യഹൂദരുടെ ചരിത്രവും അവകാശവാദങ്ങളും
എം എസ് ഷൈജു
തങ്ങളുടെ പ്രപിതാക്കളുടെ നാടാണ് ഫലസ്തീനും അതുള്‍ക്കൊള്ളുന്ന ജറുസലേമും എന്നാണ് ജൂതര്‍ അവകാശപ്പെടുന്നത്. അതിന് പിന്നിലെ ചില ചരിത്ര വസ്തുതകള്‍ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. യഹൂദര്‍, ഇസ്രായേല്യര്‍, ജൂതര്‍ എന്നൊക്കെ പറയുന്നത് ലോകത്തെ ഒരു വംശമാണ്. പുരാതനമായ ചരിത്ര വേരുകളുള്ള, ആ വേരുകളെ മുഴുവന്‍ ഇന്നും തങ്ങളുടെ അനുഭവങ്ങളുടെ ഭാഗമായി കാണുന്ന, അന്യ വംശങ്ങളുടെ കലര്‍പ്പുകള്‍ തങ്ങളില്‍ സംഭവിക്കാതെ ജാഗ്രത പുലര്‍ത്തുന്ന ജൂതര്‍ ലോകത്തിന് ഒരു വിസ്മയമാണ്. അവരുടെ വംശം ചരിത്രത്തില്‍ നടത്തിയ എല്ലാ ഇടപാടുകളുടെ തുടര്‍ച്ചയേയും അനുഭവങ്ങളെയും അവര്‍ തങ്ങളുടെ തന്നെ തുടര്‍ച്ചകളില്‍ കുടിയിരുത്തിയിട്ടുണ്ട്. പിതാക്കള്‍ അനുഭവിച്ച ഓരോ അനുഭവവും അവരുടേത് കൂടിയാകുന്നത് സവിശേഷമായ ഈ കുടിയിരുത്തലുകള്‍ കൊണ്ടാണ്.
റോമാ സാമ്രാജ്യത്തിന്റെ സാമന്തന്മാരായി ക്രിസ്തുവിന് മുമ്പ് തന്നെ ഫലസ്തീന്‍ പ്രദേശത്ത് അധിവസിച്ചിരുന്നവരായിരുന്നു യഹൂദന്മാര്‍. ഏതാണ്ട് ആ കാലത്തിന് ശേഷം മാത്രമാണ് അവര്‍ ആധുനിക ചരിത്രത്തിലേക്ക് കടന്ന് വരുന്നത്. അതുവരെയുള്ളത് അവരുമായി ബന്ധപ്പെട്ടുള്ള ചില പുരാവൃത്തങ്ങള്‍ മാത്രമാണ്. നരവംശ ശാസ്ത്രവും വേദപരാമര്‍ശങ്ങളും അവയോട് ഏതാണ്ടൊക്കെ യോജിക്കുന്ന പൗരാണികമായ ചില രേഖകളുമൊക്കെ ഉപോല്‍ബലമാക്കി നടത്തുന്ന നിരീക്ഷണങ്ങളാണ് അതിന് മുമ്പുള്ള അവരുടെ ചരിത്രം. മോശെ പ്രവാചകനൊപ്പം ഈജിപ്തില്‍ നിന്ന് കടല്‍ കടന്ന് വാഗ്ദത്ത ഭൂമി തേടി അവര്‍ അവിടെ എത്തി എന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യാക്കോബ് – യഅക്കൂബ് – പ്രവാചകനൊപ്പം തങ്ങള്‍ ഈ ഭൂമിയില്‍ കഴിഞ്ഞിരുന്നവരായിരുന്നു എന്നും അവര്‍ കരുതുന്നു.
