ഡോ. യൂസുഫുല്‍ ഖറദാവി വിശ്വാസികളെ ഫിഖ്ഹിലേക്ക് അടുപ്പിച്ച പണ്ഡിതന്‍
കെ എന്‍ സുലൈമാന്‍ മദനി
ഇസ്‌ലാമിക വിജ്ഞാനലോകത്ത് നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിച്ച മഹാപണ്ഡിതനായിരുന്നു കഴിഞ്ഞയാഴ്ച വിട പറഞ്ഞ ഡോ. യൂസുഫുല്‍ ഖറദാവി. ആശയപരമായി അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകാം. എന്നാല്‍, ആധുനിക വിഷയങ്ങളെ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ എല്ലാവരും അംഗീകരിക്കുന്നു.
ഹിജ്‌റ കലണ്ടറനുസരിച്ച് ഒരു നൂറ്റാണ്ടു കാലം ജീവിതം നയിച്ച ഖറദാവി കൂടുതല്‍ സ്മരിക്കപ്പെടുക, സാധാരണ ജനങ്ങളെ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലേക്ക് അടുപ്പിച്ചതിന്റെ പേരിലായിരിക്കും. മുസ്‌ലിം ലോകം ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇസ്‌ലാമിക ഫിഖ്ഹിലൂടെ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. സമകാലിക വിഷയങ്ങളില്‍ മുസ്‌ലിം ലോകത്തിന്റെ നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 150ലേറെ വരുന്ന അദ്ദേഹത്തിന്റെ കൃതികളില്‍ അധികവും കര്‍മശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടവയാണ്. ഫിഖ്ഹ് സാധാരണക്കാരന് അപ്രാപ്യമാണ് എന്ന കാഴ്ചപ്പാട് അദ്ദേഹം തിരുത്തി. ഫിഖ്ഹിനെ തഖ്‌ലീദിന്റെ വൃത്തത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.
മതവിഷയങ്ങള്‍ സങ്കീര്‍ണമാക്കുന്ന പ്രവണതക്കെതിരെ നിലകൊള്ളുകയും വിഷയങ്ങളുടെ ഗൗരവം ചോരാതെ എളിമയോടെ അവതരിപ്പിക്കുകയും ചെയ്ത മുജ്തഹിദായിരുന്നു ഖറദാവി. ഇസ്‌ലാമിലെ വിധിവിലക്കുകള്‍ കാലികമായ ഭാഷയില്‍ ലളിതസുന്ദരമായ ശൈലിയില്‍ പരിചയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. കാലത്തിന്റെ തേട്ടങ്ങളെയും ശറഇന്റെ വിധികളെയും സംയോജിപ്പിച്ചുകൊണ്ട് അദ്ദേഹം രൂപപ്പെടുത്തിയ രീതിശാസ്ത്രത്തിന്റെ പ്രചോദനം മതത്തിന്റെ എളിമയും മധ്യമ സമീപനവുമായിരുന്നു. ശരീഅത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തിലൂന്നി പാരമ്പര്യത്തിന്റെ നന്മകളെയും പുതുഭാവനകളെയും അദ്ദേഹം സ്വാഗതം ചെയ്തു. ആധുനിക കാലത്തെ പ്രവണതകളെ തിരിച്ചറിഞ്ഞ് അതിനോടൊപ്പം സഞ്ചരിച്ചുകൊണ്ട് ഭാവിയെ ദീര്‍ഘദര്‍ശനം ചെയ്യുന്ന സമീപനം സ്വീകരിച്ചു. ഇസ്‌ലാമിനെ അതിന്റെ തനിമ ചോരാതെ തന്നെ പുതുമയോടെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ ഖറദാവി വിജയം കണ്ടു.
