ചെന്നായ ആപ്പുകളും ഡിജിറ്റല്‍ വംശവെറിയും
ടി ടി എ റസാഖ്
ഇസ്രായേലിന്റെ നടപടികളെ ദക്ഷിണാഫ്രിക്കയില്‍ നേരിട്ട അപാര്‍തൈഡിന് (വര്‍ണവെറി) സമാനമായിട്ടാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി വീക്ഷിക്കുന്നത്. മര്‍ദനവും കൊലയും ഉപരോധവും മാത്രമല്ല, നാടിന്റെ വിഭജനവുമാണതിന്റെ വിശേഷണങ്ങള്‍. വേള്‍ഡ് ഹ്യൂമന്റൈറ്റ്‌സ് വാച്ചും ഇതേ അഭിപ്രായക്കാര്‍ തന്നെ.
ഇതിനെതിരെ ലോകശ്രദ്ധ ആകര്‍ഷിക്കാനുള്ള പലവിധ പ്രതിഷേധ സമരങ്ങള്‍, പോസ്റ്ററുകള്‍, കാംപയിനുകള്‍ തുടങ്ങി സമാധാനപരമായ മറ്റു സമരമുറകളും ഇസ്രായേലിലും ഫലസ്തീനിലും നടന്നുവരുന്നുണ്ട്. ഹിംസ ഹിംസയെ പ്രസവിക്കും എന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗം ഫലസ്തീനികളുടെ അഹിംസാത്മക പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ (മുഖാവമ സില്‍മിയ്യ) പങ്കാളികളാണ്.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിന് ലോക രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നടത്തിയ ഉപരോധ നടപടികള്‍ ഓര്‍മിപ്പിച്ചുകൊണ്ട്, സമാനമായ നടപടികള്‍ വഴി മാത്രമേ ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ കഴിയൂ എന്നാണ് ഫലസ്തീനി നയതന്ത്രജ്ഞന്‍ ഹുസൈന്‍ സംലോട്ടിന്റെ വീക്ഷണം. ധാരാളം ഇസ്രായേലികളും ഫലസ്തീനികളെ പിന്തുണയ്ക്കുന്നതായി കാണാം. ഇസ്രായേലീ സേനയില്‍ നിന്ന് വിരമിച്ച 1200 പേരടങ്ങിയ ബ്രേക്കിങ് ദ സൈലന്‍സ് (മൗനം വെടിയല്‍) എന്ന സംഘടന അധിനിവേശ നയങ്ങള്‍ക്കെതിരേ ഇസ്രായേല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേലി മിലിറ്ററി പൊലീസിന്റെ ഹെബ്രോണ്‍ യൂണിറ്റില്‍ സൈനികയായിരുന്ന സഹ്‌ലാവിയുടെ ഭാഷയില്‍ ഒരു ഇസ്രായേലി സൈനികയെ പോലും വിശേഷിപ്പിക്കുന്നത് ‘അമിതമായ അധികാരങ്ങളുടെ ബലത്തില്‍ രാക്ഷസിയായി മാറുന്ന വ്യക്തി’ എന്നാണ്.
ഈ സംഘടനയുടെ സഹസ്ഥാപകനും ഇസ്രായേല്‍ മിലിറ്ററി സാര്‍ജന്റുമായിരുന്ന യഹൂദ് ഷവ്‌ളിന്റെ വിവരണം: ”ഫലസ്തീനികള്‍ 24 മണിക്കൂറും ഞങ്ങളുടെ സൈനിക നിരീക്ഷണത്തിലാണെന്ന ഭയത്തിലായിരിക്കണം. അതിനു വേണ്ടി ഗസ്സയിലും വെസ്റ്റ്ബാങ്കിലും സമാധാനവേളയിലും നിരന്തരം റെയ്ഡുകള്‍ നടത്തുകയാണ് ഞങ്ങളുടെ പതിവ്. ആയുധങ്ങള്‍ തിരയാനെന്ന പേരില്‍ അര്‍ധരാത്രിയില്‍ വീടുകളില്‍ ഇടിച്ചുകയറും. സ്ത്രീകളെയും പുരുഷന്‍മാരെയും തോക്കിന്‍മുനയില്‍ വേര്‍തിരിച്ചു നിര്‍ത്തും. കുട്ടികള്‍ ഭയന്നു കരയുകയും അറിയാതെ മൂത്രമൊഴിക്കുകയും ചെയ്യും. പിന്നെ മേല്‍ക്കൂര വഴി അടുത്ത വീട്ടിലേക്ക് കയറും. സാധാരണഗതിയില്‍ ആയുധമൊന്നും കിട്ടാറില്ല. പക്ഷേ, റെയ്ഡുകള്‍ക്ക് ഒരിക്കലും അവസാനമില്ല” (France 24).
