എന്തുകൊണ്ടാണ് ശിര്‍ക്ക് ഇത്ര വലിയ പാപമാകുന്നത്?
ഡോ. സുഹൈര്‍ അബ്ദുറഹ്മാന്‍ /വിവ. റാഫിദ് ചെറവന്നൂര്‍
എന്താണ് നന്മ തിന്മകളെന്ന് എല്ലാ കാലത്തും തത്ത്വചിന്തകരും ദൈവശാസ്ത്ര പണ്ഡിതരും ചോദിച്ചിട്ടുള്ളതാണ്. ചിലര്‍ നന്മയെയും തിന്മയെയും സന്തോഷത്തോടും വേദനയോടും തുലനം ചെയ്യുന്നു. മറ്റു ചിലരാവട്ടെ നന്മയും തിന്മയും കേവലം മനുഷ്യ ഭാവനയുടെ ഉല്‍പന്നങ്ങളാണെന്ന് അവകാശപ്പെടുന്നു. ആത്യന്തികമായി മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ കാഴ്ചപ്പാടുകളിലെയും വ്യത്യാസത്തിന്റെ അടിസ്ഥാനം.
20-ാം നൂറ്റാണ്ടിലെ പ്രശസ്ത തത്ത്വചിന്തകനായ അയ്ന്‍ റാന്‍ഡിന്റെ അഭിപ്രായത്തില്‍ ഏതൊരു ധാര്‍മിക സമ്പ്രദായത്തിന്റെയും നിലനില്‍പിന് മൂല്യങ്ങള്‍ ആവശ്യമാണ്. ഒരു ‘ധാര്‍മികതയുടെ ശാസ്ത്രം’ വികസിപ്പിക്കുന്നതിന് ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്. അതുപോലെ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത അമേരിക്കന്‍ സൈക്കോളജിസ്റ്റായിരുന്ന ഇസിദോര്‍ ചെയിനും ധാര്‍മികതയെക്കുറിച്ചുള്ള എല്ലാ വിജ്ഞാനമേഖലകളിലും നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള അറിവിന്റെ പ്രാധാന്യം വിവരിക്കുന്നുണ്ട്.
ഈ കാര്യം മനസിലാക്കാന്‍, ധാര്‍മികമല്ലാത്ത സാഹചര്യങ്ങളില്‍ ഈ പദങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നോക്കിയാല്‍ മതി. ഉദാഹരണത്തിന് സ്‌പോര്‍ട്‌സില്‍, ‘നല്ലതും ചീത്തയും’ കളിക്കാരുടെ മികവിനെയോ കുറവിനെയോ വിവരിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന നാമവിശേഷണങ്ങളാണ്. ഒരു ‘നല്ല’ നീക്കമാണ് വ്യക്തിയെയോ ടീമിനെയോ ഗെയിമില്‍ വിജയിക്കാന്‍ സഹായിക്കുന്നത്, അതേസമയം ഒരു ‘മോശമായ’ നീക്കം അവരെ അതില്‍ നിന്ന് തടയുന്നു. എന്നാല്‍ ഗെയിമിന് പ്രത്യേകമായ ലക്ഷ്യമില്ലെങ്കില്‍ പിന്നെ ഒരു നീക്കം നല്ലതാണെന്നോ മോശമാണെന്നോ പറയാനാവില്ല. കൃത്യമായ ഒരു ‘ഗോള്‍പോസ്റ്റ്’ ഉള്ളപ്പോള്‍ മാത്രമേ അതിനനുസരിച്ച് നല്ലതെന്നും മോശമെന്നും പറയാവുന്ന നീക്കങ്ങളുണ്ടാവുന്നുള്ളൂ. അതുപോലെ, ചില അന്തര്‍ലീനമായ ജീവിത ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ജീവിതത്തില്‍ ‘നല്ലത്’, ‘ചീത്ത’ എന്നീ പദങ്ങള്‍ പ്രസക്തമാവുന്നുള്ളു. ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലെങ്കില്‍, എന്തിനേയും നല്ലതോ ചീത്തയോ എന്ന് വിശേഷിപ്പിക്കുന്നത് പൊരുത്തക്കേടാണ്. ജീവിതം ക്രമരഹിതമാണെങ്കില്‍, ആ നിര്‍വചനപ്രകാരം സംഭവിക്കുന്ന എന്തും മൂല്യരഹിതമാണ്.
