തോക്കിന് വാക്കിന്റെ ശക്തി ഇല്ലാതാക്കാന്‍ കഴിയില്ല – പി കെ പാറക്കടവ്
വെളിച്ചം നഗര്‍: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ ഭീകരാക്രമണം 1948 ജനുവരി 30-നായിരുന്നുവെന്നും ആദ്യത്തെ ഭീകരാക്രമിയുടെ പേര് നാഥുറാം ഗോഡ്‌സേ എന്നാണെന്നും പ്രമുഖ കഥാകൃത്ത് പി കെ പാറക്കടവ് പറഞ്ഞു. കരിപ്പൂര്‍ വെളിച്ചം നഗരിയില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയ യുവത ‘ബുക്സ്റ്റാള്‍ജിയ’ മെഗാ പുസ്തകമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാകേന്ദ്രത്തില്‍ പഠിപ്പിക്കുന്ന ഒരധ്യാപകന്‍ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറയുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്നവര്‍ മഹാത്മാ ഗാന്ധിയെ മറക്കാനും തമസ്‌ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. എഴുത്തും പുസ്തക വായനയും പ്രതിരോധ പ്രവര്‍ത്തനമാക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കല്‍ബുര്‍ഗിയേയും ഗൗരി ലങ്കേഷിനേയും കൊന്നു കളഞ്ഞത് തോക്കു കൊണ്ടാണ്. തോക്കു കൊണ്ട് വാക്കിന്റെ ശക്തി ഇല്ലാതാക്കാന്‍ കഴിയില്ല – പാറക്കടവ് പറഞ്ഞു.
ഡി സി, മാതൃഭൂമി, ഒലീവ്, ഐ പി എച്ച്, കെ എന്‍ എം ബുക്‌സ്, പൂമരം, ബുക്പ്ലസ്, വചനം, ഗ്രെയ്‌സ്, ലിപി, അദര്‍, സിന്റില, ഉര്‍വ, ബുക്കഫെ തുടങ്ങി ഒട്ടേറെ പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് പുസ്തക ചര്‍ച്ച, ഓഥേഴ്‌സ് മീറ്റ് തുടങ്ങിയവ സംഘടിപ്പിക്കും. സമ്മേളനത്തിന്റെ വിവിധ വേദികളിലായി യുവത ബുക്‌സിന്റെ അറുപതോളം പുതിയ പുസ്തകങ്ങള്‍ പ്രകാശിതമാവും.
യുവത അസി. ഡയരക്ടര്‍ ഡോ. ഫുഖാര്‍ അലി അധ്യക്ഷത വഹിച്ചു. യുവത സി ഇ ഒ ഹാറൂന്‍ കക്കാട്, ഐ എസ് എം സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.