ഇത്തരം നൂറുകണക്കിന് മുന്‍ സൈനികരുടെ സാക്ഷ്യങ്ങളും വെളിപ്പെടുത്തലുകളും (Testimonies) ഉള്‍പെടുത്തി ബ്രേക്കിങ് ദ സൈലന്‍സ് പ്രസിദ്ധീകരിച്ച ഛൗൃ ഒമൃവെ ഘീഴശര എന്ന കൃതി അവസാനിക്കാത്ത അധിനിവേശ ക്രൂരതകളുടെ നേര്‍സാക്ഷ്യങ്ങളാണ്. (Interview: Aver Gvaryau, Colambia University, BreakingtheSilence).
ഡിജിറ്റല്‍
അപാര്‍തൈഡിന്റെ
രാ്രഷ്ടം
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വര്‍ണവെറി, വംശീയത, നാസിസം, ഫാഷിസം, സാമ്രാജ്യത്വം തുടങ്ങിയ ദുരിതങ്ങളെല്ലാം പ്രത്യക്ഷത്തില്‍ എരിഞ്ഞടങ്ങിയിരുന്നു. നൂറ്റാണ്ടുകളായി മര്‍ദക ഭരണകൂടങ്ങളുടെ അടിമത്തത്തില്‍ കഴിയേണ്ടിവന്ന ഭൂഗോളത്തിന്റെ നാനാ ദിക്കുകളിലുമുള്ള ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചുതുടങ്ങിയ കാലഘട്ടം. എന്നാല്‍ ഫലസ്തീനികള്‍ക്ക് മാത്രം ആ സൗഭാഗ്യമുണ്ടായില്ല. ഇന്നും ‘നഹ്‌റി’നും ‘ബഹ്‌റി’നും ഇടയിലുള്ള ആ കൊച്ചു ദേശത്ത് നിര്‍ബാധം തുടരുന്ന സയണിസ്റ്റ് വംശീയാതിക്രമങ്ങള്‍ക്കും കുടിയേറ്റ സാമ്രാജ്യത്വത്തിനും ലോകം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. അവകാശങ്ങള്‍ മാത്രമല്ല പൗരത്വം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന ജനത. തലമുറകളായി കിഴക്കന്‍ ജറൂസലമില്‍ ജനിച്ചു വളര്‍ന്ന ഫലസ്തീനി കുടുംബങ്ങള്‍ ഇന്നും താല്‍ക്കാലിക താമസക്കാര്‍ (residents) മാത്രമാണ്, പൗരന്‍മാരല്ല! ഇന്നും ഓരോ കുഞ്ഞും പിറന്നുവീഴുന്നത് പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്.
തലമുറകളായി ഉഴുതും കിളച്ചും കഠിനാധ്വാനം ചെയ്ത കൃഷിഭൂമികള്‍ ഇന്ന് നിരനിരയായി ഒരുങ്ങുന്ന കൈയേറ്റ ഭവനങ്ങളായിരിക്കുന്നു. ഫൈറ്റര്‍ ജെറ്റുകളും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പുകളും കൈയേറ്റക്കാരുടെ സുരക്ഷയ്ക്കായി ആകാശത്ത് വട്ടമിട്ട് പറക്കുന്നു. ഇന്നിതാ വീണ്ടും ലോകാഭിപ്രായങ്ങള്‍ക്ക് തെല്ലും വിലകല്‍പിക്കാതെ പുതിയ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഓരോ ഫലസ്തീനിയുടെയും കഴുത്തില്‍ കുരുക്കിടാനുള്ള പദ്ധതികള്‍ക്ക് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുകയാണ്. വെസ്റ്റ്ബാങ്കിലെ കര്‍ഷകരുടെ വാക്കുകളില്‍ അവരിന്ന് ‘ചെന്നായ്ക്കള്‍ വളര്‍ത്തുന്ന ചെമ്മരിയാടുകളെപ്പോലെയാണ്.’