യാക്കോബിന്റെ പുത്രന്‍ ജോസഫ് അഥവാ യൂസുഫ് പ്രവാചകന്‍ ഈജിപ്തിലെ മന്ത്രിയായപ്പോള്‍ യാക്കോബിനൊപ്പം ഈജിപ്തിലേക്ക് കുടിയേറി പ്രവാസ ജീവിതം നയിച്ച യഹൂദ ഗോത്രം പെറ്റ് പെരുകി ഒരു വലിയ വംശമായത് ഈജിപ്തില്‍ വെച്ചായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എഴുതപ്പെട്ട ചരിത്രത്തിനും അപ്പുറം ബിസി 1250 കാലങ്ങളില്‍ നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ സംഭവങ്ങള്‍ക്ക് ബൈബിള്‍, ഖുര്‍ആന്‍ എന്നീ വേദങ്ങളിലെ പരാമര്‍ശങ്ങളും വിദൂരമായ ചരിത്ര തെളിവുകളും മാത്രമേ ഇന്നുള്ളൂ. അത് കൊണ്ട് തന്നെ ആധുനിക ചരിത്രം അവയെയൊക്കെ പുരാവൃത്തങ്ങളുടെ ഗണത്തിലേ പെടുത്തുന്നുള്ളൂ.
ചരിത്രത്തിന്റെ ഈ വിദൂര തെളിവുകള്‍ ആധാരമാക്കിപ്പറഞ്ഞാല്‍ ബിസി 1400 കളില്‍ ഇന്നത്തെ ഫലസ്തീന്‍ പ്രദേശത്ത് അധിവസിച്ചിരുന്ന ‘നത്ഫിയ്യൂന്‍’ എന്ന് പേരുള്ള ഒരു ജനതയെക്കുറിച്ചുള്ള ചില പുരാവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ബി സി 1800 കളില്‍ അവിടെ അവരുടേതായ ഒരു പട്ടണം നിലനിന്നിരുന്നു എന്നതിന്റെ ചില രേഖകളും ലിഖിതങ്ങളും അവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ജറീക്കോ എന്നറിയപ്പെടുന്ന പട്ടണത്തിന്റെ ഭാഗത്താണ് ഈ പുരാതന പട്ടണം നിലനിന്നിരുന്നത്. ഈ പ്രദേശങ്ങളിലൊക്കെ മനുഷ്യര്‍ ദേശാടന ജീവിതം നയിച്ചിരുന്ന ഒരു കാലത്ത് ആദ്യമായുണ്ടായ ഒരു പട്ടണം എന്ന നിലയിലാണ് ഈ പുരാതന പട്ടണം ചരിത്രത്തില്‍ ഇടം നേടുന്നത്. പക്ഷെ ഇവര്‍ ഏത് വംശക്കാരായിരുന്നു എന്നോ പിന്നീട് ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്നോ വ്യക്തമല്ല.
ഫലസ്തീന്‍ എന്ന പേരിന് പിന്നിലും ഒരു ജനതയുടെ ചരിത്രമുണ്ട്. മധ്യധരണ്യാഴിയില്‍ ഉള്‍പ്പെട്ട ദീപുകളില്‍ നിന്ന് സഞ്ചരിച്ചെത്തിയ മനുഷ്യര്‍ ഈ ഭാഗങ്ങളില്‍ എത്തുകയും ഇവിടുത്തെ ഫലഭൂയിഷ്ഠതകളില്‍ ആകൃഷ്ടരായി ഇവിടെ താമസമുറപ്പിക്കുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. മനുഷ്യരുടെ ഭൂസഞ്ചാരങ്ങളാണ് കൃഷിയും സംസ്‌കാരവുമൊക്കെ അവരെ പഠിപ്പിക്കുന്നത്. പലയിടങ്ങളിലായി ഊരോടി നടക്കുന്നതിടയില്‍ എവിടെയെങ്കിലും ഉറയ്ക്കുന്നവര്‍ തങ്ങളുടേതായ ഒരു സ്വത്വവും ഗോത്രവും അവിടെ രൂപപ്പെടുത്താന്‍ ആരംഭിക്കും. അതാണ് പിന്നീട് പല വംശങ്ങളുമാകുന്നത്. ആദിമ ഫറവോമാരുടെ കാലത്ത് ഈ സഞ്ചാര ജനതക്ക് ഈജിപ്തില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കാതെ വന്നപ്പോള്‍ പെലെസ്റ്റ് എന്നറിയപ്പെടുന്ന ഈ ഭൂപ്രദേശത്ത് അവര്‍ സ്ഥിര താമസമാക്കി. അവരില്‍ നിന്നാണ് പെലസ്റ്റിനിയന്‍ എന്ന പേര് രൂപപ്പെട്ടത്. അക്കാലത്ത് അറേബ്യന്‍ ദേശത്ത് നിന്ന് സഞ്ചരിച്ചെത്തിയ മറ്റ് ചില ഗോത്രങ്ങളും ഈ ഭാഗങ്ങളില്‍ അധിവാസമുറപ്പിച്ചിരുന്നു. കനാനികള്‍, യബീസികള്‍ എന്നൊക്കെ അറിയപ്പെട്ട ഈ ഗോത്രങ്ങളും പെലസ്റ്റിന്‍ പ്രദേശത്ത് എത്തിപ്പെടുകയും ആ ഭൂപ്രദേശത്തിന്റെ പേര് ഫലസ്തീന്‍ എന്നായി മാറുകയും ചെയ്തു എന്ന നിഗമനത്തിലാണ് ചരിത്രം ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത്.
