6 Wednesday
November 2024
2024 November 6
1446 Joumada I 4

ഇസ്‌ലാമികഅധ്യാപനങ്ങളിലെ സ്ത്രീ അവകാശങ്ങള്‍

അബ്ദുല്‍അലി മദനി


പ്രവാചകന്റെ(സ) കാലത്ത് അറബികള്‍ക്കിടയിലുണ്ടായിരുന്ന ഒരു ദുരാചാരമാണ് ‘ളിഹാര്‍.’ ഇനിമേല്‍ നീയുമായുള്ള ലൈംഗിക ബന്ധം എനിക്ക് എന്റെ മാതാവുമായുള്ള ലൈംഗിക ബന്ധം പോലെ നിഷിദ്ധമാകുന്നു എന്ന് പ്രഖ്യാപിക്കുന്ന സമ്പ്രദായമാണിത്. ളിഹാര്‍ ചെയ്ത ഒരു സഹാബിയുടെ ഭാര്യ അതു സംബന്ധിച്ച് പ്രവാചകനോട് ആവലാതി പറയാനും അതിന്റെ മതവിധിയറിയാനും ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ അല്ലാഹു പ്രസ്തുത സമ്പ്രദായത്തെ നിരോധിച്ചും നിരുത്സാഹപ്പെടുത്തിയും വിധികളവതരിപ്പിച്ചു. ഒരു സ്ത്രീയുടെ ആവലാതി കേള്‍ക്കുകയും അതിന് ഉടനടി പരിഹാരം കാണുകയും ചെയ്യാന്‍ മാത്രം പരിഗണന നല്‍കപ്പെട്ടവളാണ് ദൈവത്തിന്റെയടുക്കല്‍ സ്ത്രീയെങ്കില്‍ സ്രഷ്ടാവ് അവളെ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടാവും?
”സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്” (9:71).
ഏറ്റവും വലിയൊരംഗീകാരം സ്ത്രീകള്‍ക്ക് ഇസ്്ലാം നല്‍കിയതായി നാം മനസ്സിലാക്കുന്നത് നിര്‍ഭയത്വത്തോടെ അവളുടെ സ്വന്തത്തിനു വേണ്ടി പ്രതിരോധിക്കാനും അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനും സംശയ നിവാരണം നടത്താനും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നതാണ്. ”(നബിയേ) തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടേയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്”(58:1).
സ്ത്രീകള്‍ക്ക് നിശ്ചിത അതിര്‍ത്തിയില്‍ ഒതുങ്ങി നിന്നുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാന്‍ ഖുര്‍ആന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ അവരോട് വീട്ടില്‍ ഒതുങ്ങി നില്‍ക്കാനും ഭംഗി പ്രകടിപ്പിച്ച് പുരുഷന്മാര്‍ക്കിടയിലൂടെ നടക്കാവതല്ലെന്നും പറയുക വഴി അവരോട് അനീതി കാണിക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന ചിലരെയെങ്കിലും നമുക്കിടയില്‍ കാണാം. യഥാര്‍ഥത്തില്‍ സ്ത്രീയുടെ മാന്യത സംരക്ഷിക്കാനും അവര്‍ അപമാനിക്കപ്പെടാതിരിക്കാനുമുള്ള സുരക്ഷിതത്വം എന്ന നിലക്കല്ലാതെ ഇസ്‌ലാം അവരോട് ക്രൂരതയായിട്ടല്ല വീട്ടില്‍ ഒതുങ്ങിക്കഴിയണമെന്നും മുഖമക്കന ധരിക്കണമെന്നും കല്‍പിച്ചിട്ടുള്ളത്.
ലോകത്തുടനീളം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠനം നടത്തിയാല്‍ ഇസ്‌ലാമിക നിയമങ്ങള്‍ യഥാവിധി സ്വീകരിച്ച സമൂഹത്തില്‍ ആപേക്ഷികമായി സ്ത്രീകള്‍ക്ക് ദുഷ്പേരുകള്‍ വന്നു ചേരുന്നത് കുറവാണെന്ന് കാണാം. ഇതിനു കാരണം ഖുര്‍ആന്‍ പഠിപ്പിക്കുന്ന മര്യാദകളും വസ്ത്ര രീതികളും അവര്‍ അവലംബിക്കുന്നു എന്നതു തന്നെയാണ്. ”(നബിയേ), നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും ഗുഹ്യ അവയവം കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവര്‍ക്ക് പരിശുദ്ധമായത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്താനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് (മുഖവും കൈപ്പടങ്ങളും) മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ താഴ്ത്തിയിട്ടു കൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍തൃ പിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃ പുത്രന്മാര്‍, സഹോദരന്മാര്‍, സഹോദര പുത്രന്മാര്‍, സഹോദരി പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തിയില്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചുവെച്ച തങ്ങളുടെ അലങ്കാരം അറിയപ്പെടാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത് (പാദസരങ്ങളുടെ കിലുക്കം കേള്‍പ്പിക്കല്‍). സത്യവിശ്വാസികളേ! നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ച് മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം” (24:30, 31). മേല്‍ സൂചിപ്പിച്ച നിയമങ്ങള്‍ മാനവതയെ നാശത്തില്‍ നിന്ന് സംരക്ഷിക്കാനും ഉത്തമമായ സ്വഭാവ സംസ്‌കാരങ്ങള്‍ കാത്തുസൂക്ഷിക്കാനുമാണ്.
