യമന്‍: ഹൂതി വിമതരെ മോചിപ്പിച്ച് സുഊദി സഖ്യസേന
യമന്‍ യുദ്ധമുന്നണിയിലുള്ള സുഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന സമാധാനത്തിന്റെ ഭാഗമായി ഹൂതി വിമതരെ മോചിപ്പിക്കാന്‍ തുടങ്ങിയതായി റിപോര്‍ട്ട്. യമനില്‍ ഏഴുവര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുഊദി അറേബ്യ ഹൂതി വിമത തടവുകാരെ മോചിപ്പിക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലേക്കും തെക്കന്‍ തുറമുഖ നഗരമായ ഏദനിലേക്കും തടവുകാരെ മൂന്ന് ഘട്ടങ്ങളിലായി കൊണ്ടുപോകുമെന്ന് സുഊദി പ്രസ് ഏജന്‍സി (എസ് പി എ) അറിയിച്ചു. ഡസന്‍കണക്കിന് ഹൂതി തടവുകാരെ ഒരു വിമാനത്തില്‍ കൊണ്ടുപോകുന്നത് കാണിക്കുന്ന വീഡിയോയും എസ് പി എ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നൂറിലധികം യമനി മുന്‍ തടവുകാരെ സുഊദി അറേബ്യയില്‍ നിന്ന് യമനിലേക്ക് മാറ്റാന്‍ സംഘടന സൗകര്യമൊരുക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസിന്റെ വക്താവ് എഎഫ്പിയോട് പറഞ്ഞു.