സമകാലിക പണ്ഡിതന്മാരില്‍ നിന്ന് വ്യത്യസ്തമായി ഇസ്‌ലാമിക ലോകത്ത് യുവജാഗരണം സൃഷ്ടിക്കുന്നതില്‍ ഡോ. യുസുഫുല്‍ ഖറദാവിയുടെ പങ്ക് നിസ്തുലമാണ്. യുവാക്കളെ ആകര്‍ഷിക്കാനും മതാധ്യാപനങ്ങളുടെ ഒപ്പം നിര്‍ത്താനും അവരുടെ പ്രശ്‌നങ്ങളറിഞ്ഞു മതവിധികള്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിച്ചു. യുവതയെ പ്രതികളാക്കുന്നതിലല്ല, മറിച്ച് മാര്‍ഗദര്‍ശനം നല്‍കുന്നതിലാവണം സമുദായത്തിന്റെ ശ്രദ്ധ. യുവതയുടെ ആവശ്യങ്ങളോട് പുറംതിരിയുന്നത് അവരെ തീവ്രവാദങ്ങളിലേക്കോ നിഷേധാത്മകതയിലേക്കോ നയിക്കും. ഇസ്‌ലാമിന്റെ സൗമ്യത, എളിമ, മിതത്വം, മധ്യമനിലപാട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാല കാഴ്ചപ്പാട്, സൃഷ്ടിപരത തുടങ്ങിയവക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം. പുതുതലമുറയില്‍ വളര്‍ന്നു വരുന്ന ജാഗരണം തീവ്രതയിലേക്കോ ജീര്‍ണതയിലേക്കോ നയിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും കൊട്ടിയടക്കപ്പെടണം. അഭിപ്രായ വ്യത്യാസങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയും എന്നാല്‍ ഭിന്നിപ്പിലേക്ക് എത്താതിരിക്കുകയും വേണം. അടിസ്ഥാന പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ സമീപനങ്ങളില്‍ വിശാലത പുലര്‍ത്തുകയും ഉമ്മത്തിന്റെ വിഷയങ്ങളില്‍ ഒന്നിക്കുകയും വേണം- ഇതായിരുന്നു ഖറദാവിയുടെ നിലപാട്.
ഹലാലും ഹറാമും
അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ശൈഖുമാരുടെ പ്രേരണയില്‍ അദ്ദേഹം രചിച്ചതാണ് അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം (ഇസ്‌ലാമിലെ ഹലാലും ഹറാമും) എന്ന ഗ്രന്ഥം. ഇത് ഖറദാവിയുടെ ആദ്യകാല രചനകളില്‍ പെട്ടതാണ്. വിഖ്യാത കര്‍മശാസ്ത്ര പണ്ഡിതന്‍ മുസ്തഫാ സര്‍ഖാ പറഞ്ഞത്, ഓരോ മുസ്‌ലിം കുടുംബവും നിര്‍ബന്ധമായും ഈ ഗ്രന്ഥം വായിച്ചിരിക്കണമെന്നാണ്. ഈ ഗ്രന്ഥം ഇസ്‌ലാമിക കര്‍മശാസ്ത്ര രചനാരീതികളിലെ പുതിയ അവതരണവും മാതൃകയുമാണെന്നാണ് പ്രശസ്ത ഹദീസ് പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയും ഫഖീഹ് അലി ത്വന്‍ത്വാവിയും അഭിപ്രായപ്പെട്ടത്.
കാലിക്കറ്റ് സര്‍വകലാശാല 1984ല്‍ പോസ്റ്റ് അഫ്ദലുല്‍ ഉലമ ആരംഭിച്ചപ്പോള്‍ ഈ ഗ്രന്ഥം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതീവ ലളിതവും സരളവുമായ ശൈലിയില്‍ സമകാലിക വിഷയങ്ങളെ കൈകാര്യം ചെയ്ത മറ്റൊരു കര്‍മശാസ്ത്ര രചന മുസ്‌ലിം ലോകത്തുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ധാരാളം അനുയായികളെയും എതിരാളികളെയും ഈ ഗ്രന്ഥം അദ്ദേഹത്തിന് സമ്മാനിച്ചിട്ടുണ്ട്. തഖ്‌ലീദിന്റെ അനുയായികള്‍ക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല ഈ പുസ്തകം. ഖറദാവി എല്ലാം അനുവദിക്കുന്നു എന്നാരോപിച്ചു കൊണ്ട് ഈ ഗ്രന്ഥത്തെ അല്‍ ഹലാലു വല്‍ ഹലാലു ഫില്‍ ഇസ്‌ലാം എന്ന് പരിഹസിക്കാനും അവര്‍ക്ക് മടിയുണ്ടായില്ല.