അബ്രഹാം പ്രവാചകന്റെ ചരിത്രത്തില്‍ നിന്നാരംഭിക്കുന്ന മതങ്ങളാണ് സെമിറ്റിക് മതങ്ങളായ ജൂത മതവും ക്രിസ്ത്യന്‍ മതവും ഇസ്ലാം മതവും. അത് കൊണ്ട് തന്നെ ഈ മതങ്ങളുടെ ആഖ്യാനങ്ങളൊക്കെ പരസ്പരം കെട്ട് പിണഞ്ഞ് കിടക്കുന്നതാണ്. ഇതിലെ ഓരോ ധാരക്കും അബ്രഹാം പ്രവാചകനിലേക്ക് എത്തിച്ചേരാന്‍ അവരുടേതായ വഴികളാണുള്ളത്. ഈ വൈരുധ്യങ്ങള്‍ സൃഷ്ടിക്കുന്ന ചില മതാധിഷ്ഠിത സങ്കീര്‍ണതകളാണ് ഇന്നത്തെ ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷങ്ങളിലെ ഏറ്റവും വലിയ വൈകാരികതകള്‍ക്ക് ആധാരമായുള്ളത് എന്ന് വേണമെങ്കില്‍ നിരീക്ഷിക്കാവുന്നതാണ്.
അബ്രഹാം പ്രവാചകന്റെ രണ്ട് മക്കളില്‍ ഒരാളായ ഇസ്മായീലിനെ അദ്ദേഹം അറേബ്യയിലെ മക്കാ പ്രദേശത്തും മറ്റൊരു മകനായ ഇസ്ഹാഖിനെ ഫലസ്തീനിലും താമസിപ്പിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആധുനിക ചരിത്രത്തിന്റെ ഭാഷയില്‍ ഇവയും പുരാവൃത്തങ്ങളാണ്. രണ്ട് മക്കളെ പാര്‍പ്പിച്ച സ്ഥലങ്ങളിലും കാല്‍നടയായി യാത്ര ചെയ്ത അബ്രഹാം പ്രവാചകന്‍ രണ്ടിടത്തും ഓരോ ദേവാലയങ്ങളും നിര്‍മ്മിച്ചു. മക്കയില്‍ നിര്‍മിച്ച പുരാതന ദേവാലയം കഅബ എന്ന് വിളിക്കപ്പെട്ടു. രണ്ടാമതായി അദ്ദേഹം നിര്‍മിച്ച ദേവാലയത്തെ അറബികള്‍ അഖ്‌സാ ദേവാലയം എന്ന് വിളിച്ചു. വിദൂരമായത് എന്നാണ് അഖ്‌സാ എന്ന വാക്കിനുള്ളത്. കഅബയില്‍ നിന്ന് വിദൂരമായത് എന്ന അര്‍ഥത്തിലാകാം അങ്ങനെ വിളിക്കപ്പെട്ടത്. ആ വിദൂരമായ ദേവാലയം ഫലസ്തീനില്‍ ആയിരുന്നു എന്നും കരുതപ്പെടുന്നു. ഇതിന്റെ പ്രാന്ത പ്രദേശങ്ങളിലാണ് ഇസ്ഹാഖിന്റെ മകനായ യാക്കോബ് പ്രവാചകനും കുടുംബവും താമസിച്ചിരുന്നതെന്നും അവിടെ നിന്നുമാണ് ഇസ്രായേല്‍ ജനത ജന്മമെടുത്തതെന്നുമാണ് വിശ്വാസം.
