യാഥാസ്ഥിതിക പുരോഹിത വിമര്‍ശനവും സത്യാവസ്ഥയും
പി കെ മൊയ്തീന്‍ സുല്ലമി
കേരളത്തിലെ സമസ്ത വിഭാഗം സുന്നികള്‍ മുജാഹിദുകള്‍ക്കു നേരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. മുഹമ്മദിബ്‌നു അബ്ദുല്‍വഹാബിനെതിരെ ആക്ഷേപമുന്നയിച്ചാണ് ഇപ്പോള്‍ മുജാഹിദുകള്‍ക്കു നേരെ വി മര്‍ശനം ഉന്നയിക്കുന്നത്. അവര്‍ പറയുന്നു: ലോകത്ത് നടക്കുന്ന സകല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദികള്‍ വഹ്ഹാബികളാണ്. മുഹമ്മദിബ്‌നു അബ്ദില്‍വഹാബ് ബ്രിട്ടീഷ് ചാരനും നാല് ലക്ഷത്തോളം സുന്നികളെ കൊന്നൊടുക്കിയവനുമാണെന്ന് ഗൂഗിളില്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അദ്ദേഹം തെമ്മാടിയാണ്. ഒഹ്ഹാബികള്‍ മുബ്തദിഉകളുമാണ് – ഇങ്ങനെ പോകുന്നു അവരുടെ ആക്ഷേപങ്ങള്‍.
യഥാര്‍ഥത്തില്‍ പ്രസ്തുത വിമര്‍ശനം വാസ്തവ വിരുദ്ധമാണ്. കാരണം അബ്ദുല്‍വഹാബ് എന്ന വ്യക്തി പണ്ഡിതനല്ലാത്ത ഒരു സാധാരണ മനുഷ്യനാണ്. ഇവര്‍ ഉദ്ദേശിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദാണ്. ആ നിലക്ക് ഇവര്‍ കേരളത്തിലെ മുജാഹിദുകളെ വിളിക്കേണ്ടിയിരുന്നത് വഹ്ഹാബികള്‍ എന്നല്ല, മറിച്ച് മുഹമ്മദികള്‍ എന്നായിരുന്നു. അങ്ങനെ വിളിച്ചാല്‍ ആ പേര് മുഹമ്മദ് നബി(സ)യോട് ചേര്‍ന്നു വരും എന്ന ശങ്കയാണ് മകന് പകരം പിതാവിന്റെ പേരില്‍ ഇവര്‍ മുജാഹിദുകളെ അഭിസംബോധന ചെയ്യാന്‍ കാരണം.
ഇവര്‍ പറയുന്ന പേരുമായി മുജാഹിദുകള്‍ക്ക് കാര്യമായ ബന്ധമൊന്നുമില്ല. കാരണം അവര്‍ ക്ഷണിക്കുന്നത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. അതിനെ അംഗീകരിക്കുന്ന എല്ലാ പണ്ഡിതന്മാരെയും മുജാഹിദുകള്‍ സ്വീകരിച്ചുപോരുന്നുണ്ട്. അവര്‍ പറഞ്ഞു എന്ന നിലക്കല്ല മുജാഹിദുകള്‍ മേല്‍ പറഞ്ഞ പണ്ഡിതന്മാരെ അംഗീകരിച്ചുപോരുന്നത്. മറിച്ച്, ഖുര്‍ആനും സുന്നത്തും അവര്‍ അംഗീകരിക്കുന്നതുകൊണ്ടാണ്. ആ നിലയിലാണ് മുജാഹിദുകള്‍ തൗഹീദിന്റെ വിഷയത്തില്‍ മുഹമ്മദിബ്‌നു അബ്ദുല്‍വഹാബിനെയും സുബ്ഹിയിലെ ഖുനൂത്തിന്റെ വിഷയത്തില്‍ ഇമാം അബൂഹനീഫയെയും തറാവീഹ് റക്അത്തുകളുടെ കാര്യത്തില്‍ ഇമാം മാലികിനെയും നമസ്‌കാരത്തിന്റെ ഫര്‍ദുകളുടെ കാര്യത്തില്‍ ഇമാം ശാഫിഈയെയും നമസ്‌കാരത്തില്‍ കൈ കെട്ടുന്ന വിഷയത്തില്‍ ഇമാം അഹ്മദുബ്‌നു ഹന്‍ബലിനെയും ഉദ്ധരിക്കാറുള്ളത്.
