28 Thursday
March 2024
2024 March 28
1445 Ramadân 18

യാത്ര പുറപ്പെടല്‍ – ഹജ്ജ് അനുഭവം 4

എന്‍ജി. പി മമ്മദ് കോയ

ജൂണ്‍ 17-ന് രാവിലെ 10 മണിക്ക് തന്നെ ഞങ്ങള്‍ പുറപ്പെടാന്‍ തയ്യാറായി. കുളിച്ച് അംഗ ശുദ്ധി വരുത്തി രണ്ട് റക്അത്ത് നമസ്‌കാരിച്ചു. അടുത്ത ബന്ധുക്കളും നാട്ടുകാരും യാത്രയാക്കാന്‍ വന്നിട്ടുണ്ട്. എല്ലാവരോടും യാത്ര പറഞ്ഞു. ഉമ്മയോട് പ്രത്യേകം യാത്രപറയുകയും പൊരുത്തം വാങ്ങുകയും ചെയ്തു.
പടി ഇറങ്ങുന്നതിന് മുമ്പ് ഇരു കൈകളുമുയര്‍ത്തി പ്രാര്‍ഥിച്ചു: ”നാഥാ ഞങ്ങളിതാ നിന്റെ വിളിക്ക് ഉത്തരം തരാന്‍ പുറപ്പെടുകയാണ്. ഞങ്ങളുടെ ഈ യാത്ര നീ സുഗമമാക്കേണമേ! യാത്രയിലെ പ്രയാസങ്ങള്‍ നീക്കിത്തരേണമേ. ഞങ്ങളുടെ കുടുംബത്തിന്റെയും വീടടക്കമുള്ള സ്വത്തുകളുടെയും സംരക്ഷണം നിന്നില്‍ ഭരമേല്പിക്കുകയാണ്. ഭരമേല്പിക്കാന്‍ ഏറ്റവും ഉത്തമന്‍ നീ മാത്രമാണ്.” -മലയാളത്തില്‍ അല്പം ഉച്ചത്തില്‍ തന്നെയാണ് പ്രാര്‍ഥിച്ചത്. എല്ലാവരും ‘ആമീന്‍’ പറഞ്ഞു.
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തുഹു -സര്‍വര്‍ക്കും നാഥന്റെ രക്ഷയും സമാധാനവും ആശംസിച്ചുകൊണ്ട് വാഹനത്തിനടുത്തേക്ക് നടന്നു. മൗലവിമാരുടെയോ പണ്ഡിതന്‍മാരുടെയോ നേതൃത്വത്തില്‍ അറബിയിലുള്ള പ്രാര്‍ഥനകളെക്കാളും സ്വന്തം ഭാഷയില്‍ നേരിട്ട് തന്റെ നാഥനോട് പ്രാര്‍ഥിക്കുന്നതാണല്ലോ ഉചിതം.
‘അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പുറപ്പെടുന്നു’ എന്ന പ്രാര്‍ഥനയോടെ വാഹനത്തില്‍ കയറി. സാധാരണ ഒരു വിശ്വാസി വീട്ടില്‍ നിന്ന് ഇറങ്ങി തൊഴിലിനോ മറ്റു കാര്യങ്ങള്‍ക്കോ പോകുമ്പോള്‍ പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥന തന്നെയാണ് ഇവിടെയും പ്രാര്‍ഥിക്കേണ്ടത്.
‘ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹ്’ എന്ന പ്രാര്‍ഥന ചൊല്ലി. ”അല്ലാഹുവിന് സര്‍വ സ്തുതിയും. അല്ലാഹു ഏറ്റവും മഹാന്‍. ഈ വാഹനം സൗകര്യപ്രദമാക്കി തന്ന അല്ലാഹു പരിശുദ്ധനാകുന്നു. ഞങ്ങള്‍ അതിന് കഴിവുള്ളവരായിരുന്നില്ല. ഞങ്ങള്‍ രക്ഷിതാവിങ്കലേക്ക് മടങ്ങേണ്ടവര്‍ തന്നെയാണ്” എന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു.
പ്രാര്‍ഥനാ നിബിഡമാണ് ഹജ്ജ് യാത്ര! സത്യവിശ്വാസിയുടെ ദൈനംദിന ജീവിതം തന്നെ പ്രാര്‍ഥനകള്‍ കൊണ്ട് നിറഞ്ഞതാണല്ലോ- ഓരോരുത്തരുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാര്‍ഥനയോടെയാണ്. പ്രഭാതത്തില്‍ ഉണരുന്നത് തന്നെ ‘മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ഉണര്‍ത്തിയ സര്‍വാധിനാഥന് സര്‍വ സ്തുതിയും’ അര്‍പ്പിച്ചുകൊണ്ടാണ്. രാത്രി ഉറക്കമാരംഭിക്കുന്നത് ‘മരണവും ജീവിതവും നിയന്ത്രിക്കുന്ന ലോക രക്ഷിതാവിന്റെ നാമത്തിലാണ്.’