സന്തോഷമോ ആനന്ദമോ വര്‍ധിപ്പിക്കുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് നാം അനുമാനിക്കുകയാണെങ്കില്‍, ഇതിലേക്ക് നയിക്കുന്ന എന്തും നന്മയും അതിനെ തടയുന്ന എന്തും ചീത്തയും ആയിരിക്കും. പ്രവാചകന്മാരുടെ പാത പിന്തുടരുകയും തൗഹീദ് അടിസ്ഥാന വിശ്വാസമായി സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് ഒരാള്‍ വിശ്വസിക്കുന്നുവെങ്കില്‍, ഇതിന് വിപരീതമാണ് – പൈശാചിക പാത പിന്തുടര്‍ന്ന് ശിര്‍ക്കില്‍ അകപ്പെട്ടുപോവുന്നത്. അതാണ് ഏറ്റവും ആത്യന്തികമായ തിന്മയും.
ധാര്‍മികതയുടെ ഏതൊരു സിദ്ധാന്തവും നന്മ തിന്മകളെ വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള ഘടകങ്ങളെ കേന്ദ്രീകരിച്ചാണുള്ളത്. ഡിയോന്റോളജിക്കല്‍ എത്തിക്സ് അനുസരിച്ച് നൈതിക ബോധം കേന്ദ്രീകരിക്കുന്നത് ഒരു പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യത്തിലാണ്, ഒരു കാര്യം ചെയ്യുന്നതിന് പിന്നിലെ പ്രേരണയിലും അതിനു സാര്‍വത്രിക ധാര്‍മിക തത്വങ്ങളുമായുള്ള ബന്ധത്തിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പക്ഷേ ഈ കാഴ്ചപ്പാടനുസരിച്ച് ഒരു പ്രവര്‍ത്തനത്തിന്റെ അനന്തരഫലങ്ങള്‍ അതിന്റെ ധാര്‍മികത നിര്‍ണയിക്കുന്നതില്‍ നിര്‍ബന്ധമല്ല. ചരിത്രപരമായി മാനുഷരുടെ ധാര്‍മിക തത്വങ്ങള്‍ രൂപീകരിക്കുന്നതില്‍ മതങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍, ജ്ഞാനോദയാനാന്തരം മതേതരമായ ധാര്‍മിക നിയമങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി. ഇതിനുദാഹരണമാണ് ഇമ്മാനുവേല്‍ കാന്റിന്റെ ‘കാറ്റഗറിക്കല്‍ ഇമ്പേരേറ്റിവ്’. അദ്ദേഹം പറഞ്ഞത് ലോകത്തെല്ലാവര്‍ക്കും ഒരേപോലെ ബാധകമാവുന്ന, വ്യക്തിഗത വ്യത്യാസങ്ങള്‍ പരിഗണിക്കേണ്ടതില്ലാത്ത ധാര്‍മിക നിയമങ്ങളെകുറിച്ചാണ്.
ധാര്‍മികതയുമായി ബന്ധപ്പെട്ട മറ്റൊരു കാഴ്ചപ്പാടാണ് ‘കോണ്‍സെക്യുനേഷ്യലിസം’. വ്യക്തിക്കും സമൂഹത്തിനും ഒരു പ്രവൃത്തിയുടെ അനന്തരഫലമായ ലഭിക്കുന്നത് പ്രയോജനമാണോ അതോ ദ്രോഹമാണോ എന്നതിനനുസരിച്ചാണ് ഒരു കാര്യത്തിന്റെ ധാര്‍മികത തീരുമാനിക്കപ്പെടുന്നത്. ഈ കാഴ്ച്ചപ്പാടിന്റെ താരതമ്യേന സമകാലീനമായ ഒരു വേര്‍ഷനാണ് യൂട്ടിലിറ്റേറിയനിസം. കുറേക്കൂടെ ബൃഹത്തായ ഒരു വായനയില്‍ ഹെഡോണിസം ഈ കാഴ്ചപ്പാടിന്റെ വലുതും പുരാതനവുമായ ഒരു മാതൃകയാണെന്ന് കാണാം.