ഫിഖ്ഹുസ്സകാത്ത് എന്ന ഗ്രന്ഥം ഖറദാവിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു. ഈ നൂറ്റാണ്ടിന്റെ ഗ്രന്ഥം എന്ന പേരിലാണിതറിയപ്പെടുന്നത്. സകാത്ത് സംബന്ധമായ മുഴുവന്‍ വിഷയങ്ങളിലും പണ്ഡിതന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരു റഫറന്‍സാണിത്. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ നന്മക്ക് സകാത്ത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അദ്ദേഹം കൃത്യമായി വിശദീകരിക്കുന്നുണ്ട്. വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം സകാത്ത് വിഷയങ്ങളിലെ വിജ്ഞാനകോശമായി തലമുറകളോളം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.
മതവിധികള്‍
ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വാ സമാഹാരങ്ങള്‍ പ്രശസ്തമാണ്. ഏതെങ്കിലും ചിന്താധാരകളോട് വിധേയത്വമോ പക്ഷപാതിത്വമോ കാണിക്കാതെ തെളിവുകളുടെ പിന്‍ബലത്തില്‍ മാത്രമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഫത്‌വകള്‍. ജനങ്ങളുടെ പച്ചയായ പ്രശ്‌നങ്ങളും ദൈനംദിന കാര്യങ്ങളുമായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മതവിധികളുടെ യുക്തിയും ഉദ്ദേശ്യവും മനസ്സിലാക്കിക്കൊണ്ടുള്ളതാണ് ഓരോ വിധികളും. സമകാലിക ബുദ്ധിയോടാണ് അവ സംവദിച്ചിരുന്നത്. വിഷയങ്ങളെ സമീപിക്കുന്ന രീതിയും അവതരണവും പ്രവാചകചര്യക്ക് അനുഗുണമായി സങ്കീര്‍ണതകളില്ലാത്തതായിരുന്നു. എല്ലാവര്‍ക്കും ഗ്രാഹ്യമായ ഭാഷയും ശൈലിയും ഉപയോഗിച്ചു. ജന്മനാട്ടിലെ പള്ളിയില്‍ പതിനാറു വയസ്സു മുതല്‍ ക്ലാസുകള്‍ എടുക്കുകയും ഫത്‌വകള്‍ നല്‍കിത്തുടങ്ങുകയും ചെയ്തിരുന്നു അദ്ദേഹം. ഇരുപത്തഞ്ചു വയസ്സായപ്പോഴേക്കും ഇരുത്തം വന്ന പണ്ഡിതനും മുഫ്തിയുമായി ഖറദാവി മാറിക്കഴിഞ്ഞിരുന്നു. റേഡിയോ, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ അദ്ദേഹം നല്‍കുന്ന ഫത്‌വകള്‍ക്കും അവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ശ്രോതാക്കളുണ്ടായിരുന്നു. ഖറദാവിയുടെ ഫത്‌വകള്‍ ഗ്രന്ഥസമാഹാരങ്ങളായി വിവിധ ഭാഷകളില്‍ ലഭ്യമാണ്.
