍ക്കുന്നതാണ് ഈ ഗ്രന്ഥം. എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പത്രപ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച സേവനങ്ങള്‍ ചെയ്ത എ കെ കോടൂര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ മലപ്പുറം റിപ്പോര്‍ട്ടറായിരുന്നു. മലപ്പുറം ടൈംസ്, മാപ്പിളനാട്, ലീഗ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും കോടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പത്തോളം കൃതികളും നൂറുകണക്കിന് ലേഖനങ്ങളും എഴുതിയ എ കെ കോടൂര്‍ 2010 ജൂലായ് 6-ന് 75-ാം വയസ്സിലാണ് നിര്യാതനായത്.
കേരള മുസ്‌ലിം ചരിത്രത്തിന്റെ നിരവധി അപൂര്‍വ സ്രോതസ്സുകള്‍ ശേഖരിക്കുകയും ഗവേഷണം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അബ്ദുറഹ്മാന്‍ മങ്ങാടിന്റെ സമഗ്ര സംഭാവനകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. അറബി, അറബിമലയാളം, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ അത്യപൂര്‍വ ഗ്രന്ഥങ്ങളുടെയും രേഖകളുടെയും വിപുലമായ ശേഖരമുള്ള അദ്ദേഹം കേരള മുസ്‌ലിം ചരിത്ര പഠനങ്ങളില്‍ ഗവേഷണം നടത്തുന്നവരുടെ മുഖ്യ അവലംബമാണ്. മാപ്പിള പാരമ്പര്യ പഠനങ്ങള്‍ ജീവിത സപര്യയാക്കിയ അദ്ദേഹം ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍, ഖുര്‍ആന്‍ പരിഭാഷകള്‍ വ്യാഖ്യാനങ്ങള്‍, സച്ചരിതര്‍, ഇസ്‌ലാം ക്വിസ് തുടങ്ങിയ മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2008ല്‍ മലപ്പുറം ജില്ലയിലെ ചേളാരി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം റാബിതത്തുല്‍ അദമില്‍ ഇസ്‌ലാമി, കേരള ഇസ്‌ലാമിക് അക്കാദമി എന്നിവയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സി എച്ച് മുഹമ്മദ് കോയ ചെയറില്‍ റിസര്‍ച്ച് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് എഴുപതുകാരനായ അബ്ദുറഹ്മാന്‍ മങ്ങാട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x