15 Wednesday
July 2026
2026 July 15
1448 Mouharrem 29

സ്ത്രീസുരക്ഷ: സര്‍ക്കാര്‍ ക്രിയാത്മക നിലപാട് സ്വീകരിക്കണം: കെ എന്‍ എം

ആലപ്പുഴ: സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന പീഡനങ്ങളും അക്രമങ്ങളും ആശങ്കയുളവാക്കുന്നതാണെന്നും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ‘സമൂഹസുരക്ഷ, സദാചാരനിഷ്ഠ’ പ്രമേയത്തില്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആശയബോധനം ചര്‍ച്ചാ സമ്മേളനം ആവശ്യപ്പെട്ടു. പാലത്തായി പീഡനകേസ്, ആറന്മുളയില്‍ കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം, ക്വാറന്റയിനില്‍ കഴിഞ്ഞ യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ച സംഭവം തുടങ്ങി തുടര്‍ച്ചയായ പീഡനവാര്‍ത്തകളാണ് വരുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുസമീപനം അക്രമം വര്‍ധിക്കുന്നതിനും ക്വട്ടേഷന്‍ സംഘങ്ങളുടെ വളര്‍ച്ചയ്ക്കും ഇടയാക്കുന്നുണ്ട്. വര്‍ധിച്ചു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗം അക്രമങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. നിയമം കര്‍ശനമാക്കുന്നതിലൂടെയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിലൂടെയും മാത്രമേ അക്രമങ്ങള്‍ക്ക് അറുതി വരുത്താനാവൂ. ഇതിന് സര്‍ക്കാര്‍ ക്രിയാത്മകമായ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.
അഡ്വ. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ഡി സി സി പ്രസിഡണ്ട് അഡ്വ. എം ലിജു, ഡെമോക്രാറ്റിക് ലോയേഴ്‌സ് ഫോറം കണ്‍വീനര്‍ അഡ്വ. ശാന്തിരാജ്, കെ എന്‍ എം സംസ്ഥാന സമിതിയംഗം എം ടി മനാഫ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡന്റ് കെ എ സുബൈര്‍ അരൂര്‍ അധ്യക്ഷത വഹിച്ചു. കെ ജെ യു ട്രഷറര്‍ സി എം മൗലവി ആലുവ, കെ എന്‍ എം ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, എം ജി എം സംസ്ഥാന ജന.സെക്രട്ടറി സല്‍മ അന്‍വ്വാരിയ്യ, ഐ എസ് എം. ജില്ലാ സെക്രട്ടറി ഷഹീര്‍ ഫാറൂഖി, എം എസ് എം ജില്ലാ സെക്രട്ടറി അമീര്‍ ഹാദി, സ്റ്റുഡന്റസ് വിംഗ് പ്രസിഡന്റ് മുഹ്‌സിന നഹാസ്, നിസാര്‍ ഫാറൂഖി, എം ജി എം ജില്ലാ സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍, മുബാറക് അഹമ്മദ്, സി കെ അസൈനാര്‍, റഷീദ് കായംകുളം, പി കെ എം ബഷീര്‍ പ്രസംഗിച്ചു

Back to Top