ഖറദാവിയെ ഒരിക്കലെങ്കിലും വായിക്കുകയോ വീക്ഷിക്കുകയോ ശ്രവിക്കുകയോ ചെയ്യാത്ത ആരും ഇന്നു മുസ്‌ലിം ലോകത്തുണ്ടാവാന്‍ സാധ്യതയില്ല. പ്രഭാഷണങ്ങള്‍, ജുമുഅ ഖുത്ബകള്‍, ലേഖനങ്ങള്‍, ചോദ്യോത്തരങ്ങള്‍, ഗ്രന്ഥരചനകള്‍, സിഡികള്‍, കാസറ്റുകള്‍, റേഡിയോ/ടെലിവിഷന്‍ പ്രോഗ്രാമുകള്‍, സോഷ്യല്‍ മീഡിയകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, ഫത്‌വകള്‍ തുടങ്ങി വിജ്ഞാനം പകരാനുള്ള കാലാനുസൃതമായ എല്ലാ മാര്‍ഗങ്ങളും സാധ്യതകളും അദ്ദേഹം പ്രയോജനപ്പെടുത്തി. ഒരു പക്ഷേ ഇത് ഖറദാവിക്ക് മാത്രമവകാശപ്പെട്ടതായിരിക്കും.
2004ല്‍ യൂറോപ്യന്‍ ഫത്‌വാ കൗണ്‍സിലില്‍ പങ്കെടുക്കാനായി ഖറദാവി ലണ്ടന്‍ സന്ദര്‍ശിച്ച വേളയില്‍ രൂപം കൊടുത്ത പണ്ഡിത വേദിയാണ് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ. അതേ വര്‍ഷം അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്‌ളിനില്‍ നിയമപരമായി സംഘടന രജിസ്റ്റര്‍ ചെയ്തു. 2011ല്‍ സംഘടനയുടെ ആസ്ഥാനം ദോഹയിലേക്ക് മാറ്റി. 2018 വരെ സംഘടനയുടെ നേതൃത്വം വഹിച്ചതും ഖറദാവി തന്നെയായിരുന്നു.
ശൈഖ് ഖറദാവി പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനങ്ങളും സെമിനാറുകളും നിരവധിയാണ്. അവയില്‍ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധങ്ങളും ലേഖനങ്ങളും ഈടുറ്റതും മുസ്‌ലിം സമൂഹത്തിന്റെ യശസ്സും ഔന്നത്യവും ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്. ഖുര്‍ആനിക വിജ്ഞാനീയങ്ങള്‍, ഹദീസ്, കര്‍മശാസ്ത്രം, ഗോളശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്രം, പ്രബോധനം, കാലാവസ്ഥ, പരിസ്ഥിതി, ലഹരിയുപയോഗം തടയല്‍ തുടങ്ങി അദ്ദേഹത്തിന്റെ സംഭാവനകളുടെ മേഖല വിപുലമാണ്. ഖറദാവിയുടെ പല കൃതികളും മലയാളത്തില്‍ ലഭ്യമാണ്. പരിസ്ഥിതി സംരക്ഷണം പോലുള്ള കൃതികള്‍ അറബിക് കോളേജുകളില്‍ പാഠ്യവിഷയവുമാണ്.
രാഷ്ട്രീയം
സയണിസത്തിനെതിരെ ശക്തമായി നിലകൊണ്ട പണ്ഡിതനായിരുന്നു ഖറദാവി. സയ ണിസ്റ്റുകള്‍ക്കെതിരെയുള്ള എല്ലാ നീക്കങ്ങളെയും അദ്ദേഹം പിന്തുണച്ചത് ഇസ്‌റാഈലിനെയും ചില പാശ്ചാത്യ രാജ്യങ്ങളെയും ചൊടിപ്പിച്ചു. ചില രാജ്യങ്ങള്‍ അദ്ദേഹത്തിന് വിസാ നിരോധനമേര്‍പ്പെടുത്തി. ഇസ്‌റാഈലിന്റെ അസ്തിത്വം അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മുസ്‌ലിം ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ ഖറദാവിയുടെ പങ്ക് വലുതാണ്. ഫലസ്തീനിലെ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരെ നിരന്തരം ശബ്ദിക്കുകയും ഖത്തറില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയെയും ഇസ്‌റാഈലിനെയും പേരെടുത്തു പറഞ്ഞു ഖുത്ബകളില്‍ ശക്തമായ ഭാഷകളില്‍ വിമര്‍ശിക്കുന്നതില്‍ അദ്ദേഹത്തിന് യാതൊരു ഭയവുമില്ലായിരുന്നു.