അരിസ്റ്റോട്ടില്‍ മുന്നോട്ടു വെച്ച മറ്റൊരു കാഴ്ചപ്പാടാണ് വിര്‍ച്യു എത്തിക്‌സ്. ഇത് മനുഷ്യരുടെ ഒാരോ പെരുമാറ്റത്തിലുമുള്ള സദ്ഗുണത്തിലോ തിന്മയിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള സ്വഭാവത്തെക്കുറിച്ച് ഒരുപാട് പെരുമാറ്റരീതികള്‍ വിലയിരുത്തി മനസ്സിലാക്കാം എന്നാണ് ഈ രീതി സൂചിപ്പിക്കുന്നത്.
മൂന്ന് വീക്ഷണങ്ങളില്‍ ഏതാണ് ശരി?
ഇസ്ലാമിക വീക്ഷണ പ്രകാരം ഈ മൂന്ന് ചിന്താധാരകള്‍ക്കും ദൈവിക അടിത്തറയില്‍ നിന്ന് വേര്‍പിരിഞ്ഞതിനാല്‍ കൃത്യമോ പൂര്‍ണമോ ആയ ധാര്‍മിക തത്ത്വശാസ്ത്രം ഇല്ല. എന്നിരുന്നാലും, ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പിന്തുണയ്ക്കുന്ന ധാര്‍മിക യുക്തിയുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഓരോന്നും സംസാരിക്കുന്നുമുണ്ട്. ഉദാഹരണത്തിന് വ്യഭിചരിക്കാന്‍ അനുവാദം തേടി വന്ന സ്വഹാബിയോട് പ്രവാചകന്‍ പറയുന്ന മറുപടി ഒരു തരത്തിലുള്ള കാറ്റഗറിക്കല്‍ ഇമ്പേരേറ്റിവ് ആണ്.
അബൂഉമാമ റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു യുവാവ് നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം തരൂ.’ ജനം അവനെ ശാസിക്കാന്‍ തിരിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇങ്ങോട്ട് വരൂ. യുവാവിനോട് അടുത്ത് വന്ന് ഇരിക്കാന്‍ പറഞ്ഞു. നബി(സ) ചോദിച്ചു: ‘നിന്റെ മാതാവിന് അത് വേണോ?’ ആ മനുഷ്യന്‍ പറഞ്ഞു, ‘ഒരിക്കലുമില്ല’ നബി (സ) പറഞ്ഞു: ‘ആളുകള്‍ അവരുടെ ഉമ്മമാര്‍ക്ക് ഇഷ്ടപ്പെടാത്തത്, നിന്റെ മകള്‍ക്ക് വേണോ?’ ആ മനുഷ്യന്‍ പറഞ്ഞു: ഒരിക്കലുമില്ല’ നബി (സ) പറഞ്ഞു: ”ആളുകള്‍ അവരുടെ പെണ്‍മക്കള്‍ക്ക് ഇഷ്ടപ്പെടാത്തത്, നിങ്ങളുടെ സഹോദരിക്ക് വേണോ?’ ആ മനുഷ്യന്‍ പറഞ്ഞു, ‘വേണ്ട’ നബി(സ) പറഞ്ഞു: ”ആളുകള്‍ അവരുടെ സഹോദരിമാര്‍ക്ക് ഇഷ്ടപ്പെടാത്തത്, നിങ്ങളുടെ പിതൃസഹോദരിമാര്‍ക്ക് വേണോ?’ ആ മനുഷ്യന്‍ പറഞ്ഞു, ‘ഒരിക്കലുമില്ല’. നബി (സ) പറഞ്ഞു: ‘ആളുകള്‍ അവരുടെ പിതൃസഹോദരിമാര്‍ക്ക് ഇഷ്ടപ്പെടാത്തത്, നിന്റെ മാതൃസഹോദരിക്ക് വേണോ?’ ആ മനുഷ്യന്‍ പറഞ്ഞു: ‘വേണ്ട.’ അപ്പോള്‍ നബി(സ) അവന്റെ മേല്‍ കൈ വെച്ചുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവേ, അവന്റെ പാപങ്ങള്‍ പൊറുക്കണമേ, അവന്റെ ഹൃദയം ശുദ്ധീകരിക്കേണമേ, അവന്റെ പവിത്രത കാത്തുസൂക്ഷിക്കേണമേ.’ അതിനുശേഷം, ആ യുവാവ് ഒരിക്കലും പാപകരമായ ഒന്നിലേക്ക് ചായ്വ് കാണിച്ചിട്ടില്ല. (മുസ്നദ് ഇമാം അഹ്മദ്, 22211)