സുദീര്‍ഘമായ 650 വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് മോശെ പ്രവാചകനൊപ്പം ഇസ്രായേല്‍ ജനത അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങി വരുമ്പോള്‍ അവിടെ വ്യത്യസ്ത ഗോത്രങ്ങളിലുള്ള ജന വിഭാഗങ്ങള്‍ വ്യാപൃതരായിക്കഴിഞ്ഞിരുന്നു. അവരെ മുഴുവന്‍ അവിടെ നിന്ന് തുരത്തിയത്തിന് ശേഷമാണ് ഇസ്രായേല്യര്‍ ഈ ഭൂപ്രദേശത്ത് ആധിപത്യം ഉറപ്പിക്കുന്നത്. ഒരു കുടുംബവും ഏതാനും ആളുകളും മാത്രമായി ഇവിടെ വിട്ട് പോയവര്‍ ഒരു ജനതയായി മടങ്ങിയെത്തുകയായിരുന്നു.
പ്രദേശത്തെ വിവിധ ഗോത്രക്കാരോട് പോരടിച്ചാണ് ഇസ്രായേല്‍ ജനത ഇവിടെ ആധിപത്യം നേടുന്നത്. ബൈബിള്‍ പുസ്തകങ്ങളില്‍ ഒന്നായ തോറയുടെ പുറപ്പാട് എന്ന ഖണ്ഡം ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ഫലസ്തീനില്‍ എത്തുന്നത് വരെയുള്ള അവരുടെ സുദീര്‍ഘമായ ചരിത്രവും പുരാവൃത്തമാണ്. അതിലെ പ്രമുഖമായ ഒരു പുരാവൃത്തം ദാവീദുമായി (അറബികളുടെ ഭാഷയില്‍ ദാവൂദ്) ബന്ധപ്പെട്ടുള്ളതാണ്. ഈ ചരിത്രപുരുഷനെ മുസ്ലിംകള്‍ അവരുടെ പ്രവാചക ശ്യംഖലയിലെ ദാവൂദ് പ്രവാചകനായാണ് വിശ്വസിക്കുന്നത്.
ഇസ്രായേല്യര്‍ക്ക് ആദ്യമായി ഒരു സ്വന്തം രാഷ്ട്രമുണ്ടാകുന്നത് ദാവീദിലൂടെയാണ്. മോശെയുടെ മരണത്തിന് ശേഷം അരാജകരായി മാറിയ യഹൂദര്‍ക്ക് ഒരു രാഷ്ട്രീയ ഐക്യവും ശുഭപ്രതീക്ഷയും സമ്മാനിക്കുന്നതില്‍ ദാവീദ് വിജയിച്ചു. ദാവീദിന്റെ നേതൃത്വത്തിലാണ് ഫലസ്തീനില്‍ നേരത്തെ മുതല്‍ താമസിച്ച് വന്നവരായി നാം കണ്ട യബീസികളെയും കനാനികളെയും അവര്‍ പരാജയപ്പെടുത്തുന്നത്. അവരില്‍ നിന്ന് തന്നെയുള്ള ദാവീദ് അങ്ങനെ അവരുടെ ആദ്യ രാജാവായി മാറി. ഇതാണ് മിത്തുകളിലും പുരാവൃത്തങ്ങളിലുമുള്ള പൗരാണിക ഇസ്രായേല്‍ രാഷ്ട്രം. ബി സി 990 കാലങ്ങളിലാണ് ഇവയൊക്കെ നടന്നതെന്നാണ് ഊഹങ്ങളും കണക്കുകളും വെച്ച് കരുതപ്പെടുന്നത്.
പുരാതന ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഗരിമയും ശോഭയും എടുത്ത് കാണിക്കുന്ന ഒരു ഭരണം അവര്‍ക്കിടയില്‍ നടന്നത് ദാവീദിന്റെ പുത്രന്‍ സോളമന്റെ ഭരണകാലത്താണ്. സോളമന്‍ രാജാവ് എന്ന പേരില്‍ ഇസ്രായേലി കഥകളിലും ബൈബിളുകളിലും നിറഞ്ഞ് നില്‍ക്കുന്ന ഈ ചരിത്ര പുരുഷനെയും മുസ്ലിംകള്‍ വിശ്വസിക്കുന്നുണ്ട്. സോളമന്റെ അറബി ഉച്ചാരണമായ സുലൈമാന്‍ എന്ന പേരിലാണ് അതെന്ന് മാത്രം. അസാമാന്യമായ കരുത്തും ഇച്ഛാശക്തിയും ശേഷിയുമുണ്ടായിരുന്ന സുലൈമാന്‍ ദൈവത്തില്‍ നിന്നുള്ള ഒരു പ്രവാചകനായിരുന്നു എന്നും മുസ്ലിംകള്‍ വിശ്വസിക്കുന്നു.