ചില അറബ് രാജ്യങ്ങളിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാരിലൊരാളായി ഖറദാവിയെ കാണുന്നവരുണ്ട്. കഴിഞ്ഞ ദശകത്തിലുണ്ടായ അറബ് മുല്ലപ്പൂ വിപ്ലവങ്ങള്‍ക്ക് സൈദ്ധാന്തികാടിത്തറ ഒരുക്കുന്നതില്‍ ഖറദാവിയുടെ രചനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പങ്കുള്ളതായി ആരോപിക്കുന്നവരുണ്ട്. ഹുസ്‌നി മുബാറകിനെ അധികാര ഭ്രഷ്ടനാക്കിയ ശേഷം 2011-ല്‍ കയ്‌റോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഖറദാവി നടത്തിയ ജുമുഅ ഖുത്ബ പ്രസിദ്ധമാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ശ്രവിക്കാന്‍ മൂന്നു മില്യണിലേറെ ജനങ്ങള്‍ തടിച്ചുകൂടിയെന്നാണ് റിപ്പോര്‍ട്ട്.
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കെതിരായി ഭരണകൂടങ്ങള്‍ നിലകൊള്ളരുത് എന്നതായിരുന്നു ഖുത്ബയുടെ ഉള്ളടക്കം. അനീതിക്കും അഴിമതിക്കുമെതിരെ എല്ലാ ജനവിഭാഗങ്ങളും ഒന്നിക്കണം. ഈജിപ്തിന്റെ പുരോഗതിക്ക് മുസ്‌ലിംകളും ക്രിസ്ത്യാനികളും യോജിച്ചു പ്രവര്‍ത്തിക്കണം. മുസ്‌ലിംകളെയും കോപ്റ്റുകളെയും സംയുക്തമായി അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ ചിരകാല സ്വപ്‌നം ജനങ്ങളുമായി പങ്കുവെക്കാനും അദ്ദേഹം തയ്യാറായി. ഇന്ന് ഇവിടെ ഖുത്ബ നിര്‍വഹിച്ചതു പോലെ അല്‍അഖ്‌സാ പള്ളിയില്‍ ഖുത്ബ നിര്‍വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ആ ആഗ്രഹം ബാക്കി വെച്ചു ഖറദാവി യാത്രയായി.
ജനനവും പഠനവും
1926 സപ്തംബറില്‍ ഈജിപ്തിലെ അല്‍ ഗര്‍ബിയ്യിലാണ് ജനനം. പത്തുവയസ്സു പൂര്‍ത്തിയാക്കുന്നതിനു മുമ്പ് വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കി. പഠനത്തില്‍ മികവു പുലര്‍ത്തിയ ഖറദാവി അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡിപ്ലോമയും ഖുര്‍ആനിക വിഷയങ്ങളിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും നേടി. കൗമാരത്തില്‍ തന്നെ മുസ്‌ലിം ബ്രദര്‍ഹുഡില്‍ ആകൃഷ്ടനായ അദ്ദേഹം സംഘടനയുടെ പ്രചാരണാര്‍ഥം ചെറുപ്രായത്തില്‍ തന്നെ ഈജിപ്തിലെ മിക്ക പ്രദേശങ്ങളും സന്ദര്‍ശിക്കുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 35ാമത്തെ വയസ്സില്‍ ഖത്തറിലെത്തുകയും പൗരത്വം നേടി ഖത്തറില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. 