30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

തിരുദൂതര്‍ക്കൊപ്പം

എം ടി അബ്ദുല്‍ഗഫൂര്‍


ആഇശ(റ) പറയുന്നു: ഒരാള്‍ നബി (സ)യുടെ അരികില്‍ വന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നേക്കാളേറെ ഞാന്‍ അങ്ങയെ ഇഷ്ടപ്പെടുന്നു. എനിക്കെന്റെ മക്കളേക്കാളിഷ്ടം അങ്ങയോടാണ്. ഞാനെന്റെ വീട്ടിലായിരിക്കെ അ ങ്ങയെക്കുറിച്ചോര്‍ത്താല്‍ അവിടുത്തെ അരികില്‍ വന്ന് അങ്ങയെ കാണുന്നതുവരെ ക്ഷമിക്കാന്‍ എനിക്ക് കഴിയാറില്ല. മരണത്തെക്കുറിച്ച് ചിന്തിച്ചാല്‍ അങ്ങ് സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെ കൂടെ ഉന്നത പദവിയിലായിരിക്കുമെന്ന് എനിക്കറിയാം. ഞാന്‍ സ്വര്‍ഗത്തിലെത്തിയാല്‍ തന്നെ എനിക്കങ്ങയെ കാണാന്‍ കഴിയില്ലല്ലോ എന്നാണെന്റെ ഭയം. നബി(സ) അതിനൊരു മറുപടിയും നല്‍കിയില്ല. അങ്ങനെ ജിബ്‌രീല്‍ സൂറത്തുന്നിസാഇലെ ഈ സൂക്തവുമായി വന്നു. ”ആര്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കു ന്നുവോ അവന്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍” (4:69) (ത്വബ്‌റാനി)

സ്‌നേഹം മനസ്സിന്റെ വികാരമാണ്. സ്‌നേഹമുള്ളവര്‍ എപ്പോഴും കൂടെയുണ്ടായിരിക്കുക, അവരെ എപ്പോഴും കണ്ടുകൊണ്ടിരിക്കുക എന്നത് മനസ്സിന്റെ ആഗ്രഹവും പ്രചോദനവുമാണ്. ഇഷ്ടം ആദര്‍ശത്തിന്റെ പേരിലാണെങ്കില്‍ അതിന് മാറ്റുകൂടുക എന്നത് സ്വാഭാവികമത്രെ.
സ്വജീവനെക്കാളുപരി പ്രവാചകനെ സ്‌നേഹിക്കുക എന്നത് വിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. മക്കളെയും മാതാപിതാക്കളെയും മറ്റെല്ലാറ്റിനെക്കാളും ഉപരിയായി നബിതിരുമേനിയെ സ്‌നേഹിക്കാന്‍ കഴിയുന്നവരാണ് വിശ്വാസികള്‍.
ഇത്തരമൊരു സ്‌നേഹപ്രകടനത്തിന്റെ പ്രതികരണമാണ് ഉപര്യുക്ത വചനത്തിലെ പരാമര്‍ശം. നബിതിരുമേനിയെ എപ്പോഴും കാണുവാനും കൂടെ ജീവിക്കാനും ഭാഗ്യം ലഭിച്ച സ്വഹാബികളുടെ വിഷമം മരണാനന്തരം സ്വര്‍ഗപ്രവേശം നേടിയാല്‍ തന്നെ നബി(സ)യെ കാണാന്‍ കഴിയില്ലല്ലോ എന്നതായിരുന്നു. കാരണം, നബി(സ) ഉയര്‍ന്ന പദവിയിലായിരിക്കുമല്ലോ എന്ന അവരുടെ മനപ്രയാസത്തിന് അല്ലാഹു നല്‍കുന്ന പരിഹാരമാണിത്.
യഥാര്‍ഥ പ്രവാചക സ്‌നേഹം എന്താണെന്നും എങ്ങനെയായിരിക്കണമെന്നുമാണ് ഈ തിരുവചനത്തിലൂടെ വ്യക്തമാക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകളെ അനുസരിച്ചുകൊണ്ട് അവരെ സ്‌നേഹിച്ചാല്‍ അവരുടെ സാമീപ്യം ലഭിക്കുക എന്ന നേട്ടം അത്യുന്നതമാകുന്നു.
പ്രവാചക മാതൃകയില്ലാത്ത സ്‌നേഹപ്രകടനങ്ങള്‍ ധാരാളമായി നടക്കുന്ന ഇക്കാലത്ത് പ്രവാചകസ്‌നേഹത്തിന്റെ ഉദാത്തമായ ഈ മാതൃക നിസ്തുലമത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x