ഒരു സ്ത്രീക്ക് അവളുടെ അലങ്കാരവും ഭംഗിയും പ്രകടമാക്കാന്‍ അനുവദിച്ചത് ആരുടെയെല്ലാം മുന്നിലാണെന്ന് പ്രത്യേകം വ്യക്തമാക്കുന്ന വചനങ്ങള്‍ നാം വായിക്കുമ്പോള്‍ സ്ത്രീയുടെ മാന്യതയും വ്യക്തിത്വവും സംരക്ഷിക്കുന്നതില്‍ ഇസ്‌ലാം ചെലുത്തുന്ന ശ്രദ്ധയുടെ ആഴം എത്ര വലുതാണെന്ന് മനസ്സിലാക്കാം. എന്നാല്‍ വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിയണം, പുറത്തിറങ്ങി നടക്കരുത് എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ പൊതുവായും, നബി(സ)യുടെ ഭാര്യമാരുടെ കാര്യത്തില്‍ പ്രത്യേകിച്ചുമാണ് അവതരിച്ചിട്ടുള്ളത്. അതിനൊരു കാരണവുമുണ്ട്, അവര്‍ മാതൃകകളാണ്.
അവരെ ഇസ്്ലാമിന്റെ ശത്രുക്കള്‍ കരുതിക്കൂട്ടി ഉപദ്രവിക്കാനിടയുണ്ട്. പ്രവാചകനെ അതുവഴി അവഹേളിക്കാനും സാധ്യതയുണ്ട്. എന്നാലിതൊന്നും പ്രവാചക പത്‌നിമാരല്ലാത്തവര്‍ക്ക് അത്രതന്നെയൊന്നും ബാധകമാവില്ലെന്ന് കരുതാനും പറ്റില്ല. മാതൃകയാവേണ്ടവര്‍ എന്താണോ പ്രവര്‍ത്തിക്കുന്നത് അത് മറ്റിതരര്‍ കണ്ടുപഠിക്കുമ്പോഴാണല്ലോ നേരായ അവസ്ഥ സംജാതമാവുക. പ്രത്യേകിച്ചും നബി(സ)യുടെ പത്നിമാര്‍ സത്യവിശ്വാസികളുടെ ഉമ്മമാരുമാണല്ലോ.
അല്ലാഹു പറയുന്നു: ”പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റുള്ളവരെപ്പോലെയുമല്ല നിങ്ങള്‍, നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറയുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങി കഴിയുകയും ചെയ്യുക. പഴയ അജ്ഞാത (ജാഹിലീ) കാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യ പ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സക്കാത്ത് നല്‍കുകയും അല്ലാഹുവേയും അവന്റെ ദൂതനേയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്” (33: 32,33).
ഈ സൂക്തത്തില്‍ പരപുരുഷന്മാരോട് സംസാരിക്കുമ്പോള്‍ പ്രവാചക പത്നിമാര്‍ മാന്യതയുടെ ഉത്തമോദാഹരണങ്ങളായി വര്‍ത്തിക്കണമെന്ന് അല്ലാഹു അവരെ പ്രത്യേകം അനുശാസിക്കുന്നു. മനസ്സുകളില്‍ മോഹം ജനിപ്പിക്കുന്ന സ്നേഹമസൃണമായ വാക്കുകള്‍ ഉപേക്ഷിക്കാന്‍ അവരെ ഉപദേശിക്കുകയും ചെയ്യുന്നു. നോക്കുക! പ്രവാചകന്‍(സ)യുടെ വീട് മദീനാ പള്ളിയുടെയടുത്തായിരുന്നു. അവിടെ പലരും വരികയും പോവുകയും ചെയ്തുകൊണ്ടിരിക്കും. ധനവാനും ദരിദ്രനും മറ്റ് ആവശ്യക്കാരുമെല്ലാം. നബി(സ)യുടെ സന്തത സഹചാരികളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകുമ്പോള്‍ മതപരമായി പ്രവാചകന്റെ അധ്യാപനങ്ങള്‍ ശരിക്കും പഠിച്ചു മനസ്സിലാക്കാന്‍ അവര്‍ അവിടെതന്നെ വീട്ടില്‍ ഉണ്ടായേ മതിയാകൂ. അവിടുത്തെ പത്നിമാര്‍ അന്യസ്ത്രീകളെപ്പോലെ പുറത്തിറങ്ങി നടക്കാനിടയായാല്‍ അതൊരു മഹത്തായ ദൗത്യനിര്‍വഹണത്തിന് വിഘാതമാകുമെന്നെല്ലാം അനുസ്മരിപ്പിക്കുകയാണ് അല്ലാഹു ചെയ്തത്. അതിനാല്‍ അവിടുത്തെ ഭാര്യമാര്‍ നമസ്‌കാരങ്ങള്‍, യുദ്ധങ്ങള്‍ പോലെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പ്രവാചകനോടൊപ്പം പുറത്ത് പോകാറില്ലായിരുന്നു.
