20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

‘യങ് സ്‌പേസ് ലീഡര്‍’ അവാര്‍ഡ് നേടി അയ്ഷ അല്‍ഹറാം


ബഹിരാകാശ പര്യവേക്ഷണരംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബഹ്‌റൈനിലെ യുവ എന്‍ജിനീയര്‍ അയ്ഷ അല്‍ഹറാം. പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും കടുത്ത മത്സരങ്ങളെ മറികടക്കുകയും ചെയ്തുകൊണ്ട് യങ് സ്‌പേസ് ലീഡേഴ്‌സ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ബഹ്‌റൈനിയും അറബ് വംശജയുമായിരിക്കുകയാണ് അയ്ഷ. മേഖലയിലെ ബഹിരാകാശ പര്യവേക്ഷണരംഗത്ത് 12 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബഹ്‌റൈന്‍ വനിത ഇത്തരത്തില്‍ ആദരിക്കപ്പെടുന്നത്.
അയ്ഷയുടെ വിജയം ബഹിരാകാശ ശാസ്ത്രത്തിലെ യുവ ബഹ്‌റൈന്‍ പ്രതിഭകളുടെ ഉയര്‍ന്ന കഴിവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് ബഹ്‌റൈന്‍ നാഷനല്‍ സ്‌പേസ് സയന്‍സ് ഏജന്‍സി (എന്‍എസ്എസ്എ) ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്‌റാഹീം അല്‍അസീരി പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണമേഖലയുടെ പുരോഗതിക്കായി ബഹ്‌റൈനില്‍ അടുത്തിടെയാണ് നാഷനല്‍ സ്‌പേസ് സയന്‍സ് ഏജന്‍സി രൂപീകരിക്കപ്പെട്ടത്. വളരെ കുറഞ്ഞ കാലയളവില്‍ കൈവരിച്ച ഈ നേട്ടം ഈ മേഖലയിലെ മുന്‍നിര രാഷ്ട്രങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതായി നാഷനല്‍ സ്‌പേസ് സയന്‍സ് ഏജന്‍സി അവകാശപ്പെട്ടു.
ഈ രാജ്യാന്തര ഫോറത്തില്‍ ബഹ്‌റൈനിന്റെ പതാക ഉയര്‍ത്താന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നതെന്ന് സാറ്റലൈറ്റ് ഡിസൈന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി കൂടിയായ എന്‍ജിനീയര്‍ അയ്ഷ അല്‍ഹറാം പറഞ്ഞു. കൂടാതെ, ഗതാഗത-ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ബിന്‍ താമര്‍ അല്‍ കാബിയുടെ നേതൃത്വത്തിലുള്ള ഏജന്‍സിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ പിന്തുണയും, ഡോ. മുഹമ്മദ് ഇബ്‌റാഹീം അല്‍ അസീരിയുടെ കീഴിലുള്ള ഏജന്‍സിയുടെ നാമനിര്‍ദേശവുമാണ് ഈയൊരു നേട്ടത്തിനു പിന്നിലെന്ന് അവര്‍ പറഞ്ഞു.
18നും 35നും ഇടയില്‍ പ്രായമുള്ള ആറു വ്യക്തികളെ മാത്രമാണ് ഈ ഉയര്‍ന്ന മത്സരാധിഷ്ഠിത അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. 77 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 5200 മത്സരാര്‍ഥികള്‍ പങ്കെടുത്തതില്‍ നിന്നാണ് അയ്ഷ വിജയിച്ചത്. ഈ നേട്ടം ബഹ്‌റൈനിലെയും മേഖലയിലെയും യുവതയ്ക്ക് പ്രചോദനമാണ്.

Back to Top