9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

യുദ്ധം തീരം തൊടുമ്പോള്‍

ഷബീര്‍ രാരങ്ങോത്ത്‌


യുദ്ധം തീരം തൊടുമ്പോള്‍
വെളിച്ചം ഓടിയൊളിക്കും

ഘനാന്ധകാരത്തില്‍ ഇടയ്ക്കിടെ
ചില വെളിച്ചങ്ങള്‍ ഒച്ചയുണ്ടാക്കും
കുരുന്നു മുഖങ്ങളില്‍
ചോര കൊണ്ട് ചിത്രം വരക്കും

സ്വപ്‌നവര്‍ണങ്ങളിലേക്ക്
ചായക്കോപ്പ മറിക്കും
തെരുവുകളില്‍
ഭീതിയുടെ ഇടനാഴികളുയരും

ശൂന്യമായ കൈകളുമായ്
യുദ്ധം വിടവാങ്ങുമ്പോള്‍
ശവക്കല്ലറകള്‍ ബാക്കിയാകും
സ്വപ്‌നങ്ങളൊരുപാട്
ഹൃദയങ്ങളില്‍ മൃതിയടയും
ഒടുക്കം
ഒരു മരുഭൂമി ജനിക്കും
കരിങ്കടലിനോരത്ത്
വിളറി വെളുത്ത ഒരു മരുഭൂമി

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x