ഇസ്്ലാം അപകടകരമായ അവസ്ഥകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ക്ക് ചില മര്യാദകളും വിധിവിലക്കുകളും നിയമമാക്കിയത്. അതോടൊപ്പം തന്നെ അവര്‍ക്ക് ആദരവുകളും അംഗീകാരങ്ങളും നല്‍കുകയും ചെയ്യുന്നു.
വിധവകളെയും അവിവാഹിതകളെയും വിവാഹിതരാക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇസ്്ലാം അവരുടെ പ്രകൃതിപരമായ ആഗ്രഹങ്ങളെ ശമിപ്പിക്കാന്‍ വഴികള്‍ കാണിച്ചുകൊടുക്കുകയും സമൂഹത്തില്‍ അംഗീകാരവും പരിഗണനയും നല്‍കുകയുമാണ് ചെയ്തത്. ദാരിദ്ര്യം വിവാഹത്തിനു തടസ്സമല്ലെന്നും ആകരുതെന്നും അല്ലാഹു അവര്‍ക്ക് ഐശ്വര്യം നല്‍കാന്‍ കഴിവുള്ളവനാണെന്നും ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നു.
”നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹം ചെയ്യുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ”(24:32). മാന്യതയും പാതിവൃത്യവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി വിവാഹച്ചിലവുകള്‍ വഹിക്കാനില്ലാത്ത ദരിദ്രരോട് ക്ഷമാപൂര്‍വം കാത്തിരിക്കാനും മാന്യത കൈവിടാതിരിക്കാനും ഉപദേശിക്കുന്ന ഖുര്‍ആന്‍ അവര്‍ക്ക് പ്രതീക്ഷയുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.
”വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അവര്‍ക്ക് അല്ലാഹു തന്റെ അനുഗ്രഹത്തില്‍ സ്വാശ്രയത്വം നല്‍കുന്നതു വരെ സന്മാര്‍ഗ നിഷ്ഠ നിലനിര്‍ത്തട്ടെ. നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകള്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പ്പെടുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പ്പെടുക”(24:33). ജാഹിലിയ്യാ കാലഘട്ടത്തില്‍ വിവാഹത്തെ നിയമവിധേയമല്ലാത്ത രീതിയില്‍ വിനോദത്തിനും ആസ്വാദനത്തിനും മറ്റുമായി കൈകാര്യം ചെയ്തിരുന്നപ്പോള്‍ ഇസ്്ലാം അതിനെ ശക്തമായൊരു ബന്ധമായും കെട്ടുറപ്പുള്ള ഒരു ഉടമ്പടിയായും സ്ഥിതീകരിക്കുകയാണുണ്ടായത്. ഇതുമൂലം സംഭവിച്ചിരുന്ന കെടുതികളിലധികവും സ്ത്രീ സമൂഹത്തിന്റെ മേലാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഒരു വിലയും നിലയും കല്‍പിക്കാതെ തോന്നിയ പോലെ വൈവാഹിക ജീവിതം നയിച്ചിരുന്നവരോട് അതൊരു ബലിഷ്ഠമായ കരാറാണെന്ന് ഖുര്‍ആന്‍ അവരെ ബോധ്യപ്പെടുത്തി.
”നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചു വാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുമോ? നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവന്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തു കഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ മേടിക്കും”(4: 20-21).
ഭാര്യമാരെ പീഡിപ്പിക്കുകയും വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ മഹ്റായി കൊടുത്തത് തിരിച്ചു കൊടുത്താല്‍ മാത്രമേ മോചനം നല്‍കുകയുള്ളൂവെന്ന് ശഠിക്കുകയും ചെയ്യുന്ന ദുഷിച്ച ചിന്താഗതിയെ ഖുര്‍ആന്‍ അങ്ങേയറ്റം അപലപിക്കുകയാണിവിടെ ചെയ്യുന്നത്. വിവാഹത്തെ സ്നേഹം, കാരുണ്യം എന്നീ അടിത്തറകളിലാണ് ഇസ്‌ലാം പടുത്തുയര്‍ത്തിയത്. എന്നിട്ട് അതൊരു ദൈവിക ദൃഷ്ടാന്തമാണെന്ന് ഉദ്ഘോഷിക്കുകയും ചെയ്തു. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തു ചേരേണ്ടതിനാല്‍ നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:21).

Back to Top