28 Tuesday
January 2025
2025 January 28
1446 Rajab 28

സാമ്പത്തിക അസമത്വം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നു

എം കെ വേണു


വികസിത രാജ്യങ്ങള്‍ക്കിടയില്‍ സമ്പത്തിന്റെയും വിതരണത്തിന്റെയും അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും അസമത്വമുള്ള സമൂഹമാണ് യു എസ്. ഈ സാമ്പത്തിക അസമത്വം ഇന്ത്യ പോലുള്ള രാജ്യങ്ങളിലും നിലവിലുണ്ട്. 1992-ലെ തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണ്‍ ജോര്‍ജ് ബുഷിനെ പരാജയപ്പെടുത്തി. അന്ന് ഇലക്ഷന്‍ പ്രചരണത്തിനായി അദ്ദേഹം ഉപയോഗിച്ചിരുന്നത് It is the economy, stupid എന്ന മുദ്രാവാക്യം ആയിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് അമേരിക്ക കരകയറി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ക്ലിന്റണിന്റെ മുദ്രാവാക്യം ആവര്‍ത്തിച്ചിട്ടില്ലായെങ്കിലും ഡോണള്‍ഡ് ട്രമ്പിന്റെ ഇലക്ഷന്‍ പ്രചരണവും ചര്‍ച്ചയാക്കിയിരുന്നത് കോവിഡിന് ശേഷമുള്ള പണപെരുപ്പവും അത് തൊഴിലാളി ജീവിതങ്ങളെ ബാധിച്ച വിധവുമായിരുന്നു. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ഏതാണ്ട് 90% പേരും നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശമാണ് തങ്ങളുടെ ഇന്നത്തെ അവസ്ഥ എന്ന് ഒരു സര്‍വേയില്‍ രേഖപ്പെടുത്തിയിരുന്നു. ജനസംഖ്യയുടെ ബാക്കി 10 ശതമാനം ഏറ്റവും ഉയര്‍ന്ന നിലയിലുമായിരുന്നു.
യു എസില്‍ ഉണ്ടായ സാമ്പത്തിക ഉത്തേജനം സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ കുതിപ്പുകളുണ്ടാക്കി. കൂടുതല്‍ സ്റ്റോക്കുകള്‍ ഉണ്ടായവര്‍ വലിയ ധനവാന്മാരായി മാറി. ഇതോടെ അമേരിക്കയില്‍ നിലനിന്നിരുന്ന സാമ്പത്തിക അസമത്വം മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. രുചിര്‍ ശര്‍മയുടെ ംവമ േ ംലി േംൃീിഴ ംശവേ രമുശമേഹശാെ എന്ന പുസ്തകത്തില്‍ കോവിഡിന് ശേഷമുള്ള ഫെഡറല്‍ റിസര്‍വിന്റെ 4 ട്രില്യണ്‍ ഡോളര്‍ ലിക്യുഡിറ്റി ഇന്‍ജെക്ഷന്‍ കാരണം ശതകോടീശ്വരന്മാരുടെ എണ്ണം 16% വര്‍ധിച്ചിട്ടുണ്ട് എന്ന് പറയുന്നുണ്ട്.
വിരോധാഭാസമെന്നു പറയട്ടെ, തൊഴിലാളി വര്‍ഗത്തെ വിജയിപ്പിക്കാന്‍ ട്രംപിനെ സഹായിച്ച ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 20 ബില്യണ്‍ ഡോളറില്‍ നിന്ന് 150 ഡോളറായി ഉയര്‍ന്നു. അതായത് മുന്‍പത്തെക്കാള്‍ ആറിരട്ടി. 2022-ഓടെ പണപ്പെരുപ്പം 7% ആയി ഉയരുകയും തൊഴിലാളിവര്‍ഗത്തിന്റെ വേതനത്തില്‍ കൈകടത്തി ട്രംപ് അവരെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്തു. ഉയര്‍ന്ന വരുമാന അസമത്വത്തിന്റെയും പണപ്പെരുപ്പത്തിന്റെയും സംയോജനം 2024-ല്‍ വിവിധ ജനാധിപത്യ രാജ്യങ്ങളില്‍ നിലവിലുള്ള ഗവണ്‍മെന്റുകളുടെ ജനപ്രീതി കുറയുന്നതിന് ഗണ്യമായ സംഭാവന നല്‍കി. ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ പ്രകടമായിരുന്നു. പണപ്പെരുപ്പവും വേതന സ്തംഭനവും തൊഴിലില്ലായ്മയും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പോലുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ മോദിക്ക് വലിയ ആഘാതം സൃഷ്ടിച്ചത് കണ്ടവരാണ് നമ്മള്‍. അവിടങ്ങളിലെല്ലാം വലിയ തിരിച്ചടിയാണ് മോഡിയും ബി ജെ പിയും അനുഭവിച്ചത്.
സാമ്പത്തിക അസമത്വങ്ങള്‍ വളരുന്നതനുസരിച്ച്, ഇടത്തരം-താഴ്ന്ന വരുമാനക്കാരായ വോട്ടര്‍മാര്‍ക്കിടയില്‍ ചെറിയ രീതിയിലുള്ള അവബോധവും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന 10% കുടുംബങ്ങള്‍ മൊത്തം സമ്പത്തിന്റെ 75% നിയന്ത്രിക്കുന്നു, താഴെയുള്ള 50% ജനതക്ക് ലഭിക്കുന്നത് സമ്പത്തിന്റെ വെറും 2% മാത്രമായി അവശേഷിക്കുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ നിലവിലെ സാമ്പത്തിക നയങ്ങളോട് തീര്‍ച്ചയായും വിമുഖത വളര്‍ത്താന്‍ ഇത് കാരണമായി. തൊഴിലാളിവര്‍ഗത്തിന്റെ ജീവിതച്ചെലവ് കുറയ്ക്കുമെന്ന് കമലാ ഹാരിസ് വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ നിലവിലെ ഭരണത്തിന്റെ ഭാഗമായതിനാല്‍ അവര്‍ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നില്ല.
വികസിത രാജ്യങ്ങളില്‍ പോലും പണപ്പെരുപ്പം ജനങ്ങളുടെ ക്ഷേമത്തെ ബാധിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് അധികാരികളോടുള്ള അതൃപ്തി വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പോയ പല രാജ്യങ്ങളിലും ഈ പ്രവണത ദൃശ്യമായിരുന്നു. പണപ്പെരുപ്പം, വരുമാന അസമത്വം തുടങ്ങിയവ നിലവിലെ നേതാക്കള്‍ക്ക് തങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റുന്നുണ്ട് എന്ന തിരിച്ചറിവ് ജനങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.
ഈ വിഷയങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവസരം മുതലെടുക്കുന്ന ഗുണഭോക്താക്കളാണ്. 2024-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ പലതിലും അധികാരം കയ്യാളുന്ന കക്ഷികള്‍ നന്നായി പോരാടേണ്ടി വന്നു, വിജയം അത്ര എളുപ്പമായിരുന്നില്ല. പലയിടത്തും അധികാരമാറ്റങ്ങളും ഉണ്ടായി. സാമ്പത്തിക വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത അസംതൃപ്തിയാണ് യുകെയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണമായത്. ഇതേ പാറ്റേണ്‍ ആണ് പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തിയിരുന്ന ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സമീപകാല തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ കാരണം. ഇത് ജപ്പാനിന്റെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ തന്നെ മാറ്റങ്ങള്‍ക്ക് കാരണമായി.
ഫ്രാന്‍സും ജര്‍മനിയും സമാനമായ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. അതുപോലെ തന്നെ ജര്‍മനിയില്‍ ഭരണസഭയിലെ സഖ്യകക്ഷികള്‍ പ്രധാനപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ അതൃപ്തി നേരിട്ടു. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആദ്യമായി ഭൂരിപക്ഷം നഷ്ടപ്പെട്ടു.

