5 Friday
December 2025
2025 December 5
1447 Joumada II 14

യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു എന്നും സുഊദിയും ചര്‍ച്ച നടത്തി


യമനില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ത് സുഊദിയും യു എന്നും. കഴിഞ്ഞ ദിവസം സഊദി തലസ്ഥാനമായ റിയാദില്‍ വെച്ചാണ് യമനിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക വക്താവ് ഹാന്‍സ് ഗ്രണ്ട്ബര്‍ഗും സഊദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സഊദും കൂടിക്കാഴ്ച നടത്തിയത്. യമന്‍ യുദ്ധം അവസാനിപ്പിക്കാനും അറേബ്യന്‍ ഉപദ്വീപില്‍ സ്ഥിരത ഉറപ്പാക്കാനുമുള്ള വഴികള്‍ ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച ചെയ്യാനുള്ള അവസരത്തെ താന്‍ അഭിനന്ദിക്കുന്നതായി ഗ്രണ്ട്ബര്‍ഗ് ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും സഹകരണം തുടരാനും ഇരുവരും പരസ്പരം സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി ഗ്രണ്ട്‌ബെര്‍ഗ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി നേരത്തെ യമനിലും എത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികളും യമനിലെ നിയമാനുസൃത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യവും തമ്മിലുള്ള യുദ്ധത്തിന് സാക്ഷ്യം വഹിക്കുന്ന യമനില്‍ ഇപ്പോള്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.

Back to Top