ഒരു ജനതയെ സര്‍വത്ര നിരീക്ഷണ കോണില്‍ നിലനിര്‍ത്താനായി ചെന്നായക്കൂട്ടം (Wolf pack) എന്ന പേരില്‍ തന്നെ ചുവപ്പ്, നീല, വെള്ള എന്നിങ്ങനെ കോഡ് നാമകരണം ചെയ്ത ‘ചെന്നായ ആപ്പുകള്‍’ അവര്‍ വികസിപ്പിച്ചു കഴിഞ്ഞു. ആപ്പുകളുമായി ബന്ധപ്പെടുത്തിയ എഐ (നിര്‍മിതബുദ്ധി) കാമറകള്‍ വഴി ഓരോ ഫലസ്തീനിയെയും അവന്റെ ഓരോ ചലനവും നിരീക്ഷിച്ച് ഡാറ്റാബേസുകളില്‍ ശേഖരിക്കാനും തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ ഇച്ഛാനുസരണം ഫലസ്തീനിയുടെ ജീവനും സ്വത്തും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുക മാത്രമല്ല, ഇസ്രായേലി കൈയേറ്റക്കാരുടെ ജോലി എളുപ്പമാക്കിക്കൊടുക്കുക കൂടി ചെയ്യുന്ന അത്യാധുനിക നിര്‍മിതബുദ്ധി ആപ്പുകള്‍ (AI Tools) ആണിവ.
അതുവഴി ത്വരിതഗതിയിലുള്ള ഡാറ്റാ ശേഖരണത്തിനായി സൈനികര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നു. കുട്ടികള്‍ അടക്കമുള്ളവരുടെ ഡാറ്റ ശേഖരിച്ച് അധിനിവേശം തന്നെ സമഗ്രമായി ഡിജിറ്റൈസ് ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം നിരീക്ഷണ സംവിധാനങ്ങളുടെ ഫലമായി ഈദ് ദിനങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും നടക്കാറുള്ള കുടുംബ സന്ദര്‍ശനങ്ങള്‍ക്കു പോലും ജനം ഭയപ്പെടുകയാണ്. ഹെബ്രോണ്‍ ക്യാംപിന്റെ ഒരു ഭാഗത്ത് 20 ചെക്ക് പോയിന്റുകളും ഓരോ ചെക്ക് പോയിന്റിലും 9 എഐ കാമറകളുമാണ് സ്ഥാപിച്ചത്. മുഖം, ഐഡി കാര്‍ഡ് തുടങ്ങി കാറിന്റെ നമ്പര്‍ പ്ലേറ്റ് വരെ ഉപയോഗിച്ച് വ്യക്തികളെ തിരിച്ചറിയുകയും ചെറിയ സംശയത്തിന്റെ പേരില്‍ റെയ്ഡും അറസ്റ്റും നടത്തുകയും ചെയ്യാന്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണിവ.
എഐ നിയന്ത്രിത തോക്കുകളും ഡ്രോണുകളും ഉപയോഗിച്ച് കൊലപാതകങ്ങളും ഓട്ടോമേറ്റ് ചെയ്യാന്‍ ഇന്നവര്‍ക്ക് പ്രയാസമില്ല. റിമോട്ട് കണ്‍ട്രോള്‍ റൂമിന്റെ സുരക്ഷിതത്വത്തിലിരുന്ന് ഒരു ബട്ടണ്‍ ക്ലിക്കിന്റെ സഹായത്തോടെ കാരാഗൃഹ നരകം തീര്‍ക്കാനുള്ള സൈനിക ശേഷി ഇന്ന് അവര്‍ ആര്‍ജിച്ചുകഴിഞ്ഞു. അഥവാ, ഇനി വരുന്നത് ഒരുപക്ഷേ ഇസ്രായേലി ഡിജിറ്റല്‍ അപാര്‍തൈഡിന്റെ കാലഘട്ടമാവാം. ഒരു ഭാഗത്ത് ഇസ്രായേലാവുമ്പോള്‍ അതിന്റെ ധാര്‍മികതയൊന്നും ആരും ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല.
ഹെബ്രോണിലെ അശ്ശുഹദാ തെരുവില്‍ 2022ല്‍ തന്നെ ഇസ്രായേല്‍ നിര്‍മിതബുദ്ധി നിയന്ത്രിത വിവിധോദ്ദേശ്യ തോക്കുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ലോകം നിര്‍മിതബുദ്ധി ഉപകരണങ്ങളുടെ ധാര്‍മികത ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ടേ ഉള്ളൂ, അതിനു മുമ്പേ തന്നെ നിര്‍മിതബുദ്ധി വധോപകരണങ്ങളാണ് പരീക്ഷണത്തിന് തയ്യാറായി വരുന്നത് (റിപ്പോര്‍ട്ട്: താരീഖ്, ലിസണിങ് പോസ്റ്റ്, സോഫിയ ഗുഡ് ഫ്രണ്ട്, ഗവേഷക, ഡ്യൂക്ക് യൂണിവേഴ്‌സിറ്റി, മാട്ട് മഹ്മൂദി, ആംനസ്റ്റി).