ഈ രാജാവിന്റെ കാലത്താണ് ഇസ്രായേല്‍ രാഷ്ട്രത്തിന്റെ സാംസ്‌കാരികപരമായ നിര്‍മിതികള്‍ ഒക്കെ നടക്കുന്നത്. സോളമന്‍ രാജാവിന്റെ ഭരണത്തിന് ശേഷം ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പ്രതാപവും അസ്തമിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ അധികാരത്തില്‍ വന്ന മക്കള്‍ രാജ്യത്തെ ഛിന്നഭിന്നമാക്കിക്കളഞ്ഞു. ഇസ്രാഈലി കഥകളും പുരാവൃത്തങ്ങളും ആധാരമാക്കിപ്പറഞ്ഞാല്‍ ഏതാണ്ട് 90 വര്‍ഷക്കാലം മാത്രം നിലനിന്ന ഒരു ചെറിയ ഭരണവും ഭരണകൂടവുമായിരുന്നു പുരാതന ഇസ്രായേല്‍ എന്ന ചെറുരാജ്യം.
ലോകത്തെ എല്ലാ യഹൂദരും ഏറ്റവും പവിത്രമായി കാണുന്ന ഹൈക്കല്‍ എന്ന ആദിമ ദേവാലയം തങ്ങള്‍ക്കായി നിര്‍മിച്ച് നല്‍കിയത് സോളമന്‍ ആണെന്നാണ് ജൂതവിശ്വാസം. പിന്നീട് പല അധികാര വാഴ്ചകള്‍ക്കിടെയുള്ള സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും തകര്‍ന്ന് പോയ ഈ പൗരാണിക ദേവാലയമാണ് ലോകത്തിന്റെ ഇന്നോളമുള്ള ജൂത ചരിത്രത്തിന്റെ എല്ലാ വൈകാരിക തീക്ഷ്ണതകളെയും ഉള്‍വഹിച്ച് കൊണ്ട് അവരുടെ വിശുദ്ധി സങ്കല്പത്തിന്റെ അമൂര്‍ത്തതയായി ഇന്നും അവരുടെ ഉള്ളില്‍ കുടി കൊള്ളുന്നത്. ഇരുമ്പും ചെമ്പും പോലെയുള്ള ലോഹങ്ങള്‍ കൊണ്ടാണ് ഈ ദേവാലയം നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് വിശ്വാസം. മോശെ പ്രവാചകനിലൂടെ തങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് ലഭിച്ച വേദഗ്രന്ഥം ഈ ദേവാലയത്തിലെ അതീവ വിശുദ്ധമായ ആള്‍ത്താരയിലാണ് സൂക്ഷിക്കപ്പെട്ടിരുന്നത് എന്നും അവര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഈ ദേവാലയം സോളമന്‍ സ്വതന്ത്രമായി നിര്‍മിച്ചതല്ലെന്നും പൂര്‍വ പിതാവായ അബ്രഹാം പ്രവാചകന്‍ നേരത്തെ തന്നെ അവിടെ നിര്‍മിച്ചിരുന്ന അഖ്സാ ദേവാലയം നിലനിന്നിരുന്ന സ്ഥാനത്തായിരുന്നു ഈ നിര്‍മിതിയെന്നും മുസ്ലിംകള്‍ കരുതുന്നു. ആ പ്രദേശത്തെ ബൈത്തുല്‍ മുഖദ്ദിസ് എന്നാണ് അറബികള്‍ വിളിച്ചത്. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് അറേബ്യന്‍ മണ്ണില്‍, മക്കയില്‍, ജനിക്കുകയും പ്രവാചക പരമ്പരയിലെ അവസാന കണ്ണിയെന്ന് മുസ്ലിംകള്‍ വിശ്വസിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി (സ) ഈ ദേവാലായത്തെ സംബന്ധിയായി അനേകം പരാമര്‍ശങ്ങള്‍ നടത്തി. വിശുദ്ധിയുടെ ഗേഹമായാണ് ഈ ദേവാലയത്തെ അദ്ദേഹം പരിഗണിച്ചത്. ആദ്യ കാലത്ത് മുസ്ലിംകള്‍ നമസ്‌കാരത്തിന്റെ ഭൗമദിശയായി സ്വീകരിച്ചത് ഈ ദേവാലയം നിന്ന സ്ഥലമായിരുന്നു. മക്കയില്‍ നിന്ന് ഇങ്ങോട്ട് തിരിഞ്ഞ് നിന്ന് നമസ്‌കരിക്കാന്‍ ആരംഭിച്ച മുസ്ലിംകള്‍ ഈ ദേവാലയ ഭാഗത്തെ അഥവാ ബൈത്തുല്‍ മുഖദ്ദിസിനെ തങ്ങളുടെ മൂന്നാമത്തെ വിശുദ്ധമായ ആരാധനാലായമായി കണ്ടു.