”അല്ലാഹുവേ എന്റെ ഈ യാത്രയില്‍ ഭക്തിയും പുണ്യവും നിനക്ക് തൃപ്തികരമായ കര്‍മ്മവും ചെയ്യാനുള്ള സാഹചര്യം നീ ഒരുക്കിത്തരേണമേ. യാത്രയിലെ കൂട്ടുകാരനും എന്റെ കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ! യാത്രയിലെ ക്ലേശങ്ങളില്‍ നിന്നും ദുരന്ത കാഴ്ചകളില്‍ നിന്നും ദുരനുഭവങ്ങളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു” -യാത്രയില്‍ ഈ പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരുന്നു.
ഹജ്ജ് ഹൗസിന്റെ മുന്‍പിലുള്ള റോഡും പരിസരവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അകത്തേക്കുള്ള പ്രവേശന കവാടത്തില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. ഓരോ ഹാജിയുടെയും കൂടെ യാത്രയയക്കാനെന്ന പേരില്‍ കുടുംബക്കാര്‍ വാഹനങ്ങളില്‍ വന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഈ ട്രാഫിക് ബ്ലോക്ക്! ക്യാമ്പിലേക്ക് വരുന്ന ഹാജിമാരോടൊപ്പം വരുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണം പരമാവധി കുറക്കേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കാഴ്ച.
ഹജ്ജ്ഹൗസിന്റെ ബേസ്‌മെന്റ് ഫ്‌ളോറിലാണ് ലഗേജുകള്‍ ഇറക്കിയത്. ഞങ്ങള്‍ക്കു 20 കിലോയില്‍ താഴെ ഭാരം വരുന്ന രണ്ട് ബാഗുകള്‍ മാത്രമാണുള്ളത്. ലഗേജുകള്‍ തൂക്കം പരിശോധിച്ച് കൂപ്പണ്‍ വാങ്ങി. വിമാനത്താവളത്തില്‍ നടക്കേണ്ട നടപടിക്രമങ്ങള്‍ ക്യാമ്പില്‍ വെച്ച് തന്നെ നടത്തി തിരക്ക് കുറക്കാന്‍ സഹായിക്കുകയാണ് അധികൃതര്‍. വിമാന കമ്പനിയുടെ പ്രതിനിധി മേല്‍നോട്ടം വഹിക്കാന്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് ഹജ്ജ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്‌ട്രേഷനോടനുബന്ധിച്ച് ഒരു ബാഡ്ജും ക്യാമ്പില്‍ കിടക്കാനുള്ള ബെഡിന്റെ നമ്പറും തരുന്നുണ്ട്. മുകള്‍ നിലയില്‍ വിശാലമായ രണ്ട് ഹാളുകള്‍ ഹാജിമാര്‍ക്ക് കിടക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് സ്ത്രീകള്‍ക്കും മറ്റൊന്ന് പുരുഷന്‍മാര്‍ക്കും. രണ്ട് ഹാളുകള്‍ക്കുമിടയിലാണ് പ്രാര്‍ഥനാ ഹാള്‍. വെള്ളിയാഴ്ച ജുമുഅക്കുള്ള പ്രസംഗപീഠവും (മിമ്പര്‍) ഉച്ചഭാഷിണി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമയാസമയങ്ങളില്‍ ബാങ്കുവിളിയും നമസ്‌കാരവും നടന്നുകൊണ്ടിരിക്കും.
താഴെ നിലയില്‍ കാന്റീന്‍ സദാസമയവും പ്രവര്‍ത്തിക്കുന്നു. ഹാജിമാര്‍ക്ക് ഏതു സമയത്തും ഭക്ഷണം റെഡിയാണ്.  തീന്‍ മേശകളില്‍ ഇരിക്കേണ്ട താമസം ഓര്‍ഡര്‍ എടുക്കാന്‍ ആളെത്തുകയും ഭക്ഷണം എത്തിച്ചു തരികയും ചെയ്യുന്നു. എല്ലാം വളണ്ടിയര്‍മാരാണ് ചെയ്യുന്നത്. ഉപയോഗിച്ച പാത്രം എടുത്ത് എച്ചിലുകള്‍ തുടച്ച് വൃത്തിയാക്കുന്നതും വളണ്ടിയര്‍മാര്‍ തന്നെ. ഹാജിമാര്‍ക്ക് ‘ഖിദ്മത്ത്’ (സേവനം) ചെയ്യുന്നത് തങ്ങളുടെ ബാധ്യതയാണെന്ന് കരുതുന്ന സഹോദരീ സഹോദരന്‍മാരാണ് നിസ്വാര്‍ഥരായ ഈ വളണ്ടിയര്‍മാര്‍.
ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് യാത്രാരേഖകള്‍ കൈമാറുമെന്നും ‘കവര്‍ ഹെഡ്’ താഴെയുള്ള ‘ബ്രീഫിങ്ങ്’ ഹാളില്‍ എത്തണമെന്നും അറിയിപ്പു വന്നു. അപേക്ഷിച്ച ഗ്രൂപ്പിലുള്ള ഒരാളെ കവര്‍ ഹെഡ് ആയി പരിഗണിക്കുകയും ആ ഗ്രൂപ്പിന് നല്‍കേണ്ട അറിയിപ്പുകള്‍ അയാളിലൂടെ നല്‍കുകയുമാണ് പതിവ്. രജിസ്‌ട്രേഷന്‍ സമയത്ത് തന്ന ബാഡ്ജില്‍ രേഖപ്പെടുത്തിയ ടോക്കണ്‍ നമ്പര്‍ പ്രകാരമാണ് ‘ബ്രീഫിങ്ങി’ന് വിളിക്കുന്നത്. പത്ത് പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ നിരനിരയായി ഇരുന്ന് ഓരോ ഹാജിക്കും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്.
ഹാജിമാരുടെ കയ്യിലുള്ള ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കുകയും ഒരു ചെറിയ ഹാന്റ്ബാഗ് നല്കുകയും ചെയ്യുന്നു. കൈത്തണ്ടയില്‍ കെട്ടാനുളള ബാന്റുകള്‍, ബാഡ്ജുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, പാസ്‌പോര്‍ട്ട് എന്നിവ അടങ്ങിയതാണ് ഹാന്‍ഡ്ബാഗ്. ബാന്‍ഡുകളുടെ പ്രാധാന്യത്തെ പറ്റിയും അവ സദാ സമയവും ധരിക്കേണ്ട ആവശ്യകതയെ പറ്റിയും വിശദീകരിച്ചു തന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ച വളയില്‍ പാസ്‌പോര്‍ട്ട് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടാവും. മദീന എയര്‍പോര്‍ട്ടില്‍ പരിശോധനക്കുള്ളതാണ് വാട്ടര്‍ പ്രൂഫ് ബാന്റ്. ഇവ രണ്ടും കുളിക്കുമ്പോള്‍ പോലും അഴിച്ചുവെക്കരുത് എന്നാണ് പ്രധാന താക്കീത്. ഹാജിമാര്‍ കൂട്ടം തെറ്റിയാല്‍ താമസ സ്ഥലത്ത് തിരിച്ചെത്താന്‍ ഉപകരിക്കുന്ന രേഖകളാണ് ഇവയെല്ലാം.  പാസ്‌പോര്‍ട്ടും ബോര്‍ഡിങ്ങ് പാസ്സുകളും ആ ഹാളില്‍ തന്നെയുള്ള ബാങ്ക് കൗണ്ടറില്‍ കാണിച്ചാല്‍ 2100 സഊദി റിയാല്‍ തരും. ഓരോ ഹാജിക്കും ഏതാണ്ട് 40,000 ഇന്ത്യന്‍ രൂപക്കുള്ള റിയാല്‍. സഊദി അറേബ്യയിലെ താമസ കാലത്ത് ഭക്ഷണത്തിനുള്ള ചെലവിലേക്ക് ഹജ്ജ് കമ്മിറ്റി തിരിച്ചു തരുന്നതാണ് ഈ തുക.
ഓരോ ഹാജിമാരെയും പ്രത്യേകം പരിഗണിക്കുകയും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനമാണ് കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലുള്ളത്. ഒരു ദിവസം തന്നെ മൂന്നും നാലും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടാനുണ്ടാകും. 1200-ലധികം ഹാജിമാര്‍ക്ക് ഒരേസമയം ക്യാമ്പില്‍ സൗകര്യമേര്‍പ്പെടുത്തേണ്ടി വരും. നല്ല ഭക്ഷണവും സദാ സുഖ വിവരമന്വേഷിക്കുന്ന സേവന സന്നദ്ധരായ വളണ്ടിയര്‍മാരും യാത്രയില്‍ ഉപകാരപ്പെടുന്ന വിവരങ്ങള്‍ പങ്കുവെക്കുന്ന ക്ലാസ്സുകളും നമ്മുടെ ഹജ്ജ് ക്യാമ്പിന്റെ പ്രത്യേകത തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x