കേരളത്തിലെ മുജാഹിദുകള്‍ തീവ്രവാദികളോ കൊലയാളികളോ അല്ല. പൂനൂരില്‍ അബൂബക്കര്‍ ഹാജി എന്ന മുജാഹിദ് പ്രവര്‍ത്തകനെ രാത്രി ഉറങ്ങുമ്പോള്‍ കൊലപ്പെടുത്തിയതും മറ്റൊരിടത്ത് സ്വന്തം അനുഭാവിയെതന്നെ കൊലപ്പെടുത്തിയതും സമസ്തക്കാരല്ലേ? ചേകന്നൂര്‍ മൗലവിയുടെ ആദര്‍ശത്തോട് ഞങ്ങള്‍ക്കും എതിര്‍പ്പാണ്. പക്ഷേ, അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പ്രതിചേര്‍ക്കപ്പെട്ടത് നിങ്ങളല്ലേ? ഇ കെ- എ പി തര്‍ക്ക വിഷയങ്ങളില്‍ കേരളത്തില്‍ എത്ര പള്ളികളും മദ്‌റസകളുമാണ് ആക്രമിക്കപ്പെട്ടത്? സ്ത്രീകളെ മുഖം മറക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍ ആരാണ്? അവര്‍ തന്നെയാണ് തീവ്രവാദികളും തീവ്രവാദ ക്യാമ്പിലുള്ളവരും.
ബ്രിട്ടീഷ് ചാരന്മാര്‍ ആരാണെന്ന് സമസ്തയുടെ പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. അന്ന് സമസ്ത ഒന്നേയുള്ളൂ. സമസ്തക്കാരുടെ എല്ലാ ദുഷിച്ച സ്വഭാവങ്ങളും അവരിപ്പോള്‍ മുജാഹിദുകളുടെ പേരില്‍ ആരോപിക്കുകയാണ്. സമസ്തക്കാര്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അനുകൂലവും സ്വാതന്ത്ര്യസമരം നയിച്ചിരുന്ന കോണ്‍ഗ്രസിനും ഖിലാഫത്ത് പ്രസ്ഥാനത്തിനും എതിരുമായിരുന്നു. അവരുടെ ആറാം വാര്‍ഷിക സമ്മേളനത്തിലെ 12-ാം പ്രമേയം ശ്രദ്ധിക്കുക: ”ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ, കോണ്‍ഗ്രസ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതും ആകുന്നു’. അവതാരകന്‍ കെ മമ്മുട്ടി സാഹിബ് ബഹദൂര്‍. അനുവാദകന്മാര്‍: പി കെ മുഹമ്മദ് മീരാന്‍ മൗലവി, എ പി അഹ്മദ്കുട്ടി മൗലവി.
അതേ സമ്മേളനത്തിലെ 15-ാം പ്രമേയം ഇപ്രകാരമാണ്: ‘നമ്മുടെ ഇന്ത്യാ വൈസ്രോയി എര്‍വിന്‍ പ്രഭു അവര്‍കളും പത്‌നിയും സര്‍ക്കീട്ടില്‍ നിന്നും മടങ്ങി ഡല്‍ഹി പട്ടണത്തിലേക്ക് പ്രവേശിക്കുന്ന അവസരത്തില്‍ ദുഷ്ടന്മാര്‍ ബോംബ് പ്രയോഗിച്ചതില്‍ ഈ യോഗം വ്യസനിക്കുകയും ഭാഗ്യവശാല്‍ യാതൊന്നും ഫലിക്കാതെ പോയതില്‍ അളവറ്റ സന്തോഷത്തെ വെളിവാക്കുകയും ചെയ്യുന്നു’. ഖാന്‍ ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബ് അവതരിപ്പിച്ചു. എ പി അഹ്മദ് കുട്ടി മൗലവി അവര്‍കള്‍ പിന്താങ്ങി. (അല്‍ബയാന്‍, പു.1, ലക്കം 4-5, പേജ് 29).