വ്യഭിചാരത്തിന്റെ പ്രശ്‌നങ്ങള്‍ ഈ യുവാവിന് മനസ്സിലാക്കാന്‍ സാധിച്ചില്ല. പരസ്പര സമ്മതത്തോടെയുള്ള വ്യഭിചാരം ഇത്ര വലിയ ഒരു പാപമാവുന്നത് എന്തുകൊണ്ടെന്ന് ആളുകള്‍ ചോദിക്കാറുണ്ടല്ലോ, പൊതുവെ പറയാറുള്ള ന്യായം അതുകൊണ്ടാര്‍ക്കും ഉപദ്രവമില്ല എന്നാണ്. അതുകൊണ്ട് തന്നെ പ്രവൃത്തിയുടെ അനന്തര ഫലവുമായി ബന്ധപ്പെടുന്ന ഒരു ന്യായീകരണം നല്‍കുന്നതിനുപകരം, പ്രവാചകന്‍ യുവാവിനോട്, അവനവനുമപ്പുറത്തേക്ക് ചിന്തിക്കാനും താന്‍ ആഗ്രഹിക്കുന്ന അതേ പ്രവൃത്തി തന്റെ ബന്ധുക്കളായ സ്ത്രീകളെകൂടി ഉള്‍പ്പെടുത്തി ആലോചിക്കാന്‍ പോവുമാവില്ലെന്ന് ബോധ്യപ്പെടുത്തുകയാണ്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അത്തരമൊരു പ്രവര്‍ത്തനം ലോകത്തെല്ലാവര്‍ക്കും ധാര്‍മികമായി കുഴപ്പമില്ലാത്ത ഒന്നാണെന്ന് എങ്ങനെ പറയാനാവും? ആരെങ്കിലും സ്വന്തം കുടുംബത്തോടൊപ്പം ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നത് തെറ്റാണെന്ന് ഒരു വ്യക്തി വിശ്വസിക്കുന്നുവെങ്കില്‍, അത് തങ്ങള്‍ക്ക് അനുവദനീയമാണെന്ന് എങ്ങനെ ന്യായീകരിക്കാനാകും?
ഇത് ഒരു അനന്തരഫല മാതൃകയില്‍ നിന്നാണ് വരുന്നതെങ്കിലും, ഇസ്ലാമിനുള്ളിലെ ധാര്‍മിക തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ഒരു അംഗീകൃത ഉപകരണമാണ് ഹാം പ്രിന്‍സിപ്പിള്‍. പ്രസിദ്ധമായ ഒരു പ്രവാചക വചനം ഒരു നിയമപരമായ പ്രമാണം സ്ഥാപിക്കുന്നു: ‘ദ്രോഹവും പരസ്പരം ഉപദ്രവവും ഉണ്ടാകരുത്.’ കൂടാതെ, അല്‍-മസ്ലഹ അല്‍-മുര്‍സല (പൊതു താല്‍പ്പര്യം), സദ്ദുദ്ദറാഇഅ് (ദ്രോഹത്തിനുള്ള മാര്‍ഗങ്ങള്‍ തടയല്‍) തുടങ്ങിയവ അംഗീകൃതമായ നിയമരീതികളാണ്, അവയില്‍ നിന്ന് മാലികി, ഹന്‍ബലി നിയമ സ്‌കൂളുകള്‍ അനുസരിച്ച് ദ്വിതീയ നിയമങ്ങള്‍ ഉരുത്തിരിഞ്ഞു വരാം. ഹനഫികള്‍ ഇസ്തിഹ്സാന്‍ (നിയമപരമായ മുന്‍ഗണന) ന് പേരുകേട്ടതാണ്, അതില്‍ നിയമപരമായ ഒരു വിധിയുടെ ഫലമായുണ്ടാകുന്ന നേട്ടവും ദോഷവും പരിഗണിക്കുന്നതും ഉള്‍പ്പെടുന്നു. ഇസ്ലാമിക നിയമ ചട്ടക്കൂടുകള്‍ക്കുള്ളില്‍ പരിഗണിക്കപ്പെടുന്ന കോണ്‍സെക്യുന്‍ഷ്യലിസ്‌റ് മാതൃകയാണ് ഇവിടെ നാം കാണുന്നത്.