1973ല്‍ ‘സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ശരീഅ & ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗത്തിന് തുടക്കമിട്ടത് ഖറദാവിയാണ്. ഖത്തറിലെത്തിയത് മുതല്‍ പതിറ്റാണ്ടുകളോളം ദോഹയിലെ ഉമറുബ്‌നുല്‍ ഖത്താബ് മസ്ജിദില്‍ ഖുത്ബ നിര്‍വഹിച്ചത് ഖറദാവിയായിരുന്നു. റമദാന്‍ മാസങ്ങളില്‍ ദീവാന്‍ അമീരിയോടു ചേര്‍ന്നുള്ള ഗ്രാന്‍ഡ് മോസ്‌കില്‍ ഖറദാവിയുടെ പ്രഭാഷണങ്ങളുണ്ടാവും. രോഗബാധിതനാവുന്നതു വരെ തുടര്‍ന്ന അദ്ദേഹത്തിന്റെ ഖുത്ബകളും പ്രഭാഷണങ്ങളും ശ്രവിക്കാന്‍ മലയാളികളടക്കം ധാരാളം പേര്‍ സന്നിഹിതരായിരുന്നു. ഇസ്‌ലാം ഓണ്‍ലൈന്‍ അദ്ദേഹം സ്ഥാപിച്ചു. അല്‍ജസീറ ചാനലിലെ ‘ശരീഅത്തും ജീവിതവും’ എന്ന പ്രോഗ്രാമിന് ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് മില്യണ്‍ കണക്കിന് പ്രേക്ഷകരുണ്ടായിരുന്നു. ഒരു ഡസനോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തിലെ ബുദ്ധിജീവികളുടെ പട്ടികയില്‍ പ്രമുഖസ്ഥാനം അദ്ദേഹത്തിന് നല്‍കിയത് പാശ്ചാത്യ മാസികകളാണ്.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചതിനു ശേഷം ഖറദാവി വളരെ ക്ഷീണിതനായിരുന്നു. മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നല്‍കിയ ഹ്രസ്വമായ ശബ്ദസന്ദേശം വികാരനിര്‍ഭരമാണ്: ”ഇസ്‌ലാമിനെ കൃത്യമായി പഠിക്കാതെ, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാതെ, മതാധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താതെ മുസ്‌ലിം സമൂഹത്തിന് നിലനില്‍ക്കാന്‍ കഴിയില്ല. ദീനില്‍ അടിയുറച്ചു ജീവിക്കുന്ന ഉമ്മത്തായി നമ്മെ നിലനിര്‍ത്താന്‍ ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു. എന്റെ ജീവിതം അവസാനത്തോടടുത്തതായി ഞാന്‍ മനസ്സിലാക്കുന്നു. ഈ സഹോദരനോടുള്ള നിങ്ങളുടെ സ്‌നേഹവായ്പിന് ഞാന്‍ ഈയവസരത്തില്‍ നന്ദി അറിയിക്കുന്നു. നാം ഓരോരുത്തരും ദീനിനോടും സമൂഹത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിര്‍വഹിച്ചു റബ്ബിനെ കണ്ടുമുട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.”
ഖത്തര്‍ മതകാര്യ മന്ത്രാലയം ഖറദാവിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ചു കൊണ്ട് പുറത്തിറക്കിയ സന്ദേശത്തിലെ വാചകങ്ങള്‍: ”ഏറ്റവും പ്രഗത്ഭനായൊരു പണ്ഡിതനെയാണ് ലോകത്തിന് നഷ്ടമായത്. ഇസ്‌ലാം മതത്തിനും ഇസ്‌ലാമിക വിഷയങ്ങള്‍ക്കും ദീര്‍ഘകാലമായി പ്രതിരോധം തീര്‍ത്ത മഹാപ്രതിഭയായിരുന്നു ഡോ. യൂസുഫ് അല്‍ ഖറദാവി. ശറഈ വിജ്ഞാനങ്ങള്‍ പ്രചരിപ്പിച്ചതിലും ഇസ്‌ലാമിന്റെ മധ്യമനിലപാട് ലോകത്തെ ബോധ്യപ്പെടുത്തിയതിലും അദ്ദേഹം നിര്‍വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും.”