ഇവയെല്ലാം സര്‍ക്കാരുകളുടെ പാന്‍ഡെമിക്കിന് ശേഷമുള്ള സാമ്പത്തിക കൈകാര്യങ്ങളിലുള്ള വ്യാപകമായ അതൃപ്തിയാണ് കാണിക്കുന്നത്. മിക്കവാറും എല്ലാ സമ്പദ് വ്യവസ്ഥയിലും കോവിഡിന് ശേഷം ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്ള ദരിദ്രരും ലോവര്‍ മിഡില്‍ ക്ലാസും വരുമാനത്തിലും ഗുണഭോക്തൃ ശേഷിയിലും താഴോട്ട് പതിച്ചപ്പോള്‍ ധനികര്‍ക്ക് സാമ്പത്തിക ലാഭത്തില്‍ പലമടങ്ങ് വര്‍ധനവ് ഉണ്ടാവുകയാണ് ചെയ്തത്. ശ്രേണികൃതവും ഘടനാപരവുമായ ഈ അവസ്ഥക്ക് പെട്ടെന്ന് ഒരു മാറ്റം ഉണ്ടാവുക സാധ്യമല്ല.
ചൈന, ഇന്ത്യ തുടങ്ങി മറ്റ് രാജ്യങ്ങളിലേക്കുമുള്ള ഇറക്കുമതി ചുങ്കം ഉയര്‍ത്തി അമേരിക്കയെ വീണ്ടും അഭിവൃദ്ധിപ്പെടുത്തുമെന്ന ട്രംപിന്റെ വാഗ്ദാനവും തൊഴിലാളി വര്‍ഗ്ഗത്തിന് പ്രതികൂലമായി ഭവിക്കാനാണ് സാധ്യതകള്‍. മുതലാളിത്ത ശക്തികള്‍ക്ക് മാത്രം ലാഭം ഉണ്ടാക്കുന്ന ഇത്തരം സമ്പത്തിക അവസ്ഥയെ അഴിച്ചുപണിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ലോകത്തിന്റെ വളര്‍ച്ചയെ രാഷ്ട്രീയപരമായും ജനാധിപത്യപരമായും സുസ്ഥിരമാക്കാന്‍ അത്അത്യാവശ്യമാണ്.
വിവ. അഫീഫ

Back to Top