അവസാനമായി, വിര്‍ച്യൂ എത്തിക്‌സ് പ്രവാചകന്റെ ദൗത്യവും ദൈവിക നാമങ്ങളുമായും ഗുണങ്ങളുമായും ഒക്കെ പൊരുത്തപ്പെടുന്നതായി കാണാന്‍ സാധിക്കും. അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ഉത്കൃഷ്ട സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. (അഹ്മദ്, 8952) കൂടാതെ, ധാര്‍മിക പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഒരാളുടെ ചിന്തയും അവബോധവും ഉപയോഗിക്കുന്നതിന് ഇസ്ലാം വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട്.
വാബിസ ബിന്‍ മഅബദ് റിപ്പോര്‍ട്ട് ചെയ്തു: അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: ‘നന്മയെയും തിന്മയെയും കുറിച്ച് ചോദിക്കാനാണോ നീ വന്നത്, വാബിസാ?’ ഞാന്‍ പറഞ്ഞു, ‘അതെ’, അപ്പോള്‍ അദ്ദേഹം തന്റെ വിരലുകള്‍ ചേര്‍ത്ത് നെഞ്ചില്‍ തട്ടി; ‘നിങ്ങളുടെ മനസ്സില്‍ നിന്ന് (സ്വയം) വിധി തേടുക, നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വിധി തേടുക’ എന്ന് മൂന്ന് തവണ പറഞ്ഞു. ശേഷം അദ്ദേഹം പറഞ്ഞു: ആത്മാവിന് ശാന്തി ലഭിക്കുകയും ഹൃദയത്തിന് ആശ്വാസം ലഭിക്കുകയും ചെയ്യുന്നതാണ് നന്മ. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്തായിരുന്നാലും, സ്വന്തം മനസ്സില്‍ ചൊറിച്ചിലുണ്ടാക്കുകയും ഹൃദയത്തില്‍ പിരിമുറുക്കമുണ്ടാക്കുകയും ചെയ്യുന്നതാണ്തിന്മ. (മുസ്നദ് അഹ്മദ് 17545, 17999, 18006, സുനനുദ്ദാരിമി 2533, മുസ്നദ് അബൂ യഅ്‌ല 1587)
ബഹുവൈജ്ഞാനികനായ ഇബ്‌നുല്‍ ഖയ്യിം (ഹി. 751) ധാര്‍മികതയും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.
‘അല്ലാഹു അവന്റെ പേരുകളും വിശേഷണങ്ങളും ഇഷ്ടപ്പെടുന്നു, അവന്റെ വിശേഷണങ്ങളുടെ അനന്തരഫലങ്ങളും ദാസന്‍മാരില്‍ അവ പ്രകടിപ്പിക്കുന്നതും അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ സുന്ദരനായിരിക്കുന്നതുപോലെ, അവന്‍ സൗന്ദര്യത്തെ സ്‌നേഹിക്കുന്നു. അവന്‍ ഏറ്റവും പൊറുക്കുന്നവനായതിനാല്‍, അവന്‍ പാപമോചനത്തെ ഇഷ്ടപ്പെടുന്നു; അവന്‍ മഹാമനസ്‌കനായതിനാല്‍, അവന്‍ ഔദാര്യത്തെ ഇഷ്ടപ്പെടുന്നു: അവന്‍ എല്ലാം അറിയുന്നതിനാല്‍, അവന്‍ അറിവുള്ള ആളുകളെ സ്‌നേഹിക്കുന്നു… അതിനാല്‍, അല്ലാഹു അവന്റെ വിശേഷണങ്ങള്‍ അനുകരിക്കുന്നവരെ സ്‌നേഹിക്കുന്നതിനാല്‍, ഈ ഗുണങ്ങള്‍ എത്രമാത്രം പ്രതിഫലിപ്പിക്കുന്നു എന്നതിനനുസരിച്ച് അവന്‍ അവര്‍ക്കൊപ്പമുണ്ട്. ഇത് സവിശേഷവും അതുല്യവുമായ ഒരു കൂട്ടുകെട്ടാണ്.’
അതിനാല്‍, ദൈവനാമങ്ങളിലും വിശേഷണങ്ങളിലും ഊന്നിയതാവുമ്പോള്‍ മാത്രമേ വിര്‍ച്യു എത്തിക്‌സ് മാതൃകയ്ക്ക് അര്‍ഥമുണ്ടാകൂ എന്ന് കാണാന്‍ സാധിക്കും; അല്ലെങ്കില്‍, സദ്ഗുണത്തിന്റെ ഗുണങ്ങള്‍ കേവലം സാമൂഹിക നിര്‍മിതികളോ മനസ്സിന്റെ ഭാവനകളോ മാത്രമാണ്. ധാര്‍മിക മൂല്യങ്ങളും ദൈവിക നാമങ്ങളും വിശേഷണങ്ങളും തമ്മിലുള്ള ബന്ധമാണ് ഇസ്‌ലാമിക ധാര്‍മികതയുടെ അടിസ്ഥാനം.