ആഭ്യന്തര ശൈഥില്യങ്ങള്‍ മൂലം നാശോന്മുഖമായ ഇസ്രായേല്‍ ഭരണകൂടത്തിന് ശേഷം പ്രദേശത്ത് ആധിപത്യമുറപ്പിച്ചത് ബാബിലോണിയക്കാരാണ്. അവര്‍ നഗരം പിടിച്ചെടുത്തു. പല ഭരണകൂടങ്ങള്‍ ഫലസ്തീനില്‍ പിന്നീട് അധികാരത്തിലെത്തി. ജൂതന്മാര്‍ അവിടെ താമസിച്ചിരുന്ന കാലത്ത് ഒടുവില്‍ അവിടെ എത്തിയത് റോമാക്കാരായിരുന്നു. ക്രിസ്തുവിന് ശേഷം ക്രൈസ്തവവല്‍കൃതമായ റോമന്‍ സാമ്രാജ്യം ക്രിസ്തു ഘാതകരായ യഹൂദരെ പരാജയപ്പെടുത്തുകയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ചെയ്തു. റോമാക്കാരുടെ പീഡനങ്ങളെ ഭയന്ന് ജൂതര്‍ ജെറുസലേം നഗരവും ഭൂപ്രദേശങ്ങളും വിട്ട് സുരക്ഷിതരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറി. നൂറ്റാണ്ടുകളായി അവര്‍ അവിടങ്ങളില്‍ തുടരുകയും ചെയ്തു.
ഇതാണ് ജൂതന്മാര്‍ക്ക് ഫലസ്തീനുമായുള്ള ആത്മീയ ബന്ധം. ഒരിക്കല്‍ തങ്ങളുടെ മതപരമായ ചിഹ്നങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരുന്ന ജറുസലേമിലേക്ക് മടങ്ങിപ്പോകല്‍ അവരുടെ സ്വപ്‌ന സമാനമായ ഒരു ആഗ്രഹവുമായിരുന്നു. വിവിധ രാജ്യങ്ങളിലെ പൗരന്മാരായി ജീവിക്കുന്ന അവര്‍ക്ക് ഒട്ടും സാധ്യമല്ലാതിരുന്ന ഒരാഗ്രഹം മാത്രമായിരുന്നു അത്. ഇത്തരം ആഗ്രഹങ്ങളുടെ പേരില്‍ ഒരു ജനതക്ക് അവരുടെ പ്രപിതാക്കളുടെ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവാദം നല്‍കിയാല്‍ ഇന്നത്തെ പല രാജ്യങ്ങളും അവശേഷിക്കാനുണ്ടാകില്ല എന്നതാണ് സാമൂഹ്യ യാഥാര്‍ഥ്യം. ഏറ്റവും കുറഞ്ഞത് അമേരിക്കക്കാര്‍ക്ക് ബ്രിട്ടനെ തീറെഴുതി കൊടുക്കുകയെങ്കിലും വേണ്ടി വരും. കാരണം മതത്തിന്റെ പേരില്‍ ബ്രിട്ടന്‍ നടത്തിയ കൊടിയ പീഡനങ്ങള്‍ സഹിക്കാനാകാതെ ജീവരക്ഷാര്‍ഥം പലായനം ചെയ്തവരാണ് ഇന്നത്തെ അമേരിക്കയെ നിര്‍മിച്ചെടുത്തത്! (തുടരും)