നിത്യേന അനുഭവിക്കുന്ന നിയന്ത്രണങ്ങളിലും റെയ്ഡുകളിലും കനത്ത വ്യോമാക്രമണങ്ങളിലും സഹികെട്ട് ഗസ്സയിലെ പോരാളികള്‍ ഇസ്രായേലിലേക്ക് അയക്കുന്ന 1000 ഡോളറിന്റെ ഒരു മിസൈല്‍ തടയാന്‍ 80,000 ഡോളറിന്റെ ഓരോ ഇന്റര്‍സെപ്റ്റര്‍ മിസൈലും 50 ദശലക്ഷം ഡോളറിന്റെ അയേണ്‍ ഡോം സംവിധാനവും ആവശ്യമാണത്രേ! എന്നാല്‍ ഈ ചെലവ് ചുരുക്കാന്‍ കൂടുതല്‍ പ്രഹരശേഷിയും നൂറു ശതമാനം കൃത്യതയുമുള്ള പുതിയ ലേസര്‍ നിയന്ത്രിത ‘അയേണ്‍ ബീം’ ഇസ്രായേല്‍ വികസിപ്പിച്ചുകഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമോ? ഫലസ്തീന്‍ ഏറെക്കാലമായി ഇസ്രായേലിന്റെ യുദ്ധോപകരണ പരീക്ഷണശാല കൂടിയാണ്.
ജൂത മതവിശ്വാസിയും പ്രസിദ്ധ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആന്റണി ലോവന്‍സ്‌റ്റൈന്‍ എഴുതിയ ‘ഫലസ്തീന്‍ പരീക്ഷണാലയം’ (The Palastine Laboratory by Antony Loewenstein) എന്ന കൃതിയില്‍ ഇസ്രായേലിന്റെ ആയുധ പരീക്ഷണങ്ങളെ കുറിച്ചു നല്‍കുന്ന വിവരങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. ഫലസ്തീനില്‍ പരീക്ഷിച്ച് വിജയിച്ച യുദ്ധോപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ഇസ്രായേല്‍ ഇന്ന് 130-ഓളം രാഷ്ട്രങ്ങള്‍ക്ക് ‘യുദ്ധപരിശോധന നടത്തിയത്’ ( war tested, battle ready) എന്ന പേരില്‍ വില്‍പന നടത്തുന്നു. ഇസ്രായേലിന്റെ ഫലസ്തീന്‍ നയങ്ങളെ ‘പൊളിറ്റിസൈഡ്’ (politicide) എന്ന ഒരു പുതിയ പദം ഉപയോഗിച്ചാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. അഥവാ ഫലസ്തീനിന്റെ രാഷ്ട്രീയ സ്വത്വത്തെയും സ്വയംനിര്‍ണയാവകാശത്തെയും തച്ചുകെടുത്തി ഫലസ്തീനികളെ നശിപ്പിക്കുക എന്ന അജണ്ടയാണീ പദം കൊണ്ട് അദ്ദേഹം സൂചിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും വിജയകരമായ വംശീയ ദേശീയതയുടെ പ്രയോക്താക്കള്‍ എന്ന നിലയ്ക്ക് ഇന്ത്യയടക്കമുള്ള ലോകത്തെ പല രാജ്യങ്ങള്‍ക്കും ഇസ്രായേല്‍ പ്രേരണയും പ്രചോദനവുമായേക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇസ്രായേലിന്റെ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉയര്‍ത്തിയ വിവാദം ഇതോടു ചേര്‍ത്തുവായിക്കാം. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സാമ്യതയെയും ചാര സോഫ്റ്റ്‌വെയര്‍ മേഖലയിലും ആയുധരംഗത്തും നടന്നുവരുന്ന സഹകരണ പദ്ധതികളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കുന്നുണ്ട്. (ഇന്റര്‍വ്യൂ, ആന്റണി ലോവന്‍ സ്റ്റെയ്ന്‍, ഡെമോക്രസി നൗ).