സമസ്ത മുസ്‌ല്യാക്കന്മാര്‍ ബ്രിട്ടീഷുകാര്‍ക്ക് അനുകൂല നിലപാടെടുത്തപ്പോള്‍ മുജാഹിദ് നേതാക്കളായ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും മൊയ്തു മൗലവിയും കെ എം മൗലവിയുമെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരില്‍ സമരം ചെയ്യുകയായിരുന്നു.
ഖബ്‌റാരാധനയെ എതിര്‍ക്കല്‍
ഫേസ്ബുക്കിലൂടെ ഒരു പുരോഹിതന്റെ അധിക്ഷേപം ഇപ്രകാരമാണ്: ”മുഹമ്മദുബ്‌നു അബ്ദുല്‍വഹാബ് കടുത്ത തെമ്മാടിയാണ്.” അല്ലാഹുവിന്റെ റസൂല്‍ കപടവിശ്വാസികളുടെ പ്രധാന ലക്ഷണങ്ങളായി പറഞ്ഞ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക: ”സംസാരിച്ചാല്‍ നുണ പറയും, പിണങ്ങിയാല്‍ തോന്നിവാസം പറയും”. (ബുഖാരി) മുഹമ്മദുബ്‌നു അബ്ദില്‍വഹാബിനെ അവര്‍ കടുത്ത തോന്നിവാസിയായിക്കാണാന്‍ കാരണം അദ്ദേഹം ഖബ്‌റാരാധനയെ നിശിതമായി എതിര്‍ക്കുകയും കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ പൊളിച്ചു നീക്കാന്‍ കല്പിക്കുകയും ചെയ്തു എന്നതാണ്. അങ്ങനെയെങ്കില്‍ ഇവര്‍ തെമ്മാടിയാക്കുന്നത് ആരെയെല്ലാമാണെന്ന് പരിശോധിക്കാം.
ഒന്ന്, അല്ലാഹുവെയും അവന്റെ റസൂലിനെയുമാണ്. കാരണം അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്‌യ് പ്രകാരം നബി(സ) തന്റെ മരണ സന്ദര്‍ഭത്തില്‍ അലി(റ)യോട് വസ്വിയ്യത്ത് ചെയ്യുകയുണ്ടായി: ഒരു വിഗ്രഹത്തെയും (ഇസ്‌ലാമിക രാഷ്ട്രത്തിലുള്ള) നീ തച്ചുടക്കാതെ വിടരുത്. കെട്ടിപ്പൊക്കിയ ഒരു ഖബ്‌റിനെയും നീ സമനിരപ്പാക്കാതെ വിടരുത് (മുസ്‌ലിം). വിഗ്രഹങ്ങള്‍ക്ക് സമാനമായി ഖബ്‌റിടങ്ങളെയും ജനങ്ങള്‍ ആരാധിക്കും എന്ന ഭയം കാരണമാണ് നബി(സ) അപ്രകാരം വസ്വിയ്യത്ത് ചെയ്തത്.
രണ്ട്, ഇമാം ശാഫിഈ(റ)യെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഇമാം നവവി(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: കെട്ടിപ്പൊക്കപ്പെട്ട ഒരു ഖബ്‌റും നീ സമനിരപ്പാക്കാതെ വിടരുത് എന്ന നബി(സ)യുടെ കല്പന കെട്ടിപ്പൊക്കിയ ഖബ്‌റുകള്‍ പൊളിക്കണം എന്നതിനെ ബലപ്പെടുത്തുന്നതായി ഇമാം ശാഫിഈ(റ) പ്രസ്താവിച്ചിട്ടുണ്ട്. (ശറഹു മുസ്‌ലിം 4:43)
മൂന്ന്, ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനും സമസ്തക്കാരുടെ മുഫ്തിയുമായ ഇബ്‌നുഹജറുല്‍ ഹൈതമി(റ)യെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഇപ്രകാരമാണ്: കെട്ടിപ്പൊക്കിയ ഖബ്‌റുകളും ഖുബ്ബകളും പൊളിച്ചുനീക്കാന്‍ ധൃതി കാണിക്കല്‍ നിര്‍ബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ അത് മസ്ജിദുള്ളിറാറിനെ (കപടവിശ്വാസികള്‍ മുസ്‌ലിംകള്‍ക്കെതിരില്‍ നിര്‍മിച്ച പള്ളി)ക്കാള്‍ അപകടം പിടിച്ചതുമാണ്. പ്രസ്തുത ജാറങ്ങളും ഖുബ്ബകളും നിര്‍മിക്കപ്പെട്ടിട്ടുള്ളത് നബി(സ)യുടെ കല്പനക്ക് വിരുദ്ധമായിക്കൊണ്ടാണ്. (സവാജിര്‍ 1:149)
നാല്, ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ഖബ്‌റുകള്‍ ഒരു ചാണില്‍ അധികം ഉയര്‍ത്താന്‍ പാടില്ല എന്നാണ്. ഖബ്‌റുകള്‍ പരത്തല്‍ സുന്നത്താക്കപ്പെടും. അത് കൂമ്പിക്കാ(ഉര്‍ത്തുക)വതല്ല (അല്‍ഗുന്‍യ 2:139).
