ഫുട്‌ബോളിലേക്ക് ചുരുങ്ങിയ ലോകം
മുഹമ്മദ് നജീബ് നിലമ്പൂര്‍
ലോകം ഇപ്പോള്‍ ഒരു ബോളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഖത്തറില്‍ ലോകകപ്പ് തീരുമാനിക്കപ്പെട്ട അന്നു മുതല്‍ വിദ്വേഷ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഖത്തറില്‍ മനുഷ്യാവകാശ ലംഘനം കൊടുമ്പിരിക്കൊള്ളുന്നു എന്നതാണ് പ്രധാന പ്രചാരണം. യൂറോപ്യന്‍ മാധ്യമങ്ങളാണ് ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
പലപ്പോഴും മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ പോലും ഇരട്ടമുഖം കാണിക്കുന്നതാണ് കണ്ടുവരുന്നത്. ഈജിപ്തിനോടില്ലാത്ത വിരോധം ഖത്തറിനോട് പ്രകടിപ്പിക്കുന്നതില്‍ ഖത്തറിന്റെ നിലപാടുകള്‍ ഒരു വിഷയമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പലപ്പോഴും മനുഷ്യാവകാശ പ്രശ്‌നങ്ങളല്ല മറ്റു പലതുമാണ് ഖത്തറിനെതിരെ തിരിയാന്‍ യൂറോപ്യരെ പ്രേരിപ്പിക്കുന്നത്.
ഖത്തറിനെതിരായി ഉന്നയിക്കപ്പെടാവുന്ന ഗൗരവപരമായ പല വിമര്‍ശനങ്ങളുമുണ്ട്. പക്ഷേ, രാജ്യം നേരിടേണ്ടിവരുന്നത് അഭൂതപൂര്‍വമായ ഒരു കാമ്പയിനാണ്. അതാവട്ടെ കൂടുതലും അജ്ഞതയില്‍ നിന്നും വംശീയഭ്രാന്തില്‍ നിന്നും ഉടലെടുക്കുന്നതുമാണ്.
2018ല്‍ റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങിയപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വളരെ ചുരുക്കം വാര്‍ത്തകള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇപ്പോള്‍ പക്ഷേ പകുതിയോളം വാര്‍ത്തകളെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ടതാണ്.
റഷ്യയുടെ ക്രീമിയന്‍ അധിനിവേശം, സിറിയയിലെ ബോംബിങ്, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയെല്ലാം അന്ന് ലോകകപ്പുമായി ഒട്ടും ബന്ധപ്പെടുത്താതെ നല്‍കിയ വാര്‍ത്തകളായിരുന്നു. പക്ഷേ, ഖത്തറുമായി ബന്ധപ്പെട്ട ഏകപക്ഷീയമായ വാര്‍ത്തകളില്‍ എല്ലാം ലോകകപ്പുമായി ബന്ധപ്പെടുത്തിയാണ്, രണ്ടും പരസ്പരബന്ധമില്ലാത്തതാണെങ്കില്‍ കൂടി. തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്ന രണ്ട് തലങ്ങളിലേക്ക് ഈ സ്പോര്‍ട്‌സ് മേള ചുരുങ്ങിപ്പോയി എന്നതാണ് ഇതിന്റെ ഫലം.
ഒരു പൊതുബോധം പെട്ടെന്ന് തട്ടിക്കൂട്ടാനുള്ള മാര്‍ഗമാണ് എളുപ്പത്തില്‍ ഖത്തറിനെ ഒരു പരിഹാസ വര്‍ണനയിലൂടെ ചിത്രീകരിക്കുക എന്നത്. അമേരിക്കയിലും യൂറോപ്പിലുമുള്ള ഭൂരിപക്ഷം ആളുകള്‍ക്കും ഖത്തറിനെ കുറിച്ച് ഒന്നുമറിയില്ല. ലോകകപ്പുമായി ബന്ധപ്പെട്ട കവറേജുകള്‍ക്കപ്പുറം ആ രാജ്യത്തിന്റെ സംസ്‌കാരം, രാഷ്ട്രീയ സാഹചര്യം, ചരിത്രം, ജനങ്ങള്‍ എന്നിവയെപ്പറ്റിയൊന്നും അവര്‍ക്ക് വലിയ പിടിപാടില്ല.