ഇതുവരെ നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്ന മൂന്ന് പ്രധാന ധാര്‍മിക മാതൃകകള്‍ ഹ്രസ്വമായി സര്‍വേ ചെയ്യുകയും ഇസ്ലാമിക പാരമ്പര്യത്തില്‍ അവയുടെ സാന്നിധ്യം എങ്ങനെയെന്ന് മനസ്സിലാക്കുകയും ചെയ്തു, ഇനി ഈ ധാര്‍മിക മാതൃകകളുടെ വീക്ഷണകോണില്‍ നിന്ന് ശിര്‍ക്ക് എന്ന ആശയം നമുക്ക് പരിശോധിക്കാം. മതേതര ധാര്‍മിക മാതൃകകളിലൂടെ ശിര്‍ക്ക് തിന്മയാണെന്ന് തെളിയിക്കാനുള്ള ശ്രമമല്ല ഇത്. പക്ഷേ നമ്മുടെ അന്വേഷണത്തെ സഹായിക്കാന്‍ മതേതരമായ ധാര്‍മിക യുക്തികളാണ് ഇവിടെ ഉപയോഗിക്കുന്നത്.
ഡിയോന്റോളജിക്കല്‍ വീക്ഷണകോണില്‍
നിന്നുള്ള ശിര്‍ക്ക്
ഒരു സാഹചര്യത്തിലും ഒരിക്കലും ലംഘിക്കപ്പെടാന്‍ പാടില്ലാത്ത സാര്‍വത്രിക ധാര്‍മിക തത്വങ്ങളില്‍ ഡിയോന്റോളജിക്കല്‍ നൈതികത ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വെളിപാടിലൂടെ സ്ഥാപിക്കപ്പെട്ട, അത്തരത്തിലുള്ള ഒരു പ്രതിബദ്ധതയാണ് തൗഹീദ്. അതിനാല്‍, ശിര്‍ക്ക് അടിസ്ഥാനപരമായ ഒരു കുറ്റകൃത്യമായി മാറുന്നു. ജീവനോ കൈകാലുകള്‍ക്കോ ഭീഷണിയുയര്‍ന്നതിനാല്‍ ആരെങ്കിലും തങ്ങളുടെ തൗഹീദ് ലംഘിക്കാന്‍ നിര്‍ബന്ധിതരായാല്‍ പോലും, അവര്‍ തൗഹീദ് തങ്ങളുടെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കണം.
”ശിര്‍ക്ക് എന്തുകൊണ്ടാണ് അല്ലാഹുവിന് ഏറ്റവും വെറുക്കപ്പെട്ട കാര്യമാവുന്നത്?” എന്ന കൃത്യമായ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ഇബ്നു അല്‍ ഖയ്യിം ഈ ന്യായീകരണം ഉപയോഗിക്കുന്നു. ഒരു വ്യക്തി ശിര്‍ക്ക് ചെയ്യുമ്പോള്‍, ‘എന്തിനാണോ അവന്‍ സൃഷ്ടിക്കപ്പെട്ടത് അതിന് നേര്‍വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്.’
വിര്‍ച്യു എത്തിക്‌സ്
വീക്ഷണകോണില്‍
നിന്നുള്ള ശിര്‍ക്ക്
നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അയാളുടെ പെരുമാറ്റം എന്താണ് സൂചിപ്പിക്കുന്നതെന്നാണ് സദ്ഗുണ ധാര്‍മികത പരിശോധിക്കുന്നത്. ഒരു പ്രവൃത്തിയുടെ നന്മയും തിന്മയും ആ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഇടപെടലിന്റെ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയാണ്. ഒരു പ്രവര്‍ത്തനമെന്ന നിലയില്‍ ശിര്‍ക്കില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അടിസ്ഥാന ഗുണങ്ങള്‍ പരിശോധിച്ചാണ് അതിന്റെ തിന്മയുടെ തീവ്രത മനസ്സിലാക്കാനാവുക. (തുടരും)