അഞ്ച്, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധിക്കുക: സ്വഹീഹായ നിലയില്‍ നബി(സ)യില്‍ നിന്നും നിരോധനം വന്നിട്ടുള്ളതിനാല്‍ ഖബ്‌റിനുവേണ്ടിയോ ഖബ്‌റിനു മീതെയോ ആവശ്യമില്ലാതെ എടുപ്പുകള്‍ നിര്‍മിക്കല്‍ വെറുക്കപ്പെട്ടതാകുന്നു. അപ്രകാരം എടുപ്പുകള്‍ നിര്‍മിക്കല്‍ ഹറാമാകുന്നു. അത്തരം എടുപ്പുകള്‍ നിര്‍ബന്ധമായും തകര്‍ക്കപ്പെടേണ്ടതാണ്. (ഫത്ഹുല്‍ മുഈന്‍, പേജ് 109-110). ആവശ്യമില്ലാതെ എന്ന് പറഞ്ഞത് ഫത്ഹുല്‍ മുഈനില്‍ തന്നെ വിശദീകരിക്കുന്നുണ്ട്. അത് ഖബ്‌റുകള്‍ മാന്തുക, വെള്ളപ്പൊക്കം കാരണമോ മറ്റോ ഖബ്‌റുകള്‍ തകര്‍ക്കപ്പെടും എന്നൊക്കെയുള്ള ഭയപ്പാടുകളാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഖബ്‌റുകള്‍ കെട്ടിപ്പൊക്കാം എന്നാണ് പറഞ്ഞത്.
മുജാഹിദുകള്‍ മുബ്തദിഉകളോ?
മറ്റൊരു ആരോപണം മുജാഹിദുകള്‍ മുബ്തദിഉകള്‍ (അനാചാരക്കാര്‍) ആണെന്നതാണ്. ഇല്ലാത്ത അനാചാരങ്ങള്‍ ഉണ്ടാക്കി അത് നല്ല ബിദ്അത്താണ് എന്ന് വാദിക്കുന്നവരാണ് സമസ്തക്കാര്‍. നബി(സ) പഠിപ്പിച്ചത് എല്ലാ ബിദ്അത്തുകളും വഴികേടാണ് (മുസ്‌ലിം) എന്നാണ്. ഈ ഹദീസിനെ എതിര്‍ക്കുന്നവരാണ് സമസ്തക്കാര്‍. ആരാണ് ബിദ്അത്തിനെ പിന്തുണക്കുന്നവര്‍ എന്ന് പരിശോധിക്കാം.
ഒന്ന്, സ്വുബ്ഹി നമസ്‌കാരത്തിലെ ഖുനൂത്ത് ബിദ്അത്താണ്. ആരാണ് അത് പ്രവര്‍ത്തിക്കുന്നത്? അബൂമാലികുല്‍ അശ്ജഈ(റ) തന്റെ പിതാവില്‍ നിന്നും ഉദ്ധരിക്കുന്നു: ഞാന്‍ നബി(സ)യോടൊപ്പം (സുബ്ഹി) നമസ്‌കരിച്ചിട്ടുണ്ട്. അവിടുന്ന് ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. അബൂബക്കര്‍(റ) നോടൊപ്പവും നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. ഉമര്‍(റ) നോടൊപ്പവും നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് നിര്‍വഹിച്ചിട്ടില്ല. ഉസ്മാന്‍(റ) നോടൊപ്പവും നമസ്‌കരിച്ചിട്ടുണ്ട്. അവിടുന്നും ഖുനൂത്ത് ഓതിയിട്ടില്ല. അലി(റ) നോടൊപ്പവും ഞാന്‍ (സുബ്ഹി) നമസ്‌കരിച്ചിട്ടുണ്ട്. അദ്ദേഹവും ഖുനൂത്ത് ഓതിയിട്ടില്ല. പിന്നീട് അദ്ദേഹം പറഞ്ഞു: കുഞ്ഞുമകനേ, തീര്‍ച്ചയായും അത് ബിദ്അത്താണ്. (നസാഈ 1:122)
രണ്ട്, വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണ്. ഇമാം നവവി(റ) പറയുന്നു: ത്വാഊസ്(റ) പ്രസ്താവിച്ചു: വിത്‌റിലെ ഖുനൂത്ത് ബിദ്അത്താണ്. അത് ഇബ്‌നുഉമറിന്റെ(റ) റിപ്പോര്‍ട്ടാണ്. (ശറഹുല്‍ മുഹദ്ദബ് 4:24). ഈ ബിദ്അത്ത് ചെയ്യുന്നത് സമസ്തക്കാര്‍ മാത്രമല്ല, നവയാഥാസ്ഥിതികരും ചെയ്തുവരുന്നുണ്ട്.
മൂന്ന്, തല്‍ഖീന്‍ ചൊല്ലിക്കൊടുക്കല്‍ ബിദ്അത്താണെന്ന് സമസ്തക്കാരുടെ മുഫ്തിയായ ഇബ്‌നുഹജറുല്‍ ഹൈതമി രേഖപ്പെടുത്തിയിട്ടുണ്ട്: ”ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പ്രസ്താവിച്ചിട്ടുള്ളത് തല്‍ഖീന്‍ (ഖബ്‌റാളികളോടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊടുക്കല്‍) ബിദ്അത്താകുന്നു എന്നാണ്.” (ഫതാവല്‍ കുബ്‌റാ 2:31)
നാല്, ചാവടിയന്തിരം. അത് ബിദ്അത്താണെന്ന് മുസ്‌ല്യാക്കന്മാര്‍ ആദ്യം ചൊല്ലിപഠിപ്പിക്കുന്നു. നൂറുല്‍ അബ്‌സ്വാര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: മയ്യിത്തിന്റെ വീട്ടുകാര്‍ ഭക്ഷണം ഉണ്ടാക്കലും അത് ഭക്ഷിക്കാന്‍ വേണ്ടി ആളുകളെ ഒരുമിച്ചുകൂട്ടലും മോശപ്പെട്ട അനാചാരമാണ്. (പേജ് 74). അതേ ഉദ്ധരണി സമസ്തക്കാര്‍ മദ്‌റസയില്‍ പഠിപ്പിക്കുന്ന ഗ്രന്ഥമായ ഉംദത്തുസ്സാലികിലും(പേജ് 49) രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ആറ്, മീശ വടിച്ചുകളയല്‍. സമസ്തക്കാരില്‍ അധികപേരും നവയാഥാസ്ഥിതികരില്‍ ഭൂരിപക്ഷവും മീശ പാടെ വടിച്ചുകളയുന്നവരാണ്. മീശ പൗരുഷത്തിന്റെ ലക്ഷണമാണ്. അത് പാടെ വടിച്ചുകളയല്‍ ബിദ്അത്താണ്. അശ്ഹബ്(റ) പ്രസ്താവിച്ചു: മീശ വടിച്ചുകളയുന്നതിനെക്കുറിച്ച് ഞാന്‍ ഇമാം മാലികി (റ)നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അത്തരക്കാരെ വേദനയേറിയ അടി അടിക്കണം. അത് ജനങ്ങളില്‍ വെളിവായിട്ടുള്ള ബിദ്അത്താണ്” (ഫത്ഹുല